മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ത്തി പ്രതിപക്ഷം. പ്രായപൂര്‍ത്തിയായവരുടെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ എങ്ങനെ ഉണ്ടായെന്ന ചോദ്യമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ശിവസേന(ഉദ്ധവ് വിഭാഗം), എന്‍സിപി(ശരദ് പവാര്‍ വിഭാഗം) എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ഗുരുതരമായ പരാതികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പായിരുന്നു പ്രതിപക്ഷം ഇത്തരമൊരു ആരോപണം ഉയര്‍ത്തി കൊണ്ടു വന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്.
മഹാരാഷ്ട്രയില്‍, 2019 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമിടയില്‍ 32 ലക്ഷം വോട്ടര്‍മാരെയും, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും 2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിലെ അഞ്ച് മാസത്തിനുള്ളില്‍ 39 ലക്ഷം വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചത്. ശിവസേനയുടെ സഞ്ജയ് റൗട്ടും, എന്‍സിപിയുടെ സുപ്രിയ സുലെയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
വോട്ടവകാശം ഉള്ളവരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ എങ്ങനെ വന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ‘മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അഞ്ചുമാസം കൊണ്ട് കൂട്ടിച്ചേര്‍ത്ത വോട്ടര്‍മാരുടെ എണ്ണം അഞ്ചുവര്‍ഷത്തെ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്’- രാഹുല്‍ വാര്‍ത്ത സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം തുടര്‍ന്ന് പറയുന്നതും ചോദിക്കുന്നതുമായി കാര്യങ്ങള്‍ ഇങ്ങനെയാണ്; 2019 ലെയും 2024 ലെയും നിയമസഭ തിരഞ്ഞെടുപ്പിന് ഇടയില്‍ 32 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. അതേസമയം 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനും 2024 ലെ നിയമസഭ തിരഞ്ഞെടുപ്പിനും ഇടയിലായി 39 ലക്ഷം വോട്ടര്‍മാരെ(ഹിമാചല്‍ പ്രദേശിലെ മൊത്തം ജനസംഖ്യയോളം)യാണ് ചേര്‍ത്തിട്ടുള്ളത്. ആരാണ് അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്ന വോട്ടര്‍മാര്‍? അവര്‍ എവിടെയുള്ളവരാണ്? എവിടെ നിന്നാണ് വരുന്നത്? സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയിലെ പ്രായപൂര്‍ത്തിയായ ജനസംഖ്യ 9.54 കോടിയാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ 9.7 കോടി വോട്ടര്‍മാരാണുള്ളത്. ഇതിനര്‍ത്ഥം മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയായ ജനസംഖ്യയേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഉണ്ടെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്. ഇത് എങ്ങനെ സംഭവിക്കും?
മഹാരാഷ്ട്രയിലെ കാംതി നിയോജക മണ്ഡലത്തിലെ വോട്ടിംഗ് പാറ്റേണില്‍ സംഭവിച്ച പൊരുത്തക്കേടും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് സമാനമായ വോട്ടുകളാണ് ലഭിച്ചത്. ഇതേ മണ്ഡലത്തില്‍ 35,000 പുതിയ വോട്ടര്‍മാരെയാണ് ചേര്‍ത്തിരിക്കുന്നത്. അധികമായി ചേര്‍ത്തവരെല്ലാം തന്നെ, ബിജെപിക്കാണ് വോട്ട് ചെയ്തത്. ഈ വോട്ടിംഗ് പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നത് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാണ്, പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാംതിയില്‍ 1.36 ലക്ഷം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. നിയമ സഭയിലും ഞങ്ങള്‍ക്ക് ലഭിച്ചത് അത്രതന്നെ വോട്ടുകളാണ് -1.34 ലക്ഷം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങളാണ് വിജയിച്ചത്. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1.19 ലക്ഷം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. നിയമസഭ തിരഞ്ഞെടിപ്പിന് മുന്നോടിയായി ഈ മണ്ഡലത്തില്‍ 35,000 പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരുന്നു. 35,000 പേരും ബിജെപിക്കാണ് വോട്ട് ചെയ്തത്, നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ബിജെപി വിജയിക്കുകയും ചെയ്തു’-രാഹുല്‍ ഗാന്ധി പറയുന്നു. ഇത്തരം നിരവധി ഉദ്ദാഹരണങ്ങള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്നാണ് രാഹുല്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറഞ്ഞിട്ടുമില്ല, അതേസമയം ബിജെപിക്ക് വോട്ടുകള്‍ കൂടുകയും ചെയ്തിരിക്കുന്നു. മുമ്പ് ഒരിക്കലും നടന്നിട്ടില്ലാത്ത കാര്യമാണിതെന്നും രാഹുല്‍ പറയുന്നു.
സംസ്ഥാനത്തെ സമ്പൂര്‍ണ വോട്ടര്‍പട്ടിക നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെയും നിയമസഭ തിരഞ്ഞെടുപ്പിലെയും അന്തിമ വോട്ടര്‍ പട്ടിക കൈമാറാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ജീവനുണ്ടെങ്കില്‍, അവര്‍ക്ക് മനസാക്ഷിയുണ്ടെങ്കില്‍ ഞങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കണം. പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ അടിമയായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവര്‍ ഒരു മറുപടിയും തരുന്നില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചുകൊണ്ട് സഞ്ജയ് റൗട്ട് ആഞ്ഞടിച്ചത്. Irregularities in the voter lists in Maharashtra assembly election, opposition questioned Election Commision
Content Summary; Irregularities in the voter lists in Maharashtra assembly election, opposition questioned Election Commision