UPDATES

മുണ്ടക്കൈ ദുരന്തത്തിന് കാരണം ഡാമിങ് എഫക്ടോ; എന്താണ് ഈ പ്രതിഭാസം

എന്താണ് ഡാമിങ് എഫക്ട് ? 

                       

വയനാടിന് വീണ്ടുമൊരു ഉരുൾപൊട്ടൽ മുന്നറിയിപ്പുമായി ഐസർ മൊഹാലി. നൂറിലധികം ആളുകൾക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ട മഹാദുരന്തമായിരുന്നു വയനാട്ടിൽ ഉണ്ടായത്. ജീവിതകാലം മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഒരു നിമിഷം കൊണ്ട് ഉരുളെടുത്തപ്പോൾ നാളെയെന്തെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഒരു നാട്. ഇപ്പോഴും കണ്ടെത്തപ്പെടാതെ മണ്ണിനടിയിലോ, കാണാമറയത്ത് എവിടെയോ ഉള്ള ഉറ്റവർക്ക് വേണ്ടി കണ്ണീരൊഴുക്കി പ്രാർഥിക്കുകയാണ് ഓരോരുത്തരും. ഒന്നിച്ചിരുന്ന് കഥ പറഞ്ഞ് ഭക്ഷണം കഴിച്ച് നാളേക്കുള്ള സ്വപ്‌നങ്ങൾ നെയ്തുകൂട്ടി ഉറങ്ങാൻ കിടന്ന പലരും പിന്നീട് ഒരിക്കലും ഉണർന്നില്ല.is damming effect caused Mundakkai landslide.

2024 ജൂലൈ 30ാം തിയതി പുലർച്ചെ ഒരു മണിക്ക് ചൂരൽമലയിൽ ആദ്യത്തെ ഉരുൾപൊട്ടി, പുലർച്ചെ നാലുമണിക്ക് രണ്ടാമത്തേതും. ചൂരൽമലയെയും മുണ്ടക്കൈയേയും പൂർണ്ണമായും ഉരുൾ വിഴുങ്ങി. സ്‌കൂളും, ആശുപത്രിയും, അംഗൺവാടിയും, അമ്പലങ്ങളും, പള്ളിയും തുടങ്ങി എല്ലാം മണ്ണിനടിയിലായി. ദുന്തത്തെ അതിജീവിച്ച മനുഷ്യർ കരയ്ക്കടുക്കും മുൻപ് മറ്റൊരു ദുരന്ത സാധ്യത കൂടി തുറന്നുവെക്കപ്പെടുകയാണ് ഐസർ മൊഹാലിയിലെ ഗവേഷകരുടെ പഠനത്തിലൂടെ. ഉരുൾപൊട്ടൽ നടന്ന സ്ഥല പാറക്കഷണങ്ങളും കല്ലും മണ്ണുമെല്ലാം ഇളകി ഉറപ്പ് നഷ്ടപ്പെട്ട് കിടക്കുകയാണ്, തുലാമാസത്തിൽ ശക്തിയായി അളവിൽ കൂടുതൽ മഴപെയ്താൽ ഇവയെല്ലാം കുത്തിയൊലിച്ച് ഒഴുകുമെന്ന് പഠനങ്ങൾ പറയുന്നു.

ഒഴുകിയെത്തുന്ന കല്ലും മണ്ണു മെല്ലാം പുഞ്ചിരിമട്ടത്ത് രൂപപ്പെട്ടിട്ടുള്ള പാറയിടുക്കിൽ തങ്ങിനിന്ന് അണക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയിലെ പഠനം വ്യക്തമാക്കുന്നത്. ഇതിനെ ഡാമിങ് എഫക്ട് എന്ന് പറയുന്നു. അതിശക്തമായ മഴയുണ്ടായാൽ മലമുകളിൽ നിന്നും വലിയ തോതിൽ വെള്ളം താഴേക്കൊഴുകും, താഴ്വാരത്ത് രൂപ്പെട്ടിട്ടുള്ള അണക്കെട്ടിന് ഈ വെള്ളത്തെയും അത് ചെലുത്തുന്ന അതിമർദത്തെയും താങ്ങാൻ കഴിയാതെ വരികയും അണക്കെട്ട് പൊട്ടുകയും ശക്തിയായി താഴേക്ക് ഒഴുകിയിറങ്ങുകയും ചെയ്യും. അതിശക്തമായ മഴയാണെങ്കിൽ മാത്രമെ ദുരന്തത്തിന് സാധ്യതയുള്ളുവെങ്കിലും സാധ്യമായ സുരക്ഷാ മുൻകരുതലുകളെടുക്കാൻ നിർദേശിക്കുകയാണ് ഗവേഷകർ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം വയനാട്ടിൽ സംഭവിക്കാനുണ്ടായ കാരണം ഡാമിങ് എഫക്ട് തന്നെയാണെന്ന് ദുരന്തഭൂമി സന്ദർശിച്ച വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നു.

എന്താണ് ഡാമിങ് എഫക്ട് ? 

മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങി വരുന്ന കല്ലും മണ്ണും മരങ്ങളും പാറക്കല്ലുകളും മറ്റ് അവശിഷ്ടങ്ങളും വഴിയിൽ എവിടെയെങ്കിലും വച്ച് തടയപ്പെടുകയും, ഒഴുകിപ്പോകാൻ കഴിയാതെ അണക്കെട്ട് രൂപത്തിലാവുകയും ചെയ്യുന്നു. കൂടുതൽ വെള്ളവും അവശിഷ്ടങ്ങളും അടിയുമ്പോൾ ഈ അണക്കെട്ടിന് താങ്ങാൻ കഴിയാതെ വരികയും അണക്കെട്ട് പൊട്ടി അതിശക്തമായി വെള്ളം ഒഴുകുകയും ചെയ്യും. ഇത്തരത്തിൽ തടഞ്ഞു നിൽക്കുന്ന വെള്ളത്തിന്റെ മർദം വളരെ കൂടുതൽ ആയിരിക്കും, ഇവ പൊട്ടി ഉണ്ടാകുന്ന ദുരന്തത്തിന് ഇരട്ടി ആഘാതമുണ്ടാക്കാനും സാധിക്കും. വെള്ളത്തോടൊപ്പം കുത്തിയൊലിച്ച് എത്തുന്ന മണ്ണ്, ചെളി, മറ്റ് അവശിഷ്ടങ്ങൾ,പാറക്കഷണങ്ങൾ എന്നിവയും ഉണ്ടായിരിക്കും. തുലാമഴ കേരളത്തിന്റെ മുറ്റത്തെത്തി നിൽക്കെ വലിയ ദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നാം സ്വീകരിക്കേണ്ടതുണ്ട്.

ജൂലൈ മാസത്തിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭാഗമായി ആ പ്രദേശം മുഴുവൻ ഉഴുതുമറിഞ്ഞ് വളരെ ബലഹീനമായി കിടക്കുകയാണ്. വലിയ തോതിൽ മഴ പെയ്യുമ്പോൾ മലമുകളിൽ നിന്നും വളരെ ശക്തിയായി വെള്ളം കുത്തിയൊലിച്ചു വരുന്നു. ഇതിലൂടെ താത്കാലികമായി നിർമിതമായ ഡാം പൊട്ടുകയും വലിയ ദുരന്തത്തിന് കാരണമാവുകയും ചെയ്യും. നിലവിൽ പുഞ്ചിരിമറ്റത്ത് നിന്നും ചൂരൽമല വരെയുള്ള പ്രദേശത്ത് അടിഞ്ഞിട്ടുള്ള മണ്ണാങ്കട്ടകൾ ഉണങ്ങി ഉറച്ചിട്ടില്ല. വെള്ളരിമലയിൽ മഴ പെയ്താൽ മഴവെള്ളത്തോടൊപ്പം ഈ മണ്ണുകൂടി അലിഞ്ഞ് ചെളിയായി കുത്തിയൊലിക്കും, കൂടാതെ കഴിഞ്ഞ ഉരുൾപൊട്ടലിൽ പുഞ്ചിരിമറ്റത്തിന് തൊട്ടുമുകളിലായി ഒരു പാറയിടുക്കും ഉണ്ടായി വന്നിട്ടുണ്ട്, ഇതിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഉരുളായി പൊട്ടാനുള്ള സാധ്യതകളും വിദഗ്ധർ വ്യക്തമാക്കുന്നു. damming effect caused Mundakkai landslide.

എന്താണ് ഉരുൾപൊട്ടൽ ?

അളവിൽ കൂടുതൽ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ മണ്ണിനടിയിൽ ജലത്തിന്റെ തോത് വർധിക്കുകയും ഭൂമിക്കടിയിൽ നിന്ന് മുകളിലേക്ക് മർദ്ദം അനുഭവപ്പെടുകയും ചെയുന്നു. ഈ സാഹചര്യത്തിൽ മഴവെള്ളത്തിൽ കുതിർന്നു നിൽക്കുന്ന മണ്ണ് ഒഴുകാൻ തുടങ്ങും, ഒഴുകുന്ന മണ്ണിനോടൊപ്പം ഭൂമിക്കടിയിലെ അതിമർദ്ദം മൂലം പുറത്തുവന്ന പാറക്കഷണങ്ങളും ചരലും ഉരുളൻകല്ലുകളും കുത്തിയൊലിക്കും. മലയുടെയും മറ്റും മുകളിൽനിന്നും താഴേക്ക് ഒഴുകുന്ന ഈ വെള്ളത്തിന്റെ ശക്തിയിൽ മരങ്ങളും വലിയ പാറകളും പോലും കൂടെ ഒഴുകും. ഇത്രയും ശക്തിയിൽ ഒഴുകി വരുന്ന മലവെള്ളപാച്ചിൽ വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നു. 72 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ളത്. ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം 2010 ൽ പുറത്തുവിട്ട പഠന പ്രകാരം വയനാട്, തൊടുപുഴ, ഉടുമ്പൻചോല, ചിറ്റൂർ, മണ്ണാർക്കാട്, നിലമ്പൂർ, ഏറനാട്, തളിപ്പറമ്പ് താലൂക്കുകളാണ് കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള മേഖലകൾ.

ഒഴുകിയിറങ്ങുംതോറും ശക്തിക്ഷയിച്ച് അവസാനിക്കുന്ന രീതിയിലാണ് ഉരുൾപൊട്ടൽ ഉണ്ടാകാറുള്ളത്, എന്നാൽ ഇതിനിടയിൽ തടസം നേരിടുകയാണെങ്കിൽ അവിടെ അതിമർദ്ദം അനുഭവപ്പെടും ഇത് ഡാമിന് സമാനമായ പ്രതീതി ഉണ്ടാക്കും. പിന്നീട് ഈ മർദ്ദം താങ്ങാനാവാതെ പൊട്ടിപ്പോകുമ്പോൾ ഇരട്ടിശക്തിയിൽ ഒഴുകുകയും ചെയ്യും. ഇത് വലിയ ദുരന്തത്തിന് കാരണമാകും എന്നതിനാലാണ് കൂടുതൽ മുൻകരുതലെടുക്കാൻ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2019 ഓഗസ്റ്റ് 9 നാണു വയനാട്ടിലെ പുത്തുമലയിൽ വലിയ ഉരുൾപൊട്ടൽ ഉണ്ടായത്, 17 പേരുടെ ജീവനെടുത്ത ഈ ദുരന്തം നടന്നത് ചൂരൽമലയിൽ നിന്നും വെറും രണ്ടര കിലോമീറ്റർ മാത്രം അകലെയാണ്. പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ ബാക്കിയായതിൽ നിന്നും ഉണ്ടായ ഡാമിങ് എഫക്ട് കാരണമാകാം മുണ്ടാക്കിയിലുണ്ടായ ദുരന്തം ഇത്രയും ഭീകരമായത് എന്നാണു ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നത്. ഈ വിലയിരുത്തലിനോട് ചേർത്ത് വായിക്കുമ്പോളാണ് ഐസർ മൊഹാലിയുടെ പഠനത്തിന്റെ പ്രാധാന്യം മനസിലാക്കാൻ സാധിക്കുന്നത്. 2020 ൽ ഇടുക്കി ജില്ലയിലെ രാജമലയിൽ പെട്ടിമുടി എന്ന ഗ്രാമത്തിൽ ഉരുൾപൊട്ടി എഴുപതോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു, ഈ ദുരന്തത്തെക്കാൾ 35 ഇരട്ടി ആഘാതമാണ് വയനാട്ടിലെ മുണ്ടക്കിയിൽ ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. damming effect caused Mundakkai landslide.

മലയുടെ താഴെ താമസിക്കുന്ന ആളുകളായതിനാൽ പ്രദേശവാസികൾ എപ്പോഴും ഉരുൾപൊട്ടലോ,മണ്ണിടിച്ചിലോ ഒക്കെ പ്രതീക്ഷിച്ചിരുന്നു, എങ്കിലും അതിന്റെ ആഘാതം ഇത്രത്തോളം വലുതാകുമെന്ന് ആരും കരുതിയിരുന്നില്ല. പുത്തുമലയിലെ ദുരന്തത്തിന് പിന്നാലെ 2019 ന്റെ അവസാനത്തിൽ മുണ്ടക്കൈയിലും ഉരുൾപൊട്ടിയിരുന്നു, പക്ഷെ അത് ഇത്ര വലുതായിരുന്നില്ല. പുത്തുമലയിലെ അനുഭവം ഉണ്ടായിരുന്നതിനാൽ അന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു, അതുകൊണ്ട് മരണങ്ങൾ ഒന്നും സംഭവിച്ചില്ല മൂന്ന് വീടുകൾ മാത്രമാണ് തകർന്നത്. ഇനി വീണ്ടും ഒരു ഉരുൾപൊട്ടൽ ഉണ്ടായാൽ അതിന്റെ തീവ്രത വളരെ വലുതായിരിക്കും, ഇപ്പോൾ കരയും പുഴയും ഒരേ നിരപ്പിലാണ്. ഇനി അങ്ങനെ വന്നു കഴിഞ്ഞാൽ പന്ത്രണ്ടാം വാർഡിന്റെയും പത്താം വാർഡിന്റെയും കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. വിദഗ്ധ സംഘത്തിന്റെ പരിശോധനക്ക് ശേഷം ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതും മറ്റു സുരക്ഷാ കാര്യങ്ങളും സംബന്ധിച്ച് തീരുമാനം എടുക്കും. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് പറഞ്ഞു.

പുത്തുമല ദുരന്തവും, മുണ്ടക്കൈ ദുരന്തവും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല. എന്നാൽ ഈ രണ്ട് ഉരുൾപൊട്ടലും സംഭവിച്ചിരിക്കുന്നത് ഒരേ മലമുകളിൽ നിന്ന് തന്നെയാണ്, ഇത് പ്രസക്തമായ ഒരു കാര്യമാണ്. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ മണ്ണിടിച്ചിൽ ഉപദേശക സമിതി അംഗമായ സജിൻ കുമാർ നേതൃത്വം നൽകിയ ഐസർ മൊഹാലി പഠനത്തിന്റെ അന്തിമ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ കാര്യങ്ങളിൽ തീരുമാനം എടുക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി ശേഖർ ലൂക്കോസ് കുര്യാക്കോസ് വ്യക്തമാക്കി.

ദുരന്തത്തെ ചെറുക്കാം

ഡാമിങ് എഫക്ട് കേരളത്തിൽ അപൂർവ്വവും അപ്രതീക്ഷിതവുമാണ്. ഇത് തടയുന്നതിനായി ചെയ്യാവുന്നത്, സ്വകാര്യ ഭൂമികൾ പോലെ സർക്കാർ ഭൂമികളും വനമേഖലകളും പതിവായി പരിശോധിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുക എന്നതാണ്. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രകൃതിയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും, ഔദ്യോഗിക നിർദേശങ്ങൾ പാലിക്കുകയും വേണം. ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യകളൊന്നും നിലവിലില്ലാത്തതിനാൽ പരിധിയിലകം മുന്നറിയിപ്പുകൾ നൽകാൻ സാധിക്കുകയില്ല. damming effect caused Mundakkai landslide.

ദുരന്ത സാധ്യതകളുള്ള ഇടങ്ങളിൽ താമസിക്കുന്ന ആളുകൾ എപ്പോഴും ജാഗ്രതയോടെ കഴിയുക. ഏതെങ്കിലും തരത്തിലുള്ള ദുരന്ത മുന്നറിയിപ്പുകൾ ലഭിച്ചാൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. ഓർക്കുക ജീവനെക്കാൾ വലുതല്ല മറ്റൊന്നും!

content summary; is damming effect caused Mundakkai landslide.

Share on

മറ്റുവാര്‍ത്തകള്‍