June 04, 2026 |

എമ്പുരാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ വീഴ്ചയോ? എന്താണ് റീ സബ്മിഷന്‍

സിനിമ കാണാതെ തന്നെ സിറ്റിങ് ഫീ വാങ്ങുന്നവരുണ്ടെന്ന
ആക്ഷേപവും നിലവിലുണ്ട്

എമ്പുരാന്‍ റിലീസായതിന് പിന്നാലെ ആരംഭിച്ച വിവാദങ്ങളില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന കാര്യമായിരുന്നു സെന്‍സറിങ്. വേണ്ട രീതിയില്‍ സെന്‍സര്‍ ചെയ്യപ്പെടാതെയാണ് സിനിമ പ്രദര്‍ശനത്തിനെത്തിയതെന്നും ബിജെപി പ്രവര്‍ത്തകരാരും സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലേ എന്നുമുള്ള കമന്റുകളായിരുന്നു സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനിന്നത്. സെന്‍സര്‍ ബോര്‍ഡ് എന്ന് അറിയപ്പെടുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതിയെ കുറിച്ചും അംഗങ്ങളാരെന്നതും സോഷ്യല്‍ മീഡിയ ഏറെ തിരഞ്ഞ കാര്യം കൂടിയാണ്. മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗം ഡോ. ഷാഹിദ കമാല്‍ അഴിമുഖത്തോട് സംസാരിക്കുന്നു. Is empuraan a failure of the censor board? 

എങ്ങനെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം

റീജിയന്‍ അടിസ്ഥാനത്തിലാണ് സെന്‍സര്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ടേമിലായി ആറ് വര്‍ഷം സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്ന വ്യക്തിയാണ് ഞാന്‍. നാല് അംഗങ്ങളും ഒരു ഓഫീസറും ഉള്‍പ്പെട്ടതാണ് സെന്‍സര്‍ ബോര്‍ഡ്. ഇവരില്‍ രണ്ട് സ്ത്രീകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കുകയും വേണം. സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ പുരുഷനാണെങ്കില്‍ അംഗങ്ങളില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരിക്കണം. അതേസമയം സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ വനിതയാണെങ്കില്‍ അംഗത്തില്‍ ഒരു വനിതയായാലും കുഴപ്പമില്ല. എങ്ങനെയായാലും രണ്ട് വനിതകള്‍ ഉണ്ടായിരിക്കണം. ഈ അഞ്ചുപേരും സെന്‍സറിങിനായി വരുന്ന സിനിമ ആദ്യാവസാനം നിര്‍ബന്ധമായും കാണേണ്ടതാണ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും, അശ്ലീലപരവും, ദ്വയാര്‍ത്ഥപരവുമായ കമന്റുകളും ഉള്‍പ്പെടുന്ന സ്ത്രീവിരുദ്ധ നിലപാടുകള്‍ പ്രത്യേകം നിരീക്ഷിക്കുന്നതിനായാണ് സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തുന്നത്. അഞ്ച് പേര്‍ ഉള്ള കമ്മിറ്റി ഒരുമിച്ചിരുന്നാണ് സിനിമ ആദ്യാവസാനം കാണുന്നത്. സിനിമ കാണാന്‍ ഇരിക്കുമ്പോള്‍ തന്നെ നമുക്ക് പേനയും പേപ്പറും തരും. നമ്മുടെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കുറിച്ച് വെച്ച് സിനിമയ്ക്ക് ശേഷം വീണ്ടും ഈ അഞ്ച് പേര്‍ ഒരുമിച്ചിരുന്ന് ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുകയും കട്ട് ചെയ്യേണ്ട ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യുകയും ചെയ്യും.

censor board

സെന്‍സര്‍ ബോര്‍ഡിലെ അഞ്ച് പേരില്‍ ഭൂരിപക്ഷ അഭിപ്രായമാകും പരിഗണിക്കപ്പെടുക. ചില സാഹചര്യങ്ങളില്‍ നമ്മള്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത ശേഷവും നീക്കം ചെയ്ത ഭാഗം കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യവുമായി പരാതി വരുമ്പോള്‍ സെന്‍സര്‍ ബോര്‍ഡിലെ അഞ്ചംഗം എന്നത് ഏഴംഗമാകും. സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പാണ് ഇത്തരത്തില്‍ ആവശ്യവുമായി വരിക. വീണ്ടും സിനിമ സെന്‍സര്‍ ചെയ്ത് ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനം എടുക്കും.

ഓരോ സിനിമയുടെയും സെന്‍സറിങ്ങിനായി ആദ്യം അപേക്ഷ തരണം. അത് പ്രകാരം സെന്‍സര്‍ ചെയ്യുന്ന തീയതി അവരെ അറിയിക്കും. സെന്‍സറിങ്ങ് കഴിയുന്ന സമയത്ത് സിനിമയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസറോ ഡയറക്ടറോ അവിടെ ഉണ്ടായിരിക്കണം. സെന്‍സറിങ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ അംഗങ്ങള്‍ അവരോട് വിശദീകരിക്കുകയും ചെയ്യും.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി

ഒരു സിനിമ സെന്‍സറിങിന് തരുമ്പോള്‍ ആ സിനിമ കണ്ടിട്ട് അതിന്റെ കണ്ടന്റ് അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുക എന്ന പ്രധാന ഉത്തരവാദിത്തമാണ് സെന്‍സര്‍ ബോര്‍ഡിനുള്ളത്. ഓരോ സിനിമയുടെയും കണ്ടന്റ് അനുസരിച്ചാണ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്. നാല് തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഉള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കാണാന്‍ കഴിയുന്ന സിനിമകള്‍ക്കാണ് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണെങ്കിലും തനിയെ പോയി കാണാവുന്ന സിനിമകള്‍ക്കാണ് ‘യു’ സര്‍ട്ടിഫിക്കറ്റ്. ഉദാഹരണത്തിന് ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സിനിമകളാണ് ഇത്തരം കാറ്റഗറിയില്‍ പൊതുവെ വരുന്നത്.

18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കാണരുത് എന്ന അടിസ്ഥാനത്തില്‍ നല്‍കുന്നതാണ് ‘എ’ സര്‍ട്ടിഫിക്കറ്റ്. മുതിര്‍ന്നവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഇത്തരം സിനിമകള്‍. ഇതില്‍ അശ്ലീലപരവും, വയലന്‍സും ഉള്ളതിനാലാണ് ഇവയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പക്ഷേ, ഇപ്പോള്‍ പുറത്തിറങ്ങുന്ന വയലന്‍സ് ചിത്രങ്ങള്‍ക്കൊക്കെ ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നാറ്. ഞാന്‍ സെന്‍സര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന കാലത്ത് ഒരു പരാതിക്ക് ഇടനല്‍കാത്ത തരത്തിലായിരുന്നു സെന്‍സറിങ് നടത്തിയിരുന്നത്. കൂടാതെ ഞാന്‍ സെന്‍സര്‍ ചെയ്ത സിനിമകളിലെ വെട്ടിമാറ്റിയ ഭാഗങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ ടിക്കറ്റ് എടുത്ത് വീണ്ടും തിയേറ്ററില്‍ പോയിരുന്ന് പരിശോധന നടത്തുമായിരുന്നു. ഒരിക്കല്‍, വെട്ടി മാറ്റിയ ഭാഗം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ സിനിമ അടുത്ത ഷോയ്ക്ക് പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള നടപടി എടുത്ത സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു ഞാന്‍. അത്രയും കൃത്യമായും ഗൗരവമായും ചെയ്യേണ്ട ജോലിയാണിത്.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവരോടൊപ്പം കാണണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സിനിമകള്‍ക്കാണ് ‘യുഎ’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഉദാഹരണമായി ഹൊറര്‍ സിനിമകളാണ് ഇത്തരത്തില്‍ വരുന്നത്. കുട്ടികള്‍ പേടിക്കരുത് എന്നത് കൊണ്ടാണ് മുതിര്‍ന്നവരോടൊപ്പം കാണണമെന്ന് പറയുന്നത്.

തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാത്ത സിനിമകള്‍ ഉണ്ട്. അവയ്ക്കാണ് ‘എസ്’ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അത് പ്രധാനമായും ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും അവരുടെതായ രീതിയില്‍ നിര്‍മിക്കുന്നവയാണ്. പൊതുവെ ഇവ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാറുമില്ല. അത് സെന്‍സറിങിന് ശേഷം അവരുടെ മാത്രം ഫോറത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് പതിവ്.

സെന്‍സറിങ് ആവശ്യമാണോ?

തീര്‍ച്ചയായും സെന്‍സറിങ് ആവശ്യമാണ്. ഇല്ലെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്രമെന്ന പേരില്‍ എന്തും പ്രദര്‍ശിപ്പിക്കും. അതില്‍ ചിലപ്പോള്‍ പോണ്‍ വീഡിയോകള്‍ പോലും പ്രദര്‍ശിപ്പിക്കപ്പെടും. അതുകൊണ്ട് തന്നെ സെന്‍സറിങ് ആവശ്യമാണ്.

‘എ’ സര്‍ട്ടിഫിക്കറ്റ് കാറ്റഗറിയില്‍ പെട്ട സിനിമയ്ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ അത് കൊടുക്കാന്‍ കഴിയില്ല. ഇനി ‘യു’ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് അവരുടെ നിലപാടെങ്കില്‍ ‘എ’ കാറ്റഗറിയില്‍ വരുന്ന ഭാഗങ്ങള്‍ കട്ട് ചെയ്ത് തരണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടും. അങ്ങനെ ‘യു’ ആക്കാന്‍ പറ്റും. ഒരു സിനിമ സെന്‍സറിങിന് വന്നാല്‍ അത് കണ്ട് കൃത്യമായി പഠിച്ച ശേഷം ഏത് കാറ്റഗറിയില്‍ വരുമെന്ന് നിശ്ചയിച്ച് കൊടുക്കുയാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ പ്രധാന ചുമതലയാണ്.

censor certificate

സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ ആദ്യം എഴുതി കാണിക്കുന്നത് ഈ ചിത്രത്തിന് ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്നാണ്. എന്നിരുന്നാലും പല സിനിമകളുടെയും കണ്ടന്റുകള്‍ എവിടെയെങ്കിലും നടന്ന സംഭവവുമായി ബന്ധപ്പെട്ട് തന്നെയാണല്ലോ. പല സംഭവങ്ങളിലേക്കും മറ്റുചില ഭാവനകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യാറ്. കൂടാതെ മദ്യപാനവും, പുകവലിയും പോലുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും അവ ശരീരത്തിന് ഹാനികരമാണെന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കണം. സിനിമ എന്നത് ഒരുകൂട്ടം മനുഷ്യരുടെ അധ്വാനം കൂടിയാണ്. അതുകൊണ്ട് തന്നെ സെന്‍സറിങ് നടത്തി പരിശോധിക്കപ്പെടേണ്ടത് അനിവാര്യമാണ്.

എന്താണ് റീ സബ്മിഷന്‍

തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം റീ സെന്‍സറിങിന് അപേക്ഷ തരുന്നതാണ് റീ സബ്മിഷന്‍. ഇത്തരത്തില്‍ റീ സബ്മിഷന് വരുന്നത് വളരെ അപൂര്‍വമാണ്. ചരിത്രത്തിന്റെ ഭാഗമായ ഒരു സംഭവമാണെങ്കില്‍ നമ്മള്‍ സെന്‍സര്‍ ചെയ്താലും ഇല്ലെങ്കിലും അത് രേഖപ്പെടുത്തി കഴിഞ്ഞ കാര്യമാണ്. അതുകൊണ്ട് തന്നെ അത് പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ല. അതൊക്കെ സെന്‍സര്‍ ബോര്‍ഡിന്റെ വിവേചനാധികാരമാണ്. മനപൂര്‍വം ക്രിയേറ്റ് ചെയ്യുന്നതാണെങ്കില്‍ അത് ഉള്‍പ്പെടുത്തുന്നത് ശരിയല്ല.

എമ്പുരാനില്‍ നടന്നിരിക്കുന്നത് റീ സബ്മിഷനാണ്. തിയേറ്ററില്‍ വന്ന സിനിമയായത് കൊണ്ട് തന്നെ ചില ഭാഗങ്ങള്‍ ഒഴിവാക്കി ചില ഡയലോഗ്‌സ് മ്യൂട്ട് ചെയ്യും. സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ റീ സെന്‍സറിങിന് അപേക്ഷ നല്‍കാന്‍ കഴിയൂ. കലാസൃഷ്ടി ആരാണോ സൃഷ്ടിച്ചത് അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ റീ സെന്‍സറിങിന് അപേക്ഷ നല്‍കാനാവൂ. പുറത്ത് നില്‍ക്കുന്ന ഒരാള്‍ക്കും റീ സെന്‍സറിങിനായി അപേക്ഷ നല്‍കാന്‍ കഴിയില്ല.

സെന്‍സര്‍ ബോര്‍ഡിന്റെ വീഴ്ചയോ?

ചരിത്രത്തിന്റെ ഭാഗമായ ഒരു സംഭവമാണല്ലോ എമ്പുരാനില്‍ ഉള്ളത്. ഗുജറാത്ത് കലാപം നടന്നതായതുകൊണ്ട് വാര്‍ത്താമാധ്യമങ്ങളിലൂടെ ഭൂരിഭാഗം പേരും കണ്ടറിഞ്ഞ സംഭവവുമാണ്. അതുകൊണ്ട് തന്നെയാകും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളും ഇപ്പോഴത്തെ ഈ വിവാദത്തിന് വലിയ പ്രാധാന്യം നല്‍കാതിരുന്നത്.

empuraan

‘കേരള സ്‌റ്റോറി’ എന്ന സിനിമ ഒരു ക്രിയേറ്റഡ് സിനിമയായിരുന്നു. കേരളത്തെ കുറിച്ച് അറിയാത്ത ആരോ ഒരാള്‍ പറഞ്ഞുകൊടുത്തത് ക്രിയേറ്റ് ചെയ്തതായിരുന്നു കേരള സ്‌റ്റോറി. അതും യാതൊരു സെന്‍സറിങും നടക്കാതെയാണ് പുറത്തുവന്നത്. നടക്കാത്ത ഒരു സംഭവത്തെ സൃഷ്ടിച്ചെടുത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പുറത്തുവിട്ടപ്പോഴും, വലിയ വിവാദം വന്നപ്പോഴും റീ സെന്‍സറിങ് ചെയ്തില്ല. അതിന്റെ പ്രൊഡ്യൂസറോ ഡയറക്ടറോ റീ സെന്‍സറിങിന് തയ്യാറായതുമില്ല.

എമ്പുരാന്റെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍

സെന്‍ട്രല്‍ ഫിലിം ബോര്‍ഡാണ് സംസ്ഥാനങ്ങളിലെ സെന്‍സര്‍ ബോര്‍ഡിലേക്ക് അംഗങ്ങളെ നിശ്ചയിക്കുന്നത്. 20 ഓളം അംഗങ്ങളാണ് പാനലില്‍ ഉള്ളത്. സമൂഹത്തിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയുന്ന, ഒരു കലാസൃഷ്ടിയെ വിമര്‍ശന ബുദ്ധിയോടെ കാണാന്‍ കഴിയുന്നവരാകണം സെന്‍സറിങില്‍ ഇരിക്കുന്നവര്‍. ഇന്ന് സിനിമ കാണാതെ തന്നെ ഒപ്പിട്ട് കൊടുത്ത് സിറ്റിങ് ഫീ വാങ്ങി പോകുന്നവരുമുണ്ടെന്ന ആക്ഷേപവും നിലവിലുണ്ട്.

നിലവില്‍ ബിജെപി പ്രവര്‍ത്തകരായവരും അവരുടെ ഭാര്യമാരുമാണ് എമ്പുരാന്റെ സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍. ഗവര്‍ണറുടെ സ്റ്റാഫ് ഹരി എസ് കര്‍ത്തയുടെ ഭാര്യ സ്വരൂപ എസ് കര്‍ത്ത, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി സുനീഷിന്റെ ഭാര്യ രോഷ്‌നി ദാസ്, തപസ്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിഎം മഹേഷ്, ബിജെപി നെടുമങ്ങാട് കൗണ്‍സിലര്‍ മഞ്ജു ഹസന്‍ ഇവര്‍ നാല് പേരാണ് നിലവിലെ പാനല്‍ അംഗങ്ങള്‍.

രാഷ്ട്രീയ സാമൂഹിക സിനിമ മേഖലകളിലെ ആളുകളെ ഉള്‍പ്പെടുത്തണമെന്ന നിയമം നിലനില്‍ക്കെയാണ് ബിജെപി ഗവണ്‍മെന്റ് അവരുടെ ആളുകളെ മാത്രം സെന്‍സര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. Is empuraan a failure of the censor board? 

Content Summary: Is empuraan a failure of the censor board?

Leave a Reply

Your email address will not be published. Required fields are marked *

×