ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ഗുജറാത്ത് സമാചാറിന്റെ മാനേജിംഗ് ഡയറക്ടറും ഉടമയുമായ ബാഹുബലി ഷായെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തന്നെ ഷായ്ക്ക് ജാമ്യം ലഭിച്ചെങ്കിലും അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്താല്‍ വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.
73 കാരനായ ബാഹുബലി ഷാ മസ്തിഷ്‌കാഘാതത്തെ അതിജീവിച്ച ഹൃദ്രോഗി കൂടിയാണ്. അറസ്റ്റ് സംബന്ധിച്ച് ഇഡി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും 2006 മുതലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 12 മണിക്കൂറിലധികം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അഹമ്മദാബാദ് ആസ്ഥാനമായി 1932 ല്‍ സ്ഥാപിതമായ ഗുജറാത്ത് സമാചാര്‍, ഗുജറാത്തിലെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പ്രാദേശിക ദിനപത്രങ്ങളില്‍ ഒന്നാണ്. സംസ്ഥാനത്തുടനീളവും മുംബൈ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളിലും ഏറെ പ്രചാരമുള്ള പത്രമാണ്. ബാഹുബലി ഷായും എഡിറ്റര്‍ ഇന്‍ ചീഫായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ശ്രേയാംന്‍സ് ഷായുമാണ് ഗുജറാത്ത് സമാചാറിന്റെ ഉടമകള്‍. പത്രത്തിന് പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘ഗുജറാത്ത് സമാചാര്‍ ടെലിവിഷന്‍’ എന്ന ജിഎസ്ടിവി സംസ്ഥാനത്തെ മുന്‍നിര വാര്‍ത്താചാനലാണ്.
പത്രത്തിന് പുറമെ ഗുജറാത്ത് സമാചാര്‍ ലിമിറ്റഡ്, പാരിജാത് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, അജബ് ഗജബ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നിരവധി കമ്പനികളില്‍ ബാഹുബലി ഷാ ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നു. ഗുജറാത്ത് സമാചാറിന് പിന്നിലെ പ്രസിദ്ധീകരണ കമ്പനിയായ ലോക് പ്രകാശന്‍ ലിമിറ്റഡില്‍ 22.79 ശതമാനം ഓഹരി പങ്കാളിത്തത്തോടെ അദ്ദേഹത്തിന് ഗണ്യമായ ഉടമസ്ഥാവകാശ ഓഹരിയുമുണ്ട്.
എക്‌സ് അക്കൗണ്ട് തടഞ്ഞുവച്ച്
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്ത് സമാചാറിന്റെ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ബ്ലോക്ക് ചെയ്തിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ പത്രമായിരുന്നു ഗുജറാത്ത് സമാചാര്‍. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മോദി സര്‍ക്കാരില്‍ നിന്ന് ഉത്തരം തേടുന്നതിനിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ മെയ് 9 ന് എക്‌സ് അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.
മെയ് 14 ന് ഗുജറാത്ത് സമാചാറിന്റെ ഓഫീസുകളിലും ബാഹുബലി ഷായുടെ വസതികളിലും നടന്ന 36 മണിക്കൂറിലധികം നീണ്ട റെയ്ഡിന് ഒടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. റെയ്ഡിന് മൂന്നാഴ്ച മുമ്പായിരുന്നു ഷാ കുടുംബനാഥയായ സ്മൃതി ബെന്നിന്റെ മരണം. ശ്രേയാന്‍സ് ഷായുടെ മക്കളായ നിര്‍മ്മന്‍, അമാം ഷാ എന്നിവരുടെ വസതികള്‍, പത്രത്തിന്റെ ഓണ്‍ലൈന്‍ വകുപ്പ് ഓഫീസ് എന്നിവയുള്‍പ്പെടെ 24 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഷാ കുടുംബത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് നടന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ബാഹുബലി ഷായെ ഇഡി അറസ്റ്റ് ചെയ്തത്.
ബാഹുബലി ഷായുടെ അറസ്റ്റിനെ രാഷ്ട്രീയ പകപോക്കല്‍ എന്നാണ് ഗുജറാത്ത് സമാചാറിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മാനേജിംഗ് ഡയറക്ടറുമായ ശ്രേയാന്‍സ് ഷാ വിശേഷിപ്പിച്ചത്.
ലോക്പ്രകാശന്‍ എന്ന ട്രസ്റ്റിനു കീഴില്‍ 1932ലാണ് ഗുജറാത്ത് സമാചാര്‍ പത്രം ആരംഭിക്കുന്നത്. സര്‍ദാര്‍ വല്ലഭ്ഭായി, മൊറാര്‍ജി ദേശായി ഉള്‍പ്പെടെയുള്ള പ്രമുഖ ദേശീയനേതാക്കള്‍ രൂപംനല്‍കിയ സ്ഥാപനമാണ് ലോക് പ്രകാശന്‍. 1932 ജനുവരി 16നായിരുന്നു പത്രത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്. പ്രസിദ്ധീകരണം ആരംഭിച്ച് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ പത്രം തകര്‍ച്ചയുടെ വക്കിലായിരുന്നു. അപ്പോഴാണ് സ്ഥാപക എഡിറ്ററും ബാഹുബലി-ശ്രേയാന്‍സ് സഹോദരങ്ങളുടെ പിതാവുമായ ശാന്തിലാല്‍ഭായ് ഷാ സമാചാറിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. നിലവില്‍ 2,000 കോടിയുടെ ആസ്തിയുള്ള ബിസിനസ് സാമ്രാജ്യമാണ് ലോക് പ്രകാശന്‍.
സത്യത്തിന് വേണ്ടി നിലകൊണ്ടതിലെ പക
ഗുജറാത്ത് സമാചാറിന്റെ ധീരമായ ഭരണകൂട വിരുദ്ധ നിലപാടാണ് അറസ്റ്റിന് കാരണമായി പ്രതിപക്ഷ കോണ്‍ഗ്രസ് പറയുന്നത്. ഇത് സംബന്ധിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹില്‍ ആണ് ഇക്കാര്യം ആദ്യം എക്‌സില്‍ കുറിച്ചത്. ‘ഗുജറാത്ത് സമാചാര്‍ അതിന്റെ ജോലി ചെയ്തതിനാണ് ശിക്ഷിക്കപ്പെടുന്നതെന്നായിരുന്നു’ എന്നാണ് എഴുതിയത്.
സത്യത്തിന് വേണ്ടി നിലകൊള്ളുന്നതിന് ശിക്ഷ നല്‍കുക ബിജെപിയുടെ നയമാണ്. ഗുജറാത്ത് സമാചാര്‍ എല്ലായ്‌പ്പോഴും അധികാരത്തിനെതിരെ നിലകൊണ്ടിട്ടുണ്ട്. ബിജെപിക്ക് എതിരെ മാത്രമായിരുന്നില്ല സമാചാറിന്റെ പോരാട്ടം. സമീപകാലത്തെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പത്രം എഴുതിയത് ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും നേരെയുള്ള ഒരു കണ്ണാടിയായിരുന്നു. അതോടെയാണ് മോദി തന്റെ പ്രിയപ്പെട്ട ടൂള്‍ കിറ്റായ, തന്റെ വേട്ടപ്പട്ടികളെ പറഞ്ഞയ്ക്കാന്‍ കാരണമായത്” എന്നായിരുന്നു ശക്തിസിംഗ് ഗോഹില്‍ എക്സില്‍ ആരോപിച്ചത്.
സത്യം പറയുന്ന മാധ്യമങ്ങളോട് ദയാരഹിതമായി പെരുമാറുകയാണ് കേന്ദ്രസര്‍ക്കാര്‍, എല്ലാ മാധ്യമങ്ങളും ഗോഡി മീഡിയയില്‍ പെട്ടവരല്ല, അവരാരും തങ്ങളുടെ നട്ടെല്ല് പണയം വച്ചിട്ടില്ലെന്ന് ബിജെപി മനസിലാക്കണമെന്നും ഗോഹില്‍ പറഞ്ഞു.
അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് പ്രസിഡന്റ് ഇസുദാന്‍ ഗാധ്വി, കോണ്‍ഗ്രസ് സെക്രട്ടറി കെസി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് പവന്‍ ഖേര തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. മോദി സര്‍ക്കാരിന്റെ നടപടി മാധ്യമ പ്രവര്‍ത്തനത്തിന് ഭീഷണിയാണെന്നും മാധ്യമങ്ങളുടെ വായ മൂടി കെട്ടുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
’93 വര്‍ഷം പഴക്കമുള്ള പത്രം ഭരണകൂടത്തിനെതിരെ ധീരമായ ശബ്ദമാണ്. ചക്രവര്‍ത്തി നഗ്നനാണെന്ന് പരസ്യമായി പറയാന്‍ ധൈര്യപ്പെടുന്നവരുടെ വിധിയാണിതെന്ന്’ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചു.
എന്നാല്‍ ഷായുടെ അറസ്റ്റിന് പത്രപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലെന്നും അജബ്, ഗജബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലിലാണ് അറസ്റ്റ് എന്നുമാണ് എതിരാളികളുടെ അവകാശവാദം. കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ലോക് പ്രകാശന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഗുജറാത്ത് സമാചാറിന്റെ പണം വഴിതിരിച്ച് വിടുന്നതിനുള്ള സംവിധാനമാണ് ഗുജറാത്ത് സമാചാര്‍ എന്നും ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗുജറാത്ത് സമാചാര്‍ ദേശവിരുദ്ധ മാധ്യമമാണെന്ന വ്യാഖ്യാനവുമായി ഇ.ഡി നടപടിയെ ന്യായീകരിച്ച് സംഘപരിവാര്‍ പ്രൊഫൈലുകളും രംഗത്തെത്തിയിട്ടുണ്ട്. യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണാണ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പത്രം നല്‍കിയ തലക്കെട്ടും കോവിഡ് കാലത്തെ വാര്‍ത്തകളും നക്സല്‍ വേട്ടയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുമെല്ലാം അറസ്റ്റിനെ ന്യായീകരിക്കാനായി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചെന്ന വിമര്‍ശനവും വ്യാപകമാണ്. Is the arrest of Gujarat Samachar owner Bahubali Shah a political vendetta?
Content Summary: Is the arrest of Gujarat Samachar owner Bahubali Shah a political vendetta?
Leave a Comment