June 18, 2025 |

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്താൻ ഇന്ത്യൻ ഏജന്റുമാർക്ക് പണം നൽകി; യുപി സ്വദേശി ഷെഹ്‌സാദിനെ അറസ്റ്റ് ചെയ്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്

ഷെഹ്സാദ് എന്ന വ്യക്തിയെ ഞായറാഴ്ച മൊറാദാബാദിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്). ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ജോലി ചെയ്യുന്ന ഒരാൾ പാകിസ്ഥാൻ ഏജൻസിയുടെ പിന്തുണയോടെ സാധനങ്ങൾ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാൾ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി ചെയ്യുന്നതായും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും വിവരം നൽകിയയാൾ പറഞ്ഞതായി ഉത്തർ​പ്രദേശ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിന്റെ അറസ്റ്റ്. റാംപൂർ ജില്ലയിലെ തണ്ട പ്രദേശത്തെ ഷെഹ്സാദ് എന്ന വ്യക്തിയെ ഞായറാഴ്ച മൊറാദാബാദിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഷെഹ്സാദിന് മേൽ ചുമത്തി എടിഎസ് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. വർഷങ്ങളായി ഷെഹ്‌സാദ് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും രഹസ്യമായി സഞ്ചരിച്ചിരുന്നതായും. സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ അനധികൃതമായി അതിർത്തി കടത്തി കൊണ്ടുവന്നിരുന്നതായും അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തി. ഷെഹ്സാദ് ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിക്കുകയും, അവരുടെ ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നതായും ഇന്ത്യയുടെ സുരക്ഷയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പങ്കുവെക്കാൻ തന്റെ യാത്രകൾ ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കൂടുതൽ അന്വേഷണത്തിൽ, പാകിസ്ഥാന്റെ ഐ.എസ്.ഐയുടെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ താമസിക്കുന്ന ഏജന്റുമാർക്ക് ഷെഹ്സാദ് പണം നൽകിയതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രാംപൂരിൽ നിന്നും ഉത്തർപ്രദേശിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും, ഐ.എസ്.ഐക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായി പാകിസ്ഥാനിലേക്ക് അയയ്ക്കുന്നതിലും ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഐഎസ്‌ഐ ഏജന്റുമാർ അവരുടെ വിസകളും യാത്രാ രേഖകളും കൈകാര്യം ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ ഇന്ത്യയിൽ ചാരവൃത്തി നടത്താൻ സഹായിക്കുന്നതിനായി ഷെഹ്‌സാദ് ഐഎസ്‌ഐ പ്രവർത്തകർക്ക് ഇന്ത്യൻ സിം കാർഡുകൾ പോലും നൽകിയിരുന്നതായും പോലീസ് അവകാശപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ട്രാവൽ ബ്ലോഗർ ജ്യോതി റാണിയെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഷെഹ്സാദിന്റെ അറസ്റ്റ്. ഇന്ത്യ അടുത്തിടെ പുറത്താക്കിയ പാകിസ്ഥാൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥൻ ഡാനിഷിന്‌ ഓപ്പറേഷൻ സിന്ദൂറിനിടെ ജ്യോതി സേനാ നീക്കങ്ങളടക്കുമുള്ള വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം. പാക്‌ ഇന്റലിജൻസ് വിഭാഗവുമായി ഇവർ ബന്ധപ്പെട്ടെന്നും ഹരിയാന പൊലീസ്‌ പറഞ്ഞു. ജ്യോതിയുടെ മൂന്ന്‌ ഫോൺ, ലാപ്ടോപ്പ് എന്നിവയുടെ ഫോറൻസിക് പരിശോധന ഉടൻ നടത്തും. ജ്യോതിയുടെ അറസ്റ്റിന് പിന്നാവെ മറ്റ്‌ പല യുട്യൂബർമാരും നിരീക്ഷണത്തിലാണ്‌. ജ്യോതിയുടെ സുഹൃത്തും ഒഡിഷ പുരി സ്വദേശിനിയും യുട്യൂബറുമായ പ്രിയങ്ക സേനാപതിയെ ഞായറാഴ്‌ച ഇന്റലിജൻസ്‌ ബ്യൂറോ ചോദ്യം ചെയ്‌തു. പ്രിയങ്കയും പാകിസ്ഥാൻ സന്ദർശിച്ചെന്ന്‌ ജ്യോതി മൊഴി നൽകിയതോടെയാണ് പൊലീസിന്റെ ചോദ്യം ചെയ്യൽ. പാകിസ്ഥാൻ, ഭൂട്ടാൻ, ഇന്തോനേഷ്യ, ചൈന, ഗൾഫ്‌ രാജ്യങ്ങൾ എന്നിവ സന്ദർശിച്ചിട്ടുള്ള ജ്യോതി രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. അവിടെയുള്ള ഹിന്ദുക്ഷേത്രങ്ങളിൽനിന്നും ഗുരുദ്വാരയിൽനിന്നുമുള്ള വ്‌ളോഗും പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

content summary: A man has been arrested by the UP ATS for allegedly spying for Pakistan and funding ISI agents in India

Leave a Reply

Your email address will not be published. Required fields are marked *

×