ഗസയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡസന്‍ കണക്കിന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകളോട്, അവരുടെ പ്രവര്‍ത്തനം 36 മണിക്കൂറിനുള്ളില്‍ നിര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍. ഗസയില്‍ സേവനമനുഷ്ഠിക്കുന്ന പലസ്തീനികളുടെയും വിദേശ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങള്‍ കൈമാറണമെന്ന ഇസ്രയേലിന്റെ കര്‍ശനമായ പുതിയ നിബന്ധനകള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഈ നടപടി.
ജനുവരി ഒന്നു മുതല്‍ ഈ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കപ്പെടും. മാര്‍ച്ച് ഒന്നോടെ ഇവരുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും.
തീവ്രവാദ ബന്ധമില്ലെന്ന് ഉറപ്പുവരുത്താന്‍ പലസ്തീന്‍ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം നിരാകരിക്കുകയാണ് സന്നദ്ധ സംഘടനകള്‍ ചെയ്തത്. സംരക്ഷണ നിയമങ്ങള്‍ക്കും ജീവനക്കാരുടെ സുരക്ഷയ്ക്കും വിരുദ്ധമാണെന്നാണ് പല സംഘടനകളും ചൂണ്ടിക്കാട്ടിയത്.
ആക്ഷന്‍ എയിഡ്, ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി, മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ്, ഓക്‌സ്ഫാം, കെയര്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ ലോകപ്രശസ്ത സംഘടനകള്‍ പട്ടികയിലുണ്ട്.
ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങി പത്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിലൂടെ ഇസ്രയേല്‍ നടപടിക്കെതിരായ തങ്ങളുടെ കടുത്ത ആശങ്ക അറിയിച്ചു. ഗസയിലെ സാഹചര്യം ‘അങ്ങേയറ്റം ഭയാനകമാണെന്ന്’ അവര്‍ കുറ്റപ്പെടുത്തി.
ഗസയിലെ മനുഷ്യര്‍ കടുത്ത ദുരിതമാണ് നേരിടുന്നത്. അവിടെയുള്ള മനുഷ്യര്‍ ബഹുഭൂരിപക്ഷവും വീടും മണ്ണും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞു വരുന്നത്. എന്നാല്‍ കനത്ത മഴയും തണുപ്പും കാരണം ആയിരക്കണക്കിന് ദുരിതാശ്വാസ ടെന്റുകള്‍ നശിച്ചു പോയി.
ഏകദേശം 13 ലക്ഷം ആളുകള്‍ക്ക് അടിയന്തര പാര്‍പ്പിട സഹായം ഗസയില്‍ ആവശ്യമാണ്. 7,40,000 ആളുകള്‍ മലിനജലം മൂലമുള്ള വെള്ളപ്പൊക്ക ഭീഷണിയിലാണ്. പകുതിയിലധികം ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തനരഹിതമാണ്.
സന്നദ്ധ സംഘടനകളില്‍ ഹമാസ് അംഗങ്ങള്‍ നുഴഞ്ഞുകയറുന്നത് തടയാനാണ് ഈ നടപടിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എംഎസ്എഫിലെ രണ്ട് ജീവനക്കാര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചെങ്കിലും, സൈനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തങ്ങള്‍ ജോലിക്ക് എടുക്കാറില്ലെന്ന് എംഎസ്എഫ് വ്യക്തമാക്കി. ഏകദേശം 15% സംഘടനകള്‍ മാത്രമാണ് ഈ നിബന്ധനകള്‍ ലംഘിച്ചതെന്നും ഇത് ഗസയിലേക്കുള്ള മൊത്തം സഹായത്തെ ബാധിക്കില്ലെന്നുമാണ് ഇസ്രയേല്‍ ഏജന്‍സിയായ സിഒജിഎടി പറയുന്നത്.
ഒക്ടോബറില്‍ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗസയിലേക്ക് പൂര്‍ണതോതില്‍ സഹായം എത്തിക്കാമെന്നത് ഇസ്രയേല്‍ സമ്മതിച്ച കാര്യമാണ്. എന്നാല്‍, ഹമാസ് പൂര്‍ണമായും നിരായുധരാകാതെ ഗസയുടെ 53% ഭാഗത്തുനിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഇത് ഗസയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.
Content Summary; Israel has announced it will stop dozens of aid organisations working in Gaza within 36 hours
This post was last modified on December 31, 2025 3:15 pm
Leave a Comment