ഇറാന്‍ ആണവ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് ഇസ്രയേല്‍. കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളോടെ ആയിരക്കണക്കിന് യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകള്‍ ഒരു വലിയ പര്‍വതത്തിനുള്ളിലെ ആഴമേറിയ തുരങ്കങ്ങളിലേക്ക് മാറ്റിയതായാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇസ്രയേല്‍, യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടയില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാന്റെ പ്രധാനപ്പെട്ട മൂന്ന് ആണവനിലയങ്ങള്‍ തകര്‍ത്തിരുന്നു. ഇതിന് ശേഷമാണ് പിക്കാക്‌സ് മൗണ്ടന്‍ എന്നറിയപ്പെടുന്ന അതീവ സുരക്ഷിതമായ ഇടത്തേക്ക് ഇറാന്‍ തങ്ങളുടെ സെന്‍ട്രിഫ്യൂജുകള്‍ മാറ്റിയതെന്നാണ് ഇസ്രയേല്‍ യു.എസിന് കൈമാറിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ ഇസ്രയേലും അമേരിക്കയും തമ്മില്‍ ചില ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആയുധ നിര്‍മ്മാണ ശേഷിയെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ‘പിക്കാക്‌സ് പര്‍വതത്തിന്’ നേരെ വന്‍ ആക്രമണം പുനരാരംഭിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്ക ഇറാനെതിരേ ആക്രമണം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ സമ്മര്‍ദ്ദം. പിക്കാക്‌സ് പര്‍വതത്തെ ആക്രമിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് ജൂലൈ 13-ന് മാധ്യമപ്രവര്‍ത്തകനായ ഹഗ് ഹെവിറ്റും ആയുള്ള അഭിമുഖത്തില്‍ ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആക്രമിക്കാന്‍ പറ്റിയ ‘വലിയൊരു ലക്ഷ്യസ്ഥാനം’ എന്നാണ് അദ്ദേഹം ഈ പര്‍വതനിരകളെ വിശേഷിപ്പിച്ചത്. ‘ഞങ്ങള്‍ പിക്കാക്‌സ് മൗണ്ടന്‍ തകര്‍ക്കാന്‍ പോകുകയാണ്, ഇറാനികളോട് തയ്യാറായിരിക്കാന്‍ പറഞ്ഞോളൂ,’ എന്നും ട്രംപ് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പിക്കാക്സ് മൗണ്ടന്‍
നതാന്‍സ് ആണവ കേന്ദ്രത്തിന് സമീപം കൊളാങ്-ഗാസ് ലാ പര്‍വതത്തിനടിയില്‍ നിര്‍മിച്ചിരിക്കുന്ന അതിനൂതന തുരങ്ക സമുച്ചയമാണ് പിക്കാക്സ് മൗണ്ടന്‍. ഇറാന്റെ കുപ്രസിദ്ധമായ ഫോര്‍ഡോ ആണവ കേന്ദ്രത്തേക്കാള്‍ ആഴത്തിലും സുരക്ഷിതമായും നിര്‍മ്മിക്കപ്പെട്ടതാണ് പിക്കാക്സ് മൗണ്ടന്‍. ഇതിന്റെ തന്ത്രപരമായ പ്രാധാന്യത്തിന് പിന്നില്‍ ചില പ്രധാന ഘടകങ്ങളുണ്ട്. ഇറാന്റെ വിവാദമായ ഫോര്‍ഡോ പ്ലാന്റിനേക്കാള്‍ ആഴത്തിലും സുരക്ഷിതമായും ആണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 1,608 മീറ്റര്‍ ഉയരമുള്ള പര്‍വതത്തിനടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫോര്‍ഡോ സ്ഥിതി ചെയ്യുന്ന പര്‍വതത്തേക്കാള്‍ 650 മീറ്ററിലധികം ഉയരം ഇതിനുണ്ട്. ഇത്രയും വലിയ പാറക്കെട്ടുകള്‍ക്ക് താഴെയുള്ള ഒരു കേന്ദ്രത്തെ തകര്‍ക്കാന്‍ അമേരിക്കയുടെ പക്കലുള്ള ഏറ്റവും വലിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് പോലും സാധിച്ചെന്നു വരില്ല.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് & ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം, ഇറാന്‍ ഈ കേന്ദ്രത്തിന്റെ പ്രവേശന കവാടങ്ങള്‍ കോണ്‍ക്രീറ്റും മണ്ണും ഉപയോഗിച്ച് അതീവ സുരക്ഷിതമാക്കിയിട്ടുണ്ട്. പിക്കാക്സ് മൗണ്ടനിലെ ഭീഷണി നിര്‍വീര്യമാക്കാന്‍ ഇസ്രയേലിനോ അമേരിക്കയ്ക്കോ ഇതുവരെ സാധിക്കാത്തതും അതിന്റെ സുരക്ഷിതത്വത്തെ ഭേദിക്കാന്‍ കഴിയാത്തതുകൊണ്ടാണ്.
ഫോര്‍ഡോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടും പിക്കാക്സ് മൗണ്ടനെ തൊടാന്‍ പറ്റാത്തത് ഐഡിഎഫിന് വലിയ വെല്ലുവിളിയാണ്. യുദ്ധസമയത്ത് മറ്റ് പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും പിക്കാക്സ് മൗണ്ടന്‍ ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിര്‍മ്മാണ രീതിയും കാരണം ഇതിനെതിരെ ഒരു സൈനിക നീക്കം നടത്തുന്നത് അങ്ങേയറ്റം സങ്കീര്‍ണ്ണമാണെന്ന് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നു. നൂറുകണക്കിന് മീറ്റര്‍ താഴെ കരിങ്കല്‍ പാറക്കൂട്ടങ്ങള്‍ക്കുള്ളിലാണ് പിക്കാക്‌സ് പര്‍വതം സ്ഥിതി ചെയ്യുന്നത്. ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകളെപ്പോലും പ്രതിരോധിക്കാന്‍ തക്കവണ്ണം അത്യാധുനിക രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. 2020-ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ കേന്ദ്രം അഡ്വാന്‍സ്ഡ് സെന്‍ട്രിഫ്യൂജുകള്‍ നിര്‍മ്മിക്കാനും കൂട്ടിയോജിപ്പിക്കാനുമുള്ളതാണെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. 2020-ല്‍ ഒരു കനത്ത സ്‌ഫോടനത്തില്‍ തകര്‍ന്ന ഇറാന്റെ ഒരു സെന്‍ട്രിഫ്യൂജ് അസംബ്ലി യൂണിറ്റിന് പകരമായി നിര്‍മ്മിച്ചതാണ് ഈ ഭൂഗര്‍ഭ കേന്ദ്രം. പാറക്കെട്ടുകള്‍ നിറഞ്ഞ മലനിരകള്‍ക്ക് 300 മുതല്‍ 450 അടി വരെ താഴെ സ്ഥിതി ചെയ്യുന്ന ഈ കൂറ്റന്‍ ഭൂഗര്‍ഭ സമുച്ചയത്തില്‍ നിരവധി ആണവനിലയങ്ങള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമുണ്ട്. അതിനാല്‍ തന്നെ, ഇവിടെ വ്യോമാക്രമണം നടത്തുക എന്നത് കടുത്ത വെല്ലുവിളിയാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ 15 മാസമായി ഇവിടെ കനത്ത സുരക്ഷയാണ് ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ തുരങ്കം ശക്തിപ്പെടുത്തല്‍ ജോലികള്‍ നടക്കുന്നുണ്ടെന്നും, നിരവധി ട്രക്കുകള്‍ തുടര്‍ച്ചയായി ഇവിടേക്ക് വന്നു പോകുന്നുണ്ടെന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇറാന്‍ സെന്‍ട്രിഫ്യൂജുകള്‍ ഈ തുരങ്കങ്ങളിലേക്ക് മാറ്റിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡേവിഡ് ആല്‍ബ്രൈറ്റും പറയുന്നത്.
ഇറാന്റെ, ഔദ്യോഗികമായി വെളിപ്പെടുത്താത്തതും സുരക്ഷിതവുമായ ഇത്തരം കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്ന ആശങ്ക യുഎസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഈ കേന്ദ്രത്തില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ(ഐ.എ.ഇ.എ)അനുവദിക്കേണ്ടതാണ്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയമോ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോ ഇതുവരെ തയ്യാറായിട്ടില്ല.
ആണവായുധ നിര്‍മ്മാണം ഇറാന്‍ നിഷേധിക്കുന്നുണ്ടെങ്കിലും, ആയുധ നിര്‍മ്മാണത്തിന് ആവശ്യമായത്ര (60% വരെ) സമ്പുഷ്ടീകരിച്ച 1,000 പൗണ്ടോളം യുറേനിയം അവരുടെ കൈവശമുണ്ട്. ബോംബാക്രമണങ്ങളില്‍ നിന്ന് അവശേഷിക്കുന്ന സെന്‍ട്രിഫ്യൂജുകളെ സംരക്ഷിക്കാന്‍ ഇറാന്‍ അവ ഇവിടെ സൂക്ഷിച്ചതാകാം എന്നാണ് അനുമാനം. എന്നാല്‍, ഐ.എ.ഇ.എയ്ക്ക് ഈ കേന്ദ്രത്തിലേക്ക് പ്രവേശനമോ ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ നല്‍കാന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്. പിക്കാക്‌സ് പര്‍വതം വരും ദിവസങ്ങളില്‍ മധ്യപൂര്‍വേഷ്യയില്‍ യു.എസ്-ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വഷളാക്കുമെന്നാണ് സൂചന.
Content Summary; Israel intelligence reveals Iran moved thousands of nuclear centrifuges into deep underground tunnels at Pickaxe Mountain, prompting renewed US attack threats from Donald Trump amid escalating tensions
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.