തെക്കന്‍ ലെബനനിലെ ചരിത്രപ്രസിദ്ധ തുറമുഖ നഗരം ടൈറിന് നേരെ ഇസ്രയേല്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 32-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ, നഗരത്തിലെ പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ നിന്നും പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നും അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതാദ്യമായാണ് ടൈറിലെ ക്രിസ്ത്യന്‍ മേഖലകളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ പരസ്യമായ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ചൊവ്വാഴ്ച രാവിലെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ടൈറിലെ അല്‍-മസകെന്‍ ജനവാസ മേഖലയിലാണ് ഇസ്രയേല്‍ ആദ്യ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് വന്‍തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്ന പൊങ്ങുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തമുണ്ടാകുകയും ചെയ്തു. ടൈറിന് പുറമെ, നഗരത്തിന് തൊട്ടുവടക്കുള്ള അബ്ബാസിയ ഉള്‍പ്പെടെയുള്ള ഡസന്‍ കണക്കിന് തെക്കന്‍ ലെബനന്‍ ഗ്രാമങ്ങളിലും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു.
ഇതുവരെ നടന്ന ആക്രമണങ്ങളിലൊന്നും ഇസ്രയേല്‍ ടൈറിലെ ക്രിസ്ത്യന്‍ മേഖലകളെ ലക്ഷ്യം വെച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നഗരത്തിലെ ഏറ്റവും സുരക്ഷിതമായ മേഖലയായിട്ടായിരുന്നു ഇത് കണക്കാക്കപ്പെട്ടിരുന്നത്. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ആക്രമണം ശക്തമാക്കിയതോടെ, തെക്കന്‍ ലെബനനിലെ മറ്റ് ഷിയാ മുസ്ലിം ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ജീവരക്ഷാര്‍ത്ഥം അഭയം പ്രാപിച്ചിരുന്നത് ഈ ക്രിസ്ത്യന്‍ മേഖലയിലായിരുന്നു. ഇവിടെ ഹിസ്ബുള്ളയുടെ സായുധ സാന്നിധ്യമില്ലെന്ന് വ്യക്തമാക്കാനും ഇസ്രയേല്‍ ആക്രമണം തടയാനുമായി കഴിഞ്ഞ ആഴ്ച ലെബനന്‍ സൈന്യത്തെ ഇവിടെ വിന്യസിച്ചിരുന്നു.
എന്നാല്‍, ഈ ക്രിസ്ത്യന്‍ മേഖലകളില്‍ ഹിസ്ബുള്ള അംഗങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവര്‍ ആക്രമണത്തിന് മുതിര്‍ന്നേക്കാമെന്നും ആരോപിച്ചാണ് ഇസ്രയേല്‍ ഇപ്പോള്‍ അടിയന്തര ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതോടെ, ഇടുങ്ങിയ തെരുവുകളിലൂടെ കട്ടിലുകളും അവശ്യസാധനങ്ങളും വാഹനങ്ങളില്‍ കുത്തിനിറച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് വടക്കന്‍ മേഖലകളിലേക്ക് പലായനം ചെയ്യുന്നത്. സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഇങ്ങോട്ടേയ്ക്കു വന്നിട്ടുള്ള പലര്‍ക്കും ഇത് അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഉള്ള പലായനമാണ്.
ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നായ ടൈര്‍, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച നിരവധി ചരിത്ര സ്മാരകങ്ങളുടെ കേന്ദ്രമാണ്. എന്നാല്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ ഈ പുരാതന റോമന്‍ അവശിഷ്ടങ്ങള്‍ക്കും പൈതൃക കേന്ദ്രങ്ങള്‍ക്കും വലിയ നാശനഷ്ടമാണ് വരുത്തിവെക്കുന്നത്. അല്‍-ബാസ് ഉള്‍പ്പെടെയുള്ള പുരാതന കോട്ടകളുടെ തൂണുകളും, റോമന്‍ മൊസൈക്കുകളും തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കടിയിലായതായി ലെബനന്‍ സാംസ്‌കാരിക മന്ത്രാലയം സ്ഥിരീകരിച്ചു. സായുധ സംഘര്‍ഷങ്ങളില്‍ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ഹേഗ് കണ്‍വെന്‍ഷന്‍ ചട്ടപ്രകാരം ഈ കേന്ദ്രങ്ങളില്‍ പ്രത്യേക ‘ബ്ലൂ-ഷീല്‍ഡ്’ ചിഹ്നങ്ങള്‍ സ്ഥാപിച്ചിരുന്നതാണെങ്കിലും ഇസ്രയേല്‍ അത് വകവെച്ചിട്ടില്ല.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി മാര്‍ച്ച് 2-ന് ഹിസ്ബുള്ള ഇസ്രയേലിന് നേരെ റോക്കറ്റുകള്‍ തൊടുത്തുവിട്ടതോടെയാണ് ലെബനനില്‍ നിലവിലെ യുദ്ധം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇസ്രയേല്‍ തെക്കന്‍ ലെബനനിലേക്ക് സൈനിക അധിനിവേശം നടത്തുകയായിരുന്നു. മാര്‍ച്ചില്‍ ആരംഭിച്ച ഈ ആക്രമണങ്ങളില്‍ ഇതിനകം ലെബനനില്‍ 3,666-ലധികം പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ 30 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ, ലെബനന്‍ അതിര്‍ത്തി കടന്ന് ഇസ്രയേല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത ലെബനീസ് പോരാളിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ ആദ്യമായാണ് ലെബനനില്‍ നിന്നുള്ള ഒരു പോരാളി അതിര്‍ത്തി കടന്ന് ഇസ്രയേലില്‍ പ്രവേശിക്കുന്നത്.
വാഷിംഗ്ടണില്‍ ലെബനന്‍ സര്‍ക്കാരും ഇസ്രായേലും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, നേരിട്ട് യുദ്ധം ചെയ്യുന്ന ഹിസ്ബുള്ള ഇതില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞ ആഴ്ച മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹിസ്ബുള്ള തള്ളിയിരുന്നു. ഇതോടൊപ്പം, അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ലെബനനിലെ യുദ്ധം വലിയൊരു തടസ്സമായി നില്‍ക്കുകയാണ്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലും വെടിനിര്‍ത്തല്‍ വേണമെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ലെബനന്‍ പ്രശ്‌നത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നതിനെ അമേരിക്കയും ഇസ്രയേലും എതിര്‍ക്കുന്നു. അതേസമയം, ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന നീണ്ടുപോകുന്ന യുദ്ധം ഇറാനുമായുള്ള ചര്‍ച്ചകളെ ബാധിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, ചരിത്ര നഗരത്തെ തകര്‍ച്ചയില്‍ നിന്നും മാനുഷിക ദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ടൈറിലെ വിവിധ ക്രൈസ്തവ സഭകളുടെ ആത്മീയ നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Content Summary; Israel bombs the ancient city of Tyre in Lebanon, issuing its first forced evacuation order for the historic Christian quarter.
This post was last modified on June 10, 2026 5:13 pm
Leave a Comment