ഗാസയിലെ സമാധാനം കെട്ടുകഥയോ?

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഉത്തരവിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയിലാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഗാസയില്‍ ആക്രമണം നടത്തിയത്.

ഈ ആക്രമണം അമേരിക്ക അറിഞ്ഞുകൊണ്ടാണ് നടന്നിരിക്കുന്നത്. ഗാസയില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് വിവരം ഇസ്രയേല്‍ യു.എസിനെ അറിയിച്ചിരുന്നതായി രണ്ട് യു.എസ്. ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിരുന്നു.

യു.എസ്. മധ്യസ്ഥതയില്‍ നിലവില്‍ വന്നുവെന്ന് പറയുന്ന വെടിനിര്‍ത്തല്‍ വെറും കെട്ടുകഥയാണെന്ന് വ്യക്തമാക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നെതന്യാഹു ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ തന്നെ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ പലസത്‌നീകളുടെ തലയ്ക്കു മുകളിലെത്തി. ഗാസ മുനമ്പില്‍ പലയിടത്തും അവര്‍ സ്‌ഫോടനങ്ങള്‍ നടത്തി. ഗാസ സിറ്റിയിലും ഖാന്‍ യൂനിസിലുമുണ്ടായ വെവ്വേറെ ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ വൃത്തങ്ങള്‍ പറയുന്നത്.

പെട്ടെന്നുണ്ടായ ഈ അക്രമസംഭവങ്ങള്‍ 18 ദിവസം നീണ്ട ഗാസയിലെ വെടിനിര്‍ത്തലിന് ഏറ്റവും ഗൗരവമായ വെല്ലുവിളിയായി. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഈ പോരാട്ടങ്ങളെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട്, വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്ന് പറയുകയും ചെയ്തു.

ഹമാസാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഒരു ബന്ദിയുടെ മൃതദേഹം കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും കഴിഞ്ഞ ദിവസം ഹമാസും ഇസ്രയേല്‍ സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടലുമാണ് ഇപ്പോള്‍ ആക്രമണത്തിന് ഉത്തരവിടാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചതെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ തീവ്ര വലതുപക്ഷക്കാര്‍ പലസ്തീനികള്‍ക്കെതിരായ യുദ്ധം ആരംഭിക്കണമെന്ന് ശഠിക്കുന്നവരായിരുന്നു. ഹമാസ് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ഒരു അടിയന്തര യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലും തീവ്ര വലതുപക്ഷ നേതാക്കള്‍ നടത്തിയ മുറവളി യുദ്ധത്തിലേക്ക് മടങ്ങണമെന്നായിരുന്നു.

ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതോടെ, ചൊവ്വാഴ്ച രാത്രി നടത്താനിരുന്ന ബന്ദിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൈമാറാനുള്ള നീക്കം ഹമാസ് മാറ്റിവച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച ഹമാസ് ആയുധധാരികള്‍ ഗാസയുടെ തെക്ക് ഭാഗത്ത് ഇസ്രയേല്‍ സൈനികരെ ടാങ്ക് വേധ മിസൈല്‍, തോക്കുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ചാണ് ഹമാസ് ആക്രമണം നടത്തിയതെന്നും, ഇസ്രയേല്‍ സേന പിന്‍വാങ്ങാന്‍ സമ്മതിച്ച അതിര്‍ത്തി രേഖക്ക് കിഴക്കാണ് ആക്രമണം നടന്നതെന്നമാണ് ഒരു ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.

എന്നാല്‍, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് നിഷേധിക്കുകയാണുണ്ടായത്. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാനാണ് തങ്ങള്‍ പ്രതിബദ്ധത കാണിക്കുന്നതെന്നായിരുന്നു അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്.

ഇസ്രയേല്‍ സൈനികരെ ആക്രമിച്ചതിനും ബന്ദികളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൈമാറാതിരിക്കുന്നതിനും ഹമാസ് ‘പലമടങ്ങ് വില നല്‍കേണ്ടിവരും’ എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഐ.ഡി.എഫ്. സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയതോടെ ഹമാസ് ഒരു ചുവന്ന വര കടന്നിരിക്കുന്നു, ഇതിന് ഐ.ഡി.എഫ് വലിയ ശക്തിയോടെ പ്രതികരിക്കും,’ കാറ്റ്‌സ് പ്രസ്താവനയില്‍ പറയുന്നതിങ്ങനെയാണ്.

ഒക്ടോബര്‍ 10-ന് വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് ഇതാദ്യമല്ല. സമീപ ആഴ്ചകളിലും സമാനമായ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗാസയില്‍ വീണ്ടും യുദ്ധം തുടങ്ങാന്‍ യു.എസ് ആഗ്രഹിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച്ചത്തെ ആക്രമണം അറിഞ്ഞ ശേഷവും യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞത്, വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നാണ്. അതിനര്‍ത്ഥം അവിടെവിടെയായി ചെറിയ ഏറ്റുമുട്ടലുകള്‍ ഉണ്ടാകില്ല എന്നല്ല എന്നുകൂടി വാന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറയുന്നുണ്ട്.

ഒക്ടോബര്‍ ഏഴിന് പിടികൂടിയവരുടെതെന്നു പറഞ്ഞു ഹമാസ് നല്‍കിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് ഇസ്രയേല്‍ സൈന്യം കണ്ടെടുത്ത ഒരു ബന്ദിയുടെ ശരീരഭാഗങ്ങളാണെന്നാണ് നെതന്യാഹു ആരോപിക്കുന്നത്. യു.എസ്. മധ്യസ്ഥതയിലുള്ള ഗാസ വെടിനിര്‍ത്തലിന്റെ ‘വ്യക്തമായ ലംഘനമാണ്’ ഹമാസ് നടത്തുന്നതെന്നും പ്രധാനമന്ത്രി ആരോപിക്കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഹമാസ് എല്ലാ ഇസ്രായേലി ബന്ദികളുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ എത്രയും വേഗം തിരികെ നല്‍കേണ്ടതുണ്ട്. പകരമായി, ഒരു ഇസ്രായേലി മൃതദേഹത്തിന് 15 പലസ്തീന്‍ മൃതദേഹങ്ങള്‍ കൈമാറാന്‍ ഇസ്രയേലും സമ്മതിച്ചിരുന്നു. ഇനി 13 മൃതദേഹങ്ങള്‍ കൂടി ഹമാസ് തിരികെ നല്‍കാനുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.

എന്നാല്‍ ഗാസയില്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന ആക്രമണം ബന്ദികളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളെ കൂടുതല്‍ വൈകിപ്പിക്കുമെന്നാണ് ഹമാസ് ചൊവ്വാഴ്ചയിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇസ്രായേല്‍ 80-ല്‍ അധികം തവണ ലംഘനം നടത്തിയതായും, അതില്‍ കുറഞ്ഞത് 80 പേര്‍ കൊല്ലപ്പെട്ടതായും ഗാസ മീഡിയ ഓഫീസ് പറയുന്നു. ഹമാസും ഇസ്രായേലിനെതിരെ വെടിനിര്‍ത്തല്‍ ലംഘനം ആരോപിക്കുന്നുണ്ട്.

This post was last modified on October 29, 2025 11:04 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment