June 04, 2026 |
Share on

ട്രംപിന്റെ യുദ്ധാധികാരം കുറയ്ക്കാന്‍ ഡെമോക്രാറ്റുകളുടെ ശ്രമം

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിലെ അമേരിക്കന്‍ ഇടപെടല്‍ ഒഴിവാക്കാനാണ് ശ്രമം

ട്രംപിന്റെ യുദ്ധാധികാരം കുറയ്ക്കാനുള്ള ശ്രമങ്ങളുമായി ഡെമോക്രാറ്റുകള്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടല്‍ കൂടി ഭയക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ കൈ കെട്ടാനുള്ള നീക്കം എതിര്‍പക്ഷം നോക്കുന്നത്. യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക അധികാരം പരിമിതപ്പെടുത്തുന്നതിന് വിര്‍ജീനിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ടിം കെയ്ന്‍ ഒരു യുദ്ധ അധികാര പ്രമേയം അവതരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്.

കോണ്‍ഗ്രസിന്റെ വ്യക്തമായ അനുമതിയോ യുദ്ധപ്രഖ്യാപനമോ ഇല്ലാതെ ഇറാനെതിരെ നേരിട്ട് നടപടിയെടുക്കുന്നതില്‍ നിന്ന് യുഎസ് സായുധ സേനയെ വിലക്കുന്നതാണ് കെയ്ന്‍ അവതരിപ്പിച്ച ബില്ലിലെ പ്രധാന നിര്‍ദേശം. എന്നാല്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ആധിപത്യമുള്ള കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളുടെ ബില്‍ പാസാക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രംപിന്റെ അധികാരത്തെ വെല്ലുവിളിക്കാന്‍ റിപ്പബ്ലിക്കന്മാര്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് പൊതുവില്‍ കാണുന്നത്. ട്രംപിന്റെ യുദ്ധാധികാരത്തെ പരിമിതപ്പെടുത്താനുള്ള മുന്‍ ശ്രമങ്ങള്‍ക്കും മതിയായ റിപ്പബ്ലിക്കന്‍ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ല. പ്രസിഡന്‍ഷ്യല്‍ വീറ്റോയെ മറികടക്കാന്‍ ആവശ്യമായ വോട്ടുകള്‍ നേടുന്നതില്‍ ഡെമോക്രാറ്റുകള്‍ പരാജയപ്പെടുകയാണ് മുന്‍പും സംഭവിച്ചിരിക്കുന്നത്.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യം അമേരിക്കയെ മറ്റൊരു നീണ്ട പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്നാണ് ബില്‍ അവതരിപ്പിക്കാനുള്ള കാരണമായി കെയ്ന്‍ പറയുന്നത്. മിഡില്‍ ഈസ്റ്റില്‍ മറ്റൊരു ശാശ്വത യുദ്ധം നടത്താന്‍ സൈനികരെ അയയ്ക്കുന്നതില്‍ അമേരിക്കന്‍ ജനതയ്ക്ക് താല്‍പ്പര്യമില്ല. നമ്മുടെ രാജ്യത്തെ സൈനികരായ പുരുഷന്മാരെയും സ്ത്രീകളെയും അപകടത്തിലാക്കാന്‍ തീരുമാനിച്ചാല്‍, കോണ്‍ഗ്രസില്‍ അതിനെക്കുറിച്ച് ചര്‍ച്ച നടത്താനും വോട്ട് ചെയ്യാനും ഈ പ്രമേയം ഉറപ്പാക്കും’ എന്നാണ് കെയ്ന്‍ തന്റെ പ്രസ്താവനയില്‍ പറയുന്നത്.

സ്വതന്ത്ര സെനറ്ററായി ബെര്‍ണി സാന്‍ഡേഴ്‌സും ഒരു പ്രത്യേക ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന സാന്‍ഡേഴ്‌സ്, കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ‘ഇറാനിലോ അവര്‍ക്കെതിരായോ സൈനിക നീക്കങ്ങള്‍ നടത്തുന്നതിന് ഫെഡറല്‍ ഫണ്ടുകള്‍ ഉപയോഗിക്കുന്നത് തടയാനുള്ള പ്രത്യേക നിയമനിര്‍മ്മാണമാണ് അവതരിപ്പിച്ചത്. മസാച്യുസെറ്റ്‌സിലെ സെനറ്ററായ എലിസബത്ത് വാറന്‍, മേരിലാന്‍ഡില്‍ നിന്നുള്ള ക്രിസ് വാന്‍ ഹോളന്‍ എന്നിവരുള്‍പ്പെടെ നിരവധി പുരോഗമനക്കാരായ ഡെമോക്രാറ്റുകള്‍ സാന്‍ഡേഴ്‌സിനെ പിന്തുണച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റില്‍ മറ്റൊരു യുദ്ധം ഉണ്ടായാല്‍ എണ്ണമറ്റ ജീവന്‍ നഷ്ടപ്പെടും, ട്രില്യണ്‍ കണക്കിന് ഡോളര്‍ പാഴാകും. ഇനിയും കൂടുതല്‍ മരണങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും, കൂടുതല്‍ അഭയാര്‍ത്ഥികളെയും സാക്ഷികളാകേണ്ടി വരും’ സാന്‍ഡേഴ്‌സ് പറയുന്നു. ഒരു സെനറ്റര്‍ എന്ന നിലയില്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനും അമേരിക്ക മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് തടയുന്നതിനും എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും’ എന്നും സാന്‍ഡേഴ്‌സ് തന്റെ പ്രസ്താവനയില്‍ പറയുന്നു.

ആണവായുധ നിരാകണവുമായി ബന്ധപ്പെട്ട് ഇറാനും യുഎസും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചയെ അട്ടിമറിക്കുകയാണ് ഇസ്രയേല്‍ ചെയ്തതെന്നാണ് സാന്‍ഡേഴ്‌സ് ആരോപിക്കുന്നത്. ഞായറാഴ്ച്ച ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതാണെങ്കിലും ഇത് റദ്ദാക്കി. വെള്ളിയാഴ്ച്ച തന്നെ ഇസ്രയേല് ഇറാനില്‍ ആക്രമണം നടത്തി. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചു.

സംഘര്‍ഷം ലഘൂകരിക്കാന്‍ ടെഹ്‌റാന്‍ തയ്യാറാണെന്നാണ് ട്രംപ് തിങ്കളാഴ്ച്ചയും പറഞ്ഞത്. എന്നാല്‍ ഇസ്രയേല്‍ പറയുന്നത് ആക്രമണം തുടരുമെന്ന് തന്നെയാണ്. ചര്‍ച്ചയും സമാധാനവുമൊക്കെ പറയുമ്പോഴും, കഴിഞ്ഞ ദിവസങ്ങളിലൊക്കെ ട്രംപ് ഇറാനെതിരേ പല ആവര്‍ത്തി ഭീഷണി മുഴക്കിയിട്ടുണ്ട്. അമേരിക്കന്‍ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇറാന്‍ ഇതുവരെ കാണാത്ത സൈനിക നടപടികള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും കാണേണ്ടി വരുമെന്നായിരുന്നു കഴിഞ്ഞ ദിവസവും നടത്തിയ ഭീഷണി.

‘ഇറാന്‍ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ ഞങ്ങളെ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ നിങ്ങളുടെ മേല്‍ പതിക്കും,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയിട്ട ഭീഷണിയാണിത്.

സെനറ്റ് നിയമങ്ങള്‍ പ്രകാരം യുദ്ധ അധികാര പ്രമേയങ്ങള്‍ ‘പ്രിവിലേജ്ഡ്’ ആയാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം ബില്ലുകള്‍ക്ക് മേല്‍ സഭതല ചര്‍ച്ചയും വോട്ടെടുപ്പും ഉറപ്പാക്കപ്പെടുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉള്ള നിലയില്‍ കെയ്ന്‍ അവതരിപ്പിക്കുന്ന ബില്‍ പരാജയപ്പെടാനാണ് സാധ്യതയുള്ളത്. എങ്കില്‍ പോലും ഈ ബില്‍ ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്. അതിവേഗത്തില്‍ രൂക്ഷമാകുന്ന മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച ഉണ്ടാകും. പ്രസിഡന്റിന്റെ യുദ്ധ അധികാരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെടും. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും തീരുമാനങ്ങളില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഭരണഘടനാപരമായ അധികാരത്തെക്കുറിച്ചുള്ള ശക്തമായ ചോദ്യങ്ങളും ഉയരും. ഇതിനൊക്കെ ന്യായമായ മറുപടികള്‍ നല്‍കേണ്ട ബാധ്യത റിപ്പബ്ലിക്കന്‍മാര്‍ക്കുണ്ട്.

കെയ്‌നും സാന്‍ഡേഴ്‌സണും അവതരിപ്പിക്കുന്ന ബില്ലുകള്‍ പ്രത്യക്ഷത്തില്‍ ഒരേ ആവശ്യത്തിനാണെന്ന് തോന്നുമെങ്കിലും രണ്ടിലും പ്രസക്തമായ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ആസന്നമായ ഭീഷണികളില്‍ നിന്നും സ്വയം പ്രതിരോധിക്കാന്‍ അമേരിക്കയ്ക്ക് അവകാശമുള്ളപ്പോഴും, ഒരാക്രമണം നടത്തുന്ന ഘട്ടത്തില്‍ അതിനുള്ള അനുമതി കോണ്‍ഗ്രസിനോട് തേടണമെന്ന് കെയ്‌നിന്റെ ബില്ലില്‍ പറയുന്നു. അതേസമയം സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനായും കോണ്‍ഗ്രസിന്റെ അനുമതി തേടണമെന്നാണ് സാന്‍ഡേഴ്‌സന്റെ ബില്ലിലെ ആവശ്യം.

റിപ്പബ്ലിക്കന്‍മാര്‍ക്കിടയിലും ട്രംപിന്റെ തീരുമാനങ്ങളോട് രണ്ട് തരത്തില്‍ പ്രതികരിക്കുന്നവരുണ്ട്. ലിന്‍ഡ്‌സേ ഗ്രാഹമിനെപോലുള്ള റിപ്പബ്ലിക്കന്‍മാര്‍ ഇസ്രയേലിനൊപ്പം യുഎസ് നിലകൊള്ളണമെന്ന് വാശി പിടിക്കുന്നവരാണ്. ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് വാദിക്കുന്ന റിപ്പബ്ലിക്കന്‍മാരില്‍ ഒരാളാണ് ലിന്‍ഡ്‌സെ ഗ്രഹാം. ഇറാനുമായുള്ള നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍, ഇസ്രയേലിനു വേണ്ടി ‘എല്ലാം ചെയ്യാന്‍ ട്രംപ് തയ്യാറാകണമെന്നാണ് ഗ്രഹാം ആഹ്വാനം ചെയ്യുന്നത്. ഇറാന്റെ ആണവ ഭീഷണിയെ നേരിടാന്‍ ഇസ്രയേലിനെ സഹായിക്കേണ്ടത് അമേരിക്കയുടെ ദേശീയ സുരക്ഷാ താല്‍പ്പര്യത്തിന് ആവശ്യമാണെന്നാണ് ഗ്രഹാം വിശ്വസിക്കുന്നത്.

അതേസമയം മറ്റൊരു വിഭാഗം റിപ്പബ്ലിക്കന്മാര്‍ ‘ അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യം മുഴക്കുന്നവരാണ്. അവര്‍ ആവശ്യപ്പെടുന്നത് സംഘര്‍ഷത്തില്‍ അമേരിക്ക നേരിട്ട് ഇടപെടരുതെന്നാണ്. വിദേശ സംഘര്‍ഷങ്ങളില്‍ അമേരിക്കയുടെ ഇടപെടലിനെതിരെയുള്ള ട്രംപിന്റെ എതിര്‍പ്പാണ് ഈ ഗ്രൂപ്പും പങ്കിടുന്നത്. ഇസ്രായേല്‍ പോലുള്ള സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിനൊപ്പം അമേരിക്കന്‍ സൈനികരെ അപകടത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. ശക്തമായ സൈനിക നിലപാടിനൊപ്പം നയതന്ത്ര ശ്രമങ്ങളും സന്തുലിതമായി കൊണ്ടുപോവുകയെന്നതാണ് തന്റെ സമീപനമെന്നാണ് ട്രംപ് പറയുന്നത്.  Curbing President Trump’s war powers, Democratic senator introduce new bill in US Congress amidst iran-israel conflict 

Content Summary; Curbing President Trump’s war powers, Democratic senator introduce new bill in US Congress amidst iran-israel conflict

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×