January 19, 2025 |

യഹ്യ സിന്‍വറിനെ ഇല്ലാതാക്കിയത് യുദ്ധത്തിന്റെ ഭാവി മാറ്റുമോ?

ഹമാസ് നേതാവിനെ ഇസ്രയേല്‍ വധിച്ചത് ഇപ്പോള്‍ നടക്കുന്ന യുദ്ധത്തെ ഏതു തരത്തില്‍ ബാധിക്കും?

ഇസ്രയേല്‍-ഹമാസും യുദ്ധത്തിലെ നിര്‍ണായകമായ മറ്റൊരു നിമിഷം രേഖപ്പെടുത്തുന്നതാണ്, ഗാസയിലെ ഹമാസിന്റെ നേതാവും ഒക്ടോബര്‍ 7-ലെ ആക്രമണത്തിന്റെ ശില്പിയുമായ യഹ്യ സിന്‍വറിന്റൈ വധം. അമേരിക്കന്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതികവിദ്യയോടു കൂടി പ്രത്യേക സൈനിക സംഘത്തെ നിയോഗിച്ചുള്ള ഒരു വര്‍ഷത്തോളമായി നീളുന്ന ഇസ്രയേലിന്റെ മള്‍ട്ടി-ഏജന്‍സി മാന്‍ഹണ്ടിലാണ് സിന്‍വറും വീണത്. വിരോധാഭാസമെന്നു പറയട്ടെ, ഏതു വമ്പന്റെ തലയ്ക്കാണ് തങ്ങള്‍ ഉന്നം വയ്ക്കുന്നതെന്നു മനസിലാക്കതെ പോയ സാധാരണ ഇസ്രയേലി സൈനികരുടെ കൈകളിലാണ് സിന്‍വാര്‍ അവസാനിച്ചത്.

സിന്‍വറിന്റെ അവസാനം എങ്ങനെ?
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിന്‍വറിനെ വധിച്ച സൈനികര്‍ ഒരു ഏറ്റുമുട്ടല്‍ ദൗത്യത്തിലായിരുന്നില്ല, മാത്രമല്ല, ഹമാസ് ഉന്നതന്‍ തങ്ങളുടെ ചുറ്റുവട്ടത്ത് തന്നെയുണ്ടെന്ന് സൂചിപ്പിക്കുന്ന മുന്‍കൂര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഇല്ലായിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ നോക്കി ഒരു സൂക്ഷ്മ പരിശോധന നടത്തിയതിനുശേഷം മാത്രമാണ് തങ്ങള്‍ക്ക് ഏറ്റവും ആവശ്യമുണ്ടായിരുന്ന ഒരാളെയാണ് ഇല്ലാതാക്കിയിരിക്കുന്നുവെന്ന് സൈന്യത്തിന് മനസ്സിലാകുന്നത്.

ഇപ്പോള്‍ നടക്കുന്ന യുദ്ധത്തിന് മുഖ്യകാരണക്കാരായവരില്‍ ഒരാളാണ് യഹ്യ സിന്‍വര്‍. 2023 ഒക്ടോബര്‍ 7-ന് അയാള്‍ ആസൂത്രണം ചെയ്ത, ആ ആശ്ചര്യകരമായ ആക്രമണം ഏകദേശം 1,200 ഇസ്രായേലികളെയാണ് കൊന്നൊടുക്കിയത്. കൂടാതെ 250 മനുഷ്യകെ ബന്ദികളാക്കുകയും ചെയ്തു. ഇതിനു പകരമായി ഗാസ ഇപ്പോഴും വംശഹത്യ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ 42,000 പലസ്തീനികളെ ഇസ്രയേല്‍ കൊന്നൊടുക്കിയിട്ടുണ്ട്, രണ്ട് ദശലക്ഷത്തിലധികം പേര്‍ക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടതായി വന്നു.

സിന്‍വറിനായുള്ള വേട്ട
ഹൈടെക് നിരീക്ഷണം, രഹസ്യാന്വേഷണ ശേഖരണം, ഗ്രൗണ്ട് ഓപ്പറേഷന്‍സ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് ഒരു വര്‍ഷത്തോളമായി നടത്തി വന്ന പരിശ്രമത്തിനൊടുവിലാണ് ഇസ്രയേലിന് സിന്‍വറിനെ വീഴ്ത്താന്‍ സാധിച്ചത്. ഈ ഓപ്പറേഷനില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ഐഡിഎഫ്), മിലിട്ടറി എഞ്ചിനീയര്‍മാര്‍, നിരീക്ഷണ വിദഗ്ധര്‍ എന്നിവരുടെ വിവിധ എലൈറ്റ് യൂണിറ്റുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇസ്രയേലി സുരക്ഷാ ഏജന്‍സിയുടെ (ഷിന്‍ ബെറ്റ്) കീഴിലായിരുന്നു ഇവയെ ഏകോപിപ്പിച്ചിരുന്നത്. ഒക്ടോബര്‍ 7 ലെ ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചകളുടെ വെളിച്ചത്തില്‍, അതിന്റെ ഭാരം പേറേണ്ടി വന്നവരെ സംബന്ധിച്ച് യഹ്യ സിന്‍വറെ വകവരുത്തേണ്ടത് അവരുടെ ആവശ്യമായിരുന്നു.

‘ഒരു വര്‍ഷത്തിനുശേഷവും അവന്‍ ജീവിച്ചിരിക്കുമെന്ന് യുദ്ധത്തിന്റെ തുടക്കത്തില്‍ ആരെങ്കിലും പറഞ്ഞിരുന്നുങ്കെില്‍ ഞാനത് വിശ്വസിക്കുമായിരുന്നില്ല” എന്നാണ് ഇസ്രയേലി മിലിട്ടറി ഇന്റലിജന്‍സിലെ പലസ്തീന്‍ കാര്യ വിഭാഗത്തിന്റെ മുന്‍ തലവനായ മൈക്കല്‍ മില്‍ഷ്റ്റെയിന്‍ പറഞ്ഞത്. ഇസ്രയേലില്‍ കടന്നു കയറിയുള്ള ആക്രമണത്തിനായി സിന്‍വര്‍ ഒരു പതിറ്റാണ്ടോളം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ സജ്ജമാക്കിയിരുന്ന തുരങ്ക ശൃംഖലകള്‍ ഐഡിഎഫിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.

വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും മരണത്തിനു മുമ്പായി ആകെ ഒരു തവണ മാത്രമാണ് സിന്‍വറിന്റെ സാമിപ്യം അറിയാന്‍ ഇസ്രയേല്‍ സൈന്യത്തിന് കഴിഞ്ഞത്. ജനുവരിയില്‍ അയാളുടെ ജന്മനാടായ ഖാന്‍ യൂനിസിന് സമീപമുള്ള ഒരു ബങ്കറില്‍ നടത്തിയ റെയ്ഡില്‍ ഉപേക്ഷിക്കപ്പെട്ട ചില സാധനങ്ങള്‍ മാത്രമാണ് ഐഡിഎഫിന് ലഭിച്ചത്.

Post Thumbnail
സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത നാട്; ലോകത്തിന് മുന്നില്‍ നാണംകെട്ട് ഇന്ത്യവായിക്കുക

സിന്‍വറിന്റെ മരണമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍
സിന്‍വറിന്റെ നേതൃത്വം ഹമാസിന് നിര്‍ണായകമായിരുന്നു, പ്രത്യേകിച്ച് തന്ത്രപരമായ സൈനിക നീക്കങ്ങളുടെ കാര്യത്തില്‍. ജയിലില്‍ കിടന്നിരുന്ന കാലത്ത് ഇസ്രയേല്‍ സൈന്യത്തെക്കുറിച്ച് നേടിയെടുത്ത ധാരണ, ശത്രുവിന്റെ പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ഫലപ്രദമായി മുന്‍കൂട്ടി കാണാന്‍ അയാളെ സഹായിച്ചിരുന്നു. തന്റെതായൊരു പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു സിന്‍വര്‍. പ്രവാസത്തെക്കാളും കീഴടങ്ങലിനെക്കാളും ഗാസയില്‍ വച്ചുള്ള മരണമായിരുന്നു യഹ്യ സിന്‍വര്‍ ആഗ്രഹിച്ചിരുന്നത്.

സിന്‍വാറിന്റെ മരണത്തോടെ, ഉടനടി ഉയരുന്ന ചോദ്യമിതാണ്: ഇത് ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ ഗതി മാറ്റുമോ? മൊസാദിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റാം ബെന്‍-ബറാക്കിനെപ്പോലുള്ള വിശകലന വിദഗ്ധര്‍ പറയുന്നത്, ഈ യുദ്ധത്തിന്റെ പ്രത്യയശാസ്ത്ര സ്വഭാവം വ്യക്തിഗത നേതാക്കളെ ആശ്രയിക്കുന്നതല്ലെന്നാണ്. ‘സിന്‍വര്‍ വീണാല്‍ മറ്റൊരാള്‍ വരും,’ എന്നാണ് അദ്ദേഹം പ്രവചിച്ചിക്കുന്നത്. ഇത് ഒരു പ്രത്യയശാസ്ത്ര പോരാട്ടമാണെന്നും ഹമാസ് നേതാക്കള്‍ക്കെതിരായ കേവലം വ്യക്തിപരമായ പ്രതികാരമല്ലെന്നും ബറാക്ക് വ്യക്തമാക്കുന്നു.

മൈക്കല്‍ മില്‍ഷ്റ്റെയിനും ഇതേ വികാരമാണ് പങ്കുവയ്ക്കുന്നത്. ”ഏതാണ്ട് 50 വര്‍ഷത്തോളമായി തുടരുന്ന ഏറ്റുമുട്ടലുകളില്‍ നിന്ന് ഇത ഈ മത്സരത്തിന്റെ അടിസ്ഥാന ഭാഗമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇത് കളിയുടെ ഗതി മാറ്റുമെന്ന് ചിന്തിക്കരുത്’. സിന്‍വറിന്റെ മരണം ഹമാസിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നോ അല്ലെങ്കില്‍ സംഘര്‍ഷത്തിന് അന്തിമമായ ഒരു അന്ത്യം കൊണ്ടുവരുമെന്നോ ഉള്ള പ്രതീക്ഷകള്‍ നിഷ്ഫലമാണ്.

മാനുഷികമായ ആശങ്കകളും യുദ്ധത്തിന്റെ ഭാവിയും
സിന്‍വറിന്റെ കൊലപാതകം സാഹചര്യം കൂടുതല്‍ മോശമാക്കും. ഐഡിഎഫിന്റെ സൈനിക നീക്കങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. സാധാരണക്കാരായ മനുഷ്യരാണ് മരിച്ചു വീഴുന്നവരില്‍ ഏറെയും.
പ്രത്യേകിച്ച് ഹമാസ് നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ള നിരന്തരമായ ബോംബാക്രമണത്തിനെതിരേ നിരവധി ധാര്‍മ്മിക ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ സൈന്യം വലിയ തോതിലാണ് ബോംബുകള്‍ വര്‍ഷിക്കുന്നത്, ഇത് പലപ്പോഴും ഒരു തെറ്റും ചെയ്യാത്ത മനുഷ്യരുടെ കൂട്ടക്കൊലയ്ക്കാണ് കാരണമാകുന്നത്.

ഈ യുദ്ധത്തിലെ ഏറ്റവും പുതിയൊരു അധ്യായത്തില്‍, സിന്‍വറിന്റെ കൊലപാതകം ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കാണാനാകും. ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ ഈ കൊലപാതകത്തിലൂടെ അവരുടെ വിജയം അവകാശപ്പെടുമെങ്കിലും, യുദ്ധം ഇനിയും അനിയന്ത്രിതമായി തുടരുമെന്നതാണ് യാഥാര്‍ത്ഥ്യം. ഹമാസിനെ നയിക്കുന്ന പ്രത്യയശാസ്ത്ര ആവേശം ഒരൊറ്റ നേതാവിന്റെ നഷ്ടത്തോടെ ഇല്ലാതാകാന്‍ സാധ്യതയില്ല.

ഉപസംഹാരമായി പറയട്ടെ, യഹ്യ സിന്‍വറിന്റെ മരണം ഇസ്രയേലിന്റെ തന്ത്രപരമായ വിജയമായി പരിഗണിക്കാമെങ്കിലും, അതുപക്ഷേ ഈ സംഘര്‍ഷത്തില്‍ അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. പ്രാദേശിക സ്ഥിരതയും മാനുഷിക സ്വാധീനവും കണക്കിലെടുത്ത് അവരുടെ സൈനിക നടപടികളുടെ അനന്തരഫലങ്ങള്‍ ഇസ്രയേല്‍ നേരിടേണ്ടി വരും. യുദ്ധം രൂക്ഷമാകുമ്പോള്‍, ശാശ്വത സമാധാനത്തിനായുള്ള അന്വേഷണം എന്നത്തേയും പോലെ അവ്യക്തമായി തുടരുന്നു.  Israel Kills Hamas Leader Yahya Sinwar: What Next in the War?

Content Summary; Israel Kills Hamas Leader Yahya Sinwar: What Next in the War?

×