ഇറാന്‍-അമേരിക്ക സമാധാന കരാറിനെയും ലോകത്തിന്റെ പ്രതീക്ഷയെയും വെല്ലുവിളിച്ചുകൊണ്ട് തെക്കന്‍ ലെബനനില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം. ഏകദേശം 16 പേരെങ്കിലും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (എന്‍എന്‍എ) റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ ഹിസ്ബുള്ളയും ഇസ്രയേല്‍ സൈന്യവും തമ്മില്‍ അതിരൂക്ഷമായ കരയുദ്ധം തുടരുകയാണെന്നാണ് വിവരം.
അമേരിക്ക-ഇറാന്‍ സമാധാന കരാറിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് ലെബനനിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുക എന്നതാണ്. ഇക്കാര്യത്തില്‍ ഇറാന്‍ വാശി പിടിച്ചിരുന്നു. ലബനന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കണമെന്നും ലെബനന്‍, ഹിസ്ബുള്ള, ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഉടനടി സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇസ്രയേല്‍ നടത്തിയിരിക്കുന്ന ആക്രമണം മൊത്തം സമാധാന പദ്ധതികളും തകര്‍ക്കുന്നതാണ്.
വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലെബനന്‍ ഭൂപ്രദേശത്ത് 10 കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി ഇസ്രയേല്‍ ‘സുരക്ഷാ മേഖല’യെന്ന പേരില്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും ഉടനടി പിന്മാറില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയിലെ ഇസ്രയേലി ജനവാസമേഖലകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ‘ആവശ്യമുള്ളത്രയും കാലം’ സൈന്യം ലെബനനില്‍ തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. അതിര്‍ത്തി കടന്നുള്ള ഇസ്രയേല്‍ സൈനിക നടപടിയെയും കൂട്ട ഒഴിപ്പിക്കല്‍ ഉത്തരവുകളെയും തുടര്‍ന്ന് ആയിരക്കണക്കിന് ലെബനന്‍ നിവാസികളാണ് ഇതിനകം സ്വന്തം വീടുപേക്ഷിച്ച് പലായനം ചെയ്തത്.
തെക്കന്‍ ലെബനനിലെ ഏറ്റുമുട്ടലില്‍ ലെഫ്റ്റനന്റ് കേണല്‍ ദോര്‍ ഗാദ്ലിയ ബെന്‍ സിംഹോന്‍ ഉള്‍പ്പെടെ നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക നടപടി കടുപ്പിക്കാന്‍ നെതന്യാഹു നിര്‍ദ്ദേശം നല്‍കിയത്. സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി, ഹിസ്ബുള്ളയോട് ക്രൂരമായ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണ് ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുണ്ടായതെന്നും, തങ്ങളുടെ സൈനികര്‍ക്കോ പ്രദേശങ്ങള്‍ക്കോ നേരെയുള്ള ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ തെക്കന്‍ ലെബനനിലെ നബാത്തിയ നഗരം കേന്ദ്രീകരിച്ച് ഹിസ്ബുള്ളയുടെ 80-ലധികം താവളങ്ങള്‍ തകര്‍ക്കുകയും ഡസന്‍ കണക്കിന് പോരാളികളെ വധിക്കുകയും ചെയ്തതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.
ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ ലെബനന്റെ മണ്ണും ജനങ്ങളെയും തങ്ങള്‍ ‘സംരക്ഷിക്കുമെന്ന്’ ഹിസ്ബുള്ള വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇസ്രയേലാണെന്നും അവര്‍ കുറ്റപ്പെടുത്തി.
‘ഏതൊരു അധിനിവേശത്തിനെതിരെയും ഇസ്ലാമിക് പ്രതിരോധം അതീവ ജാഗ്രതയോടെ നിലകൊള്ളും. അതിന്റെ പോരാളികള്‍ തങ്ങളുടെ മണ്ണും ജനങ്ങളെയും കാത്തുസൂക്ഷിക്കും,’ ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് തങ്ങളാണെന്ന ഇസ്രയേലിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞ ഹിസ്ബുള്ള, ‘ശത്രുക്കള്‍ ഒരു കാലത്തും ഒരു വെടിനിര്‍ത്തല്‍ കരാറും പാലിച്ചിട്ടില്ല’ എന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, മിഡില്‍ ഈസ്റ്റിലെ സമാധാന ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ലെബനനും ഇസ്രയേലും ഉള്‍പ്പെടുന്ന എല്ലാ മുന്നണികളിലും പൂര്‍ണ്ണമായ വെടിനിര്‍ത്തലാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇസ്രയേലിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പുതിയ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. താനില്ലായിരുന്നെങ്കില്‍ ഇന്ന് ഇസ്രയേല്‍ എന്നൊരു രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നാണ് ട്രംപ് ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടത്. ഇസ്രയേലിനെ സഹായിക്കാന്‍ മറ്റൊരു പ്രസിഡന്റും തയ്യാറാകാത്ത കാര്യങ്ങളാണ് താന്‍ ചെയ്തത്. പ്രധാനമന്ത്രി നെതന്യാഹുവുമായി നല്ല ബന്ധമാണുള്ളതെങ്കിലും അദ്ദേഹത്തെ അല്പമൊക്കെ നിയന്ത്രിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോകനേതാക്കളില്‍ താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതത്തോടെ നോക്കിക്കാണുന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണെന്നും അവരെ കടുത്ത ബിസിനസ്സുകാരും ശക്തരുമായാണ് താന്‍ വിലയിരുത്തുന്നതെന്നും ട്രംപ് അഭിമുഖത്തില്‍ പരാമര്‍ശിച്ചു.
തുടര്‍ച്ചയായ ഇസ്രയേല്‍ ബോംബാക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ തെക്കന്‍ ലെബനനിലെ നബാത്തിയ നഗരം ഇപ്പോള്‍ ശ്മശാന സമാനമാണ്. കുന്നുകൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നീങ്ങിയ അഷൂറ വിലാപയാത്രയില്‍ പതിനായിരങ്ങളാണ് നെഞ്ചത്തടിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും പങ്കെടുത്തത്. എ.ഡി 680-ലെ കര്‍ബല യുദ്ധത്തില്‍ ഇമാം ഹുസൈന്‍ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന പുണ്യദിനമായ അഷൂറ, ഷിയാ മുസ്ലിംകള്‍ക്ക് അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമാണ്. സാധാരണയായി മുപ്പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കാറുള്ള നബാത്തിയയിലെ ഈ ചടങ്ങുകള്‍, പശ്ചാത്തലത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഇസ്രയേല്‍ ഷെല്ലാക്രമണങ്ങളുടെ ഭീതിദമായ ശബ്ദങ്ങള്‍ക്കിടയിലും കടുത്ത ദുരന്തമുഖത്തെ അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി മാറി.
Content Summary; At least 16 killed in Israeli airstrikes on southern Lebanon’s Nabatiyeh as fierce clashes with Hezbollah push the new US-Iran ceasefire agreement to the brink of collapse
This post was last modified on June 19, 2026 5:48 pm
Leave a Comment