വെടിനിര്‍ത്തല്‍ കരാറിന് തങ്ങള്‍ യാതൊരു വിലയും കൊടുക്കുന്നില്ലെന്ന് വീണ്ടും തെളിയിച്ച് ഇസ്രയേല്‍ ഗാസയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 21 പേരെ. ഇസ്രയേല്‍ സൈന്യത്തിന്റെ ടാങ്ക് ഷെല്ലാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലുമായാണ് ആറ് കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടത്. ആക്രമമം കൂടാതെ, മാനുഷിക പരിഗണന മുന്‍നിര്‍ത്തി തുറന്നുകൊടുത്ത റഫ അതിര്‍ത്തി വഴി രോഗികളെ മാറ്റുന്ന നടപടിയും ഇസ്രയേല്‍ തടഞ്ഞു.
ഗാസ അതിര്‍ത്തിയില്‍ തങ്ങളുടെ സൈനികന് നേരെ വെടിയേറ്റതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സേനയുടെ വാദം.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലാണ് ഇസ്രയേല്‍ ആക്രമണം ഏറ്റവും രൂക്ഷമായത്. കുടിയിറക്കപ്പെട്ടവര്‍ക്കു താമസിക്കുന്നതിനായി നിര്‍മിച്ച അല്‍-മവാസിയിലെ താത്കാലിക ടെന്റുകള്‍ ഇസ്രയേല്‍ തകര്‍ത്തു. ആദ്യ ആക്രമണത്തിന് ശേഷം പരിക്കേറ്റവരെ സഹായിക്കാനെത്തിയ ഒരു പാരാമെഡിക്കല്‍ ഉദ്യോഗസ്ഥന്‍ വീണ്ടും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
‘ഞങ്ങള്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഷെല്ലുകള്‍ വന്നു വീണത്. എന്റെ മകനും സഹോദരന്റെ മക്കളും അവിടെവച്ച് തന്നെ കൊല്ലപ്പെട്ടു,’ തകര്‍ന്ന വീടിന് മുന്നില്‍ നിന്ന് അബു മുഹമ്മദ് ഹബൂഷ് വിതുമ്പലോടെ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധം തുടങ്ങിയതിന് പിന്നാലെ രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന റാഫ അതിര്‍ത്തി തിങ്കളാഴ്ച്ചയാണ് ഭാഗികമായി തുറന്നത്. വെറും രണ്ടും ദിവസം കഴിഞ്ഞപ്പോള്‍ റഫ അതിര്‍ത്തി ഇസ്രയേല്‍ വീണ്ടും അടച്ചു. ചികിത്സയ്ക്കായി ഈജിപ്തിലേക്ക് പോകാനിരുന്ന നൂറുകണക്കിന് രോഗികള്‍ ഇതോടെ ദുരിതത്തിലായി. ‘യാത്രയ്ക്കായി തയ്യാറെടുത്ത് എത്തിയപ്പോഴാണ് അതിര്‍ത്തി അടച്ച വിവരം അറിയുന്നത്,’ ആംബുലന്‍സില്‍ കാത്തുനിന്ന പലസ്തീന്‍ സ്വദേശിനി രാജ അബു തെയര്‍ പറഞ്ഞത്.
ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള കൃത്യമായ ഏകോപന വിവരങ്ങള്‍ ലഭിക്കാത്തതാണ് അതിര്‍ത്തി കവാടം അടയ്ക്കുന്നതിന് കാരണമെന്നാണ് ഇസ്രയേല്‍ ഏജന്‍സിയായ ‘കോഗാറ്റ്’ പറയുന്നത്.
ഒക്ടോബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഗാസയില്‍ ഇതുവരെ 556 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ നാല് ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗാസയുടെ പുനര്‍നിര്‍മ്മാണം, ഹമാസിനെ നിരായുധീകരിക്കല്‍, ഇസ്രയേല്‍ സൈന്യത്തിന്റെ പിന്മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഗാസയുടെ പകുതിയിലധികം ഭാഗവും ഇപ്പോഴും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Content Summary; Israel military have killed at least 21 people including six children and seven women in gaza and Rafah patient crossings halted.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.