സമാധാനത്തിനുള്ള നൊബേലിന് ട്രംപിന്റെ പേര് നിര്‍ദേശിച്ച് നെതന്യാഹു

മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരുന്നത് ട്രംപ് ആണെന്നാണ് നെതന്യാഹു പറയുന്നത്

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. വാഷിംഗ്ടണില്‍ ഇരു രാഷ്ട്രത്തലവനമ്മാരും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയിലാണ്, ട്രംപിന്റെ സന്തോഷിപ്പിച്ച് നെതന്യാഹുവിന്റെ വാഗ്ദാനം. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ടാണ് സമാധാനത്തിനുള്ള പുരസ്‌കാരത്തിന് ട്രംപിന്റെ പേര് നിര്‍ദേശിച്ചുകൊണ്ട് നൊബേല്‍ സമ്മാന കമ്മിറ്റിക്ക് അയച്ചതായി പറയുന്ന ഒരു കത്ത് നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റിന് സമ്മാനിച്ചത്.

ഇറാനെതിരേ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തെക്കുറിച്ചും, ഗാസയില്‍ 21 മാസമായി തുടരുന്ന യുദ്ധത്തിന് ഇടവേള ഉണ്ടാക്കുന്നതുമൊക്കെ ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും ട്രംപും നെതന്യാഹുവും ഒരുമിച്ച് ഇരിക്കുന്നത്. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ഉണ്ടായതും, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ പോകുന്നതും ഞാനാണ് എന്നാണ് ട്രംപ് വാദിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ ഗാസ കുടിയൊഴിപ്പിക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ട്രംപിനും നെതന്യാഹുവിനും നേരിടേണ്ടി വന്നു. വൈറ്റ് ഹൗസിലെ ബ്ലൂ റൂമില്‍ ഒരുക്കിയ അത്താഴത്തിന് മുമ്പായിട്ടായിരുന്നു ഗാസയിലെ എല്ലാ പലസ്തീനികളെയും റാഫയില്‍ നിര്‍മിക്കുന്ന ഒരു ക്യാമ്പിലേക്ക് നിര്‍ബന്ധിച്ച് മാറ്റാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ചോദ്യം ഇരുവര്‍ക്കും നേരേ വന്നത്. ഗാസയില്‍ നിന്ന് പലസ്തീനികളെ ബലമായി നീക്കം ചെയ്യണമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ട്രംപിനോടാണ് ആദ്യത്തെ ചോദ്യം ഉയര്‍ന്നത്. ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെടുകയാണുണ്ടായത്.

നെതന്യാഹു ആ ചോദ്യം നേരിട്ടത് ഇങ്ങനെയാണ്; ‘ഇത് സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ്. ആളുകള്‍ക്ക് ഗാസയില്‍ തന്നെ താമസിക്കണമെങ്കില്‍ അവര്‍ക്ക് അവിടെ താമസിക്കാം, പക്ഷേ പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് പോകാന്‍ കഴിയണം.’

നെതന്യാഹൂ വാഷിംഗ്ടണിലേക്ക് വിമാനം കയറും മുമ്പാണ്, അവരുടെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റസ് പുതിയൊരു പദ്ധതിയെ കുറിച്ച് പറഞ്ഞത്. ഗാസയില്‍ നിന്നും മുഴുവന്‍ ആളുകളെയും(ഏകദേശം 2.3 മില്യണ്‍ ജനങ്ങള്‍) മുമ്പിന്റെ തെക്കന്‍ ഭാഗമായ റാഫയിലേക്ക കുടിയൊഴിപ്പിക്കുമെന്ന്. ‘ മനുഷ്യത്വത്തിന്റെ നഗരം’ പണിത് അങ്ങോട്ട് മാറ്റുമെന്നാണ് കാറ്റ്‌സ്റ്റിന്റെ അറിയിപ്പ്. അതായത്, യുദ്ധത്തില്‍ തകര്‍ന്ന് കിടക്കുന്ന റാഫയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രത്തില്‍ ക്യാമ്പ് പണിത് പലസ്തീനികളെ മുഴുവന്‍ അവിടേയ്ക്ക് മാറ്റുമെന്ന്. ആദ്യഘട്ടത്തില്‍ 60,000 പേരെയായിരിക്കും മാറ്റുക. ഇപ്പോള്‍ അല്‍-മവാസി മേഖലയിലായി നിരാലംബരായി കിടക്കുന്ന മനുഷ്യരെയാണ് ആദ്യം മാറ്റുക. ക്യാമ്പ് നിര്‍മിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് കാറ്റ്‌സ് മാധ്യമങ്ങളെ അറിയിച്ചത്. നിയമവിദഗ്ധരും അന്താരാഷ്ട്ര സമൂഹവും ഇതിനെ, മാനവരാശിക്കെതിരായ ക്രൂരതയുടെ രൂപരേഖ എന്നാണ് കുറ്റപ്പെടുത്തുന്നത്.

നെതന്യാഹു വിശദീകരിക്കുന്നത്, തന്റെ അഭിപ്രായപ്രകാരം ‘ഇതൊരു ജയിലാകരുത്. മറിച്ച് അതൊരു തുറന്ന സ്ഥലമായിരിക്കണം’ എന്ന നിലയിലാണ്. പലസ്തീനികള്‍ക്ക് സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് അവകാശം കിട്ടണം’ എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറയുന്നു. അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത് സാക്ഷാത്കരിക്കാനും പലസ്തീനികള്‍ക്കൊരു മികച്ച ഭാവി നല്‍കാനും ഞങ്ങള്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും നെതന്യാഹു പറയുന്നുണ്ട്. ഇത്തരം പ്രസ്താവനയ്ക്കിടയിലൂടെ നെതന്യാഹു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്, ഗാസയില്‍ തന്നെയല്ലാതെ സ്വതന്ത്രമായൊരു ഇടം പലസ്തീനികള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ്. അത് ഗാസയ്ക്ക് പുറത്തോ, ഏതെങ്കിലും വിദേശ രാജ്യത്തോ അവര്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് നെതന്യാഹു പറഞ്ഞു വയ്ക്കുന്നത്. പലസ്തീന് പുറത്തുള്ള രാജ്യങ്ങളില്‍ അവര്‍ക്ക് സ്ഥലം കണ്ടെത്തുന്ന കാര്യം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് അമേരിക്കയും ഇസ്രയേലും അടുത്തു കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെടുന്നു.

രണ്ടാം ടേമില്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ, ട്രംപും ഇതുപോലൊരു പദ്ധതി മുന്നോട്ടു വച്ചിരുന്നു. പലസ്തീനികളെ എല്ലാം ഒഴിപ്പിച്ച് ഗാസയെ ശുദ്ധീകരിക്കലായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇസ്രയേല്‍ ഈ ആ ആഗ്രഹത്തിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ട്രംപ്, ക്ലീന്‍ ഗാസ പദ്ധതിയില്‍ നിന്നും പിന്മാറി.

അതേസമയം, വാഷിംഗ്ടണ്‍ കൂടിക്കാഴ്ച്ചയില്‍ നെതന്യാഹുവിനെ കൊണ്ട് വെടിനിര്‍ത്തലിന് സമ്മതിപ്പിക്കാമെന്ന വിശ്വാസത്തിലാണ് ട്രംപ്. കഴിഞ്ഞ 21 മാസത്തിലേറെയായി 60,000 ന് അടുത്ത് മനുഷ്യരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഹമാസും ഇക്കാര്യത്തില്‍ അനുകൂലമായാണ് നിലപാട് എടുത്തത്. ബന്ദികളുടെ മോചനം, ഗാസയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള ഇസ്രയേല്‍ സേനയുടെ പിന്മാറ്റം, ഗാസയ്ക്കുള്ള സഹായവിതരണത്തിനുള്ള തടസങ്ങള്‍ നീക്കുക, തുടങ്ങിയ കാര്യങ്ങള്‍ വെടിനിര്‍ത്തലിന് പിന്നാലെ ചര്‍ച്ചയാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍ വെടി നിര്‍ത്തല്‍ പറയുമ്പോള്‍ തന്നെ ഇസ്രയേല്‍ ഗാസയില്‍ കൂട്ടക്കുരുതി തുടരുകയാണ്. മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ആഴ്ച്ചകളിലായി കൊല്ലപ്പെട്ടത്.  Israel PM Benjamin Netanyahu nominates US President Donald Trump for Nobel Peace Prize

Content Summary; Israel PM Benjamin Netanyahu nominates US President Donald Trump for Nobel Peace Prize

This post was last modified on July 8, 2025 2:25 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment