ജനറല്‍ പിക്‌ചേഴ്‌സിന്റെ കെ.രവീന്ദ്രന്‍ നായര്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം
മലയാള ചലചിത്രങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം നേടി കൊടുത്ത സംവിധായകരായ അടൂരിന്റെയും അരവിന്ദന്റെയും ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്ന, ജനറല്‍ പിക്‌ചേഴ്‌സിന്റെ കെ.രവീന്ദ്രന്‍ നായര്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം.
തനിക്ക് കിട്ടിയ തലക്കുറി പരിശോധിച്ച, കണിയാന്‍ പ്രശ്‌നഫലം പറഞ്ഞു; ‘അത്യുത്തമമായ ജാതകമാണ്. തൊട്ടെതെല്ലാം പൊന്നാക്കും. ഇത്ര വിശിഷ്ടമായ ജാതകം അപൂര്‍വമായേ കാണാനൊക്കു.’ ജാതകം കൈമാറിയ, കണിയാന്റെ മുന്നിലിരിക്കുന്ന ആള്‍ പറഞ്ഞു; ‘അതിനീ ജാതകം കാട്ടാക്കടയിലുള്ള ഒരു മാടക്കടക്കാരന്റെതാണ്’.
കണിയാന്‍ ഒന്നു നോക്കിയിട്ടു പറഞ്ഞു; ‘കവടി നിരത്തിയതിനു മുന്നിലിരുന്ന് പൊളി പറയരുത്. ഇത് മാടക്കടക്കാരന്റെ ജാതകമാണെങ്കില്‍ ഇന്ന് മുതല്‍ ഞാന്‍ ഈ കവടി സഞ്ചി കൈ കൊണ്ട് തൊടില്ല. ഈ പണി ഞാന്‍ നിര്‍ത്തും.’ ജാതകം കൊടുത്ത ആള്‍ ഒരു ചെറു ചിരിയോടെ സത്യം പറഞ്ഞു. ‘ഇത് രവിയുടെ തലകുറിയാണ് , വെണ്ടര്‍ കൃഷ്ണ പിള്ളയുടെ മൂന്നാമത്തെ മകന്‍ രവീന്ദ്രന്‍ നായരുടെ ‘
കൊല്ലത്തെ പ്രശസ്തനായ കശുവണ്ടി വ്യവസായിയായ സാമൂഹ്യ പ്രമുഖനുമായ വെണ്ടര്‍ കൃഷ്ണ പിള്ളയുടെ മകന്‍ കെ. രവീന്ദ്രന്‍ നായരുടെ ജാതകം ഉത്തമമായിരുന്നു. പിന്നീട് മലയാള ചലചിത്രത്തിന്റെ തലവര തന്നെ മാറ്റിയ ഒരു ജാതകം. എല്ലാ തലത്തിലും, കലയ്ക്കും കശുവണ്ടിക്കും മാറ്റി വെച്ച, വിജയിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
തൊണ്ണൂറാം വയസില്‍ അച്ചാണി രവിയെന്ന, കെ. രവീന്ദ്രന്‍ നായര്‍ ഓര്‍മയായപ്പോള്‍ തന്റെ ജീവിതത്തില്‍ കണിയാന്‍ അന്ന് പറഞ്ഞതെല്ലാം അച്ചട്ടാക്കിയിരുന്നു. തൊട്ടെതെല്ലാം വിജയിച്ചിരുന്നു. കശുവണ്ടി വ്യവസായത്തില്‍ നിരവധി ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ കൊല്ലത്തെ സാമൂഹിക സാംസ്‌കാരിക രംഗത്ത് അരനൂറ്റാണ്ട് കാലം തിളങ്ങിയ വ്യക്തിത്വം. മലയാള ചലചിത്രരംഗത്ത് ലോക നിലവാരമുള്ള ഒരു പിടി സിനിമകള്‍ നിര്‍മിച്ച് സാര്‍വ്വദേശീയ അംഗീകാരം നേടിയ ആള്‍.
മലയാളികള്‍ നിലവാരമുള്ള സിനിമകള്‍ ആദ്യം കാണാന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ ജനറല്‍ പിക്‌ചേഴ്‌സ് വഴിയായിരുന്നു. നവമലയാള സിനിമയുടെ ആദ്യ വക്താക്കളായ അടൂര്‍ ഗോപാലകൃഷ്ണന്റെയും, ജി. അരവിന്ദന്റെയും ചലചിത്രങ്ങളെ സ്വതന്ത്രമായി ആവിഷ്‌കരിക്കാന്‍ അനേകം നിര്‍മാതാക്കളുള്ള മലയാള സിനിമയില്‍ ഒരു രവിയെ തയ്യാറായുള്ളൂ അല്ലെങ്കില്‍ ഉണ്ടായിരുന്നുള്ളൂ.
1973 ലെ വന്‍ വിജയം നേടിയ എ.വിന്റസന്റ് സംവിധാനം ചെയ്ത ‘അച്ചാണി’നിര്‍മിച്ചതോടെ അച്ചാണി രവിയെന്നറിയപ്പെടാന്‍ തുടങ്ങി. കാരക്കുടി നാരായണന്റെ പ്രശസ്തമായ ഒരു തമിഴ് നാടകത്തില്‍ നിന്നായിരുന്നു അച്ചാണിയുടെ കഥ തോപ്പില്‍ ഭാസി തിരക്കഥയാക്കിയത്. ‘എന്റെ സ്വപ്നത്തില്‍ താമരപ്പൊയ്കയില്‍’ മല്ലികാബാണന്‍ തന്റെ , ‘സമയമാം നദി പുറകോട്ടൊഴുകി.’ തുടങ്ങി അച്ചാണിയില്‍
പി. ഭാസ്‌ക്കരന്‍ മാഷും ദേവരാജന്‍ മാസ്റ്ററുമൊരുക്കിയ ഗാനങ്ങള്‍ മലയാള ചലച്ചിത്രഗാന ശാഖയിലെ അനശ്വര ഗാനങ്ങളായി ഇന്നും ചലചിത്ര ഗാനപ്രേമികളുടെ ചുണ്ടിലുണ്ട്.
അക്കാലത്ത് അച്ചാണി ബോക്‌സ് ഓഫിസ് വിജയമായി. ഗാനരംഗത്ത് യേശുദാസ് പാടിയഭിനയിച്ച ചിത്രങ്ങളിലൊന്നാണ് അച്ചാണി. അച്ചാണിയില്‍ നിന്ന് ലഭിച്ച സാമ്പത്തികനേട്ടം ഉപയോഗിച്ച് മറ്റൊരു ചിത്രം നിര്‍മ്മിക്കാനല്ല രവീന്ദ്രന്‍ നായര്‍ തയ്യാറായത്. പകരം കൊല്ലത്ത് ഒരു ലൈബ്രറി പണിയാന്‍ സാമ്പത്തിക സഹായം നല്‍കി. അങ്ങിനെയാണ് കൊല്ലത്തെ പബ്ലിക്ക് ലൈബ്രറി ഉയര്‍ന്നത്.
അമ്പതുകളിലും അറുപതുകളിലും മലയാള സിനിമയുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് നീലക്കുയിലിന്റെ നിര്‍മ്മാതാവായ ചന്ദ്രതാര പരിക്കുട്ടിയാണെങ്കില്‍ തുടര്‍ന്ന് 60 കളിലും 70 കളിലും 80 കളിലും അത് ഏറ്റെടുത്തതും കൂടുല്‍ സജീവമാക്കിയതും രവിയായിരുന്നു.
1967 മുതല്‍ 1993 വരെയുള്ള 26 വര്‍ഷങ്ങളിലായ് അദ്ദേഹം നിര്‍മ്മിച്ച പതിനാല് ചിത്രങ്ങളില്‍ പലതും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി. അക്കാലത്തെ ശ്രദ്ധേയമായ സാഹിത്യരചനകള്‍ തന്നെ തിരഞ്ഞെടുക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ അദ്ദേഹം നിര്‍മ്മിച്ച ആദ്യചിത്രമായ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ തിലൂടെ പാറപ്പുറം(1967) . ‘കാട്ടുകുരങ്ങ്’ ലൂടെ കെ.സുരേന്ദ്രന്‍(1968), ‘ലക്ഷപ്രഭു’വിലൂടെ മലയാറ്റൂര്‍ രാമകൃഷ്ണന്‍(1968).’ മഞ്ഞ്’ ലൂടെ എം.ടി.(1982) ‘കാഞ്ചന സീത’ യിലുടെ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍(1977).’ വിധേയന്‍’ നിലൂടെ സഖറിയ(1993) തുടങ്ങിയവരെല്ലാം ജനറല്‍ പിക്‌ചേഴ്‌സിനു വേണ്ടി എഴുതി.
മലയാറ്റൂര്‍ രാമുഷ്ണന്‍ ആദ്യമായി സിനിമക്ക് വേണ്ടി എഴുതിയത് രവി നിര്‍മ്മിച്ച ‘ലക്ഷപ്രഭു’ എന്ന ചിത്രത്തിനായിരുന്നു. അതിന്റെ പിന്നിലൊരു കഥയുണ്ട്. മലയാള സിനിമയില്‍ രാഷ്ട്രീയ പ്രമേയങ്ങള്‍ അപൂര്‍വമായിരുന്ന അക്കാലത്ത് മലയാറ്റൂര്‍ ആദ്യം എഴുതിയത് രാഷ്ട്രീയക്കാരെ പരിഹസിക്കുന്ന, ആക്ഷേപഹാസ്യമായിരുന്നു’ മുഖ്യമന്ത്രി’യെന്ന് പേരിട്ട ആ പടത്തിന്റെ സംവിധായകന്‍ പി. ഭാസ്‌കരനായിരുന്നു. തിരക്കഥ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുമോ എന്ന് സംശയിച്ചു.
ഭാസ്‌കരന്‍ മാസ്റ്റര്‍ സ്‌ക്രിപ്റ്റ് മദ്രാസ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു.
സെന്‍സര്‍ വിചിത്രമായ ഒരു ഉത്തരവാണ് പാസ്സാക്കിയത്. മാത്രമല്ല എഴുതിയ മലയാറ്റൂരിന് ഒരു കൊട്ടും കൊടുത്തു.’ഈ തിരക്കഥ പൊതു പ്രദര്‍ശനത്തിന് അര്‍ഹതയുള്ളതല്ല, ഇത് എഴുതിയത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു.’ എന്നായിരുന്നു സെന്‍സറുടെ കമന്റ്.
ഷൂട്ടിങ്ങിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായപ്പോഴാണ് ഈ ഇരുട്ടടി. പ്രേം നസീര്‍ , ഷീല, അടൂര്‍ ഭാസി എന്നവരുടെ കാള്‍ ഷീറ്റുകള്‍ പാഴാവും. നിര്‍മ്മാതാവ് രവിക്ക് കനത്ത നഷ്ടം വരും. ഒടുവില്‍ മലയാറ്റൂര്‍ കഥ മാറ്റിയെഴുതി. അങ്ങനെ മുഖ്യമന്ത്രി ലക്ഷപ്രഭുവായി. ഈ പടം സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. സെന്‍സറിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ജനറല്‍ പിക്‌ച്ചേഴ്‌സിന്റെ പുറത്ത് വരാത്ത ‘മുഖ്യമന്ത്രി’ മലയാളത്തിലെ ആദ്യ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായേനെ.
1973 ലെ പടമായ ‘അച്ചാണിയുടെ’ വിജയത്തിനു ശേഷം നടപ്പു രീതിയനുസരിച്ച് ഇതേ മോഡല്‍ പടങ്ങളെടുക്കാനാണ് ഒരു നിര്‍മ്മാതാവ് ശ്രമിക്കുക. എന്നാല്‍ രവി ആ കണക്കില്‍ നിന്ന് മാറി നടന്നു. മലയാളത്തിലെ നിര്‍മ്മാതാക്കളില്‍ നിന്ന് അദ്ദേഹത്തിനെ വ്യതസ്തമാക്കിയതും അതായിരുന്നു.
‘കാഞ്ചന സീത’ പോലെ ഒരു നാടകം തെരഞ്ഞെടുത്ത് ഒരു സിനിമ മാത്രം സംവിധാനം ചെയ്ത അരവിന്ദനെ ചലചിത്രമാക്കാന്‍ ഏല്‍പ്പിച്ചതോടെ സിനിമ നിര്‍മാതാവിന്റെ യോഗ്യതകളെ രവി പുനര്‍നിര്‍വചിച്ചു. മലയാള സിനിമാ ചരിത്രത്തില്‍ അതൊരു പ്രധാനപ്പെട്ട, പുരോഗമനപരമായ കാഴ്ചപ്പാടായിരുന്നു. പിന്നീട് ചില നിര്‍മാതാക്കളെയെങ്കിലും ഈ വഴിക്ക് നീങ്ങാന്‍ പ്രോത്സാഹനം നല്‍കിയത് രവിയുടെ ഈയൊരു സാഹസമായിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം 1981 ല്‍ ”എലിപ്പത്തായം’ സംവിധാനം ചെയ്യാന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഏല്‍പ്പിക്കുമ്പാഴും തന്റെ ചിത്രങ്ങള്‍ മലയാള സിനിമക്ക് കലാപരമായി മേന്മയുണ്ടാക്കാണമെന്ന ഉറച്ച ലക്ഷ്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
താരബാഹുല്യമില്ലാതെ, കുറഞ്ഞ ചിലവില്‍, നിലവാരമുള്ള ചിത്രങ്ങളെടുക്കാമെന്നുള്ള സിദ്ധാന്തം മലയാള സിനിമയില്‍ വിജയിപ്പിച്ചത് ഈ കൂട്ടുകെട്ടായിരുന്നു. പിന്നിടുള്ള അടൂരിന്റെ മുഖാമുഖം, അനന്തരം, വിധേയന്‍ എന്നീ ചിത്രങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തിയതാണ്. ‘സംവിധായകന്റെ സര്‍ഗസ്വാതന്ത്ര്യത്തെ മാനിക്കുകയും അയാള്‍ക്ക് തന്റെ സ്വപ്നസാക്ഷാത്കാരത്തിനു കടിഞ്ഞാണുകളില്ലാതെ സാഹചര്യമൊരുക്കുകയുമാണ് ഉത്തമ സിനിമയുടെ നിര്‍മിതിക്ക് നിര്‍മാതാവ് പുലര്‍ത്തേണ്ട ചുമതലയെന്ന് രവി പൂര്‍ണമായും വിശ്വസിക്കുന്നു’. തന്റെ ചിത്രങ്ങളുടെ നിര്‍മാതാവായ രവിയെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
2008 ല്‍ മലയാളത്തിന് കീര്‍ത്തി നേടി കൊടുത്ത, നല്ല ചിത്രങ്ങളുടെ നിര്‍മാതാവിനെ തേടി ചലചിത്ര രംഗത്തെ ഏറ്റവും വലിയ പുരസ്‌ക്കാരം, സമഗ്ര സംഭാവനക്കുള്ള ‘ജെ.സി.ഡാനിയല്‍’ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. മലയാള സിനിമാ രംഗത്തെ വേറിട്ട, വ്യതസ്തനായ നിര്‍മാതാവിനുള്ള അര്‍ഹിച്ച അംഗികാരമായി അത്. അദ്ദേഹത്തിന്റെ ഭാര്യ ഉഷ രവി നല്ലൊരു ഗായികയായിരുന്നു. 978 ല്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ച ജി. അരവിന്ദന്‍ സംവിധാനം ‘തമ്പ്’ ലെ കാവാലം എഴുതി, എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ട. കാനകപെണ്ണ് ചെമ്മരത്തി’ എന്ന ശ്രദ്ധേയമായ ഗാനം ആലപിച്ചത് ഉഷയായിരുന്നു.
അച്ചാണി രവിയെന്ന കെ. രവീന്ദ്രനാഥന്‍ നായരുടെ വിയോഗത്തോടെ നല്ല സിനിമകള്‍ക്കു വേണ്ടി എന്നും നിലകൊണ്ട ഒരു നിര്‍മാതാവിനെയാണ് മലയാള ചലച്ചിത്ര രംഗത്തിന് നഷ്ടപ്പെട്ടത്. memory of k ravindranathan nair also known as achani ravi malayalam cinema producer
Content Summary; memory of k ravindranathan nair also known as achani ravi malayalam cinema producer