June 26, 2026 |
Avatar
അമർനാഥ്‌
Share on

റോബിന്‍ ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനം@50

ഒരു വിഭാഗം മനുഷ്യരുടെ ഉയര്‍ച്ചയുടെയും വീഴ്ചയുടെയും സമഗ്രചരിത്രം

നായര്‍ സമുദായത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുള്ള അക്കാദമിക് ചരിത്രവും സാമൂഹ്യശാസ്ത്ര പഠനമായ ഡോ. റോബിന്‍ ജെഫ്രിയുടെ ‘നായര്‍ മേധാവിത്വത്തിന്റെ പതനം’ എന്ന കൃതിക്ക് 50 വയസ്സ്.

കേരളത്തെക്കുറിച്ചുള്ള പ്രശസ്ത കൃതിയടക്കം നിരവധി പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവായ ഇംഗ്ലണ്ടില്‍ താമസമാക്കിയ കാനഡക്കാരനായ ഡോക്ടര്‍ റോബിന്‍ ജെഫ്രിയുടെ ഏറ്റവും പ്രശസ്തമായ ”The .Decline of Nair Dominance – Society and Politics in Travancore 1847-1908, പുറത്ത് വന്നിട്ട് അരനൂറ്റാണ്ട് തികഞ്ഞു. ബ്രിട്ടീഷ് മലബാറിലെ കളക്ടറായിരുന്ന വില്യം ലോഗന്‍ മലബാറിന്റെ പുരാതന ചരിത്രം പറഞ്ഞ മലബാര്‍ മാന്വല്‍ പോലെ പ്രാചീന നൂറ്റാണ്ടുകളിലായി കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ചും, നയിച്ചും മുന്നേറിയ ഒരു വിഭാഗം മനുഷ്യരുടെ ഉയര്‍ച്ചയുടെയും വീഴ്ചയുടെയും സമഗ്രചരിത്രമാണ് ഡോക്ടര്‍ റോബിന്‍ ജെഫ്രി എഴുതിയ ‘നായര്‍ മേധാവിത്വത്തിന്റെ പതനം’. ഇംഗ്ലണ്ടിലെ സസെക്‌സ് യൂണിവേഴ്‌സിറ്റി 1976 ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ വളരെ പ്രശംസ നേടി. (‘The Decline of Nair Dominance) ഒരു വിദേശിയായ ചരിത്രകാരന്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്തി രചിച്ച ഈ പുസ്തകത്തിലെ വസ്തുതകള്‍ ഇതുവരെ ആരും ഖണ്ഡിക്കുകയോ, വിവാദത്തിലേക്ക് നയിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് ഈ ചരിത്ര ഗ്രന്ഥത്തെ ഏറെ ശ്രദ്ധേയവും ആധികാരികവുമാക്കുന്നത്.

ഡോക്ടർ റോബിൻ ജെഫ്രി 1976 ൽ

18-ാം നൂറ്റാണ്ടിന്റെ പാതി മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ചരിത്രരേഖകളും വസ്തുതകളും അടിസ്ഥാനമാക്കിക്കൊണ്ട് കേരളത്തില്‍ പ്രത്യേകിച്ച് തിരുവിതാംകൂറില്‍, പ്രബലമായിരുന്ന നായര്‍ ജാതിയുടെ തളര്‍ച്ചയും, തകര്‍ച്ചയും വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ 18ഉം 19ഉം നൂറ്റാണ്ടുകളിലെ കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകള്‍ ചിത്രീകരിച്ചിരിക്കുന്നു.

കാനഡക്കാരനായ റോബിന്‍ ജെഫ്രി 60 കളില്‍ ബിരുദപഠനം കഴിഞ്ഞ് കനേഡിയന്‍ യൂണിവേഴ്‌സിറ്റി സര്‍വീസ് ഓവര്‍സീസ് (ക്യൂസോ) എന്ന സ്ഥാപനത്തില്‍ ജോലി നേടി ഇന്ത്യയിലെത്തി. ആ സ്ഥാപനം ഹരിയാനയില്‍ ചണ്ഡീഗഡിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് അധ്യാപകനായി റോബിനെ നിയമിച്ചു.

ഇതിന് മുന്‍പ് മാസ്റ്റേഴ്‌സ് ബിരുദത്തിനായ് പഞ്ചാബിനെക്കുറിച്ചും ഇന്ത്യന്‍ വിഭജനത്തെക്കുറിച്ചും ഇതിനകം ഒരു ചെറിയ പ്രബന്ധം റോബിന്‍ ജെഫ്രി പൂര്‍ത്തിയാക്കിയിരുന്നു. ഹരിയാനയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും അദ്ധാപകനുമായ ആന്റണി ലോ, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലും അവരുടെ ഭരണത്തിലും വളരെയധികം താല്പര്യം കാണിച്ചിരുന്നു. നാട്ടുരാജ്യങ്ങളെക്കുറിച്ച് പഠിച്ച് എഴുതാന്‍ റോബിന്‍ ജെഫ്രിയെ പ്രേരിപ്പിച്ചത് ആന്റണി ലോ ആയിരുന്നു.

ആദ്യ മലയാളം പതിപ്പ് (1979)

1968 ലെ വേനല്‍ക്കാലത്ത്, അവധിക്കാലം ആഘോഷിക്കാന്‍ റോബിന്‍ ജെഫ്രി ദക്ഷിണേന്ത്യയിലേക്ക് യാത്ര ചെയ്തു. ഇന്ത്യയുടെ ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എഴുതാനും വായിക്കാനും പഠിക്കുന്നത് താല്‍പര്യമുള്ള കാര്യമായിരുന്നു എന്നു കണ്ടത് റോബിനില്‍ വലിയ താല്‍പ്പര്യമുണര്‍ത്തി.

കേരളത്തിലെ അവസാനത്തെ ഇംഗ്ലീഷ് ബിഷപ്പുമാരില്‍ ഒരാളായ ലെസ്ലി ബ്രൗണിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ കേരളത്തിലെ സാക്ഷരതയെക്കുറിച്ചുള്ള ഒരു സംഭവം രേഖപ്പെടുത്തിയത് റോബിന്‍ ജെഫ്രിയുടെ മനസ്സില്‍ പതിഞ്ഞിരുന്നു. 1940 കളില്‍ ബിഷപ്പ് ലെസ്സി ബ്രൗണ്‍, വേമ്പനാട് കായലില്‍ ഒരു കടത്തുവള്ളത്തില്‍ യാത്ര ചെയ്യുമ്പോള്‍ കരയില്‍ കുറേ ആളുകള്‍ താല്‍പ്പര്യത്തോടെ മാര്‍ക്‌സിസ്റ്റ് ലഘുലേഖകള്‍ വായിക്കുന്നത് കണ്ടു. അത് അസാധാരമായ കൗതുകം അദ്ദേഹത്തില്‍ ജനിപ്പിക്കുകയും, കേരളത്തെക്കുറിച്ച് താല്‍പ്പര്യവും കൗതുകവും ഉണര്‍ത്തുകയും ചെയ്തു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെക്കുറിച്ചും 1957 ലെ ഇ എം എസ് സര്‍ക്കാരിനെക്കുറിച്ചുമുള്ള ലേഖനങ്ങളും അതിനെക്കുറിച്ചുള്ള പുസ്തകങ്ങളും അദ്ദേഹം വായിക്കാന്‍ തുടങ്ങി.

”ഇന്ത്യയിലെ മലയാളം സംസാരിക്കുന്ന ഒരു പ്രദേശത്തെ സംബന്ധിച്ചു പഠനം നടത്താനൊരുമ്പെട്ടതിനുള്ള കാരണങ്ങള്‍ ആദ്യം അത്ര പണ്ഡിതോചിതമൊന്നുമായിരുന്നില്ല. ഈ പ്രദേശത്തിന്റെ സൗന്ദര്യം, വര്‍ത്തമാനപ്പത്രങ്ങളോടുള്ള മലയാളികളുടെ വികാരാവേശം, എന്റെ മരിച്ചുപോയ ഒരു ബന്ധുവിന്റെ കഥ എന്നിവ വിനോദസഞ്ചാരി എന്ന നിലയില്‍ ഒരിക്കല്‍ കേരളം സന്ദശിച്ചപ്പോള്‍ എന്നെ വശീകരിക്കയുണ്ടായി. കൂടാതെ, ഏതാനും സാമൂഹിക നരവംശ ശാസ്ത്രജ്ഞന്മാരുടെ ലേഖനങ്ങളും, 1957-ല്‍ ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ വോട്ടുചെയ്ത് അധികാരത്തിലേറ്റിയതും, ഈ ആധുനിക കേരളത്തെക്കുറിച്ച് പണ്ഡിതന്മാരാരും പരിശോധിച്ചിട്ടില്ലെന്ന് വളരെവേഗം കണ്ടെത്താന്‍ എനിക്കു കഴിഞ്ഞു.

ഇംഗ്ലിഷ് ആദ്യ പതിപ്പ് (1976)

അതിന്റെ കാരണങ്ങളില്‍ അധികവും ഉപാദാനവസ്തുതകളുടെ അനിശ്ചിതത്വവും ആയിരുന്നു. ആധുനിക കേരളത്തിന്റെ തെക്കന്‍ ഭാഗമായ തിരുവിതാംകൂര്‍ വ്യക്തമായും ഒരു അസാധാരണ നാട്ടുരാജ്യമായിരുന്നു–ഇന്ത്യാ സെക്രട്ടറിമാരില്‍ ഒരാളിന്റെ അഭിപ്രായമനുസരിച്ച് 1867-ന്റെ ആരംഭത്തില്‍തന്നെ തിരുവിതാംകൂര്‍ ഒരു ”മാതൃകാസംസ്ഥാനം” ആയിക്കഴിഞ്ഞിരുന്നു. ഉപാദാന സാദ്ധ്യതകളെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം ഒരു വാഗ്ദാനമായി തോന്നിയതിനാല്‍ എന്റെ ശ്രമങ്ങള്‍ അവിടെ കേന്ദ്രീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.” പുസ്തകത്തിന്റെ മുഖവുരയില്‍ റോബിന്‍ ജെഫ്രി എഴുതി.

1971 ല്‍ കേരളത്തില്‍ എത്തിയ റോബിന്‍ ജെഫ്രി മലയാളം പഠിക്കാന്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ മലയാളം എന്‍സൈക്ലോപീഡിയ സബ് എഡിറ്റര്‍ വി.കെ. നാരായണനായിരുന്നു പഠനത്തില്‍ റോബിന്‍ ജെഫ്രിയുടെ മാര്‍ഗദര്‍ശി. കൂടാതെ തിരുവനന്തപുരത്ത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സേനാനാ മിഷ്യനറിയില്‍ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ബ്രിട്ടീഷുകാരി ഡോറോത്തി ടെയ്‌ലര്‍ ആ ജോലിയില്‍ നിന്നു വിരമിച്ചശേഷം ഇംഗ്ലണ്ടിലെ സസെക്‌സില്‍ താമസമാക്കിയിരുന്നു. ഇംഗ്ലണ്ടിലേക്ക് മടങ്ങിയ റോബിന്‍ ജെഫ്രിയുടെ മലയാള ഭാഷാപഠനം തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ അവര്‍ സഹായിച്ചു.

എങ്കിലും ഇത്തരമൊരു ചരിത്ര രചനയ്ക്കുള്ള വിവരശേഖരം അക്കാലത്ത് ദുഷ്‌ക്കരമായിരുന്നു. പകര്‍പ്പുകള്‍ എടുക്കാനായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ അക്കാലത്ത് നിലവില്‍ തിരുവനന്തപുരത്തോ മറ്റ് സ്ഥലങ്ങളിലോ ഇല്ല. ഫോട്ടോസ്റ്റാറ്റ് പ്രചാരത്തില്‍ ഇല്ല. അദ്ദേഹം ഇത് പരിഹരിച്ചത് സഹപ്രവര്‍ത്തകനായ ആന്റണി ലോ അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ ഉണ്ടാക്കിയെടുത്ത കാര്‍ഡ് സംവിധാനമാണ്. ഒരു റഫറന്‍സ് ലഭിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ശീര്‍ഷകവും റഫറന്‍സുകളും വീണ്ടും കണ്ടെത്താനോ മറ്റാരെയെങ്കിലും അതിലേക്ക് നയിക്കാനോ അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ എഴുതിയ ഒരു കാര്‍ഡിന് രൂപം നല്‍കി.

ഡോ. റോബിൻ ജെഫ്രി (2025)

ലൈബ്രറികളില്‍ പണ്ട് നിലനിന്നിരുന്ന സൂചിക കാര്‍ഡ് സംവിധാനം പോലെ ഒന്ന്. തുടര്‍ന്ന് ആ റഫറന്‍സിനെ കുറിച്ച് കുറിപ്പ് എഴുതുമ്പോഴെല്ലാം, പിന്നീട് എളുപ്പം കണ്ടുപിടിക്കാനുതകുന്ന, കാര്‍ഡിലെ രേഖപ്പെടുത്തിയ വസ്തുതകള്‍ക്ക് ഒരു വിഷയ ശീര്‍ഷകവും, ഉപശീര്‍ഷകവും നല്‍കി. അദ്ദഹം 5×3 വലുപ്പത്തിലുള്ള കാര്‍ഡുകളുടെ ഒരു ശേഖരം തന്നെ ഇതിനായി നിര്‍മ്മിച്ചെടുത്തു.

സര്‍ക്കാര്‍ രേഖകളെല്ലാം സൂക്ഷിച്ചിരുന്ന തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലെ ആര്‍ക്കെവ്‌സില്‍ പത്ത് മാസത്തോളം റോബിന്‍ ജെഫ്രി രേഖകള്‍ക്കായി സമയം ചെലവഴിച്ചു. 1820 മുതല്‍ 1904 വരെയുള്ള 2000 ഓളം സര്‍ക്കാര്‍ രേഖകളില്‍ നിന്നാണ് ആര്‍ക്കെവ്സ് നിലവറയില്‍ ചെന്ന് അദ്ദേഹം വായിച്ച് കുറിപ്പുകള്‍ എടുത്തത്.

തിരുവിതാംകൂര്‍ കോടതി കേസുകളുടെ അച്ചടിച്ച രേഖകള്‍ ഹൈക്കോടതി ലൈബ്രറി നിന്ന് പ്രയോജനപ്പെടുത്തി. കോട്ടയം സിഎംഎസ് കോളേജിലെ ലൈബ്രറി സന്ദര്‍ശിച്ചു. കൂടാതെ കോട്ടയത്തെ മലയാള മനോരമ ദിനപത്രത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രത്തിന്റെ പഴയ എല്ലാ ലക്കങ്ങളും ഇതിനായി പരിശോധിച്ചു. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായ നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജ് ലൈബ്രറിയില്‍ ഉണ്ടായിരുന്ന, 1850 കളില്‍ ലണ്ടന്‍ മിഷനറി സൊസൈറ്റി എല്ലാ വര്‍ഷവും ക്രോഡീകരിച്ച് പുറത്തിറക്കിയ പഴയ പ്രാദേശിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചത് അദ്ദേഹത്തിന് ഏറെ പ്രയോജനപ്പെട്ടു.

ഇന്ത്യൻ പതിപ്പ്

തിരുവനന്തപുരത്ത് ജഗതിയിലുള്ള ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ മികച്ച ലൈബ്രറിയില്‍ നിന്ന് ‘മലബാര്‍ക്വാര്‍ട്ടര്‍ലി’യുടെ മുഴുവന്‍ ലക്കങ്ങളും സൂക്ഷിച്ചത് അദ്ദേഹത്തിന് വായിക്കാന്‍ സാധിച്ചു. മദ്രാസിലെ അഡയാര്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ലൈബ്രറി, കണ്ണിമറാ ലൈബ്രറി, കേരളാ യൂണിവേഴ്‌സിറ്റി ലൈബ്രറി, കൊച്ചിയിലെ കേരളാ ഹൈക്കോടതി ലൈബ്രറി, കോട്ടയത്തിനു സമീപമുള്ള മാന്നാനം ആശ്രമം ലൈബ്രറി എന്നിവകളിലെല്ലാം ഇതിനായി റോബിന്‍ ജെഫ്രി സന്ദര്‍ശിക്കുകയും വേണ്ട പകര്‍പ്പുകള്‍ എടുക്കുകയും ചെയ്തു. കൂടാതെ പഴയ പുസ്തകങ്ങളും മാസികകളും സൂക്ഷിക്കുന്ന ഒട്ടേറെ വ്യക്തികള്‍ അദ്ദേഹത്തെ സഹായിച്ചു.

ഈ വിഷയത്തെ സ്പര്‍ശിക്കുന്ന ചരിത്രപുസ്തകങ്ങളുടെ കാര്യത്തിലും വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നത് അദ്ദേഹത്തിന് ലഭിച്ചു. ശ്രദ്ധേയമായ ഒരു കാര്യം 1910 ന് മുന്‍പുള്ള കാലഘട്ടങ്ങളില്‍ അദ്ദേഹം പരിശോധിച്ച രേഖകള്‍ കൂടുതല്‍ ഇംഗ്ലീഷിലായിരുന്നു എന്നത് റോബിന്‍ ജെഫ്രിക്ക് ഗുണകരമായി. ഉദാഹരണത്തിന് മലയാളത്തിലെ ആദ്യതലമുറ നോവലിസ്റ്റും നായര്‍ സമുദായ പ്രമുഖനുമായിരുന്ന സി.വി. രാമന്‍ പിള്ള കത്തുകള്‍ എഴുതിയിരുന്നത് പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ്.

ആധുനിക കേരള ചരിത്രരചനയ്ക്ക് ശാസ്ത്രീയമായ അടിത്തറയിട്ട പ്രമുഖ ചരിത്രകാരനും ഭാഷാ പണ്ഡിതനുമായിരുന്നു ഇളംകുളം കുഞ്ഞന്‍പിള്ള. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള പ്രാചീന കേരളത്തെ കുറിച്ചുള്ള ഉപന്യാസങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിരുന്നു. കെ.എം. പണിക്കരുടെ കേരള ചരിത്രമായിരുന്നു
ഈ വിഷയത്തിലെ മറ്റൊരു പ്രമുഖ ഗ്രന്ഥം.

1972 ൽ NSS പ്രസിദ്ധീകരിച്ച ഔദ്യോഗിക ചരിത്രം

ആ സമയത്ത് പുറത്തുവന്ന പ്രധാന പഠനങ്ങളില്‍ ഒന്ന് ടി.സി. വര്‍ഗീസിന്റെ ‘കാര്‍ഷിക മാറ്റവും സാമ്പത്തിക പരിണതഫലങ്ങളും’ (1970) ആയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലെ കൃഷിഭൂമിക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു സാമ്പത്തിക പഠനമായിരുന്നു അത്. ഭൂമി കൈമാറ്റത്തിലൂടെ ഉണ്ടായ സാമൂഹിക മാറ്റത്തെയും സാമൂഹിക പദവി നിര്‍ണ്ണയിക്കുന്നതില്‍ ഭൂമിയുടെ പ്രാധാന്യത്തെയും അത് വിവരിക്കുന്നു. റോബിന്‍ ജെഫ്രിയെ ഈ കൃതി വളരെ സ്വാധീനിച്ചു. കേരളത്തില്‍ അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് കാരണം, ആ സമയത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒട്ടെറെ ആളുകള്‍ രംഗത്ത് വന്നിരുന്നു.

1982-ല്‍ ടോം നോസിറ്റര്‍ കേരളത്തിലെ കമ്മ്യൂണിസത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയ പ്രമുഖനാണ്. ഡി.ആര്‍. മങ്കേക്കറുടെ ‘ദി റെഡ് റിഡില്‍ ഓഫ് കേരള’ (1965) പോലുള്ള പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ വിഷയമാക്കി പുറത്തുവന്ന ഗ്രന്ഥങ്ങള്‍ 1958 നും 1965 നും ഇടയിലുള്ള കാലത്ത് കൂടുതലാണ്. ഇവയൊക്കെ റോബിന്‍ ജെഫ്രിക്ക് പ്രയോജനകരമായി.

വിപുലമായ ഗവേഷണത്തിന് ഉത്തമ മാതൃകയാണ് ഈ പുസ്തകം എന്ന് ഉറപ്പിച്ച് പറയാം. 1890 -ല്‍ പുറത്തിറങ്ങിയ ‘Friends of Malabar ‘ തൊട്ട് 1904 ലെ വിവേകോദയം വരെയുള്ള 15 ഓളം പത്രമാസികളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യാ ഓഫീസിലെ റെക്കോഡ്‌സ് മുതല്‍ തോന്നയ്ക്കലിലെ ആശാന്‍ മ്യൂസിയം ലൈബ്രറിയടക്കം 15 ഓളം ലൈബ്രറികളും റെക്കോഡ്സ് ഓഫീസുകളും ഗവേഷണത്തിന് ഉപയോഗിച്ചതില്‍ പെടും. ന്യൂഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കേവ്‌സ് തൊട്ട് എബ്രഹാം നിധേരി മാണി കത്തനാരുടെ ഡയറിക്കുറിപ്പ് തേടി കുറിവിലങ്ങാട്ടെ സ്മാരകം വരെ അദ്ദേഹം നീണ്ട യാത്രകള്‍ ചെയ്തു.

പ്രൊഫ. ജെ. ഡാർവിനും അദ്ദേഹത്തിൻ്റെ പുസ്തകവും

‘ഞാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ശക്തമായ പ്രത്യയശാസ്ത്രപരമോ സൈദ്ധാന്തികമോ ആയ ബോധത്തോടെ ഞാന്‍ അവയെ പരിഗണിച്ചില്ല. ആ സമയത്ത് എനിക്ക് താല്‍പ്പര്യമുള്ള എന്തെങ്കിലുമായി ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്ന എല്ലാത്തിനെയും ഞാന്‍ അസംസ്‌കൃത വസ്തുവായി കണക്കാക്കി.’ തന്റെ രചനയ്ക്ക് സ്വീകരിച്ച രീതി റോബിന്‍ ജെഫ്രി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘The Decline of Nair Dominance – Society and Politics in Travancore 1847-1908, ഇംഗ്ലണ്ടിലെ സസെക്‌സ് യുണിവേഴ്‌സിറ്റി 1976 ല്‍ പ്രസിദ്ധീകരിച്ചു.

”അക്കാദമിക് ജേണലുകളില്‍ അത് നന്നായി അവലോകനം ചെയ്യപ്പെട്ടു” പുസ്തകം പുറത്ത് വന്ന പ്രതികരണത്തെ കുറിച്ച് റോബിന്‍ ജെഫ്രി വിദേശ വിദ്യാര്‍ത്ഥിയായ പി.സി. സൈദലവിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പുസ്തകത്തിന്റെ മലയാള പതിപ്പിന് നല്‍കിയ പേര് തന്റെ പുസ്തകത്തിന്റെ വിഷയത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ‘The Decline of Nair Dominance – Society and Politics in Travancore എന്നത് നായര്‍ മേധാവിത്വത്തിന്റെ പതനം – ഇത് പലപ്പോഴും ഇംഗ്ലീഷിലേക്ക് ‘നായര്‍ ഭരണത്തിന്റെ നാശം’ എന്ന് വിവര്‍ത്തനം ചെയ്യപ്പെടുന്നു. ‘നായന്മാരുടെ നാശത്തെക്കുറിച്ച് ഞാന്‍ എഴുതി’ എന്ന് ചിലര്‍ പറയുന്നു.

മലയാളം പതിപ്പ് (15th edition)

തീര്‍ച്ചയായും അത് നാശമല്ല! വായനക്കാര്‍ ഈ തലക്കെട്ടിനെ എങ്ങനെ സമീപിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് പുസ്തകത്തിന്റെ തുടക്കത്തില്‍ തകര്‍ച്ച നാശമല്ലെന്നും ആധിപത്യം സ്വേച്ഛാധിപത്യ ഭരണമല്ലെന്നും പറയാനാണ് ഞാന്‍ ശ്രമിച്ചത്’ റോബിന്‍ ജെഫ്രി അഭിമുഖത്തില്‍ വ്യക്തമാക്കി. Society and Politics in Travancore 1847-1908, എന്ന് ഉപശീര്‍ഷകം പ്രധാന ശീര്‍ഷകത്തിന് ശേഷം നല്‍കിയത് ഇത് ശരിവയ്ക്കുന്നു. (എന്നാല്‍ ആദ്യ മലയാളം പതിപ്പിന്റെ കവര്‍ ചട്ടയില്‍ കൊടുത്തിരിക്കുന്ന ചിത്രം മറക്കുട വെച്ച് വിശ്രമിക്കുന്ന ചിത്രം നായരുടെതല്ല ഒരു നമ്പൂതിരിയെ പോലെയാണ് എന്നത് അദേഹം ശ്രദ്ധിച്ചിരിക്കില്ല).

1979 ഫെബ്രുവരിയില്‍ കോട്ടയത്തെ ഡി.സി. ബുക്‌സാണ് ഇതിന്റെ പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത്. 30 രൂപ വിലയുള്ള, 414 പേജുകളുള്ള ഹാഡ് ബൗണ്ട് ഡീലക്‌സ് പതിപ്പാണ് ആദ്യം ഡി.സി. പുറത്തിറക്കിയത്. അക്കാലത്ത് അത് സവിശേഷതയുള്ള ഒരു പതിപ്പായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് ഇത് പരിഭാഷപ്പെടുത്തിയത്. മുഖവുര, അവതാരിക, ആദ്യത്തെ നാല് അദ്ധ്യായം എന്നിവ പുതുപ്പള്ളി രാഘവനും ബാക്കി ഭാഗങ്ങള്‍ എം.എസ്. ചന്ദ്രശേഖര വാര്യരും തര്‍ജ്ജമ ചെയ്തു.

പുതുപ്പള്ളി രാഘവൻ

റോബിന്‍ ജെഫ്രിയുടെ പുസ്തകം പുറത്ത് വരുമ്പോള്‍ നായര്‍ സമുദായത്തിന്റെ ഔദ്യോഗിക സംഘടന നായര്‍ സര്‍വ്വീസ് സൊസൈറ്റി രൂപീകൃതമായിട്ട് 62 വര്‍ഷം കഴിഞ്ഞിരുന്നു. സ്ഥാപക നേതാവും സമുദായാചാര്യനുമായ മന്നത്ത് പത്മനാഭന്‍ അന്തരിച്ച് ആറ് വര്‍ഷത്തിന് ശേഷമിറങ്ങിയ ഈ പുസ്തകത്തെകുറിച്ച് എന്തെങ്കിലും പറയാനോ എഴുതാനോ ചങ്ങനാശ്ശേരി ആസ്ഥാനമാക്കിയ സംഘടനാ നേതൃത്വം തുനിഞ്ഞില്ല. ഒരുപക്ഷേ തങ്ങള്‍ക്ക് പറയാനുള്ളത് അതിന് മൂന്ന് വര്‍ഷം മുന്‍പ് സംഘടന പുറത്തിറക്കിയ ‘നായര്‍ സര്‍വ്വീസ് സൊസൈറ്റി ചരിത്രം’ (1972) എന്നതില്‍ ഉള്ളതാകാം കാരണം. പി.കെ. പരമേശ്വരന്‍ നായര്‍ എഴുതിയ ഈ ചരിത്ര പുസ്തകം സംഘടനയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. റോബിന്‍ ജെഫ്രി ഈ പുസ്തക രചനയ്ക്ക് NSS സംഘടനയുമായി, ഔദ്യോഗികമായി ബന്ധപ്പെട്ടതായി എവിടെയും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.

1908 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍, നായര്‍ മരുമക്കത്തായ സമ്പ്രദായം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഈ കമ്മിറ്റി തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ആ വര്‍ഷം അവസാനത്തോടെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയായിരുന്നു. ബഹുഭര്‍തൃത്ത്വം, ബഹുഭാര്യത്വം എന്നിവ നിരോധിക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചു. 1912 ലെ നായര്‍ ആക്റ്റ് ഇതിനെത്തുടര്‍ന്ന് നടപ്പാക്കപ്പെട്ടു. തന്റെ പുസ്തകം ഉപസംഹരിച്ചുകൊണ്ട് റോബിന്‍ ജെഫ്രി രണ്ട് നായര്‍ സമുദായാംഗങ്ങളുടെ വിചാരവികാരങ്ങള്‍ പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ എടുത്തെഴുതിയിരിക്കുന്നു.

എം.എസ്. ചന്ദ്രശേഖര വാര്യർ

ഇരുപതാം നൂററാണ്ടിന്റെ ആദ്യഘട്ടത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ നിണ്ണായകമാം വിധം വ്യത്യസ്തമായിരുന്നു. പ്രശസ്തനായ ഒരു നായര്‍, മരുമക്കത്തായ കമ്മറ്റിയോടു ഇങ്ങനെ വിലപിച്ചു:

‘കോട്ടയത്തുനിന്നു മൂവാറ്റുപുഴയ്ക്കു സഞ്ചരിക്കുമ്പോള്‍ നായര്‍ കൃഷി ചെയ്യുന്ന ഒരുതുണ്ടു തരിശുഭൂമി പോലും കാണാഞ്ഞത് എന്നെ വിസ്മയിപ്പിച്ചു; പക്ഷേ, എനിക്കൊട്ടും ഉത്ക്കണ്ഠയുണ്ടായില്ല. ഒരറ്റം മുതല്‍ മറ്റേ അറ്റംവരെയും മലഞ്ചെരിവുകളുടെ മുകളില്‍നിന്നും താഴെവരെയും വ്ര്‍ണ്ണോജ്വലങ്ങളായ കൃഷിയിടങ്ങളാണ്. പക്ഷേ, അദ്ധ്വാനശീലരായ നാടന്‍ ക്രിസ്ത്യാനികളുടെയും, ഈഴവരുടെയും കയ്യാണ് പണി എടുക്കുന്നത്; പക്ഷേ, നായര്‍, അവനെ എങ്ങും കാണാനില്ല. ഒരുകാലം ‘അവന്റെ വകയായിരുന്നു ഭൂമി എന്നു’ എനിക്കും അറിവു കിട്ടി. എന്നാലിപ്പോള്‍, സൂക്ഷിക്കാന്‍ അര്‍ഹതയുള്ളവരുടെ കൈകളിലേക്ക് അവന്റെ കൈകളില്‍നിന്നു അതു പറന്നുപോയിരിക്കുന്നു. ഇപ്പോഴത്തെ ശോച്യാവസ്ഥ (നായന്മാരുടെ) മെച്ചപ്പെടുത്തുന്നതിനും സത്വരനടപടികള്‍ ഉടനെ ആരംഭിക്കുന്നില്ലെങ്കില്‍ ഈഴവരെയും നാടന്‍ ക്രിസ്ത്യാനികളെയും പോലെ കൂടുതല്‍ ഉത്സാഹശീലരായ വര്‍ഗ്ഗക്കാര്‍ അവരെ ചെളിക്കുണ്ടില്‍ താഴ്ത്തുകതന്നെ ചെയ്യും’.

‘നായന്മാര്‍ : അവര്‍ ഉയരുമോ മുങ്ങുമോ?’ 1905-ല്‍ മലബാര്‍ ഹെറാള്‍ഡ് ചോദിച്ചു, ഏതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ ആയ കടലിന്റെ അടിത്തട്ടിലേക്ക് നായന്മാര്‍ താണുപോയില്ല. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേക്കും ഉപരിതലത്തില്‍ തങ്ങിനില്‍ക്കേണ്ടതും തങ്ങളുടെ ജന്മാവകാശമാണെന്നും ഇനി ഒരിക്കലും അവര്‍ക്ക് കരുതാനാവില്ലെന്നു വ്യക്തമായിരുന്നു; ഭാവിയില്‍, ക്രിസ്ത്യാനികളെയും അവര്‍ണ്ണഹിന്ദുക്കളെയും പോലെ, അവയ്ക്കും നീന്തിയേ പറ്റൂ.”

വെബിനിവേശത്തിൽ നായർ മേധാവിത്വത്തിൻ്റെ പതനം

നായര്‍ മേധാവിത്വത്തിന്റെ പതനം പുറത്തുവന്ന് 46 വര്‍ഷത്തിന് ശേഷം ഈ വിഷയത്തില്‍ വന്ന മറ്റൊരു പഠന ഗ്രന്ഥമാണ് 2022 ല്‍ പ്രസിദ്ധീകരിച്ച പ്രൊഫ.ജെ ഡാര്‍വിന്റെ ‘തീച്ചട്ടിയിലാക്കിയ ആദ്യ ഇര – കേരളത്തിലെ നായര്‍ വിഭാഗത്തിന്റെ തകര്‍ച്ചയും ഉയര്‍ച്ചയും’. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ രാഷ്ട്രീയ മീമാംസ വകുപ്പദ്ധ്യക്ഷനായ തിരുവനന്തപുരം സ്വദേശിയായ പ്രൊഫ ഡാര്‍വിന്‍ മുന്നേറ്റം മാസികയുടെ ദീര്‍ലകാല എഡിറ്റര്‍ ആയിരുന്നു. നായര്‍ സമുദായത്തിലെ ഉപവിഭാഗങ്ങളെ കുറിച്ച് വിശദമായ പഠനം ഈ പുസ്തകത്തിലുണ്ട്.’

‘ബ്രാഹ്‌മണന്‍ നായരെ പതിനാറടി അകലെ നിര്‍ത്തി തങ്ങള്‍ക്കു ചുറ്റും വേലിതീര്‍ത്തപ്പോള്‍ നായര്‍ മറ്റുജാതികളെ പതിനാറടി അകലെ നിര്‍ത്തി വേലിതീര്‍ത്തു. ഇങ്ങനെ ഓരോ തൊഴില്‍ വിഭാഗവും അകലം പാലിച്ച് വേലി തീര്‍ത്തപ്പോള്‍ അത് അയിത്തത്തിന്റെയും ജാതിവ്യവസ്ഥയുടെയും ഉറച്ച അടിത്തറയായി മാറി. കേരളത്തിലെ ജനസംഖ്യയില്‍ വളരെക്കുറച്ചു മാത്രം വരുന്ന ബ്രാഹ്‌മണര്‍ പടയാളികളും ജന്മിമാരും ഭൂരിപക്ഷജനതയുമായ നായരെ മതാചാരങ്ങളുടെ ഊരാക്കുടുക്കില്‍പ്പെടുത്തി ശൂദ്രത്വം പേറുന്ന അടിയാളരാക്കി.’ ഡാര്‍വിന്റെ പുസ്തകം പറയുന്നു.

നാഷണല്‍ യൂണിവേഴിസിറ്റി ഓഫ് സിംഗപ്പൂരിലെ വിസിറ്റിംഗ് റിസര്‍ച്ച് പ്രൊഫസറായ റോബിന്‍ ജെഫ്രി ഇപ്പോഴും എഴുത്തില്‍ സജീവമാണ്. India’s Newspaper Revolution: Capitalism, Politics, and the Indian-language Press, 1977-99 (2000) എന്ന ജെഫ്രിയുടെ മറ്റൊരു പ്രശസ്ത ഗ്രന്ഥത്തിന്റെ വിവര്‍ത്തനം മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അരഡസന്‍ പുസ്തകങ്ങളുടെ രചിയിതാവായ റോബിന്‍ ജെഫ്രിയുടെ ‘കുംഭമേള’ യെ കുറിച്ചുള്ള പുതിയ പുസ്തകം ഉടനെ പുറത്ത് വരും.

രാംമോഹൻ പാലിയത്ത്

വെബിനിവേശമെന്ന പ്രശസ്തമായ തന്റെ പങ്തിയില്‍ രാം മോഹന്‍ പാലിയത്ത് എഴുതുന്നു: ‘1976-ലാണ് റോബിന്‍ ജെഫ്രിയുടെ The Decline of Nair Dominance (Society and Politics in Kerala 1847-1908) ആദ്യപതിപ്പിറങ്ങിയത്. സാക്ഷാല്‍ പുതുപ്പള്ളി രാഘവനായിരുന്നു ‘നായര്‍ മേധാവിത്വത്തിന്റെ പതനം’ എന്ന പേരില്‍ അത് മലയാളത്തിലാക്കിയത്. അതിനുശേഷവും നായര്‍ മേധാവിത്വം പലതവണ പതിച്ചു എന്നുവേണം കരുതാന്‍. എന്നാല്‍, എത്ര പതിച്ചാലും കേരളീയസമൂഹത്തിന്റെ അടിത്തട്ടില്‍ അത് പലതരത്തില്‍ ഇപ്പോഴും ശക്തമാണെന്ന ആരോപണം നിലനില്‍ക്കുന്നു. നായരത്തത്തിന്റെ പതനം ആരെഴുതും, എങ്ങനെ എഴുതും എന്നതായിരിക്കുന്നു പുതിയ ചോദ്യം.”

Content Summary: 50 years of Robin Jeffrey’s ‘The Decline of Nair Dominance’: a definitive history of Kerala’s social shift

Leave a Reply

Your email address will not be published. Required fields are marked *

×