July 13, 2025 |
Share on

വ്യോമാക്രമണ ഭീതിയിൽ ടെഹ്റാൻ; സംഘർഷം കനക്കുമ്പോഴും ആണവായുധത്തെക്കുറിച്ച് മിണ്ടാതെ ഇസ്രയേൽ

ലോകത്തിനു മുന്നിൽ തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടും അണുവായുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് സമ്മതിക്കുകയോ നിഷേധിക്കുകയോ ഇസ്രയേൽ ചെയ്തിട്ടില്ല

ഇസ്രയേൽ – ഇറാൻ സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിച്ചാണ് ഇറാൻ നേരിട്ടത്. ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രയേൽ ആദ്യം പതറിയെങ്കിലും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമുള്ള ഇസ്രയേലിന് അതിനെ തരണം ചെയ്യാൻ കഴിഞ്ഞു. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളെ നേരിടാൻ തയ്യാറായിരുന്ന ഇസ്രയേലിൽ നിന്ന് വ്യത്യസ്തമായി ടെഹ്‌റാനിൽ പ്രത്യേക ബോംബ് ഷെൽട്ടറുകൾ ഇല്ലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജൂൺ 1986 ൽ ഓസ്റ്റ്രേലിയൻ രഹസ്വാനേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തലിലൂടെയാണ് പുറം ലോകത്തിന് അന്നുവരെ അജ്ഞാതമായിരുന്ന ഇസ്രയേലിന്റെ ഭൂഗർഭ ന്യൂക്ലിയർ പ്ലാന്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. അണുവായുധ നിർമ്മാണം നടത്തുവാനുള്ള സാങ്കേതിക വിദ്യ ഇസ്രായേൽ കൈവശപ്പെടുത്തി എന്നത് ലോകം അറിയാതെ അതീവ രഹസ്യമായി സൂക്ഷിച്ചു വരികയായിരുന്നു. ചുറ്റുമുള്ള അറബ് രാജ്യങ്ങളെ നിരന്തരം ആക്രമിക്കുകയും മേഖലയിൽ അശാന്തി വിതയ്ക്കുക്കുകയും ചെയ്യുന്ന ഇസ്രയേൽ സ്വന്തമായി അണുവായുധങ്ങൾ കൂടി നിർമ്മിക്കുന്നു എന്ന് ലോകം അറിയുന്നത് ഇസ്രയേലിനു ഒരു തരത്തിലും ഗുണം ചെയ്യുകയില്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ലോകരാജ്യങ്ങളെല്ലാം ആണവനിർവ്യാപനത്തേക്കുറിച്ച് ചിന്തിക്കുന്ന സമയത്താണ് ഒരു രാജ്യം മണ്ണിനടിയിൽ രഹസ്യ സങ്കേതമുണ്ടാക്കി അണു ബോംബുകൾ നിർമ്മിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ രഹസ്യം പുറത്തറിയിച്ചതാരാണെന്ന് കണ്ടെത്താൻ ഇസ്രയേലിന് അധികം സമയം വേണ്ടിവന്നില്ല.

1954 ൽ മൊറോക്കോയിൽ ജനിച്ച യഹൂദനായ മൊർദ്ദേഖായി വനൂനിലേക്കാണ് അന്വേഷണം ചെന്നെത്തിയത്. ബേർശേബ മരുഭൂമിയിൽ അധികമാരും അറിയാത്ത ഡിമോണ എന്ന ഒറ്റപ്പെട്ട ചെറുപട്ടണത്തിൽ സമാധാന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ആണവ ഗവേഷണ കേന്ദ്രമായിരുന്നു നെഗേവ് ന്യൂക്ലിയർ റിസേർച്ച് സെന്റർ. 1976ൽ വനൂനു ഡിമോണയിൽ നൂക്ലിയർ ടെക്നീഷ്യനായി ജോലിയ്ക്ക് ചേർന്നു. ഒപ്പംതന്നെ ഗ്രീക്ക് ഫിലോസഫി വിദ്യാർത്ഥിയായി ബെൻ-ഗുറിയോൺ യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈം പഠനത്തിനും യോഗ്യത നേടി. അറബ് ജൂതനും യൂറോപ്യൻ ജൂതനും ഇസ്രയേലില്‍ തുല്യരല്ലായെന്ന് ചുരുക്കം നാളത്തെ ജീവിതം കൊണ്ട് വനൂനു മനസിലാക്കിയിരുന്നു.

അറബ് ജൂതന്മാർ സാധാരണ തൊഴിലിൽ ഏർപ്പെടുകയോ കർഷകരായി ജീവിയ്ക്കുകയോയാണ് ചെയ്ത്പോന്നത്. രാജ്യത്തെ നിയന്ത്രിയ്ക്കുന്നതും ഭരണപരമായി മേൽക്കയും യൂറോപ്യൻ ജൂതന്മാർക്കായിരുന്നു. കുടിയേറ്റക്കാരനായ ജൂതനായിരുന്നെങ്കിലും രണ്ടാം തരക്കാരനായി ജീവിയ്ക്കുന്നതിൽ അയാൾ അതൃപ്തനായിരുന്നു. അറബ് മുസ്ലീങ്ങളോട് ജൂതൻ പുലർത്തുന്നന്ന ശത്രുതയിലും വനൂനു അസ്വസ്ഥനായിരുന്നു. അപ്രതീക്ഷിതമായാണ് അണുവായുധങ്ങളും അണുബോംബുകളും നിര്‍മ്മിക്കുന്ന രഹസ്യപ്ലാൻ്റിനെക്കുറിച്ച് വനൂനു തിരിച്ചറിഞ്ഞത്. ഇത് ലോകത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് തീരുമാനിച്ച വനൂനു അണുബോംബിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. 1986 ൾ ഇസ്രയേൽ വിട്ട അയാൾ ഓസ്ട്രലിയയിൽ എത്തുകയും അവിടെയുള്ള ഒരു ചർച്ചിലെ പെയിന്റർ ഒസ്ക്കാർ ഗ്വരേരോയുമായി ചിത്രങ്ങൾ പങ്കുവെയ്ക്കുകയുമായിരുന്നു.

തുടർന്ന് വനൂനുവിനെ ജീവനോടെ ഇസ്രയേലിലെത്തിക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടു. പക്ഷേ അണുബോംബിനെക്കുറിച്ചുള്ള വിവരങ്ങൾ സണ്ടേ ടൈംസിൽ അതിനോടകം എത്തിയിരുന്നു. ഒരു ചാരവനിതയുടെ സഹായത്തെടെ വനൂനുവിനെ ഇസ്രയേൽ തടവിലാക്കി. 2004 ലാണ് വനൂനു ജയിൽ മോചിതനായത്. കാലമിത്രയായിട്ടും, ലോകത്തിനു മുന്നിൽ തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടും, കൂട്ട സംഹാരശേഷിയുള്ള അണുവായുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് സമ്മതിക്കുകയോ നിഷേധിക്കുകയോ ഇസ്രയേൽ ചെയ്തിട്ടില്ല. ഈ യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ് ഇറാൻ ആണവായുധം നിർമിക്കാനൊരുങ്ങുന്നു എന്ന തരത്തിൽ വരം ഇസ്രയേൽ പരാമർശം നടത്തിയത്.

ആക്രമണം ആരംഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ടെഹ്റാനിൽ നിന്നും പലായനം ചെയ്തതെന്ന് ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ ലോക്ക്ഡൗണിന്റെ വക്കിലാണെന്നും ഭക്ഷ്യസാധനങ്ങൾ കുറഞ്ഞുവരികയാണെന്നും ടെഹ്റാനിലെ നിവാസികൾ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ടെഹ്റാനിലെ ഒരു വലിയ പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്നും ബോംബാക്രമണം നടത്താൻ ഒരുങ്ങുകയാണെന്നും ഇസ്രയേൽ എക്സിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇറാനിൽ എക്സ് നിരോധിച്ചിരിക്കുകയാണ്. സംഘർഷം ആരംഭിച്ചതിന് ശേഷം ഇന്റർനെറ്റും പരിമിതപ്പെടുത്തിയിരുന്നു. ഇസ്രയേലിന്റെ മുന്നറിയിപ്പ് ഇറാൻ ജനതയ്ക്ക് അറിയാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എല്ലാവരോടും ടെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ഒഴിപ്പിക്കൽ മുന്നറിയിപ്പിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

300,000 പേരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത് മനുഷ്യത്വരഹിതമായ കാര്യമാണെന്നും പോകാനുള്ള ഇടം നൽകാതെ ജനങ്ങളോട് എങ്ങനെയാണ് ഒഴിയാൻ പറയുന്നതെന്നും ആംനസ്റ്റി ഇന്റർനാഷണലിന്റെ മിഡിൽ ഈസ്റ്റിന്റെയും വടക്കേ ആഫ്രിക്കയുടെയും ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ഹുസൈൻ ബൗമി പറഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു. ഇറാൻ വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് നിലവിലെ സംഘർഷം എന്നതും ശ്രദ്ധേയമാണ്. ഇറാനും ഇസ്രായേലും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാൻ നയതന്ത്രപരമായ നീക്കങ്ങൾ നടന്നിട്ടും വെടിനിർത്തൽ ഉത്തരവ് നൽകിയിട്ടില്ല.

Content Summary: Israel remains silent on its nuclear weapons as the conflict intensifies

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×