UPDATES

ജയന്ത് ജേക്കബ്

കാഴ്ചപ്പാട്

ജയന്ത് ജേക്കബ്

ഇസ്രയേലിന്റെ ലെബനന്‍ യുദ്ധം; ഇറാഖിലെ അമേരിക്കന്‍ ദുരന്തത്തില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍

പൂര്‍ണ വിജയം കൈപ്പടിയിലാകുമെന്നാണ് ഇസ്രയേല്‍ കരുതിയിരിക്കുന്നത്

                       

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മേഖലയിലെ അധികാര സന്തുലിതാവസ്ഥ മാറ്റുന്നതിനുള്ള ചുവടുവയ്പ്പ്’ ആയിട്ടാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ള വധത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ വിശേഷിപ്പിക്കുന്നത്. മധ്യപൂര്‍വേഷ്യയിലെ അധികാരത്തിന്റെ അടിസ്ഥാനപരമായ പുനക്രമീകരണത്തിനുള്ള അവസരമായും, ഹിസ്ബുള്ളയ്‌ക്കേറ്റ മാരകമായ മുറിവായും ഈ കൊലപാതകത്തെ നെതന്യാഹൂ കണക്കു കൂട്ടുന്നുണ്ടാകും. എങ്കിലും സമ്പൂര്‍ണ വിജയമെന്നത് ഇപ്പോഴും കൈപ്പിടിയിലെത്തിയിട്ടില്ല. മഹത്തായ അഭിലാഷങ്ങള്‍ പിന്തുടര്‍ന്നവരൊക്കെയും അവരുടെ തെരഞ്ഞെടുപ്പുകളില്‍ പിന്നീട് ഖേദിച്ചിട്ടുമുണ്ട്.

സെപ്തംബര്‍ 17 മുതല്‍ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘമായ ഹിസ്ബുള്ളയ്ക്ക് ലെബനോണ്‍ മണ്ണില്‍ വച്ച് ഇസ്രയേല്‍ തുടര്‍ച്ചയായ പ്രഹരങ്ങള്‍ ഏല്‍പ്പിക്കുന്നുണ്ട്. അവരുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യം വച്ചുള്ള ആദ്യഘട്ട ആക്രമണങ്ങളുടെ തുടര്‍ച്ചയായി തെക്കന്‍ ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ടു ഡസണോളം സാധാരണക്കാരെക്കൂടി കൊലയ്ക്ക് കൊടുത്തുവെങ്കിലും മുതിര്‍ന്ന ഹിസ്ബുള്‍ കമാണ്ടര്‍ ഇബ്രാഹിം അഖ്‌ലിയെയും ഇല്ലാതാക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു. അവിടം കൊണ്ടും നിര്‍ത്താതെ തുടര്‍ന്ന അതിഭീകരമായ ബോംബാക്രമണങ്ങളാണ് നസ്‌റുള്ളയുടെ കൊലപാതകത്തില്‍ കലാശിച്ചത്. സാരമായ നഷ്ടമാണു ഹിസ്ബുള്ളയ്ക്കുണ്ടായത്. ഹിസ്ബുള്ള നേതൃത്വത്തെ ഇപ്പോഴത്തെ ആക്രമണങ്ങള്‍ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും, ലെബനനിലും വിശാലമായ മധ്യപൂര്‍വേഷ്യന്‍ മേഖലയിലും മാറ്റം കൊണ്ടുവരാമെന്നുള്ള ഇസ്രയേലി നേതാക്കളുടെയും മറ്റുള്ളവരുടെയും കാഴ്ച്ചപ്പാടുകള്‍ക്കു മുന്നില്‍ സമീപകാല ചരിത്രം വിടര്‍ത്തി വയ്ക്കുന്നത് കയ്‌പ്പേറിയ പാഠങ്ങളാണ്.

ബെയ്‌റൂട്ടില്‍ ഒരു ഇസ്രയേല്‍ അനുകൂല-ക്രിസ്ത്യന്‍ ആധിപത്യമുള്ള ഭരണകൂടം സ്ഥാപിക്കുക, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ(പിഎല്‍ഒ) തകര്‍ക്കുക, സിറിയന്‍ സേനയെ തുരത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1981 ജൂണില്‍ ഇസ്രയേല്‍ സൈന്യം ലെബനിനില്‍ കടന്നു കയറുന്നത്. എന്നാല്‍ അവരുടെ മൂന്നു ലക്ഷ്യങ്ങളും ആത്യന്തികമായി പരാജയമടയുകയാണുണ്ടായത്. അമേരിക്കന്‍ മധ്യസ്ഥതയില്‍ നടന്ന കരാറില്‍ പലസ്തീന്‍ സായുധ സംഘം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായെങ്കിലും പിഎല്‍ഒയുടെ ദേശീയ അഭിലാഷങ്ങള്‍ അചഞ്ചലമായി തന്നെ തുടര്‍ന്നു. അഞ്ചു വര്‍ഷത്തിനുശേഷം ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ചെറുത്തു നില്‍പ്പ് പ്രകടമാക്കിയ ആദ്യത്തെ പലസ്തീന്‍ ഇന്‍തിഫാദ(വിപ്ലവം)പൊട്ടിപുറപ്പെട്ടു.

ഈ അധിനിവേശ കാലത്ത് ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയായിരുന്ന മാരോനൈറ്റ് ക്രിസ്ത്യന്‍സ് നേതൃത്വം നല്‍കുന്ന ലബനീസ് സായുധ സംഘത്തിന്റെ നേതാവ് ബാഷിര്‍-അല്‍ ഗെമായേല്‍ ലെബനനില്‍ അധികാരം ഏറ്റെടുക്കുന്നതിനു മുന്‍പേ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അധികാരത്തിലെത്തിയ സഹോദരന്‍ അമിന്റെ കീഴില്‍ 1983 മേയില്‍ സാധാരണ സഹവര്‍ത്തിത്വം ഉറപ്പാക്കിക്കൊണ്ട് ഒരു കരാറില്‍ ലെബനനും ഇസ്രയേലും ഏര്‍പ്പെട്ടു. എന്നാല്‍, കടുത്ത പ്രതിഷേധത്തിന്റെ ഫലമായി അമിന്‍ ഭരണകൂടം വൈകാതെ നിലംപൊത്തിയതോടെ ഇസ്രയേലുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കപ്പെട്ടു.

സ്വബ്‌റ-ശാത്തില( ലെബനിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്ന സ്വബ്‌റയിലും ശാത്തിലയിലും മാരോനൈറ്റ് ക്രിസ്ത്യന്‍ സായുധ സംഘം ഇസ്രയേല്‍ പിന്തുണയോടെ നടത്തിയ കൂട്ടക്കൊലയില്‍ 3,500 ഓളം മനുഷ്യര്‍ കൊല്ലപ്പെട്ടു) കൂട്ടക്കൊലയ്ക്ക് പിന്നാലെ 1982 സെപ്തംബറില്‍ ബെയ്‌റൂട്ടില്‍ യു എസ് സേനയെ വിന്യസിക്കുകയുണ്ടായി. എന്നാല്‍ 1983 ല്‍ അമേരിക്കന്‍ എംബസിക്കും സൈനിക താവളങ്ങള്‍ക്കും നേരെ ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് യു എസ്സിന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നു. പിന്നാലെ ലെബനനില്‍ ആഭ്യന്തരയുദ്ധം ശക്തിപ്രാപിക്കുകയും, ആറു വര്‍ഷത്തിലധികം അത് നീണ്ടു നില്‍ക്കുകയും ചെയ്തു. ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്നാണ് 1976 ല്‍ സിറിയന്‍ സൈന്യം ലെബനനിലേക്ക് അവരുടെ പ്രതിരോധ സേനയെ അയക്കുന്നത്. മുന്‍ പ്രധാനമന്ത്രി റഫീഖ് അല്‍-ഹരിരിയുടെ കൊലപാതകത്തെ തുടര്‍ന്ന്, ആ രാജ്യത്ത് തന്നെ നിലയുറപ്പിച്ച സിറിയന്‍ സൈന്യം, 2005 വരെ ലെബനനില്‍ തങ്ങി.

1982 ലെ അധിനിവേശത്തിന്റെ ഏറ്റവും ഗുരുതരമായ അനന്തരഫലം ഹിസ്ബുള്ളയുടെ ആവിര്‍ഭാവമായിരുന്നു. ഹിസ്ബുള്ളയില്‍ നിന്ന് നേരിടേണ്ടി വന്ന ഗറില്ല ആക്രമണമാണ് ഗത്യന്തരമില്ലാതെ തെക്കന്‍ ലെബനനില്‍ നിന്നും പിന്‍വാങ്ങാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. അധിനിവേശം നടത്തിയ അറബ് ഭൂമികയില്‍ നിന്ന് ഇസ്രയേലിനെ ഒരു അറബ് സായുധ സംഘം പുറത്താക്കിയതിന് പറയാവുന്ന ആദ്യത്തെയും ഇതുവരെയുമുള്ള വിജയമായിരുന്നു അത്. ഇസ്രയേലിനെ പുറംതള്ളാന്‍ പലസ്തീന്‍ പോരാളികളെക്കാള്‍ കൂടുതല്‍ മാരകവും ഫലപ്രദവുമാണ് തങ്ങളെന്ന് തെളിയിക്കാന്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് അതുവഴി സാധിച്ചു.

2006 ല്‍ ഹിസ്ബുള്ള ഇസ്രയേലിനെതിരേ യുദ്ധം ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള കാലങ്ങളില്‍ അവര്‍ ഇറാന്റെ സഹായത്തോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. നിലവിലെ ഹിസ്ബുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, ഇസ്രയേല്‍ രഹസ്യന്വേഷണ വിഭാഗം അവര്‍ക്കിടയില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിലുമൊക്കെയും അവരുടെ ശേഷിയെ നിരാകരിക്കുന്നത് അനവസരത്തിലായിപ്പോകും.

ലെബനനിലേക്ക് വരുന്നതിന് മുമ്പ് യുഎസ്സിന്റെ ഇറാഖ് അധിനിവേശത്തിന്റെ ചരിത്രം ഓര്‍ക്കണം. 2003 ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശം അനിയന്ത്രിതമായ അഭിലാഷത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ്. ഇറാഖ് സൈന്യം തകരുകയും ബാഗ്ദാദില്‍ യു എസ് സൈന്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. സദ്ദാം ഹുസൈന്റെ പതനം ടെഹ്റാനിലും ദമാസ്‌കസിലും ഭരണമാറ്റത്തിന് വഴിയൊരുക്കുമെന്നും മേഖലയിലുടനീളം ജനാധിപത്യ തരംഗം ആളിക്കത്തിക്കുമെന്നും ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് ഭരണകൂടം ധാരണ പരത്തി. പക്ഷേ, സംഭവിച്ചത് മറിച്ചായിരുന്നു. അധിനിവേശം വിഭാഗീയ അക്രമങ്ങളിലേക്കും അതിലൂടെ വലിയ രക്ത ചൊരിച്ചിലിലുമാണ് കലാശിച്ചത്. യു എസ്സിന് അവരുടൈ സൈന്യവും സമ്പത്തും വലിയതോതില്‍ നഷ്ടമായി. ഇറാഖിലെ ജനങ്ങളുടെ ദുരിതം കൂടുതല്‍ ഇരട്ടിച്ചു. സദ്ദാം പോയതോടെ ഇറാന് അവരുടെ സ്വാധീനം ഇറാഖിലേക്ക് കൂടുതലായി വ്യാപിപ്പിക്കാന്‍ വഴിയൊരുങ്ങി, അല്‍-ഖ്വയ്ദ പുനരേകോപിപ്പിക്കപ്പെടുകയും ഇസ്ലാമിക് സ്റ്റേറ്റായി രൂപാന്തരപ്പെടുകയും ചെയ്തു.

2006 ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധസമയത്ത് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറിയായിരുന്ന കൊണ്ടലീസ റൈസ് നടത്തിയ അഭിപ്രായപ്രകടനം, ‘ ഈ കുഴപ്പങ്ങളെല്ലാം ഒരു പുതിയ മധ്യപൂര്‍വേഷ്യയ്ക്കായുള്ള പ്രസവവേദന മാത്രമാണ്’ എന്നായിരുന്നു.

ഒന്നുകില്‍ എല്ലാം ശരിയാകും, അല്ലെങ്കില്‍ എല്ലാം പരാജയപ്പെടും.

എങ്ങനെയായാലും മധ്യപൂര്‍വേഷ്യയുടെ ഒരു പുതിയ ഉദയവും സന്തുലിതാവസ്ഥയും വാഗ്ദാനം ചെയ്യുന്നവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്കുള്ള സാധ്യതകളെയാണ് ലെബനന്‍ ഉദ്ദാഹരിക്കുന്നത്. Israel’s Lebanon War Should Learn Lessons from the American Disaster in Iraq

Content Summary; Israel’s Lebanon War Should Learn Lessons from the American Disaster in Iraq

ജയന്ത് ജേക്കബ്

ജയന്ത് ജേക്കബ്

ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകന്‍, ഇന്ത്യൻ എക്സ്പ്രസ്, ദി ടെലഗ്രാഫ്, ഹിന്ദുസ്ഥാൻ ടൈംസ്, എൻഡിടിവി എന്നിവിടങ്ങളിl ജോലി ചെയ്തിട്ടുണ്ട്

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍