July 14, 2026 |
Share on

ഇറാന്‍ അട്ടിമറിക്ക് അഹമ്മദിനെജാദ്; ഇസ്രയേലിന്റെ പരാജയപ്പെട്ട രഹസ്യ ഓപ്പറേഷന്‍

ഈ ഫെബ്രുവരിയില്‍ യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനുമായി യുദ്ധം തുടങ്ങിയതോടെയാണ് ഈ അട്ടിമറി നീക്കങ്ങള്‍ ക്ലൈമാക്‌സിലെത്തിയത്

ഇറാനില്‍ മുന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദിനെജാദിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ഇസ്രയേല്‍ രഹസ്യ നീക്കം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. യുഎസ്, ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ദി ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ടിരിക്കുന്നത്. ഒരുകാലത്ത് ഇസ്രയേലിന്റെ പ്രധാന ശത്രുവായിരുന്ന അഹമ്മദിനെജാദിനെ തങ്ങളുടെ രഹസ്യ സഹായിയായി മാറ്റിയെടുക്കാനും, ഇറാനില്‍ ഭരണമാറ്റം സാധ്യമാക്കാനും ഇസ്രയേല്‍ വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത അതീവ രഹസ്യ ഓപ്പറേഷന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2024-ല്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ലുഡോവിക യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സാണ് ഈ നീക്കങ്ങള്‍ക്ക് വേദിയായത്. ഹംഗേറിയുടെ ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം സര്‍വ്വകലാശാല റെക്ടര്‍ പ്രൊഫസര്‍ ഗെര്‍ഗെലി ഡെലി അഹമ്മദിനെജാദിനെ ഈ കോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍, ഈ കോണ്‍ഫറന്‍സ് വെറുമൊരു മറ മാത്രമായിരുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്റുമാരുമായി അഹമ്മദിനെജാദിന് രഹസ്യ ചര്‍ച്ചകള്‍ നടത്താനുള്ള വേദിയൊരുക്കുകയായിരുന്നു യഥാര്‍ത്ഥ ലക്ഷ്യമെന്നാണ് റെക്ടര്‍ പിന്നീട് വെളിപ്പെടുത്തിയത്. ഈ ചര്‍ച്ചകള്‍ക്കായി അന്നത്തെ മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ നേരിട്ട് ബുഡാപെസ്റ്റിലെത്തി അഹമ്മദിനെജാദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെ, തങ്ങള്‍ അഹമ്മദിനെജാദുമായി സമ്പര്‍ക്കത്തിലാണെന്ന വിവരം മൊസാദ് യുഎസ് ചാരസംഘടനയായ സിഐഎയെ അറിയിച്ചു.

ഒരു കാലത്ത് ഇറാന്റെ ആണവപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും ധൃതി കൂട്ടിയത് അന്ന് പ്രസിഡന്റായിരുന്ന അഹമ്മദിനെജാദ് ആയിരുന്നു. ഇസ്രയേലിന്റെ നാശത്തിനായി നിരന്തരം ആഹ്വാനം ചെയ്തിരുന്ന ആളെ തന്നെ വീണ്ടും ഇറാന്റെ ഭരണമേല്‍പ്പിക്കാന്‍ ഇസ്രയേല്‍ തിരഞ്ഞെടുത്തു എന്നത് രാഷ്ട്രീയ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. പ്രസിഡന്റായിരിക്കെ ഇസ്രയേലിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന അഹമ്മദിനെജാദ്, സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ നിലപാടുകളില്‍ വലിയ മാറ്റം വരുത്തിയിരുന്നു. താടി വടിച്ച്, പാശ്ചാത്യ ശൈലിയിലുള്ള സ്യൂട്ടുകള്‍ ധരിച്ച്, ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയ അദ്ദേഹം ഇറാന്റെ സുരക്ഷാ സേനയുടെ അടിച്ചമര്‍ത്തലുകളെയും ഭരണവര്‍ഗത്തിന്റെ അഴിമതിയെയും പരസ്യമായി വിമര്‍ശിച്ചിരുന്നു. മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് ഇറാന്റെ പരമോന്നത സമിതി അദ്ദേഹത്തെ അയോഗ്യനാക്കിയതോടെ നിലവിലെ ഭരണകൂടത്തിന്റെ എതിരാളിയായി. വിദേശശക്തികളുടെ സഹായത്തോടെ വീണ്ടും അധികാരത്തില്‍ വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും, താന്‍ അധികാരത്തില്‍ വന്നാല്‍ ഇബ്രാഹാം ഉടമ്പടിയുടെ ഭാഗമായി ഇസ്രയേലിനെ അംഗീകരിക്കുമെന്നും അദ്ദേഹം തന്റെ അടുത്ത അനുയായികളോട് പറഞ്ഞിരുന്നതായി സൂചനയുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി അവസാന വാരം യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് ഈ അട്ടിമറി നീക്കങ്ങള്‍ അതിന്റെ ക്ലൈമാക്‌സിലെത്തിയത്. ടെഹ്റാനില്‍ കടുത്ത നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഹമ്മദിനെജാദിനെ അവിടെനിന്നും മാറ്റാന്‍ ഇസ്രയേല്‍ ഒരു സാഹസിക ഓപ്പറേഷന്‍ നടത്തി. ഫെബ്രുവരി 28-ന് അഹമ്മദിനെജാദിന്റെ വസതിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയും, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കെട്ടിടവും കവചിത വാഹനവും തകര്‍ക്കുകയും ചെയ്തു. ഈ പുകമറയ്ക്കുള്ളില്‍ വെച്ച് മൊസാദ് ഏജന്റുകള്‍ ഓടിച്ച ഒരു കറുത്ത പ്യൂഷോ കാറില്‍ അഹമ്മദിനെജാദിനെ അവിടെനിന്ന് രക്ഷിച്ച് ഇറാന്റെ മറ്റൊരു ഭാഗത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ ഈ രക്ഷാപ്രവര്‍ത്തനത്തില്‍ അഹമ്മദിനെജാദ് അസ്വസ്ഥനായിരുന്നുവെന്നും, അധികാരം തിരിച്ചുപിടിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയില്‍ പിന്നീട് അദ്ദേഹത്തിന് വിശ്വാസം നഷ്ടപ്പെട്ടതായും പറയപ്പെടുന്നു.

ഇതിനുശേഷം അഹമ്മദിനെജാദിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയില്‍ അദ്ദേഹം മാസ്‌ക് ധരിച്ച് അതീവ സുരക്ഷയില്‍ പ്രത്യക്ഷപ്പെട്ടു. നിലവില്‍, ഇസ്രയേലുമായുള്ള അഹമ്മദിനെജാദിന്റെ ബന്ധങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് വിഭാഗം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് നാല് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അഹമ്മദിനെജാദിനെ ഉപയോഗിച്ചുള്ള തന്ത്രം പരാജയപ്പെട്ടതുപോലെ, ഇറാഖ് ആസ്ഥാനമായുള്ള കുര്‍ദിഷ് റിബലുകളെ പടിഞ്ഞാറന്‍ ഇറാന്‍ വഴി തലസ്ഥാനമായ ടെഹ്റാനിലേക്ക് ആയുധങ്ങളുമായി അയക്കാനുള്ള ഇസ്രയേലിന്റെ മറ്റൊരു പദ്ധതിയും ഇതോടൊപ്പം പരാജയപ്പെട്ടു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മൊസാദോ അഹമ്മദിനെജാദിന്റെ വക്താവോ തയ്യാറായിട്ടില്ല.

Content Summary; A secret Israeli intelligence operation to groom and install former Iranian President Mahmoud Ahmadinejad as Iran’s new leader has failed, officials reveal.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×