അന്താരാഷ്ട്ര നിയമങ്ങളും അമേരിക്കയുടെ നിലപാടും എല്ലാം തള്ളി, അധിനിവേശ വെസ്റ്റ് ബാങ്കിനു മേല്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാനുള്ള ഏകപക്ഷീയമായ നടപടികളുമായി ഇസ്രയേല്‍. അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിച്ചുള്ള ഈ നീക്കം, വെസ്റ്റ് ബാങ്ക് ഇസ്രയേലിനോട് ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനും വിരുദ്ധമാണ്. ഒസ്ലോ സമാധാന കരാറിലെ വ്യവസ്ഥകളെ നഗ്നമായി ലംഘിക്കുകയാണ് ഇസ്രയേല്‍. അവരുടെ പുതിയ തീരുമാന പ്രകാരം ജൂത കുടിയേറ്റക്കാര്‍ക്ക് വെസ്റ്റ് ബാങ്കില്‍ ഭൂമി വാങ്ങുന്നത് എളുപ്പമാകും അതേസമയം പലസ്തീന്‍ അതോറിറ്റിയുടെ അധികാരം വെസ്റ്റ് ബാങ്കില്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സുരക്ഷാ ക്യാബിനറ്റ് രഹസ്യമായി ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്. പലസ്തീന്‍ രാഷ്ട്രത്തിനായി ആഗ്രഹിക്കുന്ന ഭൂപ്രദേശത്തിന്മേല്‍ ഇസ്രയേല്‍ നിയന്ത്രണം ഉറപ്പിക്കുന്നത് വഴി പടിപടിയായി പ്രദേശം തങ്ങളുടേതാക്കി മാറ്റുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ബുധനാഴ്ച വാഷിംഗ്ടണില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെ നെതന്യാഹു ഈ നീക്കങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. പകരം, വെസ്റ്റ് ബാങ്ക് നയങ്ങള്‍ നിയന്ത്രിക്കുന്ന തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച് ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ചുമതലപ്പെടുത്തുകയായിരുന്നു. അവരാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പലസ്തീന്‍ രാഷ്ട്രമെന്ന ആശയം എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സ്‌മോട്രിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീന്‍ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച നെതന്യാഹു സര്‍ക്കാര്‍, ഗാസ യുദ്ധത്തില്‍ ലോകശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അവസരം മുതലെടുത്ത് വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം ശക്തമാക്കുകയാണ്. 1967-ലെ യുദ്ധത്തിന് ശേഷം പലസ്തീനികള്‍ നേരിടുന്ന ഏറ്റവും വലിയ കുടിയിറക്കലിനാണ് നിലവില്‍ വെസ്റ്റ് ബാങ്ക് സാക്ഷ്യം വഹിക്കുന്നത്.
ഇസ്രയേല്‍ നീക്കത്തിനെതിരേ ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ എട്ട് അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്. നിയമവിരുദ്ധമായ അധിനിവേശവും പലസ്തീനികളെ ആട്ടിപ്പായിക്കാനുള്ള ശ്രമവുമാണിതെന്നാണ് അവര്‍ ആരോപിക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെസ്റ്റ് ബാങ്കിലെ ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയതാണ് പുതിയ മാറ്റങ്ങളില്‍ പ്രധാനം. ഇതോടെ ജൂത കുടിയേറ്റ ഗ്രൂപ്പുകള്‍ക്ക് പലസ്തീന്‍ പ്രദേശങ്ങളില്‍ ഭൂമി വാങ്ങുന്നത് എളുപ്പമാകും. സൈനിക പരിരക്ഷ ഉറപ്പാക്കേണ്ടി വരുമെന്നതിനാല്‍ ഇത് ഭാവിയില്‍ പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ സങ്കീര്‍ണ്ണമാക്കും. ഭൂമി ഇടപാടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും ഇസ്രയേല്‍ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വെസ്റ്റ് ബാങ്കിലെ ഭൂമി സംബന്ധിച്ച രേഖകള്‍ (ലാന്‍ഡ് രജിസ്ട്രി) പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി തുറന്നുനല്‍കാനും തീരുമാനിച്ചു. ഇത് ഭൂമി വില്‍ക്കുന്ന പലസ്തീനികളെ കണ്ടെത്തുന്നതിനും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.
പലസ്തീന്‍ അതോറിറ്റിയുടെ ഭരണപരമായ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടികളും ഇതിലുണ്ട്. ഒസ്ലോ കരാര്‍ പ്രകാരം പലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പോലും പുരാവസ്തു സൈറ്റുകള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജല ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇസ്രയേലി ഏജന്‍സികള്‍ക്ക് നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാനുള്ള അധികാരം നല്‍കി. ഹെബ്രോണ്‍ നഗരത്തിലെ ആസൂത്രണവും നിര്‍മ്മാണ നിയന്ത്രണവും പലസ്തീന്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തിലേക്ക് മാറ്റി. ബെത്ലഹേമിലെ റേച്ചല്‍സ് ടോം പരിപാലനത്തിനായി പുതിയ ഏജന്‍സിയെ ഏര്‍പ്പെടുത്തിയതും ഇസ്രയേലിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കും. ഈ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് തന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സ്‌മോട്രിച്ചിന്റെ നീക്കമാണിതെന്ന് നിരീക്ഷകര്‍ കരുതുന്നു. അന്താരാഷ്ട്ര നിയമപ്രകാരം അധിനിവേശ രാജ്യത്തിന് ആ നാട്ടിലെ നിയമങ്ങളില്‍ സുരക്ഷാപരമായ കാര്യങ്ങള്‍ക്കല്ലാതെ മാറ്റം വരുത്താന്‍ അധികാരമില്ലെന്നിരിക്കെ, ഇസ്രയേലിന്റെ ഈ നടപടികള്‍ നിയമവിരുദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Content Summary; Israel Seeks Total Authority Over the Occupied West Bank government. challenging President Trump’s opposition
This post was last modified on February 10, 2026 6:43 pm
Leave a Comment