ഇസ്രയേൽ ഗാസയിലെ ബന്ദികളുടെ പ്രതീക്ഷകൾ ഇല്ലാതാക്കി; വെടിനിർത്തൽ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമെന്ന് ഖത്തർ പ്രധാനമന്ത്രി

ദോഹയിൽ നടന്ന വ്യോമാക്രമണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

ഇസ്രയേൽ വ്യോമാക്രമണം ഗാസയിലെ ബന്ദികളുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി. ദോഹയിൽ നടന്ന വ്യോമാക്രമണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇസ്രയേലിന്റെ തുടർച്ചയായ വ്യോമാക്രമണം ബന്ദികളെ മോചിപ്പിക്കാനുള്ള എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി. ഇത് വെടിനിർത്തൽ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. സൈനിക നടപടിയിലൂടെ ബന്ദികളെ മോചിപ്പിക്കാമെന്നത് വെറും മിഥ്യാധാരണയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു.

ഗാസയിൽ നടക്കുന്ന യുദ്ധം തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. യുദ്ധം സാധാരണക്കാരുടെ ജീവിതത്തെയാണ് കൂടുതലായി ബാധിക്കുന്നത്. തടവുകാരെ മോചിപ്പിക്കുന്നതിന് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യസ്ഥ ചർച്ചകൾക്ക് ഖത്തർ നേതൃത്വം നൽകുന്നുണ്ട്. ഇസ്രായേൽ, ഹമാസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ഖത്തർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നിരുന്നാലും, സ്ഥിതിഗതികൾ വളരെ സങ്കീർണ്ണമാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി പറഞ്ഞു.

സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഈ ആക്രമണത്തെ ‘രാഷ്ട്രീയ ഭീകരവാദം’ എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയും മറ്റ് ഗൾഫ് രാജ്യങ്ങളും മുൻകൈയെടുത്തുള്ള വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുത്ത ഹമാസിന്റെ ആറ് പ്രതിനിധികളാണ് ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അൽ താനി ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും അൽ താനി ഉന്നയിച്ചു.

വീഡിയോ പ്രസ്താവനയിലൂടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തീവ്രവാദികൾക്ക് അഭയം നൽകുന്ന രാജ്യമാണ് ഖത്തറെന്നും ഭീകരരെ പുറത്താക്കുകയോ നിയമത്തിനു മുന്നിൽ കൊണ്ടുവരികയോ ചെയ്യണം. അല്ലാത്തപക്ഷം ഞങ്ങൾ അത് ചെയ്യുമെന്നുമാണ് നെതന്യാഹു പറഞ്ഞത്. ഭാവിയിലും ആക്രമണങ്ങൾ തുടരാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾക്ക് ഖത്തർ നേതൃത്വം നൽകി തങ്ങൾ സമയം പാഴാക്കിയെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവനയോട് അൽ താനി പ്രതികരിച്ചത്. മധ്യസ്ഥന്റെ റോളിൽ നിന്ന് രാജ്യം പിൻമാറുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി.
ആക്രമണം നടന്ന ദിവസം രാവിലെ ഞാൻ ഒരു ബന്ദിയുടെ കുടുംബത്തെ കണ്ടിരുന്നു ,അവർ ഈ മധ്യസ്ഥ ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ്. അവർക്ക് മറ്റൊരു പ്രതീക്ഷയുമില്ല. ഖത്തർ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ഖത്തർ, ഗാസ യുദ്ധത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ ഹമാസ് നേതാക്കൾ യോഗം ചേർന്നപ്പോഴാണ് ആക്രമണമുണ്ടായത്. ഈ ആക്രമണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ഇത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനമായിരുന്നു, എനിക്കിതിൽ പങ്കില്ല അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ നെറ്റ്‌വർക്കിൽ കുറിച്ചു. തൻ്റെ ഭരണകൂടം ഖത്തറിന് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ വൈകിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച ഇസ്രായേൽ യെമനിലും വ്യോമാക്രമണം നടത്തി. യെമനിന്റെ ഭൂരിഭാഗവും ഭരിക്കുന്ന ഹൂതി സായുധ സംഘടനയുടെ അൽമസിറ ടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച്, തലസ്ഥാനമായ സനായിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഹൂതികളുടെ ആസ്ഥാനങ്ങളും സൈനിക ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ആർമി റേഡിയോ അറിയിച്ചു.

content summary: Israel has shattered hopes for Gaza hostages and further complicated ceasefire negotiations, says Qatari Prime Minister

This post was last modified on September 11, 2025 7:48 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment