ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഗാസയിലെ ഏറ്റവും ഭീകരമായ ദിവസങ്ങളില്‍ ഒന്നായിരുന്നു ചൊവ്വാഴ്ച്ച. രണ്ടുമാസത്തെ വെടിനിര്‍ത്തലിന് ശേഷം ഇസ്രയേല്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 400 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്. നൂറുകണക്കിന് പേര്‍ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്.
വെടിനിര്‍ത്തലിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയ 33 ഇസ്രയേലികളെ വിട്ടയച്ചു. പകരമായി രണ്ടായിരത്തോളം പലസ്തീനിയന്‍ തടവുകാരെയും മോചിപ്പിച്ചു. ഗാസയ്ക്കുള്ള സഹായവിതരണങ്ങള്‍ തടയരുതെന്നതും കരാറിന്റെ ഭാഗമായിരുന്നു. എന്നാല്‍ ബന്ദികളെ മോചിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ ഹമാസിനെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രായേല്‍ തടഞ്ഞു. ഇസ്രയേലി സൈന്യം പൂര്‍ണമായി പിന്‍വാങ്ങുക, യുദ്ധം അവസാനിപ്പിക്കുന്ന എന്നീ കാര്യങ്ങള്‍ നടപ്പിലാക്കിയശേഷം മാത്രം ബാക്കിയുള്ള ബന്ദികളെ വിട്ടയക്കൂ എന്നാണ് ഹമാസ് നിലപാട് എടുത്തത്. ഇതില്‍ പ്രകോപിതരായാണ് ഇസ്രയേല്‍, ‘ഭീകരകേന്ദ്രങ്ങള്‍’ ലക്ഷ്യമാക്കി എന്ന വാദത്തില്‍ ഗാസയില്‍ ഉടനീളം വ്യോമാക്രമണം നടത്തിയത്.
ഗാസയിലെ ഏകദേശം രണ്ടു ദശലക്ഷത്തോളം പലസ്തീനികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ പുനരാരംഭിച്ചിരിക്കുന്ന ആക്രമണത്തിലൂടെ. അതേസമയം, ഇസ്രയേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുന്നത് ശേഷിക്കുന്ന ബന്ദികളുടെ ജീവിതം അപകടത്തിലാക്കുമെന്നാണ് ഹമാസ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ ഏറ്റവും കുറഞ്ഞത് 404 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ സ്ത്രീകളും കുട്ടികളുമടക്കം 263 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൊവ്വാഴ്ച്ചത്തെ ആക്രമണത്തില്‍ ഹമാസിന്റെ ആറ് മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടതായി പറയുന്നു.
ഇതുവരെയുള്ള കണക്ക് പ്രകാരം 48,981 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യമന്ത്രാലയം കൊല്ലപ്പെട്ടവരുടെ കണക്ക് സാധാരണക്കാര്‍/ ഹമാസ് അംഗങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചു പറയുന്നില്ല. അതേസമയം കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും കണക്ക് പ്രത്യേകം പുറത്തുവിടുന്നുണ്ട്.
ഇതുവരെയുള്ള കണക്കില്‍ മുറിവേറ്റ പലസ്തീനികളുടെ എണ്ണം 112,603 ആണ്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ കരയാക്രമണത്തില്‍ ഇതുവരെ 407 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായതോടെ ഗാസയില്‍ നിരാംലബരായി മാറിയത് 1.9 മില്യണ്‍ പലസ്തീനികളാണ്. മൊത്തം ജനസംഖ്യയുടെ 90 ശതമാനവും വീടും സ്വത്തും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി മാറി.
ആക്രമണത്തിന് പുറമെ പുറത്തു നിന്നും ഗാസയ്ക്കുള്ള സഹായവും ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. മാര്‍ച്ച് തുടങ്ങിയതില്‍ പിന്നെ ഒരു ട്രക്ക് പോലും സഹായസാധാനങ്ങളുമായി ഗാസയിലേക്ക് എത്തിയിട്ടില്ല.രൂക്ഷമായ പട്ടിണിയും ആരോഗ്യപ്രശ്‌നങ്ങളുമാണ് പലസ്തീനികള്‍ നേരിടുന്നത്.
ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ്, ഇസ്രയേല്‍ വീണ്ടും ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്. 24 പേരാണ് ജീവനോടെ ഹമാസിന്റെ പക്കല്‍ ബന്ദികളായുള്ളത്. ഒരു തായ്‌ലന്‍ഡുകാരനും രണ്ട് നേപ്പാളികളും ബന്ദികളായി ഇപ്പോഴുമുണ്ട്. രണ്ട് തായ്‌ലന്‍ഡുകാരും ഒരു ടാന്‍സാനിയക്കാരനും ഹമാസിന്റെ ബന്ദികളായിരിക്കെ കൊല്ലപ്പെട്ടിട്ടുണ്ട്.
നാല് സൈനികര്‍ ഉള്‍പ്പെടെ 22 ഇസ്രയേലികളാണ് ബാക്കിയുള്ള ബന്ദികള്‍. ഒമ്പത് സൈനികരുടെ ഉള്‍പ്പെടെ 35 ബന്ദികളുടെ മൃതദേഹങ്ങള്‍ ഇതുവരെയും ഹമാസ് വിട്ടുകൊടുത്തിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 251 പേരെയാണ് അവിടെ നിന്നും ഹമാസ് ബന്ദികളാക്കി കൊണ്ടുപോന്നത്. ഇവരില്‍ 33 പേരെയാണ് വെടിനിര്‍ത്തലിന്റെ പ്രാരംഭഘട്ടത്തിന്റെ ഭാഗമായി വിട്ടുകൊടുത്തത്. ഇസ്രയേല്‍ തടവിലാക്കിയവരില്‍ 1,700 ല്‍ അധികം പേരെ വെടി നിര്‍ത്തലിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു. Israel turned Gaza into a battlefield again, killing over 400 palestinians in an attack on tuesday
Content Summary; Israel turned Gaza into a battlefield again, killing over 400 palestinians in an attack on tuesday
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.