റിയാദിലെ യുഎസ് എംബസിയില്‍ തീപിടുത്തം; അമേരിക്കക്കാരോട് മിഡില്‍ ഈസ്റ്റ് വിടാന്‍ ആഹ്വാനം

യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കുകയാണ്

riyadh us embassy attack

റിയാദിലെ യുഎസ് എംബസിയില്‍ തീപിടുത്തം. രണ്ട് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ റിയാദിലെ നയതന്ത്ര മേഖലയില്‍ ശക്തമായ സ്‌ഫോടനശബ്ദം കേള്‍ക്കുകയും പ്രദേശത്ത് പുകപടലങ്ങള്‍ ഉയരുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തു. വിദേശ എംബസികളും നയതന്ത്ര ഉദ്യോഗസ്ഥരുടെ താമസസ്ഥലങ്ങളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണിത് സംഭവിച്ചത്. രണ്ട് സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും പിന്നാലെ പുക ഉയരുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി.അതേസമയം, എല്ലാ അമേരിക്കക്കാരോടും മിഡില്‍ ഈസ്റ്റ് വിടാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അഭ്യര്‍ത്ഥന നടത്തിയതായും വിവരങ്ങളുണ്ട്.

യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവം. മേഖലയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വ്യോമഗതാഗതം താറുമാറായിരിക്കുകയാണ്. ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതോടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ശനിയാഴ്ചയ്ക്ക് ശേഷം അബുദാബിയില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനങ്ങളിലെ യാത്രക്കാര്‍ ഭീതിജനകമായ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്.

അബുദാബിയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍, തങ്ങളുടെ താമസസ്ഥലത്തിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നത് കണ്ടതായി വെളിപ്പെടുത്തുന്നുണ്ട്. സ്‌ഫോടനശബ്ദം കേള്‍ക്കാമായിരുന്നെന്നും പലപ്പോഴും അതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായും യാത്രക്കാര്‍ ഭയത്തോടെ പങ്കുവയ്ക്കുന്നു. ഹോട്ടലുകളില്‍ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മിസൈല്‍ അവശിഷ്ടങ്ങളുടെ ചാരം ഭക്ഷണത്തില്‍ വീണതായും ദൃക്സാക്ഷികള്‍ ഓര്‍ത്തെടുത്തു. മിസൈലുകള്‍ ആകാശത്തുവെച്ച് തകര്‍ക്കുന്നത് നേരിട്ട് കണ്ടതിന്റെ നടുക്കത്തിലാണ് യാത്രക്കാര്‍ ഇപ്പോഴും.

Content Summary: Israel-US war on Iran update; Fire at US embassy in Riyadh. US State department urges all Americans to leave Middle East

This post was last modified on March 3, 2026 9:29 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment