വെടിനിര്‍ത്തലിനു മുമ്പേ ഇസ്രയേലിന്റെ കൂട്ടക്കുരുതി

ഞായറാഴ്ച്ച അഭയാര്‍ത്ഥി ക്യാമ്പില്‍ ഉള്‍പ്പെടെ നടത്തിയ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടത് 38 പേര്‍

വെടിനിര്‍ത്തല്‍ കരാര്‍ തിങ്കളാഴ്ച്ച നിലവില്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഞായറാഴ്ച്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 38 പലസ്തീനികള്‍. നിരാലംബരായ പലസ്തീനികളെ താമസിപ്പിച്ചിരുന്ന അല്‍-മവാസിയിലെ ഒരു കടരോര ക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഖാന്‍ യൂനുസിലെ അല്‍-നാസര്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. ഗാസയിലെ ആരോഗ്യവിഭാഗം പറയുന്നത്, ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 80 പേര്‍ കൊല്ലപ്പെടുകയും 304 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ്.

അതേസമയം, ഞായറാഴ്ച്ച ഹൂതി ലക്ഷ്യങ്ങളില്‍ തങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയെന്ന വിവരം ഇസ്രയേല്‍ പങ്കുവച്ചിട്ടുണ്ട്. യമെന്‍ തുറമുഖത്തെ ഹൂതി കേന്ദ്രങ്ങളായ ഹൊദൈദ, റാസ് ഇസ, സാലിഫ് എന്നിവിടങ്ങളിലും, യെമനിലെ റാസ് ഖന്തിബ് പവര്‍ പ്ലാന്റും ഞായറാഴ്ച്ച വൈകിട്ട് ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ഹൂതികളില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണിക്കുള്ള മറുപടിയായിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ പറഞ്ഞത്.

അമേരിക്കയുടെ മധ്യസ്ഥതയില്‍ മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലിനും ഹമാസിനും ഇടയില്‍ നിലവില്‍ വരുമെന്ന പ്രതീക്ഷിക്കുകയാണ്. അത് ഏറ്റവും അടുത്ത് തന്നെ സാധ്യമാകുമെന്നും കരുതവെയാണ് സമീപ ദിവസങ്ങളിലായി ഇസ്രയേല്‍ രൂക്ഷമായ ആക്രമണങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 10 കണക്കിനു പേരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച്ച വാഷിംഗ്ടണില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഞായറാഴ്ച്ച വൈകിട്ട് അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട നെതന്യാഹു പറഞ്ഞത്, ഗാസയില്‍ തടവിലാക്കപ്പെട്ടവരെ തിരികെ കൊണ്ടു വരാനും ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാനും താന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നാണ്.

ട്രംപ് രണ്ടാമത് അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ ഇസ്രയേല്‍ പ്രധാനമമന്ത്രി നടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനമാണിത്. ഗാസയ്ക്കു പുറമെ ഇറാനുമായി നടന്ന ഏറ്റുമുട്ടലിനെ കുറിച്ചും ട്രംപും നെതന്യാഹുവും ചര്‍ച്ച ചെയ്യുമെന്ന കരുതുന്നു. ഇറാന്‍-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചതും തന്റെ ഇടപെടല്‍ കൊണ്ടാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതുപോലെ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ കൊണ്ടു വരുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

ഈ ആഴ്ച്ച തന്നെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. കരാര്‍ നിലവില്‍ വന്നതിനുശേഷം മുഴുവന്‍ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കും.കരാര്‍ നിലവില്‍ വരുന്നതിനു പിന്നാലെ തന്നെ ഏതാനും ബന്ദികളെ മോചിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായാണ് ട്രംപ് പറയുന്നത്.

ഹമാസും വെടിനിര്‍ത്തല്‍ കരാറിന് സമ്മതം മൂളിയിട്ടുണ്ട്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉള്ളത്. ബന്ദികളുടെ മോചനം, ഗാസയിലെ പ്രധാന ഭാഗങ്ങളില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍വാങ്ങള്‍,ഗാസയ്ക്കുള്ള സഹായം പുന: സ്ഥാപിക്കല്‍ എന്നിവ ഇതിന്റെ ഭാഗമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പറയുന്നു.  Israeli airstrikes in Gaza killed 38 Palestinians amid ceasefire talks

Content Summary; Israeli airstrikes in Gaza killed 38 Palestinians amid ceasefire talks

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment