July 09, 2025 |
Share on

ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ വെടിവയ്‌പ്പെന്ന് ആരോപണം; 30 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ലോകത്തില്‍ ഏറ്റവുമധികം മനുഷ്യര്‍ പട്ടിണി കിടക്കുന്ന സ്ഥലമാണ് നിലവില്‍ ഗാസ എന്നാണ് റിപ്പോര്‍ട്ട്‌

ഭക്ഷണം തേടിപ്പോയ പലസ്തീനികളെയും ഇസ്രയേല്‍ സേന വെടിവച്ചു കൊന്നതായി ആരോപണം. ഞായറാഴ്ച്ചയാണ് മനുഷ്യത്വരഹിതമായ പ്രവര്‍ത്തി ഇസ്രയേല്‍ സൈന്യം ആവര്‍ത്തിച്ചത്. ഇസ്രയേല്‍ പിന്തുണയുള്ള ഒരു ഫൗണ്ടേഷന്‍ ഗാസയില്‍ സ്ഥാപിച്ച സഹായ വിതരണ കേന്ദ്രത്തില്‍ ഭക്ഷണം തേടിയെത്തിയ പലസ്തീനികളില്‍ 30 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസ്തുത ആക്രമണത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നുണ്ടെന്ന് റെഡ് ക്രോസ് പ്രവര്‍ത്തിപ്പിക്കുന്ന ആശുപത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

റഫയില്‍ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ജിഎച്ച്എഫ്) നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്കാണ് ഇസ്രയേല്‍ സേന അക്രമണം അഴിച്ചുവിട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഭക്ഷണത്തിനായി കാത്തു നിന്നവര്‍ക്കെതിരേ ഇസ്രയേല്‍ സൈനികര്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് യാറിന്‍ അബു അല്‍-നജ എന്ന 44 കാരന്‍ ദി ഗാര്‍ഡിയനോട് പറയുന്നത്. നജയുടെ സഹോദരനും രണ്ടു സുഹൃത്തുക്കളും ഭക്ഷണ വിതരണ കേന്ദ്രത്തില്‍ പോയിരുന്നു. തന്റെ സഹോദരന് മുതുകില്‍ വെടിയേറ്റു, അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലാണെന്നും നജ പറയുന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ക്ക് പരിക്കേറ്റു. അക്രമണത്തിന് ഇരയായവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും വഴിയില്ലായിരുന്നു. ആംബുലന്‍സുകള്‍ക്കൊന്നും അവിടേക്ക് എത്താന്‍ പറ്റുമായിരുന്നില്ല. കഴുതകള്‍ വലിക്കുന്ന വണ്ടികളിലും മറ്റുമാണ് ആളുകളെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നും ആ 44 കാരന്‍ വേദനയോടെ പറയുന്നു. ആശുപത്രിയിലാണെങ്കില്‍ സ്ഥലമില്ലായിരുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരെയും കൊണ്ട് എല്ലായിടവും നിറഞ്ഞിരുന്നു. ഭയാനകമായ സാഹചര്യം, നജ പറയുന്നു. കൈയും കാലും ഇല്ലാതെ, ശരീരത്തിന്റെ പല അവയവങ്ങളും നഷ്ടപ്പെട്ട്, ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നു മനുഷ്യരെ അവിടെ കാണാന്‍ കഴിഞ്ഞത്; നജയുടെ വാക്കുകളില്‍ ഭീതി നിറഞ്ഞു നില്‍ക്കുകയാണ്. ആരാണ് ആക്രമിച്ചതെന്ന് റഫയിലെ ഫീല്‍ഡ് ആശുപത്രിയധികൃതര്‍ വ്യക്തമാക്കുന്നില്ലെങ്കിലും 175 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ടെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്. 179 ഓളം പേരെ മരണാസന്നരായി ഫീല്‍ഡ് ആശുപത്രിയില്‍ എത്തിച്ചുവെന്നും അവരില്‍ 21 പേര്‍ കൊണ്ടുവന്ന സമയത്ത് തന്നെ മരണപ്പെട്ടുവെന്നുമാണ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ്(ഐസിആര്‍സി) പറയുന്നത്.

ഒരു വര്‍ഷം മുമ്പ് ഫീല്‍ഡ് ആശുപത്രി സ്ഥാപിതമായതിനുശേഷം, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിതെന്നാണ് ഐസിആര്‍സി പറയുന്നത്. ‘പരിക്കേറ്റവര്‍ എല്ലാവരും തന്നെ സഹായ വിതരണ സ്ഥലത്ത് എത്താന്‍ ശ്രമിച്ചവരായിരുന്നുവെന്നും റെഡ്‌ക്രോസ് സമ്മതിക്കുന്നുണ്ട്.

ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഗസയിലെ ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

സാധാരണക്കാര്‍ക്കെതിരേ വെടിയുതിര്‍ത്തു എന്ന വാര്‍ത്ത ഇസ്രയേല്‍ സേന നിഷേധിക്കുകയാണ്. എന്നാല്‍, ശനിയാഴ്ച്ച സഹായ വിതരണ സ്ഥലത്തിന് സമീപം തങ്ങളുടെ സൈനികരെ ആക്രമിക്കാന്‍ ശ്രമിക്കുന്നവരെന്നു സംശയിക്കുന്നവര്‍ക്കെതിരേ മുന്നറിയിപ്പ് വെടിയുതിര്‍ത്തിരുന്നതായി ഇസ്രായേല്‍ പ്രതിരോധ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആരാണ് ആ സംശയിക്കപ്പെട്ടവര്‍ എന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.  Israeli forces opened fire on people near distribution point, 30 Palestinians were killed

Content Summary; Israeli forces opened fire on people near distribution point, 30 Palestinians were killed

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×