June 04, 2026 |
Share on

ഭക്ഷണം തേടി വന്ന മനുഷ്യരെ വീണ്ടും കൂട്ടക്കൊല ചെയ്ത് ഇസ്രയേല്‍ സൈന്യം

ഇറാനിലെ ആക്രമണത്തിനൊപ്പം പലസ്തീനികളുടെ കൂട്ടക്കൊലയും തുടര്‍ന്ന് ഇസ്രയേല്‍

ഒരു രാജ്യം ഒരേസമയം രണ്ട് രാജ്യങ്ങളിലെ ജനങ്ങളെ കൊല്ലുന്നു. ഇറാനിലും പലസ്തീനിലും സാധാരണ ജനങ്ങളെ ഉന്നം വയ്ക്കുകയാണ് ഇസ്രയേല്‍. ഇറാനെതിരായ ആക്രമണം രൂക്ഷമാക്കുന്നതിനിടയില്‍ പലസ്തീനിലെ കൂട്ടക്കൊലകള്‍ അവര്‍ തുടരുകയാണ്. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്ന ജനങ്ങളെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരകളാക്കുന്നത്. ഏറ്റവും പുതിയ വാര്‍ത്തയനുസരിച്ച് 37 പലസ്തീനികളാണ് തിങ്കളാഴ്ച്ച കൊല്ലപ്പെട്ടത്. ഗാസയ്ക്ക് സമീപം സ്വകാര്യ യുഎസ് സഹായവിതരണ കേന്ദ്രമായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ(ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തില്‍ ഭക്ഷണത്തിനായി എത്തിയവരാണ് കൊല്ലപ്പെട്ടത്. ജിഎച്ച്എഫിന് കാവല്‍ നില്‍ക്കുന്നത് ഇസ്രയേല്‍ സൈനികരാണ്.

വിശന്നു വലഞ്ഞുവന്ന പലസ്താനികള്‍ക്കു നേരെ ഇസ്രയേല്‍ സൈനികര്‍ നിറയൊഴുക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ജിഎച്ച്എഫിന്റെ രണ്ട് കേന്ദ്രങ്ങളിലായി തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് വെടിവയ്പ്പ് നടന്നത്.

മൂന്നാഴ്ച്ച മുമ്പാണ് ജിഎച്ച്എഫ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ദിനം പ്രതിയെന്നോണം വെടിവയ്പ്പ് നടക്കാറുണ്ടെന്നാണ് വിവരം. ഇതിനിടയില്‍ ഇത്രയും മനുഷ്യര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. തെക്കന്‍ നഗരമായ റാഫയ്ക്ക് സമീപമുള്ള ജിഎച്ച്എഫ് സെന്ററിലേക്കും മധ്യ ഗാസയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ജിഎച്ച്എഫ് സെന്ററിലേക്കും ഭക്ഷണം തേടിയെത്തിയവരാണ് തിങ്കളാഴ്ച്ചത്തെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും എന്നാണ് ഗാസ ആരോഗ്യമന്ത്രാലയം പറയുന്നത്. മറ്റ് നാല് പേര്‍ മറ്റിടങ്ങളിലായി കൊല്ലപ്പെട്ടതാവരാണ്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ ഫ്‌ളാഗ് റൗണ്ട് എബൗട്ടില്‍ ഇസ്രയേല്‍ സൈന്യം ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ ഹെബ ജൗദയും മുഹമ്മദ് അബെദും അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്. റാഫ സൈറ്റില്‍ ഭക്ഷണം വാങ്ങാന്‍ എത്തിയ പലസ്തീനികളാണിവര്‍. ജിഎച്ച്എഫ് സെന്ററിന് ഏകദേശം നൂറ് മീറ്റര്‍ മാറിയുള്ള ട്രാഫിക്ക് സര്‍ക്കിളായ ഫ്‌ളാഗ് റൗണ്ട് എബൗട്ടില്‍ ഇപ്പോള്‍ പലതവണയായി ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പ്പ് ഉണ്ടായിട്ടുണ്ടെന്നാണ് പലസ്തീനികള്‍ പറയുന്നത്.

ഗാസയില്‍ സഹായവിതരണത്തിനായി സ്ഥാപിതമായതാണെങ്കിലും ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ജിഎച്ച്എഫ്) വിവാദങ്ങള്‍ ചുമക്കുന്നൊരു സന്നദ്ധസേവന സംഘടനയാണ്. കാരണം, ഇത് ഇസ്രയേല്‍ സഹായത്തോടെ അമേരിക്ക പിന്തുണയ്ക്കുന്ന സംഘടനയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉപദേശകനായിരുന്ന വ്യക്തിയാണ് ജിഎച്ച്എഫിന്റെ തലപ്പത്ത്. ഇസ്രയേല്‍-യുഎസ് ഭകണകൂടങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ സ്വാധീനമുണ്ട്. 2025 ഫെബ്രുവരിയില്‍ സ്ഥാപിതമായ ജിഎച്ച്എഫ്, സ്വിറ്റ്സര്‍ലന്‍ഡിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും യുഎസിലെ ഡെലവെയറിലാണ് ആസ്ഥാനം. ഗാസ മുനമ്പിലെ സാധാരണ ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മാനുഷിക സഹായം വിതരണം ചെയ്യുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യമായി പറയുന്നത്. 2025 മെയ് 26 ന് ജിഎച്ച്എഫ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവര്‍ ഇതിനകം ഗാസയില്‍ ഏഴ് ദശലക്ഷത്തിലധികം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുവെന്നാണ് പറയുന്നത്. 90 ദിവസത്തിനുള്ളില്‍ 300 ദശലക്ഷം ഭക്ഷണപ്പൊതികള്‍ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അവകാശപ്പെട്ടിട്ടുണ്ട്.

എന്നാല്‍ മാനുഷിക സഹായത്തിന്റെ മറവില്‍ ഇസ്രയേല്‍ സൈന്യത്തിന് പലസ്തീനികളെ ആക്രമിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയാണോ ജിഎച്ച്എഫിന്റെ ലക്ഷ്യമെന്നാണ് ഉയരുന്ന ചോദ്യം. ഇസ്രയേല്‍, അമേരിക്കന്‍ ഭരണകൂടങ്ങളുടെ ഇടപെടല്‍ ഉള്ളതുകൊണ്ട് ജിഎച്ച്എഫിന്റെ സ്വതന്തപ്രവര്‍ത്തനം സാധ്യമാകുന്നില്ലെന്നാണ് ആക്ഷേപം. ഐക്യരാഷ്ട്രസഭയില്‍ നിന്നും വിവിധ മാനുഷിക സംഘടനകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ജിഎച്ച്എഫ് നേരിട്ടിട്ടുണ്ട്. യുഎസ്, ഇസ്രയേല്‍ സര്‍ക്കാരുകളുമായുള്ള ജിഎച്ച്എഫിന്റെ അടുത്ത ബന്ധം അതിന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും അപകടപ്പെടുത്തുന്നുണ്ടെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്.

സഹായ വിതരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജിഎച്ച്എഫ് ആയുധധാരികളായവരെ ഉപയോഗിക്കുന്നത് തന്നെ അവരോടുള്ള പ്രതിഷേധത്തിന് കാരണമാണ്. സംഘടനയുടെ നിഷ്പക്ഷത, സ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക തത്വങ്ങള്‍ ലംഘിക്കുന്ന സമീപനമാണ് ഇതിലൂടെ ജിഎച്ച്എഫ് സ്വീകരിക്കുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. മറ്റൊന്ന് അവരുടെ സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളാണ്. അവര്‍ പക്ഷപാതം കാണിക്കുന്നുണ്ട്, ഉത്തരവാദിത്തം നിറവേറ്റുന്നില്ല എന്നീ ആരോപണങ്ങളും ശക്തമാണ്.

ഈജിപ്ഷ്യന്‍ അതിര്‍ത്തിക്കടുത്ത് സഹായവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴി ജിഎച്ച്എഫ് ലക്ഷ്യമിടുന്നത്, ഗാസയില്‍ നിന്ന് പലസ്തീനികളെ സ്ഥിരമായി പുറത്താക്കുകയെന്നതാണെന്നും വിമര്‍ശകര്‍ ഭയക്കുന്നുണ്ട്. ഇവരുടെ ഭക്ഷണ വിതരണകേന്ദ്രങ്ങള്‍ പ്രധാനമായും സ്ഥാപിച്ചിരിക്കുന്നത് നിയന്ത്രിക മേഖലകളിലും, കനത്ത സൈനിക സാന്നിധ്യമുള്ളയിടങ്ങളിലുമാണ്. ഇത്തരം മേഖലകളിലേക്ക് പലസ്തീനികളെ അവരുടെ പട്ടിണി മുതലെടുത്ത് എത്തിക്കുകയാണ്. അത്യധികം അപകടമേഖലകളിലേക്ക് എത്തുന്ന ജനങ്ങളാണ് ഇസ്രയേലി സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിഎച്ച്എഫിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമാണ്.

ഗാസയില്‍ മാനുഷിക സഹായ വിതരണത്തിന്റെ കാര്യത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന യുഎന്‍ആര്‍ഡബ്ല്യുഎ, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയവയെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ജിഎച്ച്എഫിനെ സൃഷ്ടിച്ചതിന് പിന്നില്‍ ഉണ്ടെന്ന പരാതിയും ശക്തമാണ്.  Israeli shooting near a food distribution center, resulting in the deaths of 37 Palestinian

Content Summary; Israeli shooting near a food distribution center, resulting in the deaths of 37 Palestinian

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×