ഗാസയിലെ മാധ്യമപ്രവർത്തകരെ ഹമാസ് ഭീകരരായി ചിത്രീകരിക്കാൻ ഇസ്രായേലി യൂണിറ്റിന് ചുമതല നൽകിയതായി റിപ്പോർട്ട്. പലസ്തീൻ മാസികയായ +972 ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഈ വിമർശനങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനാണ് ഇത്തരമൊരു നീക്കവുമായി ഇസ്രയേൽ രംഗത്തു വന്നത്.
ഇവയ്ക്ക് പുറമേ പ്രധാനമായ സഖ്യകക്ഷികളിൽ നിന്ന് നയതന്ത്രപരവും സൈനികവുമായി പിന്തുണ നേടുകയെന്നതും ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമാണ്. മാധ്യമപ്രവർത്തകരെ ഹമാസ് പോരാളികളായി ചിത്രീകരിക്കുന്നതോടെ സ്വാഭാവികമായും അവരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ സംഭവിക്കും. അത്തരത്തിൽ സംഭവിച്ചാൽ അത് തങ്ങൾക്ക് ഗുണം ചെയ്തേക്കുമെന്നും ഇസ്രയേൽ കരുതുന്നു. ഗാസയിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർത്താനും ഈ വിരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രയേലിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയുമാണ് ഇസ്രയേലിന്റെ ലക്ഷ്യം.
അൽജസീറയിലെ മാധ്യമപ്രവർത്തകനായ അനസ് അൽ ഷരീഫും നാല് സഹപ്രവർത്തകരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുന്നതേയുള്ളൂ. ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായോടെ ഷെരീഫ് ഹമാസ് കമാൻഡറായിരുന്നു എന്ന വാദവുമായാണ് ഇസ്രയേൽ രംഗത്തു വന്നത്. ഗാസ സിറ്റിയിൽ മാധ്യമപ്രവർത്തകർക്കായി നിർമ്മിച്ചിരുന്ന താത്കാലിക ഷെഡിന് നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. ഗാസയിൽ മാധ്യമപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളെ വെളിപ്പെടുത്തുന്നതായിരുന്നു അനസ് അൽ ഷരീഫിന്റെ മരണം. ഈ സംഭവം ആഗോള തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ പുറത്തു നിന്നുള്ള മാധ്യമപ്രവർത്തകർക്ക് ഗാസയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പലസ്തീൻ ജനതയോട് സംസാരിക്കുന്നതിലും സൈന്യം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റുകളിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇസ്രയേൽ ആക്രമണത്തിൽ 180ലധികം മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ച് ഇസ്രയേൽ നടത്തിയ ആസൂത്രിത ആക്രമണത്തിൽ 26ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവയെ കൊലപാതകങ്ങളായാണ് പരിഗണിക്കുന്നത്. ഷെരീഫിന് ഹമാസുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്ന തെളിവുകൾ കെട്ടിചമയ്ക്കാനുള്ള ശ്രമങ്ങളും ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റു മൂവരെക്കുറിച്ചും ഇതുവരെ ഇവർ ഒരക്ഷരം മിണ്ടിയിട്ടില്ല. 2024ലും അനസ് അൽ ഷെരീഫിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. കൃത്യമായ തെളിവുകളോടെ തന്നെ ഈ വാദത്തെ ഷെരീഫ് തടഞ്ഞിരുന്നു. അനസിന്റെ ഗാസ റിപ്പോർട്ടിംഗ് ലോകശ്രദ്ധ ആകർഷിച്ചതോടെയാണ് ഇസ്രയേൽ രോഷം കടുത്തത്. പലസ്തീൻ മാധ്യമപ്രവർത്തകർ ചെയ്യുന്ന പ്രവർത്തനങ്ങളെ കുറ്റകൃത്യങ്ങളായി ചിത്രീകരിക്കാൻ ഇസ്രയേൽ ചുമതലയുള്ള സംഘം ശ്രമിച്ചതായി ഇന്റലിജൻസ് വ്യത്തം +972 മാസികയോട് വ്യക്തമാക്കി.
content summary: Israeli unit accused of labeling Gaza journalists as Hamas operatives