ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ 83 ശതമാനം പേരും സാധാരണക്കാർ. ഇസ്രായേൽ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഗാർഡിയൻ, +972, ലോക്കൽ കോൾ എന്നീ മാധ്യമങ്ങൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഇസ്രായേൽ സൈനിക ഇന്റലിജൻസ് വിഭാഗത്തിൽ നിന്ന് പുറത്തുവന്ന കണക്കുകൾ പ്രകാരം, 2025 മെയ് മാസം വരെ, 8,900 ഹമാസ്, പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അതേ കാലയളവിൽ ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 53,000ത്തിന് മുകളിലാണ്.
ഈ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ, കൊല്ലപ്പെട്ടവരിൽ ഹമാസ്, പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങൾ എണ്ണം ആകെ 17 ശതമാനം മാത്രമാണ്. ഇസ്രയേൽ ആക്രമണത്തിൽ ഒരു വലിയ വിഭാഗം സാധാരണക്കാർ കൊല്ലപ്പെട്ടതായി ഈ കണക്കുകളിൽ നിന്ന് വ്യക്തമാണ് ആധുനിക യുദ്ധങ്ങളുടെ ചരിത്രത്തിൽ സാധാരണക്കാരുടെ മരണനിരക്ക് ഇത്രയും ഉയരുന്നത് വളരെ അപൂർവമാണ്. റുവാണ്ടൻ വംശഹത്യ, 1995ലെ സ്രെബ്രെനിസ കൂട്ടക്കൊല, 2022-ലെ റഷ്യയുടെ മരിയുപോൾ ഉപരോധം എന്നിവയിൽ മാത്രമാണ് ഇതിനേക്കാൾ ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.
സിറിയൻ, സുഡാൻ ആഭ്യന്തരയുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഇത് വളരെ ഉയർന്ന മരണനിരക്കാണ്. ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന വെളിപ്പെടുത്തൽ യുദ്ധത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഇസ്രായേൽ സൈനിക നടപടികളെക്കുറിച്ചും കൂടുതൽ ഗുരുതരമായ ആശങ്ക ഉയർത്തുന്നു.
ഇസ്രായേൽ സൈനികവൃത്തങ്ങൾ പുറത്തുവിട്ട കണക്കുകൾക്ക് വിരുദ്ധമാണ് ഈ രഹസ്യാന്വേഷണ വിവരങ്ങൾ. നേരത്തെ, ഹമാസ് അംഗങ്ങളെ കൊലപ്പെടുത്തിയതിന്റെ നിരക്ക് 1:1 അനുപാതമോ അല്ലെങ്കിൽ 2:1 അനുപാതമോ ആണെന്ന് ഇസ്രായേലി നേതാക്കൾ അവകാശപ്പെട്ടിരുന്നു.
എന്നാൽ, റിപ്പോർട്ടിൽ നൽകിയിട്ടുള്ള കണക്കുകൾ തെറ്റാണെെന്ന നിലപാടിലാണ് ഇസ്രയേൽ സൈന്യം. എന്നാൽ കണക്കുകൾ വ്യക്തമാക്കാൻ ഇവർ തയ്യാറാവുകയും ചെയ്തിട്ടില്ല. ഈ റിപ്പോർട്ടുകൾ, ഇസ്രായേലിന്റെ സൈനിക നടപടികളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഗാസയിൽ ഇസ്രായേൽ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുകയും പട്ടിണിയിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിരവധി വംശഹത്യാ പണ്ഡിതന്മാരും, അഭിഭാഷകരും, മനുഷ്യാവകാശ പ്രവർത്തകരും, ഇസ്രായേലി അക്കാദമിക് വിദഗ്ധരും കാമ്പയിൻ ഗ്രൂപ്പുകളും, ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിക്കുന്നു. ഈ ആരോപണങ്ങൾ, ഇസ്രായേലിന്റെ സൈനിക നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഗാസയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും സംബന്ധിച്ച് ഈ വിഷയം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ആശുപത്രികളും സ്കൂളുകളും തകർന്നു, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല, ജനങ്ങൾ കടുത്ത ഭീതിയിലും ദുരിതത്തിലുമാണ് കഴിയുന്നത്. ഈ മാനുഷിക ദുരവസ്ഥക്ക് ഉടനടി പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആവശ്യമുയരുന്നുണ്ട്.
content summary: Israel’s military’s own data reveals that 83 percentage of those killed in the Gaza war were civilians.