June 06, 2026 |
Share on

ഗാസ പിടിച്ചെടുക്കാന്‍ കൂട്ടക്കുരുതിക്കൊരുങ്ങി ഇസ്രയേല്‍

കൂടുതൽ തീവ്രമായ സൈനിക ആക്രമണം ഉണ്ടാകുമെന്ന് ബെഞ്ചമിൻ നെതന്യാഹു

പുതിയ സൈന്യത്തിന്റെ കീഴിൽ ​ഗാസയിൽ കൂടുതൽ തീവ്രമായ സൈനിക ആക്രമണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നത് വരെ നിലവിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം തുടരുമെന്നും ​സുരക്ഷയുടെ ഭാ​ഗമായി ​ഗാസയിലെ നിരവധി പേരെ മാറ്റി പാർപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.Isreal to intensify military operation in gaza, prepares for mass slaughter

ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ദിവസം ഇസ്രയേൽ സർക്കാർ അം​ഗീകാരം നൽകിയിരുന്നു. ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സ് എന്നാണ് ​ഗാസ പിടിച്ചെടുക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് ഇസ്രയേൽ നൽകിയിരിക്കുന്ന പേര്.

വലിയ തോതിലുള്ള സൈനിക ആക്രമണം, ഗാസയിലെ ഭൂരിഭാഗം ജനങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുക, തുടർച്ചയായ വ്യോമാക്രമണങ്ങൾ, ഹമാസ് പോരാളികളെ ലക്ഷ്യമാക്കിയുള്ള യുദ്ധം, ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാസയിൽ ഹമാസിൽ നിന്ന് മുക്തമായ പ്രദേശങ്ങൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

അതേസമയം, പുതിയ പദ്ധതി കൂടുതൽ സിവിലിയൻ മരണങ്ങൾക്കും നാശത്തിനും കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഗാസ ഭാവിയിൽ പലസ്തീൻ രാജ്യത്തിന്റെ ഭാഗമായി തുടരണമെന്ന ആശയമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആക്രമണം വർദ്ധിക്കുന്നത് ഒരു രാജ്യത്തിനും ​ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടി യുകെയും ഇസ്രയേലിന്റെ നീക്കത്തെ വിമർശിച്ചു.

മാർച്ച് പകുതിയോടെ നടന്ന വെടിനിർത്തലിന് ശേഷം ​ഗാസയിൽ ഇസ്രയേൽ വീണ്ടും കനത്ത ആക്രമണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഗാസയിലേക്ക് അതിക്രമിച്ചു കയറിയ ഇസ്രയേൽ സൈന്യം അതിർത്തികളിൽ ബഫർ സോണുകൾ സൃഷ്ടിക്കുകയും പ്രദേശത്തിന്റെ വടക്കും തെക്കും നിയന്ത്രണം വ്യാപിപ്പിക്കുകയും ചെയ്തു. നിലവിൽ ഗാസയുടെ 70 ശതമാനത്തിലധികവും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്.

ഗാസയില്‍ ഹമാസിനെതിരെ ആക്രമണം കടുപ്പിച്ച് പ്രദേശം കീഴടക്കുന്ന പദ്ധതിക്കായി റിസര്‍വിലുള്ള പതിനായിരക്കണക്കിന് സൈനികരോട് യുദ്ധ രംഗത്തേക്കിറങ്ങാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടതായി ഇസ്രയേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ പറഞ്ഞു. ഗാസയിലേക്കുള്ള സഹായ വിതരണം ഇപ്പോഴും പ്രതിസന്ധിയിലാണ്. രണ്ട്  മാസത്തിലേറെയായി പട്ടിണിയും മാനുഷിക പ്രതിസന്ധിയും ​ഗാസയിൽ അതിരൂക്ഷമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ​ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം അവിടെ തന്നെയുണ്ടെന്ന് ഇസ്രയേൽ ഉദ്യോ​ഗസ്ഥർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബറിൽ ഗാസയിൽ ഹമാസ് തടവിലാക്കിയിരുന്ന 58 ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് മാർച്ച് പകുതി മുതൽ കർശനമായ ഉപരോധവും ആക്രമണങ്ങളും നടത്തിയത് എന്നും ഇസ്രയേൽ പറയുന്നു. 2023 ഒക്ടോബറിൽ നടന്ന ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേതുടർന്നുള്ള ഇസ്രയേലിന്റെ പ്രതിരോധാക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 52,535 പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗാസയിൽ നിന്ന് ഈജിപ്ത്, ജോർദാൻ പോലുള്ള രാജ്യങ്ങളിലേക്ക് പലസ്തീനികളെ മാറ്റണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയത്തെ നെതന്യാഹു ഇപ്പോഴും പിന്തുണയ്ക്കുന്നതായി ഇസ്രയേൽ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഗാസയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിലൂടെ ഹമാസുമായുള്ള ചർച്ചകളിൽ കൂടുതൽ മുന്നേറ്റം നേടാൻ സഹായിക്കുമെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ പറയുന്നതായി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പുതിയ ആക്രമണം വെറുമൊരു സൈനിക പദ്ധതിയല്ലെന്നും മറിച്ച് ഹമാസിനെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു തന്ത്രമാണെന്നും വി​ദ​ഗ്ധർ അഭിപ്രായപ്പെട്ടു. പുതിയ സഹായ പദ്ധതിയെ രാഷ്ട്രീയ ബ്ലാക്ക്‌മെയിൽ എന്നാണ് ഹമാസ് വിമർശിച്ചത്. ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിക്ക് കാരണം ഇസ്രയേലാണെന്നും ഹമാസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർക്കെതിരെ ഇസ്രയേൽ യെമനിൽ വ്യോമാക്രമണം നടത്തിയിരുന്നു. Isreal to intensify military operation in gaza, prepares for mass slaughter

Content Summary: Isreal to intensify military operation in gaza, prepares for mass slaughter

Leave a Reply

Your email address will not be published. Required fields are marked *

×