പത്ത് വർഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരൻ രൂപേഷിന്റെ നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് ഭാര്യ അഡ്വ. ഷൈന പി. എ. ജയിലിലെ പീഡനങ്ങളെക്കുറിച്ചല്ല പുസ്തകത്തിൽ പറയുന്നതെന്നും ജയിൽ അധികൃതർ ഭയക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് അഴിമുഖത്തോട് പ്രതികരിച്ചപ്പോൾ ഷൈന പറഞ്ഞത്. ഒരു വ്യക്തി ആത്മീയമായും വൈകാരികമായും ജയിലിനെ ഉൾക്കൊള്ളുന്നതെങ്ങനെയെന്നാണ് ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകളിൽ’ പറയുന്നതെന്ന് ഷൈന പറയുന്നു. രൂപേഷിന്റെ രണ്ടാമത്തെ നോവലാണ് ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’.
രൂപേഷിന്റെ പേരിൽ പുസ്തകം പുറത്തിറങ്ങേണ്ട എന്നൊരു വാശി കൂടി പ്രസിദ്ധീകരണം തടയുന്നവർക്ക് ഉണ്ടായിരിക്കാം എന്നും ഷൈന അഴിമുഖത്തോട് പറഞ്ഞു. ജനാധിപത്യരാജ്യത്ത് ഒന്നും ഒളിച്ചുകടത്തേണ്ട ആവശ്യമില്ലല്ലോ എന്നാണ് ഷൈന ചോദിക്കുന്നത്. രൂപേഷിന്റെ പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നൽകാത്തതിൽ പ്രതിഷേധമറിയിച്ച് എഴുത്തുകാരും ആക്ടിവിസ്റ്റുകളുമുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
‘ജയിലിനെക്കുറിച്ച് എഴുതുന്ന പുസ്തകത്തിൽ അവിടത്തെ കാര്യങ്ങളല്ലേ പറയേണ്ടത്. രൂപേഷിന്റെ പുസ്തകം പുറത്തുവരുന്നതിൽ എന്തിനാണ് സർക്കാർ ഭയക്കുന്നത്. അത്രയ്ക്കും ഹീനമായ പ്രവൃത്തിയാണോ ജയിലിനുള്ളിൽ നടക്കുന്നത്. ജയിലിനുള്ളിൽ കഴിയുന്ന ഒരാൾ ജയിലിനെക്കുറിച്ച് എഴുതുമ്പോഴാണ് അതിനൊരു ആധികാരികതയുണ്ടാകുന്നത്. ജയിലിൽ കിടന്ന എത്രയോ പേർ പുസ്തകങ്ങളും ഓർമക്കുറിപ്പുകളുമെല്ലാം എഴുതിയിട്ടുണ്ട്. അങ്ങനെയെങ്കിൽ രൂപേഷിന്റെ പുസ്തകം മാത്രം തടഞ്ഞുവെക്കുന്നതിൽ ന്യായമില്ല.
പ്രതികൾക്കെതിരെ ജയിലിൽ നടക്കുന്ന ശാരീരീക പീഡനത്തെക്കുറിച്ച് ഒന്നും പുസ്തകത്തിൽ പറയുന്നില്ല. ഒരാൾ തന്റെ ബൗദ്ധിക തലത്തിനപ്പുറത്തേക്ക് എങ്ങനെയാണ് ജയിലിൽ കഴിയുന്നത്, എങ്ങനെയാണ് അയാൾ മാനസികമായി അതിനെ കൈകാര്യം ചെയ്യുന്നത്. എന്നെല്ലാമാണ് ബന്ധിതരുടെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നത്. ഒരു വ്യക്തി ആത്മീയമായും വൈകാരികമായും ജയിലിനെ ഉൾക്കൊള്ളുന്നതെങ്ങനെ എന്നതാണ് ഈ പുസ്തകം.
ജയിലിൽ കഴിയുന്ന ഒരാൾക്ക് അയാളുടെ വ്യക്തിത്വം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. തന്റെ വസ്ത്രത്തിൽ തുന്നി ചേർത്തിരിക്കുന്ന ഒരു നമ്പർ മാത്രമായിട്ട് ഒരു വ്യക്തി ചുരുങ്ങുകയാണ്. കാപ്പി കുടിക്കാനാണ് അയാൾ ഇഷ്ടപ്പെടുന്നതെങ്കിൽ അതിന് ജയിലിൽ കഴിയില്ല. അവിടെ ചിലപ്പോൾ ലഭിക്കുന്നത് ചായ ആയിരിക്കും. ഒരാൾക്ക് നഷ്മാകുന്ന എന്നാൽ ഏറെ ആഗ്രഹിക്കുന്ന ചെറിയ കാര്യങ്ങളുണ്ട്. അതാണ് പ്രധാനമായും നോവലിൽ പറയുന്നത്. പുസ്തകം പ്രസിദ്ധീകരിക്കാതിരിക്കാൻ പ്രത്യേകിച്ച് ഒരു കാരണമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷേ ജയിലിലെ പീഡനങ്ങളേക്കാൾ ജയിൽ അധികൃതർ ഭയക്കുന്നത് അപമാനവീകരണം ആയിരിക്കും. ജയിലിൽ മനുഷ്യൻ മനുഷ്യനല്ലാതെയാകുക എന്നൊരു അവസ്ഥയുണ്ടല്ലോ?
നിയമം എത്ര കർശനമാകുന്നുവോ തെളിവുകൾ അത്രയും കൃത്യതയുള്ളതായിരിക്കണം. എന്നാൽ മാത്രമാണ് ഒരാളെ ശിക്ഷിക്കാൻ കഴിയുക എന്നതാണ് നിയമത്തിന്റെ പൊതുരീതി. അതേസമയം, യുഎപിഎയെ സംബന്ധിച്ച് എത്രത്തോളം ആരോപണം കടുക്കുന്നുവോ അത്രയും കുറവ് തെളിവാണ് ആവശ്യം. പല തടവുകാരെയും വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് ജയിലിൽ അടച്ചിട്ടുള്ളത്. എത്രയോ വർഷം ജയിലിൽ കിടന്നിട്ടാണ് സായിബാബ പുറത്തുവരുന്നത്?
ജയിലിൽ കണ്ടുമുട്ടിയ നിരവധി പേർ രൂപേഷിന്റെ പുസ്തകത്തിൽ കഥാപാത്രങ്ങളായി മാറാം. കുറ്റം പോലും ചെയ്യാതെ ജയിലിനുള്ളിൽ കിടക്കുന്ന ഒരുപാട് പേരുണ്ട്. വളരെ മോശമായി പരിഗണിക്കുന്നവരും നന്നായി പരിഗണിക്കുന്നവരും ഉൾപ്പെടെ പല തരത്തിലുള്ള ജയിൽ ഉദ്യോഗസ്ഥരുമുണ്ടാകും. സമൂഹത്തിലുള്ള പേര് കാരണം വളരെ അനുഭാഭപൂർണമായ ഒരു തടവറ ജീവിതം നയിക്കുന്നയാളാണ് രൂപേഷ്. എന്നാൽ പോലും അയാൾക്ക് ജയിലിനുള്ളിൽ പലപ്പോഴും സ്വകാര്യത നഷ്ടപ്പെടുകയാണ്. തന്റെ ഭാര്യക്കെഴുതിത കത്ത് സെൻസർ ചെയ്യാൻ കൊണ്ടുപോകുമ്പോഴാണ് ആ സ്വകാര്യതയില്ലായ്മയെക്കുറിച്ച് ഓർമവരുന്നത്. ജയിലിൽ വെച്ച് പല കഥകളും രൂപേഷ് എഴുതിയിരുന്നു. എന്നാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല.
രൂപേഷ്
തുടക്കത്തിൽ തന്നെ പുസ്തകം എഴുതി രൂപേഷ് വലിയൊരാളാകേണ്ട എന്നൊരു വാശി കൂടി പ്രസിദ്ധീകരണം തടയുന്നവർക്ക് ഉണ്ടായിരുന്നു എന്ന് കരുതുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ രൂപേഷ് കോടതിയിൽ നൽകിയത് ജനുവരി 17 നാണ്. എന്നാൽ അപേക്ഷ ജയിലിൽ നിന്നും പോകാതിരുന്നതിനാൽ ഫെബ്രുവരിയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകുകയായിരുന്നു. അത് അവിടെ എത്തിയിട്ടുണ്ടാകാം എന്നാൽ ഇതിൽ തീരുമാനമൊന്നും ആരും കൈക്കൊണ്ടില്ല. രൂപേഷിന്റെ പ്രധാന ശിക്ഷയുടെ കാലാവധി കഴിഞ്ഞു. ഇനി ഫൈൻ അടയ്ക്കാത്ത ശിക്ഷയും മറ്റൊന്ന് തമിഴ്നാട്ടിലെ കേസുകളിലൊക്കെ ജാമ്യത്തിന്റെ കാര്യത്തിൽ കുറച്ച് സങ്കീർണതകൾ ഉള്ളതാണ്. അതായത് സുപ്രീം കോടതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായ ബെയിൽ കണ്ടീഷനുകളൊക്കെയുണ്ട്. അത് മാറ്റണമെന്ന രീതിയിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഇതുവരെ സുപ്രീം കോടതിയിൽ നിന്ന് വിധി വന്നിട്ടില്ല. അതിനാലാണ് യഥാർത്ഥത്തിൽ നിലവിൽ രൂപേഷ് ജയിലിൽ കഴിയുന്നത്.
ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിലാണ് ഒരാൾ എഴുതിയ നോവൽ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിക്കേണ്ടി വരുന്നത്. എന്നാൽ നമ്മൾ യുദ്ധത്തിലൊന്നുമല്ലല്ലോ. ജനാധിപത്യരാജ്യമെന്ന് നമ്മൾ പറയുന്ന, ഭരണഘടനയുള്ള, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു രാജ്യത്താണല്ലോ കഴിയുന്നത്. അങ്ങനെവരുമ്പോൾ ഒന്നും ഒളിച്ചുകടത്തേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ നമ്മുടെ കലാസൃഷ്ടി പ്രസിദ്ധീകരിക്കാനുള്ള അനുമതി ലഭിക്കേണ്ടതാണ്.
രൂപേഷിന്റെ ആരോഗ്യ സ്ഥിതിയിൽ മുൻപൊന്നും വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഗിൽബേർട്ട് സിൻഡ്രോം എന്നൊരു കണ്ടീഷനുണ്ട്. നിരാഹാരം കിടക്കുമ്പോൾ ഒരാൾക്ക് മഞ്ഞപ്പിത്തം പിടിപെടാനുള്ള സാധ്യതയുണ്ട്. അതാണിപ്പോൾ ഉണ്ടായിരിക്കുന്നത്. ആശുപത്രിയിൽ വെച്ച് രൂപേഷിനെ കാണാൻ പോലും ഞങ്ങളെ അനുവദിച്ചിരുന്നില്ല. അത് മനുഷ്യാവകാശ ലംഘനമാണ്. നിലവിലെ അവസ്ഥയെന്താണെന്ന് പോലും ഞങ്ങൾക്കറിയില്ല, ഷൈന പി. എ അഴിമുഖത്തോട് പറഞ്ഞു.
മെയ് 27 നാണ് നിരാഹാരത്തെ തുടർന്ന് ആരോഗ്യം മോശമായ രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ആശുപത്രിയിലും രൂപേഷ് നിരാഹാരം തുടരുകയായിരുന്നു.Maoist Roopesh’s book withheld, Wife acuse human rights violation
Content Summary: Maoist Roopesh’s book withheld, Wife acuse human rights violation
This post was last modified on May 31, 2025 6:15 am
Leave a Comment