June 03, 2026 |

കാതലും കരുത്തുമുള്ള സ്ഥാനാർഥികൾ; തലയെടുപ്പുള്ള പോരാട്ടത്തിന് നിലമ്പൂർ

നിലമ്പൂര്‍ ഇതുവരെ കാണാത്ത രാഷ്ട്രീയ മത്സരം

തേക്കിന്‍ കാടുകളുടെ വിളനിലമായ നിലമ്പൂര്‍ മണ്ണില്‍ കാതലും കരുത്തുമുള്ള പ്രബലന്മാരായ സ്ഥാനാര്‍ത്ഥികള്‍ കൂടിയായതോടെ ഉപതിരഞ്ഞെടുപ്പില്‍ പോരാട്ടവും മുറുകും. ആര്യാടന്‍ ഷൗക്കത്തും എം സ്വരാജുംഅങ്കത്തട്ടില്‍ ഇറങ്ങിയതോടെ നിലമ്പൂര്‍ കാണാനിരിക്കുന്നത് വലിയൊരു പോരാട്ടം തന്നെയാണ്. ഇടത് വലത് സ്ഥാനാര്‍ത്ഥികളില്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കാതെ പിവി അന്‍വറും നിലയുറപ്പിച്ചതോടെ രാഷ്ട്രീയ കേരളം അടുത്തൊന്നും കാണാത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാകും വരും ദിവസങ്ങളില്‍ സാക്ഷിയാകുക. നിലമ്പൂര്‍ ഇതുവരെ കാണാത്ത രാഷ്ട്രീയ മത്സരം.

വലത് കോട്ടയെന്ന് വിളിപ്പേരുള്ള നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ സ്വന്തം ചിഹ്നത്തില്‍ മത്സരരംഗത്തിറങ്ങിയവര്‍ തന്നെ വിരളമാണ്. 1965 ല്‍ മഞ്ചേരിയില്‍ നിന്ന് വേര്‍പെടുത്തിയാണ് നിലമ്പൂര്‍ മണ്ഡലം രൂപീകരിച്ചത്. ആദ്യ തിരഞ്ഞെടുപ്പില്‍ കെ കുഞ്ഞാലി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. പിന്നീട് പലരും സ്ഥാനാര്‍ത്ഥികളായെങ്കിലും മണ്ഡലത്തില്‍ പാര്‍ട്ടിക്കൊരു എംഎല്‍എ യെ സിപിഎമ്മിന് കിട്ടിയിരുന്നില്ല. 2006 ല്‍ പി ശ്രീരാമകൃഷ്ണനായിരുന്നു പാര്‍ട്ടി ചിഹ്നത്തില്‍ അവസാനമായി നിലമ്പൂരില്‍ നിന്നും മത്സരിച്ചത്.

നിലമ്പൂര്‍ മണ്ണിന്റെ ചൂരും ചൂടും അറിഞ്ഞ് വളര്‍ന്നവരാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദയിലുള്ള ആര്യാടന്‍ ഷൗക്കത്തും, എം സ്വരാജും. നാല് പതിറ്റാണ്ട് നിലമ്പൂര്‍ അടക്കിഭരിച്ച ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ എന്നതിലുപരി നിലമ്പൂരുകാര്‍ക്ക് ബാപ്പൂട്ടിക്കയാണ് ഷൗക്കത്ത്. നിലമ്പൂര്‍ ജനതയ്ക്കിടയില്‍ ആര്യാടന്‍ മുഹമ്മദ് കെട്ടിപ്പടുത്ത ജനസമ്മതി തന്നെയാണ് ബാപ്പൂട്ടിക്കയുടെയും ശക്തി.

സിറ്റിങ് സീറ്റായ നിലമ്പൂരില്‍ സിപിഎമ്മിന് അഭിമാന പോരാട്ടമാണ്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടിയുടെ പ്രമുഖനായ നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. അന്‍വര്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് സ്വരാജിനെ രംഗത്തിറക്കിയത്. 2016 ല്‍ കോണ്‍ഗ്രസ് കാലങ്ങളായി കയ്യടക്കിവച്ച തൃപ്പൂണിത്തുറ മണ്ഡലത്തില്‍, മണ്ഡലത്തിന് ഒട്ടും പരിചിതനല്ലായിരുന്ന എം സ്വരാജ് വിജയിച്ചതോടെ കെ ബാബുവിന് മാത്രമല്ല കോണ്‍ഗ്രസിന് ഒന്നടങ്കമാണ് വീഴ്ച നേരിട്ടത്. അതേ സ്വരാജ് സ്വന്തം മണ്ണില്‍ തന്നെ അങ്കത്തിനിറങ്ങുമ്പോള്‍ പിവി അന്‍വര്‍ തുടര്‍ച്ചയായി നിലനിര്‍ത്തിയ മണ്ഡലത്തെ എല്‍ഡിഎഫിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ യുവനേതാക്കളില്‍ അതികായനായ സ്വരാജിന് കഴിയുമോ എന്നാണ് അറിയേണ്ടത്.

ഷൗക്കത്തിന് പുറമെ സ്വരാജ് കൂടി അങ്കത്തട്ടില്‍ ഇറങ്ങിയതോടെ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി നിലമ്പൂര്‍ മാറിക്കഴിഞ്ഞു. കരുത്തന്മാരായ രണ്ട്  നേതാക്കള്‍ ഇടതും വലതും നിന്ന് വിജയത്തിനായി ഒരുപോലെ പോരാടുമ്പോള്‍ ഈ പെരുമഴക്കാലത്ത് നിലമ്പൂരില്‍ നിന്നും വീശുന്ന കാറ്റിനും ആവേശം കൂടും. Nilambur byelection; political kerala is eagerly awaiting the election

Content Summary: Nilambur byelection; political kerala is eagerly awaiting the election

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×