June 26, 2026 |
Share on

ഓപ്പറേഷൻ സിന്ദൂറിൽ സഹോദരി ഉൾപ്പെടെ 10 കുടുംബാം​ഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ജെയ്ഷെ മുഹമ്മദ് തലവൻ

ആരാണ് മസൂദ് അസർ?

പഹൽ​ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ പത്ത് അം​ഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മസൂദ് അസർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ബിബിസി ഉറുദു റിപ്പോർട്ട് ചെയ്തു. ആക്രണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മസൂദ് അസർ അവകാശപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. മസൂദിന്‍റെ സഹോദരിയും അവരുടെ ഭര്‍ത്താവും അനന്തരവന്‍ അയാളുടെ ഭാര്യയുമടക്കമുള്ളവര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള ഭീകരന്‍ റൗഫ് അസ്‌ഗറിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവം നടക്കുന്ന സമയത്ത് മസൂദ് അവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ആ​ഗോള കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

ആരാണ് മസൂദ് അസർ?

പഠാൻകോട്ട് ഭീകരാക്രമണത്തിന് ആസൂത്രകനാണ് മസൂദ് അസർ. മസൂദ് അസറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ ചൈന അന്ന് എതിർത്തിരുന്നു. ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികളിൽ ഏറ്റവും അപകടകാരിയാണ് മസൂദ് അസർ എന്നാണ് വിലയിരുത്തുന്നത്. 2016 ലെ പഠാന്‍കോട്ട് ആക്രമണം കൂടാതെ 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2005ലെ അയോധ്യ ആക്രമണം ഉള്‍പ്പടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പുറകില്‍ മസൂദ് അസറിന്റെ കൈകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ ജയിലിലായിരുന്നു മസൂദ് അസറിനെ 1999 ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു. അല്‍ഖ്വയ്ദയുടെയും താലിബാന്റെയും ഐ.എസ്.ഐയുടെയും പിന്തുണയോടെയാണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടന്നതെന്നാണ് കരുതപ്പെടുന്നത്. അസറിന്റെ സഹോദരനായ അതര്‍ ഇബ്രാഹീമാണ് കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ നേത്യത്വം വഹിച്ചതെന്നും കരുതപ്പെടുന്നു. അസറും അതറും ഉള്‍പ്പടെയുള്ള ജെയ്‌ഷെ മുഹമ്മദ് നേതാക്കന്മാര്‍ക്ക് പാകിസ്താന്‍ ഭരണാധികാരികളുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.

ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഒൻപത് ഭീകര ക്യാമ്പുകൾ ആക്രമിച്ചത്. പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ബഹവല്‍പൂരിലെ സുബ്ഹാന്‍ അല്ലാഹ് സമുച്ചയത്തില്‍ നടത്തിയ രണ്ട് പ്രധാന ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്. ഒരുകാലത്ത് തീവ്രവാദ പ്രവർത്തനങ്ങളുടെ പ്രധാന താവളമായിരുന്ന ബഹാവൽപൂർ. ഇതാണ് ഇപ്പോൾ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ തകർന്നിരിക്കുന്നത്. പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ബഹാവൽപൂർ 12-ാമത്തെ വലിയ നഗരമാണ്. കൂടാതെ ജെയ്‌ഷെ മുഹമ്മദിന്റെ നാഡീ കേന്ദ്രമായും ഇത് പ്രവർത്തിക്കുന്നു.

Content Summary: jaish chief masood azhar says 10 family members killed in operation sindoor

Leave a Reply

Your email address will not be published. Required fields are marked *

×