July 17, 2025 |

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും; ജമ്മു കശ്മീരിന്റെ നിലവിലെ അവസ്ഥയെന്ത്?

ഇന്നലെ രാത്രി ജമ്മു നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾ പരിഭ്രാന്തിയിലായിരുന്നു

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായി നടക്കുകയാണ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും (എൽഒസി) അന്താരാഷ്ട്ര അതിർത്തിയിലും നിരവധി സൈനിക താവളങ്ങളിലും സിവിലിയൻ പ്രദേശങ്ങളിലും പാകിസ്ഥാൻ ഷെല്ലാക്രമണവും, ഡ്രോൺ, മിസൈൽ ആക്രമണങ്ങളും നടത്തിയിരുന്നു. പാകിസ്ഥാന്റെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാന്റെ ആക്രമണത്തെ തുടർന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ആക്രമണത്തെ തടയുകയാണ് ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ. ഇന്നലെ രാത്രിയിൽ നടന്ന കനത്ത വെടിവെയ്പ്പിനെ തുടർന്ന് അതിർത്തി നിവാസികളെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ദി വയർ റിപ്പോർട്ട് ചെയ്ത വാർത്തയിൽ വ്യക്തമാക്കുന്നു.

കശ്മീർ താഴ്‌വരയിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപോര ജില്ലകളിലും ജമ്മു നിയന്ത്രണ മേഖലയോട് ചേർന്ന പൂഞ്ച്, രജൗരി ജില്ലകളിലും പാകിസ്ഥാൻ കനത്ത വെടിവയ്പ്പും, ഷെല്ലാക്രമണവും നടത്തിയതായി ഉദ്യോഗസ്ഥർ വിശദീകരിച്ചു. പാകിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ പ്രതിരോധിച്ചതോടെ ജമ്മു, സാംബ, കതുവ, ജില്ലകളിലെ പടിഞ്ഞാറൻ അതിർത്തിയിൽ കനത്ത വെടിവയ്പ്പ് നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്നലെ രാത്രി ജമ്മു നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾ പരിഭ്രാന്തിയിലായിരുന്നു. നിയന്ത്രണ രേഖയിലും, അതിർത്തിയിലും നടക്കുന്ന ആക്രമണങ്ങളും, വ്യോമാക്രമണങ്ങൾ നടക്കുന്നതിനാലുള്ള സൈറനുകളം ആളുകൾക്കിടയിൽ ഭയമുണ്ടാക്കാൻ കാരണമായി.

ജമ്മു, സാംബ, ഉദംപൂർ, ജില്ലകളിലെ പ്രതിരോധ സംവിധാനങ്ങൾ തകർക്കാനുള്ള പാകിസ്ഥാന്റെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിയതായും, സംഭവത്തിൽ ആർക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

രാത്രി 8 മണിയോടെ ആകാശത്ത് ചുവന്ന നിറത്തിലുള്ള പ്രൊജക്ടൈലുകൾ പ്രത്യക്ഷപ്പെട്ടിരുന്നതായി ജമ്മുവിലെ ചില താമസക്കാർ വ്യക്തമാക്കുന്നു. പ്രൊജക്ടൈലുകൾ പോയ ശേഷം വലിയ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെന്നും ആദ്യം അത് പടക്കങ്ങളുടെ ശബ്ദമാണെന്ന് കരുതിയതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി. പാകിസ്ഥാൻ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും ആക്രമണം ആരംഭിച്ചപ്പോൾ, സൈറനുകൾ മുഴങ്ങുകയും ചെയ്തിരുന്നു. ഇത് ജമ്മുവിൽ പരിഭ്രാന്തിയും അരാജകത്വവും സൃഷ്ടിക്കാൻ കാരണമായി. ചില പ്രദേശവാസികൾ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ ജമ്മു കശ്മീർ മേഖലയിലുടനീളം സമ്പൂർണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

”അർധരാത്രി വരെ അപായ സൈറനുകൾ മുഴങ്ങിയിരുന്നു, ജമ്മു വിമാനത്താവളം ആക്രമിക്കപ്പെടുന്നത് പോലെ തോന്നിയിരുന്നു. രാത്രി കുറച്ച് സമയം ശാന്തമായിരുന്നു, എന്നാൽ പുലർച്ചെ വീണ്ടും സ്‌ഫോടനങ്ങൾ ഉണ്ടായി.” സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജമ്മു നിവാസി വ്യക്തമാക്കി.

വെള്ളിയാഴ്ച്ച പുലർച്ചെ 4.25ന് വീണ്ടും സൈറൻ മുഴങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു ലക്ഷ്യമാക്കി വന്ന പാകിസ്ഥാന്റെ എട്ട് മിസൈലുകളും വ്യോമസേന തകർത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇന്നലെ രാത്രി പാകിസ്ഥാൻ ലക്ഷ്യമിട്ടു എന്ന് പറയുന്ന നിയന്ത്രണ രേഖയോട് ചേർന്ന രജൗരി ജില്ലയിലും സൈറനുകൾ മുഴങ്ങിയിരുന്നു.

”നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളോ, പ്രകോപനപരമായ ഉള്ളടക്കമുള്ള കാര്യങ്ങളോ പങ്കുവയ്ക്കരുതെന്ന് പൗരന്മാരോട് അഭ്യർഥിക്കുകയാണ്. ഏത് വിഷയം പങ്കുവയ്ക്കുന്നകിന് മുൻപും പരിശോധിക്കുക.” അനന്ത് നാഗ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി പ്രദേശത്ത് പാകിസ്ഥാൻ വെടിവപ്പും ഷെല്ലാക്രമണവും നടത്തിയാതായും ഇതേതുടർന്ന് നിരവധി വീടുകൾക്കടക്കം കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനിൽ നിന്നും പൂഞ്ച് മേഖലയിൽ കന്ന ഷെല്ലാക്രമണം നടന്നതായി പൂഞ്ച് നിവാസികൾ വ്യക്തമാക്കി. ഏകദേശം 12 മണിക്കൂർ നീണ്ടുനിൽക്കുന്നതായിരുന്നു ആക്രമണം. നിരവധി വീടുകൾ ഉൾപ്പെടെ വാണിജ്യ, സർക്കാർ കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു. സംഭവത്തിൽ ഒരു സൈനികനും പതിനാറ് സാധാരണക്കാരും കൊല്ലപ്പെടുകയും, നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

content summary; Jammu and Kashmir Now: Firing, Drones, and Missile Attacks

Leave a Reply

Your email address will not be published. Required fields are marked *

×