February 14, 2025 |
Share on

ജനുവരി 24; യുഎഇയെ മഞ്ഞ് പുതപ്പിച്ച ദിവസം

ജനുവരി 23 രാത്രിയിൽ താപനില മൈനസ് മൂന്ന് ഡി​ഗ്രി സെൽഷ്യസായി കുറഞ്ഞു

2009 ജനുവരി 24, യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു അത്. 16 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ജനുവരി മാസത്തിൽ റാസൽഖൈമയിലെ മഞ്ഞുമൂടിയ മലനിരകൾ യുഎഇ ജനതയെ അമ്പരപ്പിച്ചിരുന്നു. അന്ന് ജനുവരി 23 രാത്രിയിൽ താപനില മൈനസ് മൂന്ന് ഡി​ഗ്രി സെൽഷ്യസായി കുറഞ്ഞു. അടുത്ത ദിവസം രാവിലെ 5,700 അടി ഉയരമുള്ള ജെയ്സ് പർവ്വത നിരയുടെ മുകൾഭാ​ഗം അഞ്ച് കിലോമീറ്ററിലധികം മഞ്ഞുമൂടിക്കിടന്നു.

ആ കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. പ്രദേശം മുഴുവൻ വെളുത്ത നിറമുള്ള മിന്നുന്ന മഞ്ഞ് കൊണ്ട് മൂടിയിരുന്നു. വെള്ളിയാഴ്ച (2009 ജനുവരി 23) ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച മഞ്ഞുവീഴ്ച രാത്രി 8 മണിയോടെ കഠിനമായി. ആ മഞ്ഞുവീഴ്ച അർദ്ധരാത്രി വരെ തുടർന്നു. ജെയ്‌സ് പർവതനിരകൾക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയ അന്നത്തെ ആർഎകെ പോലീസ് എയർ വിംഗിൻ്റെ മാനേജർ മേജർ സയീദ് റാഷിദ് അൽ യമാഹി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ജനുവരി 24 ന് ജയിസ് പർവതത്തിലെ താപനില 1 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. അപ്പോഴും പ്രദേശത്ത് കനത്ത തണുപ്പായിരുന്നു. റാസൽഖൈമ സിറ്റിയിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പർവതത്തിന് വേനൽക്കാലത്ത് പോലും തണുപ്പാണ്. മഴ, തണുത്ത കിഴക്കൻ കാറ്റ്, താഴ്ന്ന മേഘങ്ങൾ എന്നിവ താപനില വീണ്ടും കുറയാൻ കാരണമായെന്ന് ആർഎകെ എയർപോർട്ട് മെറ്റീരിയോളജിക്കൽ ഓഫീസിലെ നിരീക്ഷകനായ എം വി വർഗീസ് പറഞ്ഞു.

അന്ന് ആദ്യമായിട്ടായിരുന്നില്ല റാസൽഖൈമയിൽ മഞ്ഞുവീഴ്ചയുണ്ടായത്. 2004 ഡിസംബർ 28 നും എമിറേറ്റുകളിലെ പർവതങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. എന്നാൽ 2004ലെ മഞ്ഞുവീഴ്ചയേക്കാൾ കഠിനമായിരുന്നു 2009ലേത്.

ഇടയ്ക്കിടെ ആലിപ്പഴ വർഷങ്ങളുണ്ടാകുമെങ്കിലും പ്രാദേശികമായി ബരാദ് എന്ന് വിളിക്കപ്പെടുന്ന മഞ്ഞുവീഴ്ച പർവതങ്ങളിൽ സാധാരണമായി ഉണ്ടാകാറില്ലെന്ന് ജെയ്സ് പർവതനിരകൾക്ക് സമീപം താമസിക്കുന്ന റാഷെദ് മുഹമ്മദ് പറഞ്ഞു. എന്നാൽ 2009ൽ 2004 നേക്കാൾ കനത്ത മഞ്ഞുവീഴ്ചയുണ്ടായെന്നും മലമുകളിൽ മുഴുവൻ 10 സെൻ്റീമീറ്ററോളം മഞ്ഞ് മൂടിയിരുന്നുവെന്നും റാഷെദ് മുഹമ്മദ് പറഞ്ഞു.

യുഎഇ എമിറേറ്റുകളിലെ കാലാവസ്ഥാ മാറ്റം തന്നെ പലപ്പോളും ആശ്ചര്യപ്പെടുത്താറുണ്ടെന്ന് ഖോസാം പ്രദേശത്തെ നിവാസിയായ മുപ്പതുകാരനായ ഹസ്സൻ മജിദ് പറഞ്ഞു. മഞ്ഞുവീഴ്ചയെക്കുറിച്ച് ഉത്സാഹഭരിതനായ ഹസ്സൻ മജിദ് പ്രകൃതി വിചിത്രമായ രീതിയിൽ അനാവരണം ചെയ്യുന്നതാണിതെന്നും വരും വർഷങ്ങളിൽ രാജ്യത്തിൻ്റെ കാലാവസ്ഥയിൽ കൂടുതൽ മാറ്റങ്ങൾ പ്രവചിക്കുന്നുവെന്നും പറഞ്ഞു.

Content Summary: January 24, the day the UAE was covered in snow
Ras Al Khaimah UAE Jais Mountain 

×