ജസ്പ്രീത് ബുമ്ര എപ്പോള്‍ തിരിച്ചെത്തും? മുംബൈ ഇന്ത്യന്‍സിന്റെ ഓരോ ആരാധകനും ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. ബുമ്ര തിരിച്ചെത്തുമെന്ന് ഉറപ്പിക്കുമ്പോഴും, എപ്പോഴത്തേക്ക് എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബുമ്രയുടെ മടങ്ങി വരവ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഏറെ ആശ്വാസരകരമായ വാര്‍ത്തയാണ്. എന്നാല്‍ വെള്ളിയാഴ്ച്ച ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരേയും ഏപ്രില്‍ 7 ന് ഹോം ഗ്രൗണ്ടില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേയും നടക്കുന്ന മത്സരങ്ങളില്‍ അദ്ദേഹം ടീമില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. തിങ്കളാഴ്ച്ചത്തെ മത്സരത്തിനും ശേഷമായിരിക്കും ബുമ്ര ടീമിനൊപ്പം ചേരുക. എന്തായാലും ഇന്ത്യന്‍ പേസര്‍ പരിക്കില്‍ നിന്നും മോചിതനായിരിക്കുന്നുവെന്നാണ് വിവരം. ബിസിസിഐ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയാല്‍ താരം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകും.
ഡിസംബറില്‍ ഓസ്‌ട്രേലിയ്‌ക്കെതിരേ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടയിലാണ് ബുംമ്രയ്ക്ക് പരിക്കേറ്റത്. അവസാന ടെസ്റ്റില്‍ കളിച്ചിരുന്നില്ല. പുറം വേദന ഗുരുതരമായതിനെ തുടര്‍ന്ന് ജനുവരി മുതല്‍ താരം ചികിത്സയിലാണ്. അഞ്ചാഴ്ച്ചയിലേറെയായിരുന്നു ബുമ്രയ്ക്ക് ചികിത്സയും വിശ്രമവും പറഞ്ഞിരുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബുമ്രയില്ലാതെയായിരുന്നു ഇന്ത്യ കിരീടം നേടിയത്. ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു കളിക്കാരനാണ് ജസ്പ്രിത് ബുമ്ര.
ബിസിസിഐയുടെ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി ബുമ്ര ബൗളിംഗ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. കൂടാതെ അവസാന റൗണ്ട് ഫിറ്റ്‌നസ് ടെസ്റ്റുകളും അദ്ദേഹം നേരിടുന്നുണ്ട്. ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഫിറ്റ്‌നസ് പരിശോധനയില്‍ പൂര്‍ണതൃപ്തരാണെങ്കില്‍ മാത്രമാകും മുംബൈ ഇന്ത്യന്‍സിന് ബുമ്രയുടെ സേവനം ലഭിക്കുകയുള്ളൂ.
ജൂണ്‍ 28 മുതല്‍ ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കും. ഇകാര്യം മനസില്‍ വച്ചുകൊണ്ടു മാത്രമായിരിക്കും ബുമ്രയെ ഐപിഎല്ലില്‍ കളിപ്പിക്കണോ എന്ന കാര്യം ബോര്‍ഡ് ആലോചിക്കൂ. ബുമ്രയും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കും. കാരണം, ഐപിഎല്‍ കളിച്ച് പരിക്ക് വഷളായാല്‍, ടെസ്റ്റ് പരമ്പര നഷ്ടപ്പെടും. ബുമ്രയുടെ അസാന്നിധ്യം ടീമും ബോര്‍ഡും ആഗ്രഹിക്കുന്നില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ ബുമ്രയുടെ സേവനം എത്രത്തോളം ആവശ്യമുണ്ടെന്ന് ടീമിനും ക്രിക്കറ്റ് ബോര്‍ഡിനും അറിയാം. ഓസ്‌ട്രേലിയന്‍ പര്യടനത്തിനും പലപ്പോളും ഒറ്റയാള്‍ പോരാളിയായി നിന്നത് ബുമ്രയായിരുന്നു. എല്ലാ ഭാരവും ബുമ്രയില്‍ ചുമത്തിയതുമാണ് അയാളെ ഗുരുതര പരിക്കിന് അടിമയാക്കിയത്. ബുമ്രയെ ടീം അമിതമായി ജോലിയെടുപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ ബുമ്രയ്ക്ക് വേണ്ടി വാദിക്കുന്നവരാണ്.
മുംബൈ ഇന്ത്യന്‍സ് ഈ സീസണിലും പഴയ വീര്യത്തിന്റെ നിഴലില്‍ മാത്രം നില്‍ക്കുകയാണ്. മൂന്നു മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതില്‍ ഒരെണ്ണത്തിലാണ് ജയിച്ചത്. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അത്രപോര. പുതുമുഖ ബൗളര്‍മാരാണ് ഇത്തവണ ടീമിന്റെ രക്ഷകര്‍. ചെന്നൈയോട് തോറ്റെങ്കിലും മലയാളി പുതുമുഖ താരം വിഘ്‌നേഷ് പുത്തൂരിന്റെ ലെഗ് സ്പിന്നാണ് മുംബൈ ബോളിംഗ് നിരയില്‍ തിളങ്ങിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 4 വിക്കറ്റ് വീഴ്ത്തി കളി ജയിപ്പിച്ചത് അശ്വനി കുമാറിന്റെ മീഡിയം പേസാണ്. അതേസമയം, ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നീ സീം ബൗളര്‍മാര്‍ക്ക് കാര്യമായ ആഘാതമൊന്നും ഇതുവരെ എതിര്‍ നിരയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
ബുമ്ര ഇല്ലാതെ തങ്ങളുടെ സീസണര്‍ ആരംഭിക്കുന്നത് വലിയൊരു വെല്ലുവിളിയാണെന്നാണ് ഹെഡ് കോച്ച് മഹേള ജയവര്‍ദ്ധന സമ്മതിച്ചത്. മാര്‍ച്ചിലെ കളികളിലൊന്നും ബുമ്ര ടീമിനൊപ്പം ഉണ്ടാകില്ലെന്നു കൂടിയായിരുന്നു മഹേള ആ വാക്കുകളിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ഏപ്രിലില്‍ താരം ടീമിനൊപ്പം ചേരുമെന്ന സൂചനയുമുണ്ടായിരുന്നു. ഐപിഎല്ലില്‍ ബുമ്ര ഇതുവരെ മുംബൈ ഇന്ത്യന്‍സ് വേണ്ടി മാത്രമാണ് കളിച്ചിട്ടുള്ളത്. 2013 ല്‍ ആയിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. ഇതുവരെ 133 മത്സരങ്ങള്‍ കളിച്ചു. 165 വിക്കറ്റുകള്‍ സ്വന്തമാക്കി. 2023 സീസണ്‍ പൂര്‍ണമായി തന്നെ ബുമ്രയ്ക്ക് നഷ്ടമായിരുന്നു. പരിക്ക് വില്ലനായി.
ഇപ്പോഴത്തെ ചോദ്യം എന്ന് ടീമിനൊപ്പം ബുംമ്ര ചേരുമെന്നതാണ്. ഈ സീസണില്‍ മുംബൈയുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ അത്രയധികം അദ്ദേഹത്തെ ടീമും ആരാധകരും ആഗ്രഹിക്കുന്നുണ്ട്. Jasprit Bumrah Set to Return for Mumbai Indians in IPL
Content Summary; Jasprit Bumrah Set to Return for Mumbai Indians in IPL
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.