അമേരിക്കന്‍ പൗരാവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഇതിഹാസ തുല്യമായ അധ്യായമായിരുന്ന ജെസ്സി ജാക്‌സണ്‍ (84) അന്തരിച്ചു. 1984-ലും 1988-ലും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ചരിത്രം കുറിച്ച അദ്ദേഹം, വെറും ഒരു സ്ഥാനാര്‍ത്ഥി എന്നതിലുപരി വംശീയമായ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ വിപ്ലവകാരിയായിരുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരില്‍ നിന്ന് വൈറ്റ് ഹൗസിലേക്ക് ഗൗരവകരമായ വെല്ലുവിളി ഉയര്‍ത്തിയ ആദ്യ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഈ പോരാട്ടമാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബരാക് ഒബാമയ്ക്ക് പ്രസിഡന്റ് പദവിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്.
1941-ല്‍ സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലില്‍ അതീവ ദരിദ്രമായ സാഹചര്യത്തിലാണ് ജെസ്സി ജനിച്ചത്. ‘അവിഹിത സന്തതി’ എന്ന വിളിപ്പേരും വംശീയ അധിക്ഷേപങ്ങളും നേരിട്ട തന്റെ ബാല്യത്തെ അതിജീവനത്തിനുള്ള കരുത്തായാണ് അദ്ദേഹം മാറ്റിയത്. ഗ്രീന്‍വില്ലിലെ ‘വെള്ളക്കാര്‍ക്ക് മാത്രം’ പ്രവേശനമുള്ള ലൈബ്രറിയില്‍ അതിക്രമിച്ചു കയറി പുസ്തകം വായിച്ചുകൊണ്ട് 1960-ലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ പോരാട്ടം തുടങ്ങിയത്. തുടര്‍ന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ വിശ്വസ്തനായി മാറിയ അദ്ദേഹം, 1965-ലെ ചരിത്രപ്രസിദ്ധമായ സെല്‍മ മാര്‍ച്ചില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
1968-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വെടിയേറ്റു വീഴുമ്പോള്‍ ജെസ്സി കൂടെയുണ്ടായിരുന്നു. ആ ദുരന്തത്തിന് ശേഷം കിംഗിന്റെ രക്തം പുരണ്ട വസ്ത്രവുമായി ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ജെസ്സിയുടെ നടപടി വലിയ വിവാദങ്ങള്‍ക്ക് കാരണമായി. തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്കായി അദ്ദേഹം കിംഗിന്റെ മരണം ഉപയോഗിച്ചുവെന്ന ആരോപണം അദ്ദേഹത്തെ വര്‍ഷങ്ങളോളം വേട്ടയാടി. എങ്കിലും, ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ സാമ്പത്തിക ഉന്നമനത്തിനായി അദ്ദേഹം സ്ഥാപിച്ച ‘ഓപ്പറേഷന്‍ ബ്രഡ്ബാസ്‌കറ്റ്’ , ‘പുഷ്’ എന്നീ സംഘടനകള്‍ അമേരിക്കയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വലിയ കരുത്തായി മാറി.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടങ്ങളില്‍ ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു. ‘നാഷണല്‍ റെയിന്‍ബോ കോളിഷന്‍’ എന്ന അദ്ദേഹത്തിന്റെ സംരംഭം അമേരിക്കന്‍ രാഷ്ട്രീയത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ചു. ഇതിനിടയില്‍ ഇസ്രയേല്‍-പാലസ്തീന്‍ വിഷയത്തിലും മറ്റും അദ്ദേഹം എടുത്ത നിലപാടുകളും ചില പരാമര്‍ശങ്ങളും ജൂത വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. എങ്കിലും, സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും സെര്‍ബിയയില്‍ നിന്നും അമേരിക്കന്‍ തടവുകാരെ മോചിപ്പിക്കാന്‍ അദ്ദേഹം നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി.
ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് ആഫ്രിക്കയിലെ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് 2000-ല്‍ ‘പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം’ നല്‍കി രാജ്യം ആദരിച്ചു. വ്യക്തിജീവിതത്തിലെ ചില വിവാദങ്ങളും മകന്റെ ജയില്‍വാസവും അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും പോരാട്ടവീര്യം ചോരാതെ അദ്ദേഹം അവസാനകാലം വരെ നിലകൊണ്ടു. 2008-ല്‍ ബരാക് ഒബാമയുടെ വിജയം കണ്ട് ചിക്കാഗോയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ വിതുമ്പിനില്‍ക്കുന്ന ജെസ്സിയുടെ ചിത്രം ചരിത്രത്തിന്റെ ഭാഗമാണ്. 2017-ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ച അദ്ദേഹം, 2026 ഫെബ്രുവരി 17-നാണ് ലോകത്തോട് വിടപറഞ്ഞത്. ജാക്കി ജാക്‌സണും ആറ് മക്കളുമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍.
അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന്റെ ‘മഹാഗുരു’ എന്നും രാജ്യം കണ്ട ഏറ്റവും വലിയ ‘ദേശസ്നേഹി’ എന്നും വിശേഷിപ്പിക്കപ്പെടുന്ന ജെസ്സി ജാക്‌സന്റെ നിര്യാണത്തില്‍ അമേരിക്കയിലെ മുന്‍ പ്രസിഡന്റുമാരും രാഷ്ട്രീയ നേതാക്കളും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. ജെസ്സി ജാക്‌സന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണെന്നായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന് ആദരവര്‍പ്പിച്ചുകൊണ്ട് പറഞ്ഞത്.
മുന്‍ പ്രസിഡന്റും ഡെമോക്രാറ്റ് നേതാവുമായ ജോ ബൈഡന്‍ ജെസ്സി ജാക്‌സണെ ‘ദൈവത്തിന്റെയും ജനങ്ങളുടെയും മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാന്‍ ഭയമില്ലാതെ പോരാടിയ നിശ്ചയദാര്‍ഢ്യമുള്ള നേതാവായിരുന്നു അദ്ദേഹമെന്ന് ബൈഡന്‍ അനുസ്മരിച്ചു. ‘എല്ലാവരും ദൈവത്തിന്റെ പ്രതിച്ഛായയില്‍ തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണെന്ന അമേരിക്കയുടെ വാഗ്ദാനത്തില്‍ അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. നാം ആ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചിട്ടില്ലെങ്കിലും, അതില്‍ നിന്ന് രാജ്യം ഒരിക്കലും പിന്നോട്ട് പോകാതിരിക്കാന്‍ അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു,’ ബൈഡന്‍ പറഞ്ഞു.
മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ജാക്‌സണെ ഒരു ‘യഥാര്‍ത്ഥ അതികായന്‍’ എന്നാണ് വിശേഷിപ്പിച്ചത്. 60 വര്‍ഷത്തിലേറെയായി ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയതായി ഒബാമ പറഞ്ഞു. എണ്‍പതുകളില്‍ ജെസ്സി ജാക്‌സണ്‍ നടത്തിയ രണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടങ്ങളാണ് തനിക്ക് വൈറ്റ് ഹൗസിലേക്കെത്താനുള്ള അടിത്തറ പാകിയതെന്ന് ഒബാമ നന്ദിയോടെ സ്മരിച്ചു. ‘ഞങ്ങള്‍ അദ്ദേഹത്തിന്റെ തോളിലേറിയാണ് നിന്നത്’ എന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
ബില്‍ ക്ലിന്റനും ഹിലരി ക്ലിന്റനും അഞ്ച് പതിറ്റാണ്ടിലേറെയായി ജെസ്സിയുമായി പുലര്‍ത്തിയിരുന്ന ആത്മബന്ധം അനുസ്മരിച്ചു. കറുത്തവര്‍ഗ്ഗക്കാര്‍ക്കും ലാറ്റിനോ വിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാരായ വെള്ളക്കാര്‍ക്കും വേണ്ടി അദ്ദേഹം നടത്തിയ ചരിത്രപരമായ പോരാട്ടങ്ങള്‍ അമേരിക്കയെ മികച്ചതാക്കിയെന്ന് ക്ലിന്റണ്‍ പറഞ്ഞു.
മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്റെ കാറില്‍ ‘ജെസ്സി ജാക്‌സണ്‍ ഫോര്‍ പ്രസിഡന്റ്’ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു നടന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു. നമ്മുടെ ശബ്ദത്തിന് വിലയുണ്ടെന്ന് അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തിയെന്നും വരുംതലമുറയ്ക്കായി അദ്ദേഹം പാതകള്‍ വെട്ടിത്തെളിച്ചുവെന്നും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പൗരാവകാശ പ്രവര്‍ത്തകന്‍ അല്‍ ഷാര്‍പ്റ്റണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ മകള്‍ ബെര്‍ണിസ് കിംഗ്, സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് തുടങ്ങിയവരും അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു. ‘അദ്ദേഹത്തിന്റെ ശുശ്രൂഷ പൊതുവേദിയിലെ കവിതയും ആത്മീയ ശക്തിയുമായിരുന്നു’ എന്ന് ജോര്‍ജിയ സെനറ്റര്‍ റാഫേല്‍ വാര്‍നോക്ക് പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്വപ്നങ്ങളെ അദ്ദേഹം മുന്നോട്ട് നയിച്ചുവെന്നും വാര്‍നോക്ക് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെ ജാക്‌സണെ അനുസ്മരിച്ചു. ഒരു ‘നല്ല മനുഷ്യന്‍’ എന്നും ‘സുഹൃത്ത്’ എന്നുമാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ന്യൂയോര്‍ക്കില്‍ ജാക്‌സന്റെ ‘റെയിന്‍ബോ പുഷ് കോളിഷന്’ ഓഫീസ് സ്ഥലം വിട്ടുനല്‍കിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ തന്റെ കുറിപ്പില്‍ രാഷ്ട്രീയ എതിരാളികളെ വിമര്‍ശിക്കാനും ട്രംപ് മറന്നില്ല. തന്നെ വംശീയവാദി എന്ന് വിളിക്കുന്ന ഇടതുപക്ഷക്കാരെ ‘അഴിമതിക്കാര്‍’ എന്ന് വിളിച്ച ട്രംപ്, ബരാക് ഒബാമയെ ജെസ്സി ജാക്‌സണ് ഇഷ്ടമല്ലായിരുന്നു എന്ന തെറ്റായ അവകാശവാദവും ഉന്നയിച്ചു.
അമേരിക്കയിലെ ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ, അന്താരാഷ്ട്ര തലത്തില്‍ നയതന്ത്രജ്ഞനായി തിളങ്ങിയ ജെസ്സി ജാക്‌സന്റെ വിയോഗം അമേരിക്കന്‍ പൗരാവകാശ പോരാട്ട ചരിത്രത്തിലെ ഒരു വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Content Summary; Jesse Jackson obituary; Titan of the civil rights movement and one of America’s greatest patriots
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.