ജീവിതത്തിന്റെ തിരക്കിനിടയില്‍, മരണത്തെക്കുറിച്ച് നിങ്ങള്‍ എത്രതവണ ചിന്തിക്കാറുണ്ട്?
സ്വന്തം മരണത്തെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ ആരും ഉണ്ടാവില്ല. ഒരാളുടെ ചരമചടങ്ങില്‍ പങ്കെടുക്കുമ്പോഴോ, അപകടം നേരിടുമ്പോഴോ, രോഗം ബാധിക്കുമ്പോഴോ, അല്ലെങ്കില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴോ, മരണചിന്ത ഭീതി പടര്‍ത്തി മനസ്സിലേക്ക് കടന്നുവരും. ഈ ചിന്ത യാദൃശ്ചികമല്ല; മരണം മനുഷ്യജീവിതത്തിന്റെ ഒരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ നിഴലില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല. എന്നാല്‍, പലരും അതിനെ മനസ്സില്‍ നിന്ന് പെട്ടെന്ന് നീക്കിക്കളയും. കാരണം, മരണം നമ്മുക്ക് ഉള്‍ക്കൊള്ളാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സത്യമാണ്.
മരണത്തെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് പലര്‍ക്കും അറിയില്ല. ഭൂരിഭാഗം ആളുകളും മരണത്തെ ഭയപ്പെടുകയും, മരണചിന്തകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ മരണഭയത്തെ മനശ്ശാസ്ത്രജ്ഞര്‍ ‘താനറ്റോഫോബിയ’ എന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്.
ഇത് ഒരു സാധാരണ പേടിയേക്കാള്‍ ശക്തമാണ്. മരണത്തിന്റെ പ്രക്രിയയാകട്ടെ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തുന്നതിന്റെ വേദനയാകട്ടെ, അല്ലെങ്കില്‍ മരണാനന്തര ലോകത്തെക്കുറിച്ചുള്ള ആശങ്കയാകട്ടെ; ഇതെല്ലാം മനസ്സിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു ഉത്കണ്ഠയാണ്. നൂറ്റാണ്ടുകളായി തത്ത്വചിന്തകരും ആത്മീയ നേതാക്കളും മരണത്തെ സ്വാഭാവികമായി സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്നും പലര്‍ക്കും ഈ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല
ചിലരെ മരണാനന്തര ലോകത്തെക്കുറിച്ചുള്ള ഭയമാണ് അലട്ടുന്നത്; മറ്റു ചിലരെ ജീവിതത്തിന്റെ സുഖവും അര്‍ത്ഥവും നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് പിടികൂടുന്നത്. മരണഭയത്തിന്റെ ഈ സങ്കീര്‍ണ്ണതകളെ ഓര്‍ക്കുമ്പോള്‍, ഫ്രാന്‍സിന്റെ മുന്‍ പ്രസിഡണ്ട് ഫ്രാന്‍സ്വാ മിറ്ററാന്‍ഡ് (1916-1996)ന്റെ അവസാന കാലത്തെ ജീവിതം മനസ്സിലേക്ക് വരുന്നു.
ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍, prostate cancer ചികിത്സയില്‍ കഴിയുമ്പോള്‍, മിറ്ററാന്‍ഡ് മരണത്തെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകിപ്പോയിരുന്നു. മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും അനിശ്ചിതത്വം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന ഒരു ‘അജ്ഞയതാവാദി’ ( Agnostic) ആയിരുന്നു ഫ്രാന്‍സ്വാ മിറ്ററാന്‍ഡ്. ദൈവത്തിന്റെ നിലനില്പ് മനുഷ്യജ്ഞാനത്തിന് അതീതമാണെന്ന് കരുതിയിരുന്നെങ്കിലും, മരണത്തിന്റെ അടുക്കല്‍ എത്തിയപ്പോള്‍ ”മരണത്തിന് ശേഷം എന്താണ്?” എന്ന ചോദ്യം അദ്ദേഹത്തിന്റെ മനസ്സില്‍ പതുങ്ങിക്കൊണ്ടേയിരുന്നു.
സ്വകാര്യ ഡോക്ടറുമായുള്ള സംഭാഷണങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചിരുന്നു: ”മരണത്തിന് ശേഷം വെറും ശൂന്യമാണോ? അല്ലെങ്കില്‍, മറ്റൊരു ജീവിതത്തിലേക്കുള്ള വഴി തുറക്കുമോ ?”ഡോക്ടര്‍ ചികിത്സയെക്കുറിച്ച് വിശദീകരിച്ചാലും, മിറ്ററാന്‍ഡിന്റെ മനസ്സ് ചികിത്സയുടെ ഫലത്തെക്കാള്‍ കൂടുതലായി മരണാനന്തര ലോകത്തേക്കായിരുന്നു തിരിഞ്ഞിരുന്നത്.
ഈ സംഭാഷണങ്ങള്‍ പിന്നീട് ‘Dying Without God’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ, തന്റെ രാഷ്ട്രീയ ശക്തിയും, ബൗദ്ധിക വേദികളിലെ മഹത്വവും, രാജ്യത്തിന്റെ പരമോന്നത പദവിയും എല്ലാം പിന്നിലാക്കി ഒറ്റയ്ക്കുള്ള ഒരു മനുഷ്യന്‍, മരണത്തിന്റെ അര്‍ത്ഥവുമായി പോരാടുന്നവന്‍ എന്ന രൂപത്തിലാണ് മിറ്ററാന്‍ഡ് പ്രത്യക്ഷപ്പെടുന്നത്. മിറ്ററാന്‍ഡ് രാഷ്ട്രീയ ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനുഭവ പരിജ്ഞാനമോ, സമ്പത്തോ അധികാരമോ മരണഭയത്തിന് മുന്നില്‍ അദ്ദേഹത്തിന് സാന്ത്വനം നല്‍കിയില്ല.
മരണഭയം ചിലരെ അസാധാരണമായ പെരുമാറ്റങ്ങളിലേക്ക് നയിക്കുന്നു. അതിന്റെ ഒരു പ്രസിദ്ധ ഉദാഹരണമാണ് ഹോവാര്‍ഡ് ഹ്യൂസിന്റെ (1905-1976) ജീവിതം. അമേരിക്കന്‍ സ്വപ്നത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ട ഹ്യൂസ്, വ്യവസായിയും ചലച്ചിത്രനിര്‍മാതാവും വ്യോമയാന വ്യവസായി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. പിതാവിന്റെ സമ്പത്ത് കോടികളാക്കി മാറ്റി, സന്നദ്ധ സേവനത്തിനായി വന്‍തുക ചെലവഴിച്ചും അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി.
എന്നാല്‍, ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹത്തിന്റെ പിന്നാമ്പുറത്തോട് ചേര്‍ന്ന് നിലകൊണ്ടിരുന്നത് മരണഭയവും രോഗാണുഭീതിയും (mysophobia) ആയിരുന്നു. യൗവനത്തില്‍ തന്നെ പരിപൂര്‍ണത (perfectionism) കാണിച്ചിരുന്ന ഹ്യൂസ്, വിമാനാപകടങ്ങളില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റതോടെ മനസ്സ് മരണചിന്തകളില്‍ മുങ്ങിപ്പോയി. 1950-കളോടെ, അദ്ദേഹം പൊതുജനജീവിതത്തില്‍നിന്ന് ഒളിച്ചോടി, ഹോട്ടല്‍ മുറികളിലും പെന്റ് ഹൗസുകളിലും ഒതുങ്ങി ജീവിച്ചു. രോഗാണുഭീതി അതിരൂക്ഷമായപ്പോള്‍, ഒരുപടി കൂടി കടന്ന്, ഒരു ദ്വീപ് വാങ്ങി, അണുവിമുക്തമായ വീട് പണിതു.
ഹ്യൂസിന്റെ മരണഭയം അദ്ദേഹത്തെ വിചിത്രമായ ശീലങ്ങളിലേക്ക് തള്ളിവിട്ടു. രോഗാണുക്കളെ ഭയന്നതിനാല്‍, ജോലിക്കാര്‍ വസ്തുക്കള്‍ കൈമാറുമ്പോള്‍ ടിഷ്യു പേപ്പര്‍ മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. ഇടയ്ക്കിടെ കൈ കഴുകി കൊണ്ടിരിക്കുക, സാധാരണ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും ശുചിത്വത്തിനും കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുക, ഇവയെല്ലാം അദ്ദേഹത്തിന്റെ ദിനചര്യയിലെ അവിഭാജ്യഘടകങ്ങളായി മാറി.
ഇരുണ്ട മുറികളില്‍ മാസങ്ങളോളം ഒളിച്ചിരുന്ന ഹ്യൂസ്, ചോക്ലേറ്റ് ബാറുകളും പാലും മാത്രം കഴിച്ചു ജീവിച്ചു. പുറത്തേക്ക് പോകാന്‍ വിസമ്മതിച്ച്, സ്വന്തം മാലിന്യങ്ങള്‍ പോലും ബോട്ടിലുകളില്‍ സൂക്ഷിച്ചു. നഖം വെട്ടുന്നതിനും തലമുടി വെട്ടുന്നതിനും ഉപയോഗിക്കുന്ന കത്രികകളില്‍ പോലും രോഗാണുക്കള്‍ ഉണ്ടാകുമെന്ന ഭയം അദ്ദേഹത്തെ പിടിച്ചുകുലുക്കി. അതിനാല്‍ താടി, മുടി, നഖങ്ങള്‍ ഒന്നും മുറിക്കാതെയും, വൈദ്യസഹായം സ്വീകരിക്കാതെയും, മരണത്തെ ജയിക്കാമെന്ന വിശ്വാസത്തില്‍ ജീവിച്ചു. വസ്ത്രങ്ങളിലൂടെ രോഗാണുക്കള്‍ ആക്രമിക്കുമോ എന്ന സംശയത്തില്‍, അദ്ദേഹം പൂര്‍ണ്ണനഗ്‌നനായി കഴിയുകയും ചെയ്തു.
ലോകത്തിലെ സമ്പന്നരില്‍ ഒരാളായിരുന്നിട്ടും, പോഷകാഹാരക്കുറവും രോഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തെ ക്ഷയിപ്പിച്ചു. ആരോഗ്യം ക്രമേണ തകരുകയും, അവസാനത്തില്‍ ഹ്യൂസ് വെറും ഒരു നിഴലായി ചുരുങ്ങുകയും ചെയ്തു. 1976-ല്‍, സ്വകാര്യ ജെറ്റില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, 41 കിലോയില്‍ താഴെ ഭാരമുള്ള ഒരു ക്ഷയിച്ച ശരീരമായി അദ്ദേഹം മരണം വരിച്ചു.
മരണത്തെ ജയിക്കാമെന്ന് കരുതിയ ഹോവാര്‍ഡ് ഹ്യൂസ്, ഒടുവില്‍ മരണത്തിന്റെ തന്നെ പിടിയിലായി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിചിത്രവും ദുരന്തഭരിതവുമായ യാത്രയെ ആസ്പദമാക്കി ലിയനാര്‍ഡോ ഡികാപ്രിയോ നായകനായി അഭിനയിച്ച ‘ദ ഏവിയേറ്റര്‍’ എന്ന സിനിമ പിന്നീട് ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു.
ഹോവാര്‍ഡ് ഹ്യൂസ് സമ്പത്തിന്റെയും സാങ്കേതിക മഹത്വത്തിന്റെയും പ്രതീകവും, ഫ്രാന്‍സ്വാ മിറ്ററാന്‍ഡ് രാഷ്ട്രീയാധികാരത്തിന്റെയും തത്വചിന്താപരമായ ചര്‍ച്ചകളുടെയും മുഖമായും ലോക ശ്രദ്ധ പിടിച്ചു പറ്റി. എന്നാല്‍, ഇരുവരുടെയും ജീവിതാന്ത്യം മരണഭീതിയുടെ പിടിയിലായിരുന്നു. ഹ്യൂസ് മരണത്തെ മറികടക്കാന്‍ വിചിത്രമായ ശീലങ്ങളിലേക്ക് നീങ്ങിയപ്പോള്‍, മിറ്ററാന്‍ഡ് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ വിറങ്ങലിച്ച് നിന്നു. സമ്പത്തും അധികാരവും മനുഷ്യനെ പ്രശസ്തിയുടെ ഉന്നതിയിലെത്തിച്ചാലും, മരണത്തിന്റെ മുന്നില്‍ അവയ്ക്ക് യാതൊരു ശക്തിയുമില്ലെന്നതിന് ഇവരുടെ ജീവിതം തെളിവാണ്.
മരണഭയം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. യൗവനത്തില്‍, ചിന്തകളില്‍ മുഴുകുമ്പോള്‍; മധ്യവയസ്സില്‍, ആരോഗ്യം ക്ഷയിക്കുമ്പോള്‍; വാര്‍ധക്യത്തില്‍, മരണത്തിന്റെ സാമീപ്യം നേരിടുമ്പോള്‍. എന്നാല്‍, ഹ്യൂസിനെപ്പോലെ, അപകടങ്ങളോ രോഗങ്ങളോ ചിലരില്‍ നേരത്തെ തന്നെ ഭയത്തിന്റെ വിത്ത് വിതയ്ക്കും. ഇന്ന്, താനറ്റോഫോബിയയെ നേരിടാന്‍ മനശ്ശാസ്ത്രം പലവിധ ചികിത്സാരീതികള്‍ നിര്‍ദേശിക്കുന്നുണ്ട്.
കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (CBT): ഭയത്തെ പുതിയ കാഴ്ചപ്പാടില്‍ നിന്ന് കാണാന്‍ സഹായിക്കുന്നു.
എക്‌സ്‌പോഷര്‍ തെറാപ്പി: ഭയം ഉളവാക്കുന്ന സാഹചര്യങ്ങളെ നേരിടാന്‍ പഠിപ്പിക്കുന്നു.
ധ്യാനവും സന്തോഷപ്രദമായ പ്രവൃത്തികളും: ജീവിതത്തിന്റെ നശ്വരതയെ അംഗീകരിക്കാനും മനസ്സിന് സമാധാനം കണ്ടെത്താനും സഹായിക്കുന്നു.
മരണഭയം ഒരിക്കലും മരണത്തെ തടയുന്നില്ല; മറിച്ച് അത് ജീവിതത്തിലെ സന്തോഷം കവര്‍ന്നു കളയും. നിങ്ങള്‍ മരണത്തെക്കുറിച്ച് എത്ര തവണ ചിന്തിക്കുന്നു എന്നതല്ല പ്രധാന്യം. അതിനെപ്പറ്റി എങ്ങനെ ചിന്തിക്കുന്നു എന്നതാണ് നിര്‍ണായകം. റോമന്‍ സ്റ്റോയിക് തത്ത്വചിന്തകനായ മാര്‍ക്കസ് ഔറേലിയസ് എഴുതിയതുപോലെ: ‘ഒരു മനുഷ്യന്‍ ഭയപ്പെടേണ്ടത് മരണത്തെയല്ല, മറിച്ച് ഒരിക്കലും ജീവിക്കാന്‍ തുടങ്ങാതിരുന്നതിനെയാണ്.’
മരണം അനിവാര്യമാണെന്ന് സമ്മതിക്കുന്ന നിമിഷം, നാം ജീവിതത്തെ സ്വീകരിക്കാന്‍ പഠിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. Prisoners of the fear of death; French President Mitterrand and American billionaire Hughes
Content Summary: Prisoners of the fear of death; French President Mitterrand and American billionaire Hughes
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.