Continue reading “സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്”

" /> Continue reading “സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്”

"> Continue reading “സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്”

">

UPDATES

കേരളം

സവര്‍ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതമെന്നത് മറക്കരുത്

                       

കോട്ടയം സ്വദേശി കെവിന്‍ പി ജോസഫ് എന്ന യുവാവ് ദുരഭിമാന കൊലയുടെ ഇരയായ വാര്‍ത്ത കേരളം ചര്‍ച്ച ചെയ്യുമ്പോള്‍, അത്തരമൊരു അരുംകൊലയ്ക്ക് കെവിന്‍ വിധിക്കപ്പെടാന്‍ ഇടയായ കാരണം ജാതിയതയാണെന്നത് ഏറെ ഗൗരവമേറിയ വിഷയമാണ്. ജാതിയും മതവും സാമ്പത്തിക അന്തരങ്ങളും വീണ്ടും കൊലപാതകങ്ങള്‍ക്ക് കാരണമായി മാറുമ്പോള്‍, ഇതേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട്, പെരുമ്പാവൂരിലെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട്  2016 മേയ് 9 ന് പ്രസിദ്ധീകരിച്ച ഈ ലേഖനം വീണ്ടും പ്രസക്തമാകുന്നുണ്ട്…

ജാതിയും മതവുമൊക്കെ ഈ നേരത്താണോ ചര്‍ച്ച ചെയ്യേണ്ടത് എന്ന് കേരളത്തിലെ ചില ‘പുരോഗമന മനുഷ്യര്‍’ വേവലാതിപ്പെടുന്നുണ്ട്. ജാതിയും മതവും രാഷ്ട്രീയവും ‘മറന്ന്’ സകല ‘മലയാളികളും’ ഒന്നിച്ച് നില്‌ക്കേണ്ട സമയമത്രെ ഇത്. ദളിതരോ ആദിവാസികളോ വംശഹത്യക്ക് ഇരയാകുമ്പോള്‍ മലയാളികളുടെ ഈ ‘ജാതി മാറ്റിവച്ചുള്ള ഒന്നിക്കല്‍’ കീഴാളരുടെ പ്രതിരോധങ്ങളെ അസ്ഥിരപ്പെടുത്താനും ജാതിയെ മറച്ചുപിടിക്കാനുമുള്ള സവര്‍ണ്ണ യുക്തിയാണ് എന്നാണ് എന്റെ പക്ഷം. ഇന്ന് തെരുവുകളില്‍ ജാതി മാറ്റിവച്ച് ഇറങ്ങുന്ന ഈ പൊതുമനുഷ്യരിലേക്ക്, കാര്യങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ജാതി തിരിച്ച് വരികയും കീഴാള വിരുദ്ധത ഉത്പാദിപ്പിക്കുന്ന സവര്‍ണ്ണ ഫാക്റ്ററികളിലേക്ക് അവര്‍ മടങ്ങുകയും ചെയ്യും. ഇങ്ങിനെ ജാതിയും സ്ത്രീവിരുദ്ധതയും ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ക്രൈസ്തവ സഭകളിലാണ് ജിഷയുടെ ദാരുണമായ അന്ത്യത്തിന്റെ ആത്യന്തികമായ ഉത്തരവാദിത്തം ചെന്നുചേരുന്നത് എന്ന നിരീക്ഷണമാണ് ഈ കുറിപ്പിലൂടെ പങ്ക് വക്കുന്നത്. ജിഷയുടെ കുടുംബം നേരിട്ട വംശീയ ആക്രമണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും സാമൂഹിക ബഹിഷ്‌കരണത്തിനും നേതൃത്വം നല്കിയ പ്രധാന സാമൂഹിക വിഭാഗം അവിടുത്തെ സവര്‍ണ്ണ ക്രൈസ്തവര്‍ ആണെന്നത് തിരിച്ചറിയുമ്പോഴാണ് ജിഷയുടെ കൊലപാതകത്തിന് പിന്നിലെ ജാതിപരിസരം വെളിപ്പെടുകയുള്ളൂ.

കേരളത്തിലെ പ്രബലമായ സവര്‍ണ്ണ ക്രൈസ്തവസഭയായ യാക്കോബായ സഭയ്ക്ക് ശക്തമായ സ്വാധീനമുള്ളതും ജനസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്നതുമായ പ്രദേശമാണ് പെരുമ്പാവൂര്‍. ജിഷയുടെ വീട് സ്ഥിതിചെയ്യുന്ന പുറമ്പോക്ക് ഭൂമിക്കു സമീപമുള്ള നാട്ടുകാരില്‍ ഏറെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനികളാണ്. പെന്തക്കോസ്ത് വിഭാഗമായ ഷാരോണ്‍ ഫെല്ലോഷിപ് അംഗങ്ങളും കത്തോലിക്കാ സുറിയാനിക്കാരും മറ്റു മതവിഭാഗങ്ങളും ഉള്ള ഇവിടെ നിര്‍ണ്ണായക സ്വാധീനമുള്ളത് യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് തന്നെ. ജിഷയുടെ കുടുംബവുമായി നിരന്തരം കലഹിച്ചിരുന്ന അയല്‍ക്കാരനും അദ്ദേഹത്തിന്റെ ബന്ധുവായ വാര്‍ഡ് മെമ്പര്‍ സിജി സാജുവും യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍ ആണെന്നുള്ളത് ശ്രദ്ധേയമാണ്. ഈ സംഭവത്തില്‍ രാഷ്ട്രീയമായി വിചാരണ ചെയ്യപ്പെടുന്ന സ്ഥലം എം.എല്‍.എ സാജു പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി തന്നെ. സ്ഥലം എം.പി ഇന്നസെന്റ് കത്തോലിക്കാ സഭാംഗം ആണെങ്കിലും സാമുദായികമായി സുറിയാനി ക്രിസ്ത്യാനി ആണെന്നതും ഓര്‍മ്മിക്കുക. പെരുമ്പാവൂരിലെ ശക്തനായ രാഷ്ട്രീയ നേതാവ് പി.പി തങ്കച്ചന്‍ യഥാര്‍ത്ഥത്തില്‍ യാക്കോബായ സഭയുടെ രാഷ്ട്രീയ പ്രതിനിധാനവുമാണ്. ഓര്‍ത്തഡോക്‌സ് സുറിയാനി സഭാംഗമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും പെരുമ്പാവൂരുകാരനുമായ മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍, സമീപ മണ്ഡലങ്ങളിലുള്ള കേരള കോണ്‍ഗ്രസ് നേതാവ് ടി.യു കുരുവിള, മന്ത്രി അനൂപ് ജേക്കബ് എന്നിവരും യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ജിഷയുടെ കൊലപാതകം  അന്വേഷിക്കുന്ന പ്രധാന ഉദ്യോഗസ്ഥനും യാക്കോബായ സുറിയാനി ക്രിസ്ത്യാനി ആണത്രേ! അതായത് ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവര്‍ മുതല്‍ അന്വേഷണ, അധികാര പദവികളില്‍ ഇരിക്കുന്നവര്‍ വരെ ഭൂരിപക്ഷവും യാക്കോബായ സഭാംഗങ്ങളോ അല്ലെങ്കില്‍ അവര്‍ എല്ലാം തന്നെ സുറിയാനി ക്രിസ്ത്യാനികളോ ആണെന്ന സവിശേഷ ജാതി ബന്ധുത്വം ഈ സംഭവത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. ഈ പ്രശ്‌നത്തെ ഇടതു, വലതുപക്ഷ രാഷ്ട്രീയ കളികളാക്കി ലളിതവല്‍ക്കരിക്കുന്നവര്‍ സങ്കീര്‍ണ്ണമായ ഈ ജാതിപരിസരത്തെയാണ് മറച്ചുപിടിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ഒരു സവര്‍ണ്ണ ക്രൈസ്തവദേശത്തിന്റെ പുറമ്പോക്കിലായിരുന്നു ജിഷയുടെ ജീവിതം എന്ന് കാണാം.

 

 

കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഉത്പാദിപ്പിക്കുന്ന രൂക്ഷമായ ദളിത് വിരുദ്ധതയുടെയും സുറിയാനി സാമുദായികവല്‍ക്കരണത്തിന്റെയും പ്രേരണയില്‍ രൂപപ്പെടുന്ന ഒരു സവര്‍ണ്ണ ക്രൈസ്തവികതയാണ് ഇതര സവര്‍ണ്ണ വിഭാഗങ്ങള്‍ക്കൊപ്പമോ അതിനപ്പുറമോ കീഴാളരെ വംശഹത്യക്ക് വിധേയമാക്കുന്നത്. നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വചനം അല്‍പ്പമെങ്കിലും പിന്തുടരുന്നുവെങ്കില്‍ ജിഷയുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നുവോ? പരിക്കേറ്റ് കിടക്കുന്നവനെ ശുശ്രൂഷിച്ച നല്ല ശമര്യാക്കാരനെ സഭ പ്രഘോഷിച്ചിരുന്നുവെങ്കില്‍ മുറിവേറ്റു നിലവിളിച്ച ജിഷയുടെ ശബ്ദത്തിന് സഭയുടെ കുഞ്ഞാടുകള്‍ ചെവി കൊടുക്കില്ലായിരുന്നുവോ? എന്നാല്‍  നിന്നെപ്പോലെ സവര്‍ണ്ണനായ നിന്റെ അയല്‍ക്കാരനെ മാത്രം സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയും മുറിവേറ്റു കിടന്നവനെ ഗൗനിക്കാതെ മതപരമായ കര്‍മ്മങ്ങള്‍ക്കായി തിരക്കിട്ട് പോകുന്ന പുരോഹിതന്മാരെ പിന്തുടരുകയും ചെയ്യുന്ന കേരളത്തിലെ സവര്‍ണ്ണ സഭകള്‍ ബ്രാഹ്മണിസത്തിന്റെ ഇരട്ട സഹോദരനാണ്.

ചരിത്രപരമായി വ്യത്യസ്ത പാരമ്പര്യങ്ങള്‍ അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സഭകളില്‍ സുറിയാനി ക്രിസ്ത്യാനി സമുദായമാണ് ആധിപത്യം പുലര്‍ത്തുന്നത്. അതില്‍ പ്രബലമായ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും അംഗത്വമോ പ്രവേശനമോ ഇല്ല. അതായത് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി അനൂപ് ജേക്കബിന്റെയും സഭകളില്‍ കീഴാള സമുദായങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്ന് കേരളം തിരിച്ചറിയേണ്ടതുണ്ട്. കത്തോലിക്കാ സഭകളില്‍ സ്ഥിതി വ്യത്യസ്തമല്ലെങ്കിലും ദലിതര്‍ക്കു പ്രത്യേകമായ പള്ളികളും ഒരു രൂപതയും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും അധികാരവും പദവികളും സുറിയാനി സമുദായത്തില്‍ തന്നെ നിക്ഷിപ്തം. മറ്റൊരു പ്രബല  വിഭാഗമായ  മാര്‍ത്തോമാ സഭയില്‍ ഏതാണ്ട് അഞ്ചു ശതമാനത്തോളം ജനങ്ങള്‍ ദളിതരാണ്. സി.എസ്.ഐ സഭകളിലാകട്ടെ, സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. ദളിത്, ആദിവാസി വിഭാഗങ്ങള്‍ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷമുള്ള ഈ സഭയില്‍ ആധിപത്യം പക്ഷേ, സുറിയാനി ക്രിസ്ത്യാനികള്‍ക്ക് തന്നെ. കേരളത്തിന്റെ മൊത്തം ക്രൈസ്തവ ജനസംഖ്യയില്‍ 14 ശതമാനവും ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലുള്ള ക്രൈസ്തവരാണ്. കേവലം 5 ശതമാനം മാത്രം വരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ ഇതര ക്രൈസ്തവ വിഭാഗങ്ങളെ അമര്‍ച്ച ചെയ്തുകൊണ്ടാണ് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളെ നിര്‍ണ്ണയിക്കുന്നത്.

സുറിയാനി ക്രിസ്ത്യാനികള്‍ മാത്രമുള്ള സഭകളിലെ സാമാന്യ വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസത്തിന്റെ മൂല്യങ്ങളെക്കാള്‍ സവര്‍ണ്ണബോധത്തിന്റെ യുക്തികളിലാണ് സാമൂഹിക ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത്. ഇങ്ങനെ ജാതീയമായി ക്രമപ്പെടുത്തപ്പെട്ട ഒരു സമുദായം ജിഷയെയും കുടുംബത്തെയും മനുഷ്യരായിപ്പോലും പരിഗണിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നല്ല.  പക്ഷെ അവരുടെ രക്ഷകരായി പ്രത്യക്ഷപ്പെടുന്നതും അതേ സമുദായം തന്നെയാണ് എന്നതാണ് കൗതുകകരമായ അപകടം.

 

 

ജിഷയുടെ നാട്ടിലെ ഇടതുപക്ഷക്കാരനായ എം.പിയും എം.എല്‍.എയും വാര്‍ഡ് മെമ്പറും അംഗങ്ങളായ ക്രൈസ്തവസഭകളില്‍ ദളിതര്‍ അസ്പൃശ്യരാണ്. സവര്‍ണ്ണ ക്രൈസ്തവ സമുദായബോധവും അതിലൂടെ രാഷ്ട്രീയ ഇടങ്ങളും കണ്ടെത്തിയ ഇക്കൂട്ടരെ രാഷ്ട്രീയ വിചാരണ ചെയ്യുന്നത് നിരര്‍ത്ഥകമാണ്. ആത്യന്തികമായി പ്രതിക്കൂട്ടില്‍ ആക്കേണ്ടത് അവരെ ഉത്പാദിപ്പിച്ച് വിട്ട അവരുടെ സാമുദായിക ഫാക്ടറികളായ സഭകളെയാണ്. സ്വന്തം ഇടങ്ങളില്‍ ദളിതരെയും സ്ത്രീകളെയും ആദിവാസികളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും പ്രവേശിപ്പിക്കാത്ത ഇത്തരം ഫാക്ടറികളും അതിന്റെ സന്തതികളുമാണ് നമ്മളെ ഭരിക്കുന്നത് എന്നോര്‍മ്മിക്കുക. ജിഷ അവര്‍ക്ക് മകളോ സഹോദരിയോ ആകില്ല. സാമൂഹിക തിന്മകള്‍ക്കെതിരെ എന്ന പേരില്‍ കേരളത്തിന്റെ രാഷ്ട്രീയത്തെ വിലപേശലിലൂടെ നിര്‍ണ്ണയിക്കുന്ന കേരളത്തിലെ ഒരു ക്രൈസ്തവസഭയും ജിഷയുടെ കൊലപാതകത്തില്‍ നടുക്കം കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ആദ്യം എടുത്തു ചാടിയവര്‍ പോലും സാമുദായികമായ ബന്ധുത്വം കണ്ടെത്തിയതോടെ മതകര്‍മ്മങ്ങളിലേക്ക് തിരിച്ചു പോയിരിക്കുന്നു. ക്രൈസ്തവ മൂല്യങ്ങളിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന എല്ലാ വിഭാഗം ക്രൈസ്തവരും ജിഷക്ക് വേണ്ടിയുള്ള നീതിപ്പോരാട്ടത്തില്‍ കണ്ണി ചേര്‍ക്കപ്പെടേണ്ടതുണ്ട്. മതപുരോഹിതന്മാര്‍ രട്ടുടുത്ത് വെണ്ണീറില്‍ ഇരിക്കേണ്ട കാലം വന്നിരിക്കുന്നു. സവര്‍ണ്ണ ഫാസിസത്തിന്റെ കൈകളില്‍ അമര്‍ന്നു കൊണ്ടിരിക്കുന്ന സഭയെ വീണ്ടെടുക്കാനുള്ള പോരാട്ടം സഭകളില്‍ തന്നെയാണ് ആദ്യം നടക്കേണ്ടത്.

ഒരു ചാനല്‍ നല്‍കുന്ന കാമ്പൈന്‍ തലക്കെട്ട്  ‘ജിഷ കേരളത്തിന്റെ മകള്‍’ ആണെന്നാണ്. എന്തൊരു നേറികെടാണത്. വംശഹത്യകളെ കാല്‍പനികവല്‍ക്കരിക്കുന്ന മലയാളി ബോധത്തിന്റെ പ്രതിഫലനം മാത്രമാണത്. നൂറുകണക്കിന് ആളുകള്‍ ദിവസേന നടത്തുന്ന ചാനല്‍ ചര്‍ച്ചകളില്‍ ഒരാള്‍ മാത്രമേ ഹൃദയം നുറുങ്ങി പൊട്ടിക്കരഞ്ഞുള്ളൂ. ഈ കരച്ചിലുകളാണ് കൂടപ്പിറപ്പുകളായ മറ്റ് ആദിവാസികളുടേയും ദളിതരുടേയും പ്രക്ഷോഭങ്ങളായി ഇന്ന് ലോകമെമ്പാടും അലയടിക്കുന്നത്.

 

(സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍. ബാംഗ്ലൂരില്‍ താമസം)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷിബി പീറ്റര്‍

ഷിബി പീറ്റര്‍

കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റര് ഫോർ സോഷ്യൽ സ്റ്റഡീസ് ആൻറ് കൾച്ചറിന്റെ മുഖ്യ ചുമതല വഹിക്കുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍