March 20, 2025 |
Share on

ഒടുവില്‍ ബൈഡന്‍ പിന്മാറി

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, കമലയ്ക്ക് സാധ്യത

സ്വന്തം പാര്‍ട്ടിയിലും നിന്നും പുറത്തും നിന്നും ഒരുപോലെ ഏറി വന്ന സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, രണ്ടാമൂഴത്തിനായുള്ള മത്സരത്തില്‍ നിന്നും സ്വമേധയ പിന്‍വാങ്ങി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറിയില്‍ വിജയിച്ച് പ്രസിഡന്റ ്സ്ഥാനത്തേക്ക് രണ്ടാം തവണയും മത്സരിക്കാന്‍ ഇറങ്ങിയ ബൈഡന്‍ പാതിവഴിയില്‍ വച്ചാണ് ഔദ്യോഗികമായി മത്സരത്തില്‍ നിന്നും പിന്മാറുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കഴിഞ്ഞ 56 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു സ്ഥാനാര്‍ത്ഥി പിന്‍വാങ്ങുന്നത്.

എക്‌സ് അകൗണ്ടിലാണ് തന്റെ പിന്മാറ്റത്തെക്കുറിച്ച് ജോ ബൈഡന്‍ പ്രസ്താവനയിറക്കിയത്. മത്സരിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മാനിച്ച് പിന്മാറുകയാണെന്നാണ് ബൈഡന്‍ എക്‌സില്‍ കുറിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബൈഡന്റെ അഭിപ്രായം. കമലയ്ക്ക് പൂര്‍ണ പിന്തുണയും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന് സന്നദ്ധതയറിച്ച കമല, എല്ലാവരുടെയും പിന്തുണ നേടാന്‍ തന്‍ ശ്രമിക്കുമെന്നാണ് ബൈഡന്റെ തീരുമാനത്തിന് പിന്നാലെ അറിയിച്ചത്. സുതാര്യമൊരു പ്രക്രിയയിലൂടെ പുതിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ ജെയ്മി ഹാരിസണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബൈഡന്റെ പിന്മാറ്റ വാര്‍ത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബൈഡന് വേണ്ടി സ്വരൂപിച്ച പ്രചാരണ ഫണ്ട്, കമല ഹാരിസിന്റെ പേരിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യങ്ങള്‍ കമലയ്ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും പിന്തുണയവര്‍ക്ക് നേടിയേടുക്കേണ്ടതുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രസിഡന്റ് എന്ന് ബൈഡനെ വിശേഷിപ്പിച്ച ബരാക് ഒബാമ പക്ഷേ കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അടുത്ത മാസം ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍, ആരാകണം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ നാമനിര്‍ദേശ പ്രക്രിയ നടക്കട്ടെ എന്നാണ് ഒബാമയുടെ നിലപാട്.

അതേസമയം മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഹിലരി ക്ലിന്റണ്‍, ജോ ബൈഡന്‍ മാറിയാല്‍ പകരം പരിഗണിക്കുന്നവരുടെ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം തുടങ്ങിയ പ്രമുഖ ഡെമോക്രാറ്റുകള്‍ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബൈഡന്റെ പിന്മാറ്റവും കമലയുടെ സാധ്യതയും ഡെമോക്രാറ്റുകളുടെ പ്രചാരണ ഫണ്ടിനെയും ആവേശത്തിലാക്കിയിട്ടുണ്ട്. ബൈഡന്റെ പിന്‍മാറ്റത്തിന് ശേഷം ചെറിയ സംഭാവനകളിലൂടെ 27.5 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞെന്നാണ് ലിബറല്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയായ ആക്ട്ബ്ലൂ പറഞ്ഞത്.

കഴിഞ്ഞ ജൂണില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദ പരിപാടിയിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് ബൈഡന്റെ കാര്യത്തില്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ സംശയം ഉയര്‍ന്നത്. അതിനു മുമ്പ് തന്നെ പ്രായത്തിന്റെതായ പ്രശ്‌നങ്ങള്‍ പ്രസിഡന്റ് ബൈഡനെ അലട്ടിയിരുന്നു. ട്രംപ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ബൈഡന് സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നത്. പിന്നാലെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന പൊതു സമൂഹത്തില്‍ നിന്നും പരാതികള്‍ വന്നു. ഡെമോക്രാറ്റുകളുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഹോളിവുഡില്‍ നിന്നും ബൈഡനെ മാറ്റാനുള്ള ആവശ്യം ഉണ്ടായി. നടന്‍ ജോര്‍ജ് ക്ലൂണിയടക്കമുള്ള ഹോളിവുഡ് പ്രമുഖര്‍ ഈ ആവശ്യം പരസ്യമായി ഉയര്‍ത്തി. ബൈഡനെ മാറ്റുന്നതുവരെ ഡെമോക്രാറ്റുകള്‍ക്ക് പണം നല്‍കുന്നതും അവരില്‍ പലരും നിര്‍ത്തി.

മുന്‍ കോണ്‍ഗ്രസ് സ്പീക്കറും മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസിയും ബൈഡന്‍ മാറിനില്‍ക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നു. അതിനു പിന്നാലെ സാക്ഷാല്‍ ബരാക് ഓബാമ തന്നെ ബൈഡന് മുന്നില്‍ ഈ ആവശ്യവുമായി വന്നു. ഇതിനിടയില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. താന്‍ പ്രതിരോധ മാര്‍ഗം സ്വീകരിച്ചിട്ടുണ്ടെന്നും പ്രാചരണത്തില്‍ നിന്നും മാറി നില്‍ക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ബൈഡന്‍ പറഞ്ഞത്. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മാറി നില്‍ക്കില്ല എന്ന നിലപാടില്‍ തന്നെയായിരുന്നു ജോ ബൈഡന്‍.

മറു ഭാഗത്താകട്ടെ, പെന്‍സില്‍വാനിയായിലെ പ്രചാരണത്തിനിടയില്‍ കൊലപാതക ശ്രമം നേരിടേണ്ടി വന്ന ഡോണള്‍ഡ് ട്രംപ് വര്‍ദ്ധിത വീര്യത്തോടെയാണ് വൈറ്റ് ഹൗസിലേക്ക് ഒരിക്കല്‍ കൂടി കടന്നു ചെല്ലാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുന്നത്. ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ട്രെപിന് കൂടുതല്‍ ജനശ്രദ്ധ കിട്ടുന്നത് മനസിലാക്കിയ ഡെമോക്രാറ്റുകള്‍ ബൈഡന്റെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമുണ്ടാക്കണമെന്ന ആവശ്യത്തിലേക്കു വന്നു. അതോടെയാണ് ഒബാമയുടെ ഇടപെടലൊക്കെയുണ്ടാകുന്നത്. ബൈഡനെ പ്രത്യേകം കണ്ട് ഇക്കാര്യം ഒബാമ സംസാരിച്ചിരുന്നു.  joe biden withdraws from presidential race after pressure

Content Summary; joe biden withdraws from presidential race after pressure

×