UPDATES

ട്രെന്‍ഡിങ്ങ്

കത്തിയെരിയുന്ന ചൂട്; 14 ജോര്‍ദാന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ജീവന്‍ നഷ്ടമായി

47 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട്‌

                       

സൗദി അറേബ്യയിലെ മക്കയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ 14 ജോര്‍ദാന്‍ തീര്‍ത്ഥാടകര്‍ കനത്ത ചൂടില്‍ മരണപ്പെട്ടു. ജോര്‍ദാന്‍ സര്‍ക്കാര്‍ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ മരണപ്പെട്ടുവെന്നും, തീര്‍ത്ഥാടനത്തിനിടയില്‍ 17 പേരെ കാണാതായെന്നുമാണ് ജോര്‍ദാന്‍ മന്ത്രാലയം അറിയിച്ചത്. അതികഠിനമായ ചൂട് കാലാവസ്ഥയില്‍ സൂര്യാഘാതമേറ്റ് തങ്ങളുടെ പൗരന്മാര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് ജോര്‍ദാന്‍ അറിയിച്ചത്. മൃതദേഹങ്ങള്‍ ഒന്നുകില്‍ അവിടെ തന്നെ സംസ്‌കാരിക്കാനും അല്ലെങ്കില്‍ നാട്ടിലേക്ക് കയറ്റി അയക്കാനും സൗദി ഭരണകൂടത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും ജോര്‍ദാന്‍ സര്‍ക്കാര്‍ പറഞ്ഞു.

ഇറാനില്‍ നിന്നെത്തിയ അഞ്ച് ഹജ്ജ് തീര്‍ത്ഥാടകരും കനത്ത ചൂടില്‍ മരണപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മക്കയിലും മദീനയിലും വച്ച് തങ്ങളുടെ അഞ്ചു പൗരന്മാര്‍ മരണപ്പെട്ടുവെന്നാണ് ഇറാന്‍ റെഡ് ക്രസന്റ് തലവന്‍ പിര്‍ ഹൊസൈന്‍ കൊലിവന്ദ് അറിയിച്ചത്.

ഞായറാഴ്ച്ച മാത്രം 2,760 തീര്‍ത്ഥാടകര്‍ക്ക് സൂര്യാഘാതവും കനത്ത ചൂട് കൊണ്ടുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടി വന്നുവെന്നാണ് സൗദി ആരോഗ്യമന്ത്രാലയം വക്താവ് മൊഹമ്മദ് അല്‍-അബ്ദുളാലി അറിയിച്ചത്. അതേസമയം, തീര്‍ത്ഥാടകര്‍ക്ക് ജീവഹാനി സംഭവിച്ചതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും സൗദി ഭരണകൂടം നല്‍കിയിട്ടില്ല.

ഞായറാഴ്ച്ച മക്കയില്‍ 47 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ഇതേ താപനില തന്നെയായിരിക്കും തിങ്കളാഴ്ച്ചയും നേരിടേണ്ടി വരികയെന്നാണ് മുന്നറിയിപ്പ് കിട്ടിയിരിക്കുന്നത്. ചൂടില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം നല്‍കാനുള്ള മുന്നൊരുക്കങ്ങളൊക്കെ സൗദി തയ്യാറാക്കിയിട്ടുണ്ട്. സൂര്യഘാതത്തില്‍ നിന്നും രക്ഷ നേടാനുള്ള കൃത്യമായ ഉപദേശങ്ങളും തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നുണ്ട്.

ലോകത്ത് ഏറ്റവും അധികം വിശ്വാസികള്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനമാണ് ഹജ്ജ്. ഈ വര്‍ഷം 1.8 ദശലക്ഷത്തിലധികം മുസ്ലിം തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മം അനുഷ്ഠിക്കാന്‍ എത്തുമെന്നാണ് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് അനുസരിച്ചുള്ള പ്രതീക്ഷ. ബുധനാഴ്ച്ചയോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സമീപിക്കും. തിക്കിലും തിരക്കിലും പെട്ടും, തീപിടിത്തം മൂലവും, കനത്ത ചൂടും തുടങ്ങി വിവിധ കാരണങ്ങളില്‍ നൂറു കണക്കിന് തീര്‍ത്ഥാടകര്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. തീര്‍ത്ഥാടന കാലത്ത് പൊതുവില്‍ ഇവിടെ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും താപനില. പൊതുസ്ഥലത്തും കാല്‍നടയായും നടത്തപ്പെടുന്ന ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുക വഴിയാണ് സൂര്യാഘാതം പോലുള്ള കാലാവസ്ഥ വെല്ലുവിളി നേരിടേണ്ടി വരിക. പ്രായമായ തീര്‍ത്ഥാടകരെയാണ് ഇത് അധികവും ബുദ്ധിമുട്ടിക്കുന്നത്.

ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച സൗദി മന്ത്രാലയം തീര്‍ത്ഥാടകര്‍ക്ക് പ്രതിരോധ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പകല്‍ 11 നും ഉച്ച കഴിഞ്ഞ് 3 മണിക്കും ഇടയില്‍ ഏറ്റവും ചൂടേറിയ സമയമായതിനാല്‍ തീര്‍ത്ഥാടകര്‍ ശരീരത്തില്‍ ജലാംശം നഷ്ടപ്പെടാതെ നോക്കണമെന്നും, ഈ സമയത്ത് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന കാലത്ത് പല രാജ്യങ്ങളില്‍ നിന്നുള്ള 240 തീര്‍ത്ഥാടകരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ കൂടുതല്‍ പേരും ഇന്തോനേഷ്യയില്‍ നിന്നുള്ളവരായിരുന്നു. എന്തൊക്കെ കാരണം കൊണ്ടാണ് തങ്ങളുടെ പൗരന്മാര്‍ മരിച്ചതെന്ന വിവരം രാജ്യങ്ങള്‍ പലതും വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഏകദേശം രണ്ടായിരത്തോളം തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും സൂര്യതാപം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന് വിവരമുണ്ട്. താപ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട പതിനായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. ഇതില്‍ 10 ശതമാനത്തോളവും സൂര്യാഘാതമായിരുന്നുവെന്നും സൗദി അധികൃതര്‍ എഎഫ്പിയോട് വ്യക്തമാക്കിയിരുന്നു.  jordans 14 pilgrims die during hajj pilgrimage amid soaring temperatures in saudi

Content Summary; jordans 14 pilgrims die during hajj pilgrimage amid soaring temperatures in saudi

Share on

മറ്റുവാര്‍ത്തകള്‍