ഡയറി വിഷയത്തില്‍ പുകയുന്ന കേരളത്തിലെ മന്ത്രിമാര്‍ക്ക് ഉപദേശവുമായി സിനിമ താരം ജോയ് മാത്യു. സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പേരുകള്‍ ചേര്‍ക്കുന്നത് സംബന്ധിച്ചുണ്ടായ പ്രശ്‌നത്തില്‍ മന്ത്രിമാരെ വിമര്‍ശിച്ചും ഉപദേശിച്ചും ഫെയ്‌സ്ബുക്കിലൂടെയാണ് തന്റെ അഭിപ്രായം ജോയ് മാത്യു പറഞ്ഞിരിക്കുന്നത്.
ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
‘രാഷ്ട്രീയം ഒരു ജോലിയായി കൊണ്ടുനടക്കുന്നവര്‍ക്ക് കക്ഷത്തില്‍ വെച്ച് നടക്കാനും താന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണെന്ന് നടിക്കാനുമല്ലാതെ സര്‍ക്കാര്‍ ഡയറികൊണ്ടുള്ള പ്രയോജനം എന്താണ്? എന്നാലും നമ്മള്‍ ഡയറികള്‍ അച്ചടിക്കും- ഇപ്പോഴിതാ ഡയറിയില്‍ തങ്ങളുടെ പേരുകള്‍ അച്ചടിച്ചത് സ്ഥാനം തെറ്റിച്ചുവന്നതില്‍ മനം നൊന്ത മന്ത്രിമാര്‍ അച്ചടിച്ചുകഴിഞ്ഞ നാല്‍പ്പതിനായിരത്തിലധികം ഡയറികള്‍ നശിപ്പിക്കുവാനൊരുമ്പെടുന്നത്രെ.
ഒരു ഡയറി അച്ചടിക്കാന്‍ 185 രൂപ ചിലവുവരുമെന്നും നാല്‍പ്പതിനായിരം ഡയറി അച്ചടിച്ച് വിതരണം ചെയ്യാന്‍ ഏകദേശം ഒരു കോടി രൂപയോളം വരുമെന്നുമാണറിയുന്നത്. ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം പേര്‍ അച്ചടിപ്പിക്കുന്ന ഡയറി തന്നെ ഒരു പാഴ്ചിലവല്ലേ? നാടിനുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങളാലാണ് മന്ത്രിമാരുടെ പേരുകള്‍ ജന മനസ്സില്‍ എഴുതപ്പെടുക.
അല്ലാതെ പാറ്റയും ചിതലും തിന്നുതീര്‍ക്കുന്ന ഡയറിലെ പേരില്‍ ഒരു കാര്യവുമില്ലെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക. അച്ചടിച്ച ഡയറികള്‍ നശിപ്പിക്കുന്നതിനു പകരം നിര്‍ദ്ധനരായ കുട്ടികള്‍ക്ക് നോട്ടെഴുതാനെങ്കിലും കൊടുക്കുവാനപേക്ഷ.
മന്ത്രിമാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി: മന്ത്രിക്കസേര ശാശ്വതമായ ഒന്നല്ല എന്ന് ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണു (ഉദാഹരണം വേണ്ടല്ലോ)-ആരൊക്കെ ഈ കസേരയില്‍ നിന്നും ഇനിയും തെറിക്കാന്‍ കിടക്കുന്നു! അതുകൊണ്ട് ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ.’