July 17, 2026 |

യുഎസ് പീസ് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടാൻ ട്രംപ്; നീക്കം തടഞ്ഞ് ഫെഡറൽ കോടതി

നാല്പത് വർഷക്കാലമായി യുഎസിൽ നിലനിൽക്കുന്ന ഒരു പ്രസ്ഥാനമാണ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്

യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് അടച്ചുപൂട്ടാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് തടഞ്ഞ് ഫെഡറൽ കോടതി. എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാവകുപ്പ് ഇക്കഴിഞ്ഞ മാർച്ചിൽ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ ഭരണവും നടത്തിപ്പു ഏറ്റെടുത്തിരുന്നു. ഡോജും മസ്കും നിർബന്ധിമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ ചുമതല ഏറ്റെടുത്തതെന്ന് യുഎസ് ഡിസ്​ട്രിക്ട് കോർട്ട് ജഡ്ജ് ബെറിൽ ഹോവൽ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഒരു സ്വതന്ത്ര സംഘടനയായാണ് സ്ഥാപിച്ചതെന്ന് സംഘടനയുടെ മുൻ ഭരണസമിതി അം​ഗങ്ങളും പ്രസിഡന്റും വ്യക്തമാക്കി. ബോർഡ് അം​ഗങ്ങളെ പുറത്താക്കിയത് നിയമം അനുശാസിക്കുന്ന നടപടികളോടെ ആയിരുന്നില്ലെന്ന് ഹർജിക്കാർ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടം വഹിക്കുന്ന നാല് കോൺ​ഗ്രസ് കമ്മറ്റികളെയും ഇത്തരമൊരു നീക്കം സംബന്ധിച്ച വിവരം അറിയിച്ചിരുന്നില്ല.

നാല്പത് വർഷക്കാലമായി യുഎസിൽ നിലനിൽക്കുന്ന ഒരു പ്രസ്ഥാനമാണ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്. പ്രതിവർഷം 50 മില്യൺ ഡോളറിന്റെ ധനസഹായവും സ്ഥാപനത്തിനായി സ‍ർക്കാർ നൽകിപോരുന്നുണ്ട്. എന്നാൽ രാജ്യത്ത് സമാധാനമെത്തിക്കുന്ന കാര്യത്തിൽ ഈ പ്രസ്ഥാനം പരാജയപ്പെട്ടു പോയെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി വ്യക്തമാക്കി. ഇത്തരത്തിൽ ഫലപ്രദമല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ പ്രസിഡന്റെന്ന നിലയ്ക്ക് ട്രംപിന് അധികാരമുണ്ടെന്ന് അന്ന കെല്ലി പറഞ്ഞു. ട്രംപിന്റെ പരമാധികാരത്തെ തടസപ്പെടുക്കാനുള്ള ജഡ്ജിയുടെ ശ്രമത്തെ വിമർശിക്കുകയും ചെയ്യുന്നുണ്ട് അന്ന കെല്ലി. മുപ്പത് ദിവസത്തിനുള്ളിൽ സ്ഥാപനത്തിന് അപ്പീൽ നോട്ടീസ് ഫയൽ ചെയ്യാം. ഫെഡറൽ സർക്കാരിന് മേലുള്ള സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഉൾപ്പെടെ മൂന്ന് ഏജൻസികൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ സർക്കാരെത്തുന്നത്. യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ ചുമതല ഏറ്റെടുക്കാനുള്ള ഡോജിന്റെ ആദ്യ ശ്രമങ്ങ​ൾക്ക് ഭരണസമിതിയുടെ എതിർപ്പിനെ തുടർന്നാണ് പരാജയപ്പെട്ടത്. പിന്നീട് ഇക്കാര്യത്തിനായി എഫ്ബിഐയുടെയും പൊലീസിന്റെയും സഹായം തേടി.

മാർച്ച് 18 ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ബോർഡ് അംഗങ്ങൾ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തു. അവരെ നീക്കം ചെയ്യുന്നത് തടയാനും ഡോജ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് തടയാനും ആവശ്യപ്പെട്ടായിരുന്നു കേസ്. ബോർഡിനെ പുറത്താക്കിയതിന് പിന്നാലെ മാർച്ച് 28ന് വെള്ളിയാഴ്ച രാത്രി ഇമെയിൽ വഴി കൂട്ട പിരിച്ചുവിടൽ നടത്തുന്നതായും ട്രംപ് അറിയിച്ചു. ഈ അറിയിപ്പ് നടത്തിയതിന്റെ തൊട്ടടുത്ത ദിവസം സംഘടനയുടെ ആസ്ഥാനത്തിന്റെയും ആസ്തികളുടെയും ഭരണപരമായ മേൽനോട്ടം ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷനിലേക്ക് മാറ്റി.

ഭരണസമിതിയെ നീക്കം ചെയ്തത് നിയമവിരുദ്ധമായതിനാൽ ജീവനക്കാരെ പിരിച്ചുവിടുന്നതും ആസ്ഥാനം ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷനിലേക്ക് മാറ്റുന്നതും ഉൾപ്പെടെ എല്ലാ തുടർ നടപടികളും അസാധുവാണെന്ന് ഫെഡറൽ ജഡ്ജി ഹോവൽ പറഞ്ഞു.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും സംഘർഷങ്ങൾ തടയുന്നതിനും അവസാനിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്. അടച്ചുപൂട്ടിയ സമയത്ത്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി സംഘർഷ മേഖലകളിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിരുന്നത്.

content summary: Judge Blocks Trump’s Attempt to Shut Down U.S. Peace Institute Focused on Ending Global Conflicts

Leave a Reply

Your email address will not be published. Required fields are marked *

×