തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ ബെയ്ലിൻ ദാസ് മർദിച്ച സംഭവം, നീതി നിഷേധമെന്ന് മുൻ എംപിയും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ അംഗവുമായ ഡോ. ടി. എൻ സീമ. നിയമം അറിയാവുന്നവർ അത് തെറ്റിക്കുന്നത് അങ്ങേയറ്റം ആണധികാരം മനസിൽ കൊണ്ടുനടക്കുന്നതിനാലാണെന്നും വിഷയത്തിൽ ഡോ. ടി. എൻ സീമ അഴിമുഖത്തോട് പ്രതികരിച്ചു. സംഭവത്തിൽ ഇരയായ അഡ്വക്കേറ്റ് ശ്യാമിലിക്ക് മാരകമായ പരിക്കുകളാണ് ഏറ്റിരിക്കുന്നതെന്നും മുൻ എംപി അഴിമുഖത്തോട് സംസാരിച്ചപ്പോൾ പറഞ്ഞു.
‘തൊഴിലിടത്തിൽ വെച്ചാണ് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിരിക്കുന്നത്. അതും അവരുടെ സീനിയറായ വക്കീലാണ് മർദിച്ചിരിക്കുന്നത് എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. അഭിഭാഷകനായ ബെയ്ലിൻ ദാസിൽ നിന്ന് ഇതിന് മുൻപും പല ജൂനിയർ അഭിഭാഷകർക്കും തിക്താനുഭങ്ങൾ ഉണ്ടായിട്ടുള്ളതായി അറിയാൻ സാധിച്ചിട്ടുണ്ട്. കാരണം കൂടാതെ ജോലിയിൽ നിന്ന് പറഞ്ഞ് വിടുക, മോശമായി പെരുമാറുക അങ്ങനെ മോശമായ പ്രവൃത്തികളാണ് ബെയ്ലിൻ ദാസ് ജൂനിയർ അഭിഭാഷകരോട് ചെയ്ത് കൊണ്ടിരുന്നത്. അഡ്വക്കേറ്റ് ശ്യാമിലിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഇനി മുതൽ ജോലിക്ക് വരണ്ട എന്ന് ബെയ്ലിൻ ദാസ് അറിയിച്ചിരുന്നു. തുടർന്ന് കാരണമെന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചത്. രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണവർ. കണ്ണിന്റെ താഴെയായും താടിയെല്ലിന്റെ ഭാഗത്തും പൊട്ടലുണ്ട് എന്നാണ് അവർ പറഞ്ഞത്. ഇന്ന് മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാൻ പോകുമെന്നും അറിയിച്ചിരുന്നു.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഇതും. വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. മറ്റൊരു വിരോധാഭാസമെന്തെന്നാൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടന്നാൽ എല്ലാവരും നീതി വാങ്ങി നൽകാൻ സമീപിക്കുന്നത് അഭിഭാഷകരുടെ അടുക്കലാണ്. നീതിക്ക് വേണ്ടി വാദിക്കുന്നവരാണ് ഇവിടെ നീതി നിഷേധം നടത്തുന്നത്. സ്ത്രീകളോട് ഇത്ര ക്രൂരമായും നീചമായും പെരുമാറുന്ന ബെയ്ലിൻ ദാസിനെ പോലുള്ളവർക്ക് അഭിഭാഷകനായി തുടരാനുള്ള യാതൊരു അർഹതയുമില്ല.
കോടതിക്ക് പുറത്ത് തന്നെ നിരവധി വക്കീൽ ഓഫീസുകൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെയെല്ലാം തന്നെ നിരവധി സ്ത്രീകളായ അഭിഭാഷകർ ജോലി ചെയ്യുന്നുമുണ്ട്. പ്രൊഫഷണൽ രീതിയിലുള്ള പല പ്രശ്നങ്ങളും ഇത്തരത്തിലുള്ള ഇടങ്ങളിൽ കണ്ട് വരാറുണ്ട്. എന്നാൽ ഒരു സ്ത്രീയെ സീനിയർ ആയിട്ടുള്ള ഒരാൾ ക്രൂരമായി മർദിക്കുന്നത് ആദ്യമായിട്ടാകും സംഭവിച്ചിരിക്കുക. കൃത്യമായ നിയമനടപടി സ്വീകരിച്ചുകൊണ്ട് കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണിത്.
നിയമം കൈകാര്യം ചെയ്യുന്നവർ, മനുഷ്യരുടെ നീതിയെക്കുറിച്ചും അവകാശത്തെക്കുറിച്ചും നിയമപരിരക്ഷയെക്കുറിച്ചും കൃത്യമായി അറിയുന്നവർ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത് അവർ പറഞ്ഞുകൊണ്ട് നടക്കുന്ന നിയമവും നീതിയും പ്രൊഫഷണൽ ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നു എന്നാണ്. നിയമത്തെക്കുറിച്ചുള്ള ഭയം മാത്രമല്ല ഉണ്ടാകേണ്ടത്, മാറ്റം വരേണ്ടത് മനുഷ്യന്റെ മനോഭാവത്തിലാണ്. സ്ത്രീകളെ തുല്യരായി അംഗീകരിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. അത് അവരുടെ പുരുഷാധിപത്യ മനോഭാവത്തിന്റെ ഭാഗമാണ്. ഒപ്പം ജോലി ചെയ്യുന്ന ഒരു സ്ത്രീയെ തനിക്ക് മർദിക്കാം എന്ന ചിന്ത വരുന്നത് തന്നെ അങ്ങേയറ്റം ആണധികാരം മനസിൽ കൊണ്ടുനടക്കുന്നത് കൊണ്ട് തന്നെയാണ്. ഇങ്ങനെയുള്ളവർക്ക് കൃത്യമായ ശിക്ഷ ലഭിക്കുക എന്നതാണ് പ്രധാനം. സമൂഹത്തിൽ സ്ത്രീകൾക്കും അവകാശമുണ്ട് എന്ന വിശ്വാസം ഉറപ്പിക്കാൻ അത് വളരെ അത്യാവശ്യമാണ്.
അഡ്വക്കേറ്റ് ശ്യാമിലി വളരെ കൃത്യമായി തന്നെ അവർക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി തന്നെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നതും. ബെയ്ലിൻ ദാസ് ഇപ്പോഴും ഒളിവിലാണെന്നും പോലീസ് വളരെ ഊർജിതമായ രീതിയിൽ തന്നെ അത് അന്വേഷിക്കുന്നുണ്ടെന്നുമാണ് അറിയാൻ സാധിച്ചത്. പ്രതിയെ പോലീസ് കണ്ടെത്തി കൃത്യമായ ശിക്ഷ വാങ്ങി നൽകും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്, ‘ ഡോ. ടി. എൻ സീമ അഴിമുഖത്തോട് പറഞ്ഞു.
അതേസമയം, ബെയ്ലിൻ ദാസിനെ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പോലീസ് പൂന്തുറയിൽ എത്തിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അഡ്വക്കേറ്റ് ബെയ്‍ലിന്‍ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്. അതിക്രമത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. സംഭവം വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു.
Content Summary: junior lawyer brutally assaulted by senior advocate; Dr. T. N. Seema reacts to the incident
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.