June 04, 2026 |
Share on

ജങ്ക് ഫുഡ് ഉപയോഗം; അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം പോഷകാഹാരക്കുറവുള്ളവരേക്കാൾ കൂടുതലെന്ന് യുഎൻ

ഓരോ 10 കുട്ടികളിലും ഒരാൾക്ക് അമിതവണ്ണമുണ്ട്

ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ആദ്യമായി അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം പോഷകാഹാരക്കുറവുള്ള കുട്ടികളേക്കാൾ കൂടുതലായി. അമിതമായി സംസ്കരിച്ച ജങ്ക് ഫുഡുകൾ കുട്ടികളുടെ ഭക്ഷണരീതിയെ കീഴടക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കുവേണ്ടിയുള്ള ഏജൻസിയായ യുണിസെഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ 18.8 കോടി കൗമാരക്കാർക്കും സ്കൂൾ കുട്ടികൾക്കും അമിതവണ്ണമുണ്ട്. അതായത്, ഓരോ 10 കുട്ടികളിലും ഒരാൾക്ക് അമിതവണ്ണമുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെയും വളർച്ചയെയും ദോഷകരമായി ബാധിക്കുകയും മാരകമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. 190 ൽ അധികം രാജ്യങ്ങളിൽ നിന്നും യുണിസെഫ്, ലോകാരോഗ്യ സംഘടന, ലോക ബാങ്ക് എന്നിവയിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ചാണ് ‘ഫീഡിംഗ് പ്രോഫിറ്റ്: ഹൗ ഫുഡ് എൻവയോൺമെന്റ്സ് ആർ ഫെയ്‌ലിംഗ് ചിൽഡ്രൻ’ എന്ന ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

പോഷകാഹാരക്കുറവിന്റെ പുതിയ മുഖമാണ് അമിതവണ്ണമെന്ന് യുണിസെഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ കാതറിൻ റസ്സൽ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പോഷകാഹാരക്കുറവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മൾ ഇനി തൂക്കക്കുറവുള്ള കുട്ടികളെക്കുറിച്ച് മാത്രം സംസാരിക്കുന്നില്ല. അമിതവണ്ണം ഒരു വലിയ ആശങ്കയായി വളർന്നുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ വളർച്ചയ്ക്കും മാനസിക വികാസത്തിനും പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്ന ഈ സമയത്ത്, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രോട്ടീനും പകരമായി ഉപയോ​ഗിക്കുകയാണ്, കാതറിൻ റസ്സൽ പറഞ്ഞു.

റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള 5 മുതൽ 19 വയസ്സുവരെയുള്ള കുട്ടികളിൽ 9.2% പേർക്ക് തൂക്കക്കുറവുണ്ടെങ്കിൽ 9.4% പേർ അമിതവണ്ണമുള്ളവരാണ്. 2000-ൽ ഇത് നേരെ തിരിച്ചായിരുന്നു; അന്ന് ഏകദേശം 13% കുട്ടികൾക്ക് തൂക്കക്കുറവും വെറും 3% കുട്ടികൾക്ക് അമിതവണ്ണവും മാത്രമാണുണ്ടായിരുന്നത്. സബ്-സഹാറൻ ആഫ്രിക്കയിലും തെക്കൻ ഏഷ്യയിലും ഒഴികെ ലോകത്തെ എല്ലാ പ്രദേശങ്ങളിലും തൂക്കക്കുറവിനേക്കാൾ കൂടുതൽ ആളുകൾക്ക് അമിതവണ്ണമുണ്ട്. ഭക്ഷണത്തിന്റെ കുറവ് മൂലം കുട്ടികൾക്ക് തൂക്കക്കുറവും വളർച്ചക്കുറവും അനുഭവിക്കുന്ന രാജ്യങ്ങളിൽ പോലും അമിതവണ്ണം ഒരു പ്രശ്നമായി മാറുന്നുണ്ട്. പസഫിക് ദ്വീപ് രാജ്യങ്ങളിലാണ് അമിതവണ്ണം ഏറ്റവും കൂടുതൽ. അവിടെ പരമ്പരാഗത ഭക്ഷണരീതികൾക്ക് പകരം ഇറക്കുമതി ചെയ്യുന്ന, വിലകുറഞ്ഞതും ഊർജ്ജം കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതാണ് കാരണമായി കണ്ടെത്തിയത്. ന്യൂവേയിൽ 5 മുതൽ 19 വയസ്സുവരെയുള്ള കുട്ടികളിൽ 38% പേർക്ക് അമിതവണ്ണമുണ്ട്. കുക്ക് ദ്വീപുകളിൽ ഇത് 37% ആണ്. ചിലി (27%), യുഎസ് (21%), യുഎഇ (21%) തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലും ഈ നിരക്ക് വളരെ കൂടുതലാണ്.

Content Summary: Junk food consumption; Number of obese children exceeds malnutrition, says UN

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×