February 19, 2025 |
Share on

കനേഡിയന്‍ ക്രൈസസ്; ഫ്രീലാന്‍ഡിന്റെ രാജിയില്‍ തകര്‍ന്ന ട്രൂഡോയുടെ ഭാവി

ആസന്നമായൊരു തിരഞ്ഞെടുപ്പിലേക്കാണോ കാനഡ പോകുന്നത്

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്. പ്രധാനമന്ത്രിയുടെ വിശ്വസ്തയായിരുന്ന ഡെപ്യൂട്ടി ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ പെട്ടെന്നുള്ള രാജിയാണ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് ഫ്രീലാന്‍ഡ് രാജിവച്ചത്. ഈ രാജി ലിബറല്‍ പാര്‍ട്ടിക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് ഉണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ട്രൂഡോയും അദ്ദേഹത്തിന്റെ മന്ത്രിസഭയും ഒരു ഏകീകൃത മുന്നണി അവതരിപ്പിക്കാന്‍ പാടുപെടുന്ന സമയത്താണ് ഫ്രീലാന്‍ഡിന്റെ രാജി. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക, വ്യാപാര പ്രതിസന്ധിക്കൊപ്പം, വിമര്‍ശനങ്ങള്‍ നിറഞ്ഞ ആഭ്യന്തര രാഷ്ട്രീയവും ചേര്‍ന്ന് ട്രൂഡോയുടെ നേതൃത്വത്തെ കുരുക്കിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മാസങ്ങളിലായി, പ്രധാനമന്ത്രിയുടെ ജനപ്രീതി ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. അധികാരത്തിലുള്ള അദ്ദേഹത്തിന്റെ പിടി ഇപ്പോള്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്. ട്രൂഡോയുടെ രാജിക്കു വേണ്ടി സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറവിളി ഉയര്‍ന്നിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ വഴി തന്റെ രാജിക്കത്ത് പൊതുജന സമക്ഷത്തില്‍ വച്ച ഫ്രീലാന്‍ഡ് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. ട്രൂഡോയ്‌ക്കെതിരേ വിമര്‍ശനങ്ങളുള്ള രാജിക്കത്തില്‍ കാനഡയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുകളും ഫ്രീലാന്‍ഡ് രേഖപ്പെടുത്തിയിരുന്നു. 2020 മുതല്‍ രാജ്യത്തെ ധനമന്ത്രിയായിരുന്ന, മുന്‍ പത്രപ്രവര്‍ത്തക കൂടിയ ഫ്രീലാന്‍ഡിന്റെ കത്തില്‍, കാനഡയുടെ ബജറ്റ് കമ്മി വര്‍ദ്ധിപ്പിക്കുന്ന നികുതി ഇളവുകള്‍, വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഹ്രസ്വകാല ചെലവുകള്‍ തുടങ്ങിയ ട്രൂഡോയുടെ നീക്കത്തെ വിമര്‍ശിക്കുന്നുണ്ട്. ഫ്രീലാന്‍ഡിന്റെ സന്ദേശം വ്യക്തമായിരുന്നു: രാഷ്ട്രീയ ഗിമ്മിക്കുകള്‍ കാണിക്കാനുള്ള സമയമല്ലിത്, പ്രത്യേകിച്ച് ട്രംപിന്റെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തില്‍, സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനായി കാനഡയുടെ സാമ്പത്തിക റിസര്‍വ് സംരക്ഷിക്കുകയാണ് ആവശ്യമെന്നാണ് ഫ്രീലാന്‍ഡ് ഊന്നിപ്പറയുന്നത്.

ഫ്രീലാന്‍ഡിന്റെ രാജി രാജ്യത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കനേഡിയന്‍ ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള വിപണി ഉത്കണ്ഠ പ്രതിഫലിപ്പിക്കുന്ന ബോണ്ട് വരുമാനം കുതിച്ചുയര്‍ന്നു. ഫ്രീലാന്‍ഡിന്റെ രാജിയ്ക്കു പിന്നാലെ ട്രൂഡോ വളരെ നിശബ്ദനായാണ് കാണപ്പെട്ടത്. മന്ത്രിസഭ യോഗങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് ചെയ്തത്. ഫ്രീലാന്‍ഡിന്റെ രാജിയില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് തയ്യാറായിരുന്നില്ല. ധനകാര്യ മന്ത്രിയുടെ രാജിയില്‍ പ്രധാനമന്ത്രിയുടെ പരസ്യ പ്രതികരണം ഉണ്ടാകാതിരുന്നത്, ട്രൂഡോയുടെ പ്രധാനമന്ത്രിക്കസേരയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

വ്യക്തമായ കണക്കുകൂട്ടലുരളോടെ, കൃത്യമായ സമയത്ത് തന്നെയായിരുന്നു ഫ്രീലാന്‍ഡിന്റെ രാജി. ട്രൂഡോയുമായുള്ള വഷളായ ബന്ധത്തിന്റെ അവസാനം കൂടിയായിരുന്നു ആ രാജി. ട്രൂഡോയുടെ ഏറ്റവും വിശ്വസ്തയായിരുന്നു ഫ്രീലാന്‍ഡ്. സര്‍ക്കാരില്‍ നിന്നും പുറത്തു പോകാനുള്ള ഫ്രീലാന്‍ഡിന്റെ തീരുമാനം ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള വിള്ളലാണ് എടുത്തുകാണിക്കുന്നത്. കുറച്ചുകാലമായി ഏറെ പിരിമുറുക്കം നിറഞ്ഞതായിരുന്നു ഇവരുടെ ബന്ധം. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്രീലാന്‍ഡിന് ധനകാര്യത്തിന് പകരമായി മറ്റൊരു സ്ഥാനം ട്രൂഡോ വാഗ്ദാനം ചെയ്തിരുന്നു. കാനഡ-യുഎസ് ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു റോളായിരുന്നു അത്. എന്നാല്‍ അതൊരു അധികാര സ്ഥാനമല്ലായിരുന്നു. ധനകാര്യ മന്ത്രി എന്ന സ്ഥാനത്ത് നിന്നും അപ്രസക്തമായൊരു പദവിയിലേക്കുള്ള മാറ്റം. ഫ്രീലാന്‍ഡ് ഈ ഓഫര്‍ നിരസിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു ഫ്രീലാന്‍ഡിന്റെ തീരുമാനം.

ട്രൂഡോയ്ക്ക് സ്വന്തം മന്ത്രിസഭയില്‍ നിന്നു തന്നെ തിരിച്ചടി കൂടുന്നു എന്നതിന് തെളിവായിരുന്നു, ഫ്രീലാന്‍ഡിന്റെ രാജിയില്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ പ്രകടിപ്പിച്ച നിരാശ. ഗതാഗത മന്ത്രി അനിത ആനന്ദ് രാജിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഫ്രീലാന്‍ഡിനെ ‘നല്ല സുഹൃത്ത്’ എന്നാണ് അനിത അഭിസംബോധന ചെയ്തത്. രാജി വാര്‍ത്ത തന്നെ ‘വളരെ കഠിനമായി’ ബാധിച്ചുവെന്നും അവര്‍ പറഞ്ഞു. അനിത ആനന്ദിന്റെ അഭിപ്രായം ലിബറല്‍ പാര്‍ട്ടിയില്‍ ട്രൂഡോയ്‌ക്കെതിരായ വികാരത്തെയാണ് കാണിക്കുന്നത്. ട്രൂഡോയുടെ നേതൃത്വത്തിനെതിരേ ഉയരുന്ന വെല്ലുവിളിയുടെ ഭാഗമായി തന്നെയാണ് ഫ്രീലാന്‍ഡിന്റെ രാജിയും പ്രതിപാദിക്കുന്നത്. ഫ്രീലാന്‍ഡിനെ പോലൊരു നേതാവിന്റെ നഷ്ടം സര്‍ക്കാരിന് വലിയ തിരിച്ചടി തന്നെയാണ്. കാനഡയുടെ സാമ്പത്തിക, ധന നയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫ്രീലാന്‍ഡ് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ട്രംപിന്റെ ആദ്യ ടേമില്‍ യുഎസുമായുള്ള അടുത്ത വ്യാപാര ബന്ധം നിലനിര്‍ത്താനുള്ള ട്രൂഡോ ഗവണ്‍മെന്റിന്റെ ശ്രമങ്ങളില്‍ അവളുടെ നേതൃത്വം അത്യന്താപേക്ഷിതമായിരുന്നു. ഇപ്പോള്‍, കാനഡ, അന്തര്‍ദേശീയവും ആഭ്യന്തരവുമായ വലിയ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന സമയത്ത് ഏറ്റവും കഴിവും സ്വാധീനമുള്ളതുമായ ഒരു മന്ത്രിയുടെ അഭാവം സര്‍ക്കാരിനെ വലിയ രീതിയില്‍ ബാധിക്കും.

ഫ്രീലാന്‍ഡിന്റെ രാജി ട്രൂഡോ സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കാനഡയ്ക്ക് വേഗത്തില്‍ തന്നെ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് രാജി കാരണമാകുമെന്നാണ് പോള്‍സ്റ്റര്‍ നിക്ക് നാനോസ് വാദിക്കുന്നത്. 2025 ന്റെ തുടക്കത്തില്‍ തന്നെ രാജ്യത്തെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്നാണ് നാനോസ് പറയുന്നത്. ട്രൂഡോയും സംഘവും അടുത്ത ഒക്ടോബര്‍ വരെ തങ്ങള്‍ക്ക് സമയം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അപ്പോഴേക്കും പണപ്പെരുപ്പവും കുടിയേറ്റവും പോലുള്ള വിഷയങ്ങളില്‍ വോട്ടര്‍മാരുടെ രോഷം ശമിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഫ്രീലാന്‍ഡിന്റെ രാജി എരിതീയില്‍ എണ്ണയൊഴിക്കലായി. നിലവിലെ നേതൃത്വത്തില്‍ സര്‍ക്കാരിന് ഒരു വര്‍ഷം കൂടി നിലനില്‍ക്കാന്‍ കഴിയുമോ എന്നത് വ്യക്തമല്ല.

ഫ്രീലാന്‍ഡിന്റെ രാജി ട്രൂഡോയുടെ ഇതിനകം തന്നെ ദുര്‍ബലമായ നേതൃത്വത്തെ ഒന്നുകൂടി ക്ഷണിപ്പിച്ചിരിക്കുകയാണ്. സെപ്തംബറില്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) ലിബറല്‍ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ ട്രൂഡോയ്‌ക്കെതിരായ എതിര്‍പ്പ് വര്‍ദ്ധിപ്പിച്ചിരുന്നു. ഹൗസ് ഓഫ് കോമണ്‍സില്‍ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. സുപ്രധാന വോട്ടിംഗ് നടന്നാല്‍ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ് ട്രൂഡോയുടെ രാജിക്ക് ആഹ്വാനം ചെയ്യുകയാണ്. പ്രധാനമന്ത്രിയെ പരസ്യമായി വിമര്‍ശിച്ച നിരവധി ലിബറല്‍ എംപിമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ജഗ്മിത് സിംഗിന്റെ പാര്‍ട്ടി വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടി വരികയെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ സേവ്യര്‍ ഡെല്‍ഗാഡോ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിനോട് പറയുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിപി മോശം പ്രകടനമായിരിക്കും കാഴ്ചവെക്കുകയെന്നാണ് ഡെല്‍ഗാഡോ പറയുന്നത്. ട്രൂഡോയുടെ ജനവിരുദ്ധമായ സര്‍ക്കാരുമായുള്ള കൂട്ടുകെട്ട് സിംഗിന്റെ പാര്‍ട്ടിയെ കൂടുതല്‍ ദോഷകരമായി ബാധിക്കും. സിംഗിന്റെ നിലപാട് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കും. ട്രൂഡോയെ പിന്തുണയ്ക്കുന്നത് തുടരുമോ അതോ പ്രധാനമന്ത്രിയെ പുറത്താക്കാന്‍ പരിശ്രമിക്കുമോ എന്നതിലേക്ക് സിംഗിന്റെ പാര്‍ട്ടി കടക്കുമോയെന്ന് വരും ദിവസങ്ങളില്‍ കാണാം.

ആടിയുലഞ്ഞ് നില്‍ക്കുന്ന സര്‍ക്കാര്‍
ഫ്രീലാന്‍ഡിന്റെ രാജി ട്രൂഡോയുടെ ഭാവി വലിയ സംശയത്തിലാക്കിയിരിക്കുകയാണ്. ട്രംപിന്റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ എങ്ങനെ നേരിടുമെന്നത് ട്രൂഡോ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. യു.എസ്. ഗവണ്‍മെന്റിന്റെ വഴി എന്തുതന്നെയായാലും കാനഡ ‘ഏറ്റവും നന്നായി തയ്യാറാകേണ്ടതിന്റെ’ ആവശ്യകത ഊന്നിപ്പറഞ്ഞിരിക്കുകയാണ് വ്യവസായ മന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍. എന്നാലും, ലിബറല്‍ പാര്‍ട്ടിക്കുള്ളിലെ അസ്ഥിരതയും മുന്നണിയുടെ കെട്ടുറപ്പില്ലായ്മയും സര്‍ക്കാരിന്റെ കഴിവില്ലായ്മയും പ്രതിസന്ധിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് തടസമാകും. പ്രധാനമന്ത്രിയാണ് തന്റെ രാജിക്കായുള്ള സമ്മര്‍ദ്ദത്തെയും, ശിഥിലമാകുന്ന മന്ത്രിസഭയും ഒരുപോലെ അഭിമുഖീകരിക്കുകയാണ്. ട്രൂഡോ സര്‍ക്കാരിന് വ്യക്തമായൊരു കാഴ്ച്ചപ്പാടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുവരെയില്ലാത്ത രാഷ്ട്രീയ പരീക്ഷണങ്ങളാണ് ട്രൂഡോ അഭിമുഖീകരിക്കുന്നത്. ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് കഴിയുമോ, അതോ പുതിയൊരു നേതൃത്വത്തിനായി കാനഡ ഉടനൊരു തിരഞ്ഞെടുപ്പിലേക്ക് പോകുമോ എന്ന ചോദ്യം വരും ദിവസങ്ങളെ നിര്‍ണായകമാക്കും. ഒരു കാര്യം വ്യക്തമാണ്: കാനഡയിലെ രാഷ്ട്രീയ മണ്ഡലം പ്രക്ഷുബ്ധമാണ്, ട്രൂഡോയുടെ അധികാരത്തിലുള്ള പിടി എന്നത്തേക്കാളും ദുര്‍ബലമാണ്. Canadian prime minister  Justin Trudeau’s crisis deepens as Chrystia Freeland resigns sparking uncertainty

Content Summary; Canadian prime minister  Justin Trudeau’s crisis deepens as Chrystia Freeland resigns sparking uncertainty

×