ലോസ് ആഞ്ചൽസിൽ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിൽ കാലിഫോർണിയ നാഷണൽ ഗാർഡിന്റെ നിയന്ത്രണം നിലനിർത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുമതി നൽകി യുഎസ് കോടതി. ഫെഡറൽ സർവീസിലേക്ക് സൈന്യത്തെ വിളിച്ചുവരുത്തിയ പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ജില്ലാ ജഡ്ജിയുടെ വിധി സാൻ ഫ്രാൻസിസ്കോയിലെ അപ്പീൽ കോടതി താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ലോസ് ആഞ്ചൽസിലെ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിച്ച ട്രംപിന്റെ നടചടിയെ ഗവർണർ ന്യൂസം ചോദ്യം ചെയ്തിരുന്നു. ഈ നടപടിയുടെ നിയമസാധുത പരിശോധിച്ച് കൊണ്ട് ഗവർണർ കേസ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നാഷണൽ ഗാർഡിന്റെ നിയന്ത്രണം ട്രംപിന് തന്നെയെന്ന് യുഎസ് അപ്പീൽ കോടതി വിധിക്കുന്നത്. ട്രംപ് നാഷണൽ ഗാർഡിനെ നിയമവിരുദ്ധമായാണ് ഫെഡറൽ സർവീസിലേക്ക് വിളിച്ചതെന്ന് യുഎസ് ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ ജൂൺ 12ലെ വിധിയിൽ പരാമർശിച്ചിരുന്നു. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള 9-ാമത് യുഎസ് സർക്യൂട്ട് കോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് വ്യാഴാഴ്ച ഈ അപ്പീൽ താൽക്കാലികമായി നിർത്തിവച്ചത്. ട്രംപിന്റെ നടപടിക്കെതിരെ ഗവർണർ ഗാവിൻ ന്യൂസം നൽകിയ കേസിലാണ് ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ വിധി പുറപ്പെടുവിച്ചത്.
ഗവർണറുമായുള്ള ചർച്ചകളിലൂടെ ആയിരുന്നില്ല ട്രംപ് നാഷണൽ ഗാർഡിനെ വിന്യസിപ്പിക്കാൻ തീരുമാനമെടുത്തതും നടപ്പിലാക്കിയതും. അതുകൊണ്ട് തന്നെ ഒരു സംസ്ഥാനത്തിന്റെ നാഷണൽ ഗാർഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രസിഡന്റിന്റെ കഴിവിനെ നിയന്ത്രിക്കുന്ന യുഎസ് നിയമം ട്രംപ് ലംഘിച്ചുവെന്നും വിധിയിൽ പരാമർശിക്കുന്നു. കൂടാതെ ഫെഡറൽ സംവിധാനത്തിനെതിരെ കലാപത്തിന് ഒരുങ്ങിയ ട്രംപിന്റെ നടപടിയ്ക്ക് അംഗീകാരം നൽകാൻ സാധിക്കില്ലെന്നും വിധി ചൂണ്ടിക്കാണിക്കുന്നു. കാലിഫോർണിയയിലെ നാഷണൽ ഗാർഡിന്റെ നിയന്ത്രണം ന്യൂസോമിന് തിരികെ നൽകാനും ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ ഉത്തരവിട്ടിരുന്നു. എന്നാൽ ബ്രയർ നടപടിയെടുത്ത് മണിക്കൂറുകൾക്ക് ശേഷംം 9-ാമത് സർക്യൂട്ട് പാനൽ ജഡ്ജിയുടെ നീക്കം താൽക്കാലികമായി നിർത്തിവച്ചു കൊണ്ട് യുഎസ് കോടതി വിധി വന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി ലോസ് ആഞ്ചൽസിൽ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ ആയിരുന്നു ജൂൺ 7ന് ട്രംപ് കാലിഫോർണിയയിലെ നാഷണൽ ഗാർഡിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ന്യൂസോമിന്റെ നിലപാടിന് വിരുദ്ധമായി 4,000 സൈനികരെ സംസ്ഥാനത്ത് വിന്യസിക്കുകയും ചെയ്തു. നാഷണൽ ഗാർഡിനെ അയച്ചതിന് പിന്നാലെ ട്രംപ് 700 പേരടങ്ങുന്ന ഒരു യുഎസ് മറൈൻ സേനയേയും നഗരത്തിലേക്ക് അയയ്ക്കാനും ഉത്തരവിട്ടു. മറൈൻ സേനയെ നഗരത്തിൽ വിന്യസിപ്പിച്ച നടപടിയിൽ ചാൾസ് ബ്രെയർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അധിനിവേശത്തിനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും സർക്കാരിനെതിരായ കലാപം ഉണ്ടാവുമ്പോഴും രാജ്യത്തിന്റെ നിയമങ്ങൾ നടപ്പിലാക്കാൻ സാധാരണ സേനയെക്കൊണ്ട് കഴിയാത്ത സാഹചര്യങ്ങളിലും മാത്രമാണ് ഒരു പ്രസിഡന്റിന് സംസ്ഥാനത്തെ ദേശീയ ഗാർഡിന്റെ അധികാരം ഏറ്റെടുക്കാൻ സാധിക്കുന്നത്. നാഷണൽ ഗാർഡിനെ വിന്യസിപ്പിക്കേണ്ടുന്ന ഒരു അടിയന്തരാവസ്ഥ നിലവിലുണ്ടെന്ന് പ്രസിഡന്റ് തീരുമാനിച്ചുകഴിഞ്ഞാൽ കോടതിക്കോ സംസ്ഥാന ഗവർണർക്കോ ആ തീരുമാനം പുനഃപരിശോധിക്കാൻ കഴിയില്ലെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. ലോസ് ആഞ്ചൽസിലേക്ക് സൈന്യത്തെ അയയ്ക്കാനുള്ള ട്രംപിന്റെ തീരുമാനം സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ചുള്ള ഒരു ദേശീയ ചർച്ചയ്ക്ക് കാരണമായി തീർന്നിരുന്നു. ഇത് യുഎസ്സിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചൽസിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് തിരികൊളുത്തി. ലോസ് ആഞ്ചൽസിലെ പ്രതിഷേധങ്ങൾ ഒരു ആഴ്ചയിലധികമാണ് നീണ്ടുനിന്നത്.
content summary: U.S. court allows Trump to retain control of California National Guard during ongoing lawsuit over LA protests