June 04, 2026 |
Avatar
അമർനാഥ്‌
Share on

ജീവിതം തന്നെ പ്രതിഷേധം; പി. ജെ ആന്റണി

പി.ജെ. ആന്റണിയുടെ ചരമവാര്‍ഷികമാണിന്ന്

1946-ാം ആണ്ട് മുതലുള്ള എന്റെ ജീവിതം നാടകവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ട് കിടക്കുകയാണ്. 1946 വരെ ഏതെങ്കിലും തരത്തില്‍ നാടകവുമായി ബന്ധപ്പെടാതെ ഒരു ദിവസമെങ്കിലും കഴിഞ്ഞുകൂടിയിട്ടുള്ള ഓര്‍മ്മ എനിക്കില്ല.

പി.ജെ.ആന്റണി.

നാടക രചന, നാടക സംഗീതം, ഗാനരചന, സംഗീതപ്രതിഭ, നാടകനടന്‍, സംഘാടകന്‍, ചലച്ചിത്രനടന്‍ എന്നിങ്ങനെ പല വേഷങ്ങളിലും പകര്‍ന്നാടിയ പി. ജെ. ആന്റണി എന്ന കലാകാരന്‍ ആരുടെയും ദയാദാക്ഷിണ്യം ആഗ്രഹിക്കാത്ത ഒരു നിതാന്ത റെബല്‍ ആയിരുന്നു. നാടകം തന്നെയാണ് ജീവിതം എന്ന് വിശ്വസിച്ച പി.ജെ. ആന്റണിയുടെ ചരമവാര്‍ഷികമാണിന്ന്.

പി.ജെ. ആൻ്റണി

വിമോചന സമരകാലത്ത് സമരത്തിനെതിരെ ഒരു നാടകം എഴുതിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. പറ്റിയ ആള്‍ പി ജെ ആന്റണിയാണെന്ന് കണ്ട പാര്‍ട്ടി മുഖ്യമന്ത്രി ഇഎംഎസ്, എറണാകുളം ഗസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ പാര്‍ട്ടിക്കാര്‍ ആന്റണിയെ ഹാജരാക്കി. ഇഎംഎസ് കാര്യം പറഞ്ഞു. ആന്റണി സമ്മതിക്കുകയും ചെയ്തു. ഇഎംഎസ് ചോദിച്ചു ”എപ്പോള്‍ നാടകം തരാനാകും?” എടുത്തടിച്ച പോലെ ഉത്തരം: ”നാളെ രാവിലെ”. ആന്റണിയുടെ രചനാരീതികള്‍ അറിയാത്ത ഇഎംഎസ് അതൊരു വീണ്‍വാക്കായേ എടുത്തുള്ളൂ. ആന്റണി ഉടനെ ഗസ്റ്റ് ഹൗസില്‍ രണ്ട് മുറിയെടുത്ത് കേട്ടെഴുതാന്‍ രണ്ടുപേരെ ഏര്‍പ്പാടാക്കി. ഒരു മുറിയിലുള്ള ആള്‍ക്ക് നാടകത്തിലെ ഒരു രംഗവും മറ്റേ മുറിയിലുള്ള ആള്‍ക്ക് പിന്നീടുള്ള രംഗവും മാറി മാറി പറഞ്ഞു കൊടുത്ത് വെളുപ്പിനെ നാടകം പൂര്‍ത്തിയാക്കി. ‘വിമോചനം’ എന്ന നാടകം പാര്‍ട്ടി ആ കാലത്ത് ഒരുപാട് വേദികളില്‍ അവതരിപ്പിച്ചു.

ഒരു കമ്യൂണിസ്റ്റ് അനുഭാവിയാണെങ്കിലും പൂര്‍ണമായും തന്റെ പ്രതിഭ രാഷ്ട്രീയത്തിന് അടിയറവയ്ക്കാന്‍ ആന്റണി തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഒരു പ്രൊപ്പഗണ്ട നാടകം എന്നതില്‍ കൂടുതല്‍ പ്രധാന്യം ഇതിന് നല്‍കാന്‍ ആന്റണി തയ്യാറായില്ല.

1953 ല്‍ ആന്റണി എഴുതിയ ‘ഇന്‍ക്വിലാബിന്റെ മക്കള്‍’ എന്ന നാടകം ഏറെ കോളിളക്കം സൃഷ്ടിച്ചു. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മൂലം തിരുകൊച്ചിയും മദ്രാസ് ഭരണകൂടവും നാടകം നിരോധിച്ചു. ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷം, നിരോധനം പിന്‍വലിച്ചപ്പോള്‍ ഇരുനൂറോളം സ്റ്റേജുകളില്‍ ഈ നാടകം കളിക്കാന്‍ ക്ഷണിക്കപ്പെട്ടു. അതോടെയാണ് പി.ജെ ആന്റണി നാടകരംഗത്ത് പ്രശസ്തമാവുന്നത്.

പി.ജെ ആൻ്റണിയുടെ പ്രശസ്തമായ നാടകം

1956 മാര്‍ച്ചില്‍ എറണാകുളത്ത് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പു നടന്നു. എറണാകുളത്തെ പ്രമുഖ നേതാവായ വി. വിശ്വനാഥ മേനോനടക്കം (പിന്നീട് എം.പി യും, കേരള ധനകാര്യ മന്ത്രിയും) മുന്നണിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പത്തുപേര്‍ ജയിച്ചു. കോണ്‍ഗ്രസ്സിന് 16 കൗണ്‍സിലര്‍മാര്‍. സ്വതന്ത്രന്മാരായി 8 പേര്‍ ജയിച്ചവരില്‍ മിക്കവരും കോണ്‍ഗ്രസ്സ് വിമതരായിരുന്നു.

ഒരു കോണ്‍ഗ്രസ്സേതര മുന്നണിയുടെ കൗണ്‍സില്‍ ഉണ്ടാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പദ്ധതി ആസൂത്രണം ചെയ്തു. ആംഗ്ലോ ഇന്ത്യന്‍ (ലാറ്റിന്‍) സ്ഥാനാര്‍ത്ഥി പീറ്റര്‍ കൊറിയ സ്വതന്ത്രനായി ഇലക്ഷനില്‍ ജയിച്ചിരുന്നു. സ്വതന്ത്രരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നൊരു കൗണ്‍സില്‍ ഉണ്ടാക്കിയാല്‍ പീറ്റര്‍ കൊറിയയെ ചെയര്‍മാന്‍ ആക്കണമെന്ന നിബന്ധന വന്നു. ആദ്യം ചെയര്‍മാന്‍ തിരഞ്ഞെടുപ്പാണ് നടന്നത്. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തോടെ പീറ്റര്‍ കൊറിയയെ ചെയര്‍മാനായി തിരഞ്ഞെടുത്തു. നഗരോദ്ധാരണ മുന്നണി കണ്‍വീനര്‍ എം.എം ലോറന്‍സും ഡോക്ടര്‍ ചാത്തുരുത്തിയുമാണ് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത്. അങ്ങനെ 1957-ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കു മുമ്പു തന്നെ 1956-ല്‍ ഒരു കോണ്‍ഗ്രസ്സേതര മുനിസിപ്പല്‍ കൗണ്‍സില്‍ അങ്ങനെ കേരളത്തില്‍ നിലവില്‍ വന്നു.
ചെയര്‍മാനായ പീറ്റര്‍ കൊറിയയ്ക്ക് ഒരു ഗംഭീര സ്വീകരണം അദ്ദേഹത്തിന്റെ വാര്‍ഡില്‍ തന്നെ നല്‍കാന്‍ പാര്‍ടി തീരുമാനിച്ചു. അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് പീറ്റര്‍ കൊറിയക്ക് എതിരായി അതേ വാര്‍ഡില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ത്രികോണ മത്സരത്തില്‍ തോറ്റയാളെയാണ്. അത് സാക്ഷാല്‍ പി.ജെ ആന്റണിയായിരുന്നു. വിവരം അറിഞ്ഞ ആന്റണി പ്രതിഷേധിച്ചു.

‘എന്നെക്കൊണ്ട് വേഷം കെട്ടിക്കണോ? ഇത്രയും ദിവസം ഞാന്‍ പീറ്റര്‍ കൊറിയക്കെതിരായി പ്രസംഗിച്ചതല്ലേ? അതേ നാവുകൊണ്ട് പുകഴ്ത്തി പറയണമെന്നാണോ നിങ്ങള്‍ പറയുന്നത്?’ കാര്യം ധരിപ്പിച്ചു വിശ്വനാഥ മേനോനോട് ആന്റണി വെട്ടിത്തുറന്നു പറഞ്ഞു. മേനോന്‍ ആന്റണിയെ ആശ്വസിപ്പിച്ചു. ‘സ്വാഗതം മാത്രം ആന്റണി പറഞ്ഞാല്‍ മതി. ബാക്കി കാര്യം ഞങ്ങളേറ്റു.’ വിഷമത്തോടെയാണെങ്കിലും ആന്റണി ആ കൃത്യം നിര്‍വ്വഹിച്ചു.

1956 ൽ എറണാകുളം മുൻസിപ്പൽ ചെയർമാനായിരുന്ന പീറ്റർ കൊറിയ

”സ്വീകരണയോഗം ഭംഗിയായി നടന്നു. എന്നാല്‍ വികാര ജീവിയും കലാകാരനുമായ പി.ജെ ആന്റണിക്ക് രാഷ്ട്രീയത്തിലുണ്ടായ ഈ തകിടം മറിച്ചില്‍ ഒട്ടും ദഹിച്ചില്ല. ജനാധിപത്യത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന ആശ്വാസവചനങ്ങളൊന്നും ആന്റണിക്ക് ബോധ്യമായില്ല. ‘ഇത്തരം ജനാധിപത്യത്തിന് ബലിയാടാവാന്‍ ഞാനില്ല’ എന്നു പറഞ്ഞ് ആന്റണി പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാകാതെ ഒഴിഞ്ഞുനിന്നു. എന്നാല്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥമായി സഹകരിക്കുമായിരുന്നു.”വിശ്വനാഥ മേനോന്‍ തന്റെ ആത്മകഥയില്‍ എഴുതി.

കൊച്ചി തുറമുഖത്തെ തൊഴില്‍ കുഴപ്പവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് നേരെ നടന്ന മട്ടാഞ്ചേരി പോലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച്, നിരോധനാജ്ഞ ലംഘിച്ച് ജാഥ നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട കലാകാരനാണ് ആന്റണി. അക്കാലത്ത് ആന്റണിയെഴുതിയ ‘കാട്ടാളന്മാര്‍ നാട് ഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ’ എന്നത് മുദ്രാവാക്യം പോലെ കൊച്ചിയിലെ ജനങ്ങള്‍ ഏറ്റുപാടിയ ഗാനമായിരുന്നു. പുതിയ തലമുറ സംവിധായകന്‍ രാജീവ് രവി തന്റെ ചിത്രമായ ‘തുറമുഖം’ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയ ഈ ഈരടി പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

നിര്‍മ്മാല്യത്തിന് ഭരത് അവാര്‍ഡ് കിട്ടിയപ്പോള്‍ ആദ്യമായി നല്‍കിയ സ്വീകരണത്തില്‍ ആന്റണി പറഞ്ഞത് ഇതായിരുന്നു, ”എന്നെ സിനിമാ നടന്‍ എന്ന് വിളിക്കരുത്. എന്റെ ആത്മാവും, ചൈതന്യവും നാടകത്തിലാണ്.”

നിർമ്മാല്യത്തിൽ സുമിത്രയോടൊപ്പം

അത് നന്നായി മനസിലാക്കിയിരുന്നവര്‍ ഭരത് അവാര്‍ഡ് നേടിയ ചലചിത്ര താരത്തേക്കാള്‍ അംഗീകരിച്ചതും മികച്ചതെന്ന് വിശ്വസിച്ചതും പി.ജെ. ആന്റണിയെന്ന നാടക നടനെയായിരുന്നു. അതിലൊരാളായിരുന്ന സി. അച്യുത മേനോന്‍ ആന്റണിയുടെ ചരമക്കുറിപ്പില്‍ നവയുഗത്തില്‍ എഴുതി:

‘ആന്റണി ചലച്ചിത്രത്തേക്കാള്‍ ഇഷ്ടപ്പെട്ടിരുന്ന കലാമാദ്ധ്യമം, നാടകമായിരുന്നുവെന്നത് ചലച്ചിത്രരംഗം ഉപേക്ഷിച്ചു ആന്റണി ഒരിക്കല്‍ നാടകരംഗത്തേക്കു തിരിച്ചുപോയി എന്നു എഴുതിപ്പോകുന്ന പത്രങ്ങള്‍ പോലും മറന്നുകളയുന്നു. അഥവാ അതിന്റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലാവുന്നില്ല. പക്ഷേ, ഞാനോര്‍ക്കുന്നത്, കമ്മ്യൂണിസ്റ്റുകാരായ, ഞങ്ങളോര്‍ക്കുന്നത് ഒരു നാടകകൃത്തും സംവിധായകനുമായ, നാടകാചാര്യനായ ആന്റണിയെയാണ്. ‘ഇക്വിലാബിന്റെ മക്കളും’, ‘ഞങ്ങളുടെ മണ്ണും’ മറ്റും എഴുതുകയും സംവിധാനം ചെയ്യുകയും അവയില്‍ അഭിനയിക്കുകയും ചെയ്ത ആന്റണിയെയാണ്. വിമോചന സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പുറംതള്ളിയതിനുശേഷം നാടുനീളെ അവതരിപ്പിച്ച ഹാസ്യനാടകങ്ങളുടെ കര്‍ത്താവായ ആന്റണിയെയാണ്.”

അന്നത്തെ, പരമ്പരാഗത നാടകങ്ങളിലെ പ്രധാന പാര്‍ട്ടായിരുന്നു സ്റ്റേജിലിരുന്ന് പാടുന്ന ഹാര്‍മോണിസ്റ്റ്. അയാള്‍ ആ കാലത്തെ നാടകങ്ങളുടെ ജീവാത്മാവും പരമാത്മാവുമായിരുന്നു. നാടകങ്ങളില്‍, ജീവിച്ചാലും മരിച്ചാലും പാട്ട് പാടി രംഗം കൊഴിപ്പിക്കുന്ന ഹാര്‍മോണിസ്റ്റിനെ ആന്റണി പിന്നണിയിലേക്ക് മാറ്റി.
അഭിനേതാക്കളേക്കാളും നാടക ഡയലോഗിനേക്കാളും പ്രാധാന്യം നല്‍കിയിരുന്ന ഹാര്‍മ്മോണിസ്റ്റിനെ വെറും പ്ലേബാക്കിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് ആന്റണിയായിരുന്നു. പിന്നീട് കെ.പി.എ.സി ഇത് അവരുടെ നാടകങ്ങളില്‍ നടപ്പിലാക്കി.

തോപ്പില്‍ ഭാസിയുടെ വിഖ്യാതമായ ‘നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി’ കെ.പി.എ.സി. അവതരിപ്പിച്ച് ചരിത്രവിജയം കൊയ്യുന്ന കാലം. മുഖ്യകഥാപാത്രമായ പരമുപിള്ളയെ അവതരിപ്പിച്ചിരുന്ന കാമ്പിശ്ശേരി കരുണാകരന് പെട്ടെന്ന് അസുഖം പിടിപെട്ടു. പകരം പ്രാപ്തനായ ഒരാളെ കണ്ടെത്തണം. പലരേയും പരിഗണിച്ചു. ഒന്നും ശരിയാവുന്നില്ല കെ.പി.എ.സി.സെക്രട്ടറി കൂടിയായിരുന്ന നടന്‍ ഒ. മാധവന്‍ എറണാകുളത്തെത്തി. ‘നവലോകം’ മാസിക പത്രാധിപരായ പി.ആര്‍. മാധവന്‍പിള്ള ഒ. മാധവനോട് പറഞ്ഞു:
”പച്ചാളത്തൊരു പയ്യനുണ്ട്. ചിലപ്പോള്‍ ഇതിന് പറ്റിയേക്കും.”

മുറപെണ്ണിൽ ജ്യോതി ലക്ഷ്മി, നസീർ , ഉമ്മർ, മധു, പി.ജെ ആൻ്റണി

ആന്റണിയെത്തേടി ഒ. മാധവന്‍ പച്ചാളത്തെ വീട്ടിലെത്തി. ആദ്യം ആന്റണി പറ്റില്ല എന്നു പറഞ്ഞു. ‘ഞങ്ങളുടെ മണ്ണ്’ എന്ന നാടകത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട തിരക്കിലാണ്. സമയമില്ല എന്നാണ് പറഞ്ഞ ന്യായം. ‘നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി’ നാലാം ദിവസം അവതരിപ്പിച്ചേപറ്റൂ. പിന്നെ തുടര്‍ച്ചയായി ബുക്കിംഗുമുണ്ട്. ഒ. മാധവന്‍ വിട്ടില്ല. അന്നത്തെ ആന്റണിയുടെ ചുറ്റുപാട് വളരെ അപകടം പിടിച്ചതായിരുന്നു. അതില്‍നിന്നും തല്‍ക്കാലത്തേക്കെങ്കിലും ഒരു മോചനമാകട്ടെ എന്നു കരുതി കാമ്പിശ്ശേരിക്ക് പകരക്കാരനാകുവാന്‍ ആന്റണി സമ്മതം മൂളി.

കെ.പി.എ.സിയുടെ മുഖ്യസാരഥികളിലൊരാളായ അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് ആന്റണിയെ കരുനാഗപ്പള്ളിയിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുമുറ്റത്തെ മാഞ്ചുവട്ടിലിരുന്ന് ജനാര്‍ദ്ദനക്കുറുപ്പ് നാടകത്തിന്റെ ഊടും പാവും ഇഴതിരിച്ച് ആന്റണിക്ക് വിവരിച്ചുകൊടുത്തു. ഒട്ടെറെ വേദികളില്‍ കാമ്പിശ്ശേരി അനശ്വരമാക്കിയ വേഷമാണ് ‘പരമുപിള്ള’. പക്ഷേ, ആന്റണിക്ക് ഒട്ടും കുലുക്കമില്ലായിരുന്നു. ആത്മവിശ്വാസത്തോടെ തന്നെ അത് ഏറ്റെടുത്തു.
റിഹേഴ്‌സല്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ ആന്റണിയുടെ അഭിനയം കണ്ട് ഒരാള്‍ പറഞ്ഞു:
”കാമ്പിശ്ശേരി ഇങ്ങനെയല്ല ഈ ഭാഗം അഭിനയിച്ചത്.”

അതുകേട്ട് പരുഷമായി മുഖത്തടിക്കുംപോലെ ആന്റണി തിരിച്ചു ചോദിച്ചു:
”ഞാന്‍ കാമ്പിശ്ശേരിയാകണോ പരമുപിള്ളയാകണോ?”

ആന്റണി അവതരിപ്പിച്ചത് സ്വന്തം വ്യാഖ്യാനം അനുസരിച്ചുള്ള ഒരു പരമുപിള്ളയെയായിരുന്നു. ആ അവതരണം പ്രഗത്ഭവും പൂര്‍ണ്ണവുമായിരുന്നുവെന്നും സംഭാഷണശൈലിയിലും അഭിനയരീതിയിലും ഒരു പുതിയ അദ്ധ്യായം രചിച്ചുകൊണ്ട് ഒരു പുതിയ പരമുപിള്ളയെത്തന്നെ ആന്റണി നാടകത്തിന്റെ പരിവൃത്തത്തിനുള്ളില്‍ അരങ്ങില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും ജനാര്‍ദ്ദനക്കുറുപ്പും, ഒ. മാധവനും പിന്നീട് എഴുതി. ഏതാണ്ട് രണ്ടു മാസത്തോളം ആന്റണി പരമുപിള്ളയെ അവതരിപ്പിച്ച ശേഷം പിന്നെ കൊച്ചിയിലേക്ക് മടങ്ങി.

ചെറുകാടിന്റെ ‘നമ്മളൊന്ന്’ എന്ന നാടകം സംവിധാനം ചെയ്തത് പ്രേംജിയായിരുന്നു. അഭിനേതാക്കള്‍ ആന്റണിയെ കൂടാതെ പരിയാനം പറ്റ, എം എസ് നമ്പൂതിരി തുടങ്ങിയ അന്നത്തെ പ്രഗല്‍ഭ നടമാരും, നാടകത്തിന്റെ സംഗീതം എം.എസ്. ബാബു രാജുമായിരുന്നു. തൃശൂരില്‍ വെച്ചായിരുന്നു നാടക റിഹേഴ്‌സല്‍.
ആ നാട്യസംഘത്തിലെ ഏറ്റവും ശ്രദ്ധേയനായ നടനും കഥാപാത്രവും പി.ജെ. ആന്റണിയായിരുന്നു. ‘നിര്‍മ്മാല്യ’ത്തില്‍ നാം കണ്ട ശരീരമല്ലായിരുന്നു പ്രേംജി ‘അന്തോണി’ എന്ന് വിളിച്ചിരുന്ന ആന്റണിക്ക് അന്ന്. തടിച്ചു കൊഴുത്ത ശരീരമായിരുന്നു. ഒത്ത ഉയരം. മുടി നീട്ടി വളര്‍ത്തിയിരിക്കും. തിളക്കമുള്ള, പച്ചക്കണ്ണെന്ന് പറയാവുന്ന കണ്ണുകള്‍. കുറച്ചൊക്കെ മുഷിഞ്ഞ ഒരു നീളന്‍ ജുബ്ബ. തന്റെ കഴിവുകളെക്കുറിച്ച് അപാരമായ ആത്മവിശ്വാസം. പ്രേംജിയുടെ മകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ നീലന്‍ തന്റെ കുട്ടിക്കാലത്ത് കണ്ട ഈ നാടക റിഹേഴ്‌സലിലെ കാര്യങ്ങള്‍ ഓര്‍മിക്കുന്നു.

”നമ്മളൊന്ന്’ വരുന്ന കാലത്ത് ആദ്യഘട്ടത്തിലെ ആന്റണി ഉണ്ടായിരുന്നു. പഴഞ്ചനായ നായരായി അച്ഛനും കലാപകാരിയായ മകന്‍ ശങ്കുണ്ണിയായി ആന്റണിയും. അഭിനയത്തെ ഒരതരം അക്രമസക്തമാക്കുന്നു, ചില നടന്മാര്‍. കുറോസാവയുടെ പ്രിയനടനായ തോഷിരോ മിഫുണിനെപ്പോലെയാണ്. പി.ജെ. ആന്റണി അത്തരമൊരു നടനായിരുന്നു. ‘നിര്‍മ്മാല്യ’ത്തിലെ അന്ത്യരംഗം ഇത്ര ഗംഭീരമായതും അതുകൊണ്ടാണ്. അച്ഛനാകട്ടെ, അഭിനയത്തില്‍ മിതത്വത്തിന്റെ, കീഴ്സ്ഥായിയുടെ ഒരാളായിരുന്നു. വ്യത്യസ്തമായ ഈ അഭിനയ ശൈലികള്‍ രംഗത്തു വരുമ്പോഴത്തെ രസം ഗംഭീരമായിരുന്നു’.

തച്ചോളി ഒതേനനിൽ കതിരൂർ ഗുരുക്കളായി പി ജെ ആൻ്റണി ഒതേനനായ സത്യനോടൊപ്പം

കെ.പി.എ.സി. ‘കമ്മ്യൂണിസ്റ്റാക്കി’ നാടകം കളിച്ചിരുന്ന അതേകാലത്താണ് തൃശൂര്‍ കേരള കലാവേദി ‘നമ്മളൊന്ന്’ കളിച്ചിരുന്നത്. ഈ രണ്ട് കമ്മ്യൂണിസ്റ്റ് നാടക സംഘങ്ങള്‍ തമ്മിലുള്ള മത്സരവും, കണ്ണൂരില്‍ ഒരു സ്റ്റേജില്‍വച്ച് കെ.പി.എ.സി ഗായകസംഘം നിര്‍ത്താതെ പാട്ടുപാടി ‘നമ്മളൊന്നി’നെ അട്ടിമറിച്ച കഥയും ആന്റണി തന്റെ നാടക സ്മരണകളില്‍ എഴുതിയിട്ടുണ്ട്. മലയാള നാടക ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണ് ആന്റണി ‘നാടകസ്മരണകളില്‍’ പറയുന്ന ഈ സംഭവമെന്ന് പിന്നീട് തോന്നിയിട്ടുണ്ട്.” നീലന്‍ എഴുതുന്നു.

‘ഇരുട്ടിന്റെ ആത്മാവ്’ ഷൂട്ടിംഗ് കാണാന്‍ അച്ഛനോടൊത്തു പോയ നേരം. ആന്റണി അതിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മേക്കപ്പിട്ട് ഏതോ താരം സെറ്റിലെത്തുന്നതും കാത്തിരുന്ന് മുഷിഞ്ഞ് ആന്റണി ക്ഷുഭിതനായി തുടങ്ങിയിരുന്നു. സത്യനും, നസീറും കൊടികുത്തി വാണിരുന്ന അക്കാലത്തും സിനിമയിലെ താരസമ്പ്രദായത്തോട് നിരന്തരം കലഹിച്ചുപോന്ന ധിക്കാരിയായിരുന്നു ആന്റണി. ക്ഷുഭിതനായ ആന്റണിയെ മെരുക്കാന്‍ ഏതോ സഹസംവിധായകനെത്തിയപ്പോള്‍ ആന്റണി പൊട്ടിത്തെറിച്ചു. തലയിലെ വിഗ്ഗ് ഊരി മേശപ്പുറത്തു വച്ചു: ”…വരുമ്പോള്‍ ഈ വിഗ്ഗ് സജഷനാക്കി ഷോട്ടെടുത്തോടോ, ഞാന്‍ പോകുന്നു. ഇവനൊക്കെ മുഖംകൊണ്ട് കാണിക്കുന്ന ഭാവാഭിനയം ഞാന്‍ ആസനം കൊണ്ട് കാണിക്കും. അതറിയോ തനിക്ക്”.

ആന്റണിയുടെ സംവിധാന ശൈലിയെ കുറിച്ച് സഹപ്രവര്‍ത്തകനും മുതിര്‍ന്ന നാടക സംവിധായകനും എഴുത്തുകാരനുമായ നെല്‍സണ്‍ ഫെര്‍ണാണ്ടസ് എഴുതുന്നു, ”നടീനടന്മാരുടെ അഭിനയ സിദ്ധിയുടെ അകിട് പിഴിഞ്ഞ് അവരെ കഥാപാത്രങ്ങളാക്കി മാറ്റുന്ന ഇന്ദ്രജാലമായിരുന്നു ആന്റണിയുടെ സംവിധാന കല. ആവശ്യമെന്ന് തോന്നുമ്പോള്‍ മാത്രം അഭിനയിച്ച് കൊടുക്കും. വില്ലനും നായകനും ചെറുപ്പക്കാരനും വൃദ്ധനും എന്ന് വേണ്ട ഏത് സങ്കീര്‍ണ കഥാപാത്രവും അദ്ദേഹത്തിന്റെ നടന വൈഭവത്തിന് മുന്‍പില്‍ വഴങ്ങുക തന്നെ ചെയ്യും. താന്‍ കാണിച്ച് കൊടുക്കുന്ന രീതി അതേപടി അനുകരിക്കണമെന്നില്ല; അതില്‍ നിന്നും പ്രചോദിതരായി തങ്ങളുടേതായൊരു ആവിഷ്‌ക്കരണ രീതി രൂപകല്‍പ്പന ചെയ്യണമെന്നേയുള്ളൂ.” തൊഴില്‍ പരമായ ദൗര്‍ബല്യങ്ങളോടും ബലഹീനതകളോടും ആന്റണി കടുത്ത പുച്ഛം പുലര്‍ത്തിയിരുന്നു. തൊഴിലിനോടുള്ള പ്രതിബദ്ധതയും അര്‍പ്പണ ബോധവും നാടക വേദിയില്‍ അവസാനം വരെ ആന്റണി കാത്തു സൂക്ഷിച്ചു.

പി.ജെ ആൻ്റണി സംവിധാനം ചെയ്ത ഏക നിനിമ പെരിയാർ (1973)

റിഹേഴ്സല്‍ ക്യാമ്പിലെ ചിട്ട കര്‍ശനമാണ്; കര്‍ക്കശവും. അതേ അര്‍പ്പണബോധം കൂടെ നില്‍ക്കുന്നവരില്‍ കണ്ടില്ലെങ്കില്‍ ആന്റണിയുടെ ഭാവം മാറും. റിഹേഴ്സലില്‍ മുഴുകി നില്‍ക്കുമ്പോള്‍ അതില്‍ മാത്രമാണ് ശ്രദ്ധ. തന്നെ കാണാന്‍ വന്നവരെ ഗൗനിച്ചില്ലെന്നു വരും. ഉള്‍ക്കൊള്ളാനും സ്വീകരിക്കുവാനും സന്നദ്ധരായവര്‍ക്ക് ഏതളവുവരെയും അഭിനയത്തിന്റെ സൂക്ഷ്മാംശങ്ങള്‍ പറഞ്ഞുകൊടുക്കും. പക്ഷേ അത് പിന്നീട് അഭിനയിക്കുമ്പോള്‍ തിരികെ കിട്ടണം. കിട്ടിയില്ലെങ്കില്‍ നാവില്‍ നിന്നു പിന്നെ തെറിയുതിരും. അതാരോടായാലും അങ്ങനെതന്നെ.

എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ ഹൃദിസ്ഥമായി കാണാതെ പഠിച്ചിരിക്കണം. മറ്റൊരാള്‍ വായിച്ചുകൊടുക്കുന്നത് കേട്ട് ഏറ്റുപറയുന്ന നാടകത്തിലെ പ്രോംപ്റ്റിംഗ് രീതിയോട് ആന്റണിക്ക് വെറുപ്പായിരുന്നു. നടന്‍ തിലകന്‍ ആദ്യമായി ആന്റണിയുടെ നാടകട്രൂപ്പില്‍ വന്നുചേരുമ്പോള്‍ രസകരമായ ഒരനുഭവമുണ്ടായി. റിഹേഴ്‌സല്‍ ക്യാമ്പില്‍ അല്പം വൈകിയാണെത്തിയത്. അതുകൊണ്ട് തിലകന് ഡയഗോഗ് കാണാതെ പഠിക്കുവാന്‍ കഴിഞ്ഞില്ല…
ആ സത്യം ഒളിച്ചുവെച്ചിട്ടു കാര്യമില്ലല്ലോ. തിലകന്‍ പറഞ്ഞു: ‘ഞാന്‍ ഡയലോഗ് കാണാതെ പഠിച്ചിട്ടില്ല.’
അപ്പോള്‍ വന്നു മറുപടി, നിര്‍ദ്ദാക്ഷിണ്യം.
‘എങ്കില്‍ പുറത്തുപോകാം.’
തിലകന്‍ പതറിയില്ല. അതേ ദൃഢഭാവത്തില്‍ തിരിച്ചു പറഞ്ഞു:
‘ഈയൊരു തവണത്തേയ്ക്ക് പ്രോംപ്റ്റ് ചെയ്യാനനുവദിക്കണം. ഒരു തവണ മതി. രണ്ടാമത്തെ റിഹേഴ്സലിനു വേണ്ട.’ ആന്റണി തിലകന്റെ കണ്ണുകളിലേയ്‌ക്കൊന്നു തുറിച്ചുനോക്കി. വിശ്വാസത്തിന്റെ ദാര്‍ഢ്യം ആ കണ്ണുകളില്‍ കണ്ടതുകൊണ്ടാവാം വഴങ്ങി. ആ രംഗത്തിന്റെ ആദ്യ റിഹേഴ്സല്‍ കഴിഞ്ഞു. രണ്ടാമത്തെ റിഹേഴ്സല്‍ തുടങ്ങും മുന്‍പു ആന്റണി പറഞ്ഞു ‘ഇത്തവണ തിലകനു പ്രോംപ്റ്റിംഗില്ല.’
ആത്മവിശ്വാസത്തോടെ തിലകന്‍ പറഞ്ഞു:
‘ആവശ്യമില്ല.’
വീണ്ടും ആന്റണി തിലകനെ തറപ്പിച്ചൊന്നു നോക്കി.
റിഹേഴ്സലില്‍ തന്റെ ഭാഗമത്രയും പ്രോംപ്റ്റിംഗില്ലാതെ ഒരു തവണ ചെയ്ത ഓര്‍മ്മയില്‍ നിന്നെടുത്ത് വള്ളിപുള്ളി തെറ്റാതെ തിലകന്‍ കൃത്യമായി പറഞ്ഞു. അതു കണ്ടു തൃപ്തനായ ആന്റണി മറ്റു നടീനടന്മാരോടു പറഞ്ഞു:
‘കണ്ടു പഠിക്ക്.’ തനിക്ക് ലഭിച്ച വലിയ ബഹുമതിയായി തിലകന്‍ ആ പ്രശംസയെ എന്നും മനസില്‍ കരുതി. കഴിവിന് അംഗീകാരം നല്‍കാന്‍ ആരായാലും ആന്റണിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.

തൻ്റെ ആദ്യ സിനിമ പെരിയാറിൽ തിലകൻ രാധാമണിയോടൊപ്പം

കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ആന്റണി മടിച്ചിരുന്നില്ല. ഗീഥയെന്ന നാടക ട്രൂപ്പിന്റെ ഉടമ ചാച്ചപ്പന്‍ ചില റോളുകള്‍ തന്റെ നാടകങ്ങളില്‍ താന്‍ തന്നെ അഭിനയിക്കണമെന്ന നിര്‍ബന്ധക്കാരനായിരുന്നു. വേഴാമ്പല്‍ എന്ന താന്‍ സംവിധാനം ചെയ്യുന്ന നാടകത്തിലെ ഒരു പ്രധാന രംഗമഭിനയിക്കുന്നത് ആന്റണി ചാച്ചപ്പനെ പറഞ്ഞു മനസിലാക്കി, രംഗം അഭിനയിച്ച് കാണിച്ച് കൊടുത്തു. ഒരച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയെന്ന വികാരം കത്തിജ്വലിക്കേണ്ട നാടകീയ മുഹൂര്‍ത്തമാണ് ഈ രംഗം. പല തവണ ആന്റണി കാണിച്ചു കൊടുത്തിട്ടും ചാച്ചപ്പന്‍ ആ രംഗം അഭിനയിക്കുന്നതില്‍ പരാജയപ്പെട്ടു. അപ്പോള്‍ ആന്റണി പറഞ്ഞു: ‘ഒരാളുടെ മുഖത്ത് രണ്ട് കാര്യങ്ങളാണ് വരുന്നത്. വികാരവും വസൂരിയും. ചാച്ചപ്പന്റെ മുഖത്ത് ആദ്യം പറഞ്ഞത് വരില്ല”.

ഓരോ നാടകങ്ങളും ശ്രദ്ധയോടെയാണ് ആന്റണി എഴുത്തിനാവശ്യമായ റഫറന്‍സുകള്‍ കൃത്യമായി ശേഖരിച്ച് പഠിച്ചാണ് എഴുതിയത്. ആലുവ മംഗലപ്പുഴ സെമിനാരി ലൈബ്രറിയില്‍ പോയി അന്നവിടെയുണ്ടായിരുന്ന ഒരു വിദേശി വൈദികന്റെ സഹായത്തോടെ ലഭ്യമായിടത്തോളം ഏതാണ്ട് 140 പുസ്തകങ്ങള്‍ റഫര്‍ ചെയ്തു കുറെയധികം വിവരങ്ങള്‍ ശേഖരിച്ചാണ് ആന്റണി സോക്രട്ടീസ് നാടകമെഴുതിയത്.

നാടകസംവിധായകന്‍ എന്ന നിലയില്‍ ആന്റണിയെ വെല്ലാന്‍ മലയാളത്തില്‍ അക്കാലത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് നാടകകൃത്തും സംവിധായകനുമായ ടി.എം. എബ്രഹാം രേഖപ്പെടുത്തിയിട്ടുള്ളത്. ജന്മവാസനയ്ക്കുപുറമെ പഠനവ്യാഖ്യാനങ്ങളിലൂടെ താന്‍ സ്വാംശീകരിച്ച അഭിനയകലയെക്കുറിച്ചുള്ള വെളിപാടുകള്‍ അതിസൂക്ഷ്മമായ വിശദാംശങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാന്‍ ആന്റണിക്ക് പ്രത്യേക കഴിവുതന്നെ ഉണ്ടായിരുന്നു.

ഭാർഗവീനിലയം സിനിമയുടെ നിർമ്മാണ സമയത്ത് പുനലൂർ രാജൻ എടുത്ത പ്രശസ്ത ചിത്രം വൈക്കം മുഹമ്മദ് ബഷീർ, മധു, പി. ജെ ആൻ്റണി

‘അഭിനേതാവിന്റെ ശരീരഭാഷയിലും രംഗസഞ്ചാരങ്ങളിലും ശബ്ദക്രമീകരണങ്ങളിലും ഇത്രയേറെ ശ്രദ്ധിച്ച മലയാള സംവിധായകര്‍ കുറവാണെന്നുവേണം പറയുവാന്‍. അദ്ദേഹത്തിന്റെ നാടക റിഹേഴ്സലുകള്‍ അഭിനയപാഠശാലകള്‍ തന്നെയായിരുന്നു.’

അറുപതുകളുടെ തുടക്കത്തില്‍ തൃശൂര്‍. ഒരു നാടകം അവതരിപ്പിക്കുകയാണ്. നാടകം തുടങ്ങുന്നതിന് മുമ്പായി ആന്റണി പ്രസംഗിച്ചു. ‘എനിയ്‌ക്കെതിരായി ഏതു പട്ടിയ്ക്കും എന്തും പറയാം. പക്ഷെ ഞാനൊരു കലാകാരനാണെന്ന് സര്‍വ്വരാലും സമ്മതിപ്പിച്ചേ ഞാന്‍ മരിയ്ക്കുകയുള്ളൂ.’ പി ജെ ആന്റണിയുടെ നാടകങ്ങളെയും ആശയങ്ങളെയും വിമര്‍ശിച്ചുകൊണ്ട് പ്രശസ്തനായ എഴുത്തുകാരന്‍ ശ്രീ പുത്തേഴത്ത് രാമന്‍ മേനോന്‍ അക്കാലത്തെഴുതിയ ഒരു ലേഖനത്തിനുള്ള മറുപടിയായിരുന്നു ആശാന്റെ ആ പ്രസംഗം. ഈ പ്രസംഗം കേട്ടുകൊണ്ട് ആ വേദിയില്‍ പുത്തേഴത്ത് രാമന്‍ മേനോനും ഇരിപ്പുണ്ടായിരുന്നു. ആന്റണി പ്രസംഗം മുഴുമിപ്പിയ്ക്കും മുമ്പേ രാമന്‍ മേനോന്‍ ആ വേദിവിട്ടിറങ്ങിപ്പോയി. ‘സര്‍വാംഗത്തിലും ധിക്കാരിയായ നടന്‍’ ഇതായിരുന്നു മറ്റുള്ളവരുടെയുള്ളില്‍ പി.ജെ ആന്റണി എന്ന കലാകാരന്റെ പരുക്കന്‍ ഇമേജ്.

1965 ല്‍ തന്റെ ആദ്യ ചിത്രമായ ‘റോസി’യിലൂടെ സ്റ്റുഡിയോയില്‍ മലയാള ചിത്രങ്ങളുടെ ഷൂട്ടിംഗ് ഔട്ട് ഡോറിലേക്ക് ആദ്യമായി കൊണ്ടുവന്നത് പ്രശസ്ത സംവിധായകന്‍ പി.എന്‍ മേനോനാണ്. അക്കാലത്തെ മലയാള ചിത്രങ്ങളിലെ മനം മടുപ്പിക്കുന്ന സെറ്റുകളിലെ ക്രിത്രിമത്വം അതോടെ അവസാനിച്ചു. മലയാളത്തനിമ പടങ്ങളില്‍ കണ്ട് തുടങ്ങിയെന്നത് റോസി ഇറങ്ങിയതോടെയാണ്. റോസിയുടെ കഥയും തിരക്കഥയും ആന്റണിയാണ്. കൂടാതെ അതില്‍ ഒരു വേഷം അഭിനയിക്കുന്നുണ്ട്.

പി. ജെ ആൻ്റണിയുടെ അവസാന ചലചിത്രം

നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവായ മണി സ്വാമി നിര്‍മ്മിച്ച ചിത്രമാണ് ‘റോസി’. കൊച്ചിയിലെ നാടകരംഗത്ത് പുതിയ ചലനം സൃഷ്ടിച്ച നാടകകൃത്തും, നടനും, എഴുത്തുകാരനും സ്വതന്ത ചിന്താഗതിക്കാരനുമായിരുന്ന പി.ജെ. ആന്റണിയും, മലയാള ചലചിത്ര രംഗത്തെ ഒറ്റയാനും മറ്റൊരു കലാപകാരിയുമായ സംവിധായകന്‍ പി.എന്‍. മേനോനും ചേര്‍ന്ന ചലചിത്ര രസതന്ത്രം ഉഗ്രനായിരുന്നു. നടപ്പ് സിനിമാതാര സങ്കല്‍പ്പങ്ങളെ ശക്തമായി എതിര്‍ത്തവരായിരുന്നു ഇവരും.
വൈകീട്ട് റോസിയുടെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ രണ്ട് പേരും ചാലക്കുടിയിലെ കള്ളുഷാപ്പില്‍ കയറും. കള്ളുഷാപ്പ് സിനിമാക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ കിട്ടുന്ന സ്ഥലമാണ് എന്നാണ് രണ്ട് പ്രതിഭകളുടെയും കണ്ടുപിടുത്തം. ചാലക്കാടിയിലെ ഷാപ്പ് കുടിയന്മാര്‍ക്ക് അത്ഭുതം. സിനിമാക്കാര്‍ തങ്ങളുടെ കൂടെ ഇരുന്ന് കള്ളടിക്കുന്നു. അവര്‍ കണ്ട സിനിമാ നടന്മാരൊന്നും ഇങ്ങനെയല്ല. മാനത്ത് ഇരിക്കുന്ന സിനിമാക്കാര്‍ സാധാരണ ഭൂമിയിലേക്ക് ഇറങ്ങി വരാറില്ലല്ലോ. അത്ഭുതം തന്നെ!
സന്ദര്‍ശനം പതിവായപ്പോള്‍ ഷാപ്പില്‍ വെച്ച് ഒരു കുടിയന്‍ കാര്‍ന്നോര്‍ സ്‌നേഹത്തോടെ ആന്റണിയോട് ചോദിച്ചു.” ആശാനേ കള്ളടിച്ച് കഴിഞ്ഞാല്‍ ഉടനെ ഉറങ്ങുമോ? ആന്റണി: ‘ഇല്ല. കട്ടില് കണ്ടുപിടിക്കാന്‍ രണ്ടു മണിക്കൂര്‍ എടുക്കും’.

1957 ല്‍ പുറത്തുവന്ന തകഴിയുടെ കഥയായ ”രണ്ടിടങ്ങഴി” യിലൂടെയാണ് ആന്റണി ചലച്ചിത്ര നടനാകുന്നത്. അതിന് രണ്ട് വര്‍ഷം മുന്‍പ് പുറത്തുവന്ന ‘സുഹൃത്ത്’ എന്ന പടത്തിന് വേണ്ടി ആന്റണി ഗാനങ്ങള്‍ എഴുതിയിരുന്നു. പിന്നീട്, നിണമണിഞ്ഞ കാല്‍പ്പാടുകളിലും രാമു കാര്യാട്ടിന്റെ ‘മുടിയനായ പുത്രനി’ലും അഭിനയിച്ചു.

‘കാറിന്റെ ലൈറ്റ് പോലെ മുഖത്ത് നിന്നും തള്ളിനില്‍ക്കുന്ന വലിയ വട്ടക്കണ്ണുകള്‍. ചിരട്ടയുടെ പരുക്കന്‍ ഫിനിഷിങുള്ള മുഖം. തെരുവിലെ കസര്‍ത്തുകാരെപ്പോലെ നെറ്റിയില്‍ നിന്ന് പിന്നിലേക്ക് വളച്ചുവെച്ചിരിക്കുന്ന കമ്പി പോലുള്ള മുടി,” പി കെ ബാലകൃഷ്ണന്‍ ആന്റണിയെ കുറിച്ചെഴുതിയ വാങ്മയ ചിത്രമാണിത്. അന്നത്തെ മലയാള പാരമ്പര്യ ചലച്ചിത്ര നടന രൂപവുമായി സാമ്യമില്ലാത്ത രണ്ട് പ്രമുഖ നടന്‍മാര്‍ ഒന്ന് പി ജെ ആന്റണിയും പിന്നെയൊരാള്‍ സത്യനുമായിരുന്നു.

1973 എം.ടി. ‘നിര്‍മ്മാല്യം’ ചലചിത്രമാക്കാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന കാലം. വെളിച്ചപ്പാടായി ആരെ നിശ്ചയിക്കും? നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ മറ്റൊരു അനുഗൃഹീത നടനുണ്ട് ശങ്കരാടി. ശങ്കരാടിയുമായി ചര്‍ച്ച ചെയ്തു. അടുത്ത സുഹൃത്തായ ശങ്കരാടി പറഞ്ഞു: ”ചെയ്യാന്‍ എനിക്ക് മോഹമുണ്ട്. പക്ഷേ എന്റെ നല്ല ശരീരം വെളിച്ചപ്പാടിനു ചേരുന്നതല്ലല്ലോ…”

‘ആന്റണിയ്ക്ക് പറ്റും’ ശങ്കരാടി പറഞ്ഞു. ആന്റണി ഇനി സിനിമയേ വേണ്ട എന്ന് പറഞ്ഞ് മടങ്ങി വന്നിരിയ്ക്കുകയാണല്ലോ എന്ന സംശയം തോന്നാതിരുന്നില്ല. ഒരു സുഹൃത്തിനെ എറണാകുളത്തേക്ക് ഒരു കത്തുമായി കൊടുത്തയച്ചു. അയാള്‍ മടങ്ങിവന്നപ്പോള്‍ എഴുതിയ മറുപടി: ”ഞാന്‍ എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാല്‍ മതി” എന്നായിരുന്നു സന്ദേശം.

ഷൂട്ടിംഗിന് അഞ്ചു ദിവസം മുമ്പേ ആന്റണി ശിവപുരത്തുള്ള ഷൂട്ടിംഗ് ക്യാമ്പിലെത്തി. ആന്റണിയുടെ മദ്യപാനകഥകള്‍ കേട്ടിരുന്ന എംടി. ആദ്യദിവസം തന്നെ പറഞ്ഞു: ”ആശാനെ ജോലിയുള്ളപ്പോള്‍ കുടിക്കരുത്. രാത്രി വേണമെങ്കില്‍ ആവാം. എന്നെ കുഴപ്പത്തിലാക്കല്ലേ!”
ആന്റണി ചിരിച്ചു.
‘പേടിക്കേണ്ട. കേട്ട അത്ര കുഴപ്പമൊന്നുമില്ല വാസു.’
ആന്റണി ക്യാമ്പിലെ ഏറ്റവും അച്ചടക്കമുള്ള അംഗമായി മാറി. ചിറക്കല്‍ അമ്പലത്തിലെ വെളിച്ചപ്പാട് വന്ന് പകല്‍ മുഴുവന്‍ വെളിച്ചപ്പാടാകാന്‍ പഠിപ്പിക്കും. ആന്റണി വെളിച്ചപ്പാടായി മാറുകയായിരുന്നു. ഷൂട്ടിംഗ് തുടങ്ങി. കിടക്കാന്‍ വൈകുമെങ്കിലും ആന്റണിയായിരിക്കും പുലര്‍ച്ചെ ആദ്യമെഴുന്നേല്‍ക്കുന്നത്. രാമചന്ദ്രബാബു, സുകുമാരന്‍, ഞാന്‍, ആസാദ്-ഞങ്ങളെയൊക്കെ വിളിച്ചുണര്‍ത്തുന്നത് ആന്റണിയായിരിക്കും. രണ്ടുമൂന്ന് വീടുകളിലായിട്ടാണ് താമസം. ഇടയ്ക്കിടെ ആന്റണി പറയും: ‘സിനിമയുടെ ദുര്‍ഗന്ധമില്ല. എന്തൊരാശ്വാസം.’ എം.ടി. എഴുതി.
‘തന്റെ അഭിനയത്തിലെ അപര്യാപ്തതയെപ്പറ്റി ആന്റണിക്ക് തന്നെ ബോധ്യമായിരുന്നു. റീലുകള്‍ ഡബ്ബിംഗിനു വേണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്വയം പരിഹസിക്കാനും ആന്റണി തയ്യാറാവും. അതായിരുന്നു ആ നടന്റെ വലിപ്പം. എങ്കിലും ‘നിര്‍മ്മാല്യ’ത്തിലെ തന്റെ മൊത്തം പ്രകടനത്തില്‍ ആന്റണി സംതൃപ്തനായിരുന്നു’.

മികച്ച നടന്നുള്ള ഭരത് പുരസ്ക്കാരം രാഷ്ട്രപതിയിൽ നിന്നും സ്വീകരിക്കുന്ന പി.ജെ, ആൻ്റണി

നിര്‍മ്മാല്യത്തിന് മികച്ച നടനുള്ള ഭരത് അവാര്‍ഡ് ലഭിച്ച ആന്റണിക്ക് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തെ ടാഗോര്‍ തിയറ്ററില്‍ വെച്ച് സ്വീകരണം നല്‍കിയപ്പോള്‍ പ്രസംഗിച്ച ആന്റണി പറഞ്ഞു:
‘സ്വന്തം കാറും വിമാനവുമൊക്കെയുള്ള പണക്കാര്‍ക്ക് അവാര്‍ഡുകള്‍ വലിയ അലങ്കാരമാണെങ്കിലും എന്നെപ്പോലെയുള്ളവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്ത ഒരു ഭാരമാണ്. ദിവസന്തോറും നാലും അഞ്ചും സ്വീകരണങ്ങള്‍ക്കുശേഷം രാത്രി വൈകി വീട്ടില്‍ ചെല്ലുമ്പോള്‍ അരി വാങ്ങാന്‍ കഴിയാത്തതുകൊണ്ട് പട്ടിണിയില്‍ തളര്‍ന്നുറങ്ങുന്ന ഭാര്യയെയും കുട്ടികളെയുമാണ് കാണുന്നതെങ്കില്‍ ഈ അവാര്‍ഡ് ഒരു ഭാരമല്ലാതെ മറ്റെന്താണ്. മുമ്പ് ആറ് അവാര്‍ഡുകള്‍ നിരസിച്ചവനാണ് ഞാന്‍. പട്ടിണി കിടക്കുന്നവന് ഭക്ഷണത്തിന് വല്ലതും നല്‍കാന്‍ അവാര്‍ഡ് നല്‍കി അപമാനിക്കുന്ന ഈ ഏര്‍പ്പാടിന് ഞാന്‍ വഴങ്ങുന്നത് മദ്രാസിലും ബോംബെയിലും കല്‍ക്കത്തയിലും മറ്റും ജീവിക്കുന്ന പരസഹസ്രം മലയാളികള്‍ക്ക് കേരളത്തിന്റെ പേരില്‍ അഭിമാനം കൊള്ളാന്‍ ഇത് വക നല്‍കുമല്ലോ എന്ന് ചിലര്‍ ഉപദേശിച്ചതുകൊണ്ടു മാത്രമാണ്. തമ്പുരാന്‍ മുതുകില്‍ പുണ്ണു വന്നാല്‍ എണ്ണയും കുഴമ്പുമാണ് മരുന്ന്. പുലയന്‍ മുതുകില്‍ പുണ്ണു വന്നാല്‍ തുമ്പയാണ് ഔഷധം.’

ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരം നേടിയ ആന്റണിയെ ആദരിക്കാന്‍ മദ്രാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്നത്തെ മലയാള സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തിലെ അംഗങ്ങള്‍ നേരിട്ട് ചെന്ന് വിവരം പറഞ്ഞു. അന്ന് ഭരത് അവാര്‍ഡിന് സമ്മാന തുക ഉണ്ടായിരുന്നില്ല; ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമേയുള്ളൂ. അതിനാല്‍ 25,000 രൂപ നല്‍കി ആദരിക്കാനായിരുന്നു പരിഷത്തിന്റെ തീരുമാനം. ആന്റണി പറഞ്ഞു, ”എനിക്ക് അവരുടെ സൗജന്യമൊന്നും വേണ്ട. അഭിനയിച്ച വകയില്‍ കിട്ടാനുള്ള കാശ് വാങ്ങിച്ച് തന്നാല്‍ മതി”. വ്യക്തികളായ നിര്‍മാതാക്കള്‍ തരാനുള്ള കാശിന്റെ കാര്യത്തില്‍ പരിഷത്തിന് എന്ത് ചെയ്യാന്‍ പറ്റും എന്നായിരുന്നു ഭാരവാഹികളുടെ മറുപടി.

”ഒരു കലാകാരന് കിട്ടേണ്ട കാശ് വാങ്ങി കൊടുക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെന്തിനാണീ പരീഷത്തും പരിഷകളുമൊക്കെ?” ആന്റണി ചോദിച്ചു. ഏറെ നിര്‍ബന്ധിച്ചിട്ടും ആദരം ഏറ്റുവാങ്ങാന്‍ ആന്റണി തയാറായില്ല.

ആന്റണി ഡല്‍ഹിയില്‍ ഭരത് അവാര്‍ഡ് വാങ്ങാന്‍ പോയ കഥ കേരളത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. ഡല്‍ഹിയിലെ ബാബുമാര്‍ നമ്മുടെ കലാകാരന്മാരെ തേജോഹത്യ ചെയ്ത് അപമാനിക്കുകയായിരുന്നു. അതേക്കുറിച്ച് മാതൃഭൂമി ദിനപത്രം ഇങ്ങനെ എഴുതി:
‘കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ദേശീയ അവാര്‍ഡ് നേടിയ മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് ഡല്‍ഹിയില്‍ കിട്ടിയ സ്വീകരണം ഒട്ടും പ്രോത്സാഹനജനകമല്ല. ഹിന്ദിച്ചിത്രങ്ങള്‍ക്ക് ബഹുമതി ലഭിക്കുമ്പോഴും മറ്റു ഭാഷാ ചിത്രങ്ങള്‍ക്ക് ബഹുമതി ലഭിക്കുമ്പോഴും കാണുന്ന പെരുമാറ്റത്തിലെ അന്തരം വളരെ പ്രകടമാണ്. ഒരു സ്‌കൂള്‍ വാര്‍ഷികച്ചടങ്ങിലെ ജേതാക്കള്‍ക്ക് ഇതിലും ഭേദപ്പെട്ട സ്വീകരണമാണ് ലഭിക്കുന്നത്. ഈ പ്രാവശ്യത്തെ ബഹുമതിദാനം ഏറ്റവും മോശമായ രീതിയിലാണ് നടത്തിയതെന്നു വേണം പറയാന്‍.’

ദേശാഭിമാനി എഴുതി: ‘അവാര്‍ഡ് നേടുന്ന കലാകാരന്മാര്‍ അത് സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ചെയ്തുകൊടുത്തിരുന്ന സൗകര്യങ്ങള്‍ ഈ വര്‍ഷം പൊടുന്നനെ നിര്‍ത്തിക്കളഞ്ഞു. ടെലിഫോണ്‍ സൗകര്യമുള്ള സ്ഥലത്ത് താമസിച്ചുകൊള്ളണമെന്നും അതിന്റെ ചെലവെല്ലാം സ്വയം വഹിച്ചുകൊള്ളണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഓരോ തീവണ്ടി ടിക്കറ്റ് മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. വഴിച്ചെലവ് പോലും അവര്‍ക്ക് നല്‍കിയില്ല.’
ആന്റണിക്ക് ഭരത് അവാര്‍ഡ് കിട്ടിയ പിറകെ കൊച്ചിയിലെ ബിസിനസ്സുകാരായ ഹസന്‍, റഷീദ് എന്നീ രണ്ട് യുവാക്കള്‍ ആന്റണിയെ കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിക്കാന്‍ തീരുമാനിച്ചു. കൊച്ചിയില്‍ വരുന്ന കപ്പലുകളിലേക്ക് ആവശ്യമായ പ്രൊവിഷനും മറ്റും സപ്ലൈ ചെയ്യുന്നവരായിരുന്നു ഇവര്‍. (റഷീദിന്റെ പുത്രനാണ് ചലചിത്രനടന്‍ റിയാസ് ഖാന്‍).

അങ്ങനെ ‘പെരിയാര്‍’ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ ഇവയെല്ലാം ആന്റണി തന്നെ എഴുതി. ചിത്രത്തിന്റെ സംവിധാനവും അദ്ദേഹം തന്നെ ഏറ്റെടുത്തു. കുറെ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി ആലുവപ്പുഴയുടെ തീരത്തും അജന്ത സ്റ്റുഡിയോയിലും വെച്ച് ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തില്‍ ഒരു കള്ളുകുടി രംഗം ചിത്രീകരിച്ചപ്പോള്‍ സംഗതി റിയലിസ്റ്റാകാന്‍ സംവിധായകന്‍ ആന്റണി യഥാര്‍ത്ഥ കള്ളുകുടി ഒരുക്കി. ഉഗ്രന്‍ കുടിസീന്‍ ആരംഭിച്ചു. പക്ഷെ ക്യാമറാമാനും ലൈറ്റ് ബോയ്‌സും മുതല്‍ സംവിധായകനും നടീനടന്മാരും വരെ മദ്യപിച്ച് ഓഫായിപ്പോയി. ഷൂട്ടിംഗ് മാത്രം നടന്നില്ല. ഈ സംഭവം മൂന്നുദിവസം ആവര്‍ത്തിച്ചു. ഈ പോക്ക് അത്ര പന്തിയല്ലെന്ന് വിതരണക്കാരന്‍ നിര്‍മ്മാതാക്കളെ ഉപദേശിച്ചു. ഇങ്ങനെ പോയാല്‍ ചിത്രം പൂര്‍ത്തിയാവില്ല. ഒടുവില്‍ ചിത്രം പുറത്ത് വന്നു.

മണ്ണിൻ്റെ മാറിൽ സിനിമയുടെ ഡബ്ബിംഗിനായി മദ്രാസിൽ എത്തിയ ആൻ്റണി അവസാനമായി ഭാര്യ മേരിക്ക് അയച്ച കത്ത്

പെരിയാര്‍ എട്ട് നിലയില്‍ പൊട്ടി. തിലകന്‍ ആദ്യമായി അഭിനയിച്ച ചിത്രമായ പെരിയാര്‍ ഇന്ന് ആരെങ്കിലും ഓര്‍മിക്കുന്നുണ്ടെങ്കില്‍ അത് ‘ബിന്ദു ബിന്ദു, ഒതുങ്ങി നില്‍പ്പൂ’ എന്ന ജയചന്ദ്രന്‍ പാടിയ മനോഹരമായ ഗാനത്തിന്റെ പേരിലായിരിക്കും. ആന്റണി തന്നെ എഴുതിയ, ആന്റണിയുടെ നാടകങ്ങളുടെ സംഗീത സംവിധായകന്‍ പി കെ ശിവദാസ് ഈണമിട്ട ഗാനം. നാടകത്തില്‍ നിന്നോ, സിനിമയില്‍ നിന്നോ ഒരു കലാകാരന് സ്വരൂപിക്കാന്‍ പറ്റാവുന്ന ഒരു സമ്പാദ്യവും ആന്റണി നേടിയില്ല. പണത്തിന് വേണ്ടി എഴുതാനോ കിട്ടുന്ന പ്രതിഫലം ഭാവിയില്‍ പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനോ ആന്റണിക്ക് കഴിഞ്ഞിരുന്നില്ല. കയ്യില്‍ പണമുണ്ടെങ്കില്‍, വാരിക്കോരി ചിലവാക്കുക. പ്രലോഭനങ്ങളുടെ ലഹരിയും സൗഹൃദങ്ങളും ഒഴിവാക്കാന്‍ അയാള്‍ക്കൊരിക്കലുമായില്ല. രണ്ടറ്റവും കത്തിച്ച മെഴുകുതിരി പോലെയായി ആ ജീവിതം.

നിര്‍മ്മാല്യത്തിന് ശേഷം അധികം ചിത്രങ്ങളിലൊന്നും ആന്റണി അഭിനയിച്ചില്ല. കെ പി കുമാരന്റെ അതിഥി, എം എന്‍ തമ്പിയുടെ ‘പാദസ്വരം’ തുടങ്ങിയവയാണ് അക്കാലത്ത് അഭിനയിച്ച എടുത്ത് പറയാനുള്ള ചിത്രങ്ങള്‍. നിര്‍മ്മാല്യത്തിലെ അംഗീകാരം സാമ്പത്തികമായി ഒരു പ്രയോജനവും അദ്ദേഹത്തിന് നല്‍കിയില്ല. സ്വീകരണ പീഡനങ്ങള്‍ എറ്റുവാങ്ങി ആരോഗ്യം മോശമായി എന്നത് മാത്രം.

ഭാര്‍ഗവി നിലയത്തിലെ എം എന്‍, തച്ചോളി ഒതേനനിലെ കതിരൂര്‍ ഗുരുക്കള്‍, നഗരമേ നന്ദിയിലെ കാര്‍ ഡ്രൈവര്‍, മുറപ്പെണ്ണിലെ അമ്മാവന്‍, നദിയിലെ വര്‍ക്കി എന്നിങ്ങനെ ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം സിനിമയില്‍ ജീവന്‍ നല്‍കി.

നിര്‍മ്മാല്യത്തിന് ഭരത് അവാര്‍ഡ് ലഭിച്ച ശേഷം ബോംബെയില്‍ നല്‍കിയ സ്വീകരണ ചടങ്ങിന് ശേഷം ആന്റണി സംഘാടകരോട് പറഞ്ഞു. ‘ഞങ്ങളെ കുറച്ചു സമയം ഒഴിവാക്കി തരാമോ?’ ബോബെയില്‍ കടല്‍ക്കരക്കടുത്ത് എം.ടിയോടൊത്തു ഇരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭക്ഷണത്തിന് കാശില്ലാതെ ഈ മഹാ നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ നാളുകള്‍ ആന്റണി ഓര്‍ത്തു.” ഈ ആഘോഷം കാണുമ്പോള്‍ എനിക്ക് ആ കാലങ്ങളൊക്കെയാണ് ഓര്‍മ്മ വരുന്നത്. വല്ലാത്തൊരു നാടകം തന്നെ ജീവിതം.” ആന്റണി പറഞ്ഞു.

പി എ ബക്കറിന്റെ ‘മണ്ണിന്റെ മാറില്‍’ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ഒരിക്കല്‍ കൂടി ആന്റണി മദ്രാസില്‍ എത്തി. ആരോഗ്യം ഒട്ടും നന്നായിരുന്നില്ല. സുഖമില്ലെങ്കില്‍ പിന്നെ ചെയ്യാം ആശാനെ എന്ന് ബക്കര്‍ പറഞ്ഞപ്പോള്‍, വേണ്ട നാളെ ഞാന്‍ ജീവിച്ചിരിക്കുമെന്താണുറപ്പ് എന്നാണ് ആന്റണി മറുപടി പറഞ്ഞത്. ഡബ്ബിങ് ആരംഭിച്ചു. പടത്തില്‍ ഒരു കഥാപാത്രത്തിന്റെ മരണരംഗമായിരുന്നു ആന്റണിക്ക് ഡബ്ബ് ചെയ്യാനുള്ളത്. കുറച്ച് വാക്കുകളും ചലനവും മാത്രം. ഏറെ കഴിയും മുന്‍പ്, ആന്റണി ചോര ഛര്‍ദ്ദിച്ച് നിലത്തുവീണു. ഉടനെ വിജയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ആ പ്രതിഭ ജീവന്‍ വെടിഞ്ഞിരുന്നു. 1979 മാര്‍ച്ച് 14 ആയിരുന്നു അന്ന്. 54 വയസ് മാത്രമുള്ളപ്പോഴാണ് പി ജെ ആന്റണി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

പി.ജെ. ആൻ്റണി

മദ്രാസില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന മൃതശരീരം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ അന്ത്യദര്‍ശനത്തിന് വച്ചതിന് ശേഷം പോണേക്കര പള്ളിയില്‍ അടക്കം ചെയ്തു. ഭാര്യ മേരിയോട് മരണത്തിന് മുന്‍പ് ഒരു കാര്യം പറഞ്ഞ് ആന്റണി ഉറപ്പ് വരുത്തിയിരുന്നു. തന്റെ കുടുംബ രക്ഷയ്ക്കായി ഒരുത്തനേയും ഫണ്ട് പിരിക്കാന്‍ അനുവദിക്കരുത്. പി ജെ ആന്റണി എന്ന നിഷേധിയുടെ അവസാനത്തെ കല്‍പ്പന അതായിരുന്നു. തന്റെ നിര്‍മ്മാല്യത്തില്‍ മേലേക്കാവിലെ വെളിച്ചപ്പാടായി വേഷപ്പകര്‍ച്ച നടത്തി അനശ്വരനാക്കിയ മഹാനടന്‍ പി.ജെ. ആന്റണിക്ക് ആദരവ് നല്‍കി എഴുതിയ കുറിപ്പില്‍ അവസാനം എംടി കുറിച്ചു. ‘ജീവിതത്തേക്കാള്‍ വലുതാണ് കല എന്ന് വിശ്വസിച്ച ഒരാള്‍ ഭൂമിയോട് യാത്ര പറയുന്നു.’

Content Summary: P.J. Antony death anniversary: a tribute to the first malayalam national award-winning actor

Leave a Reply

Your email address will not be published. Required fields are marked *

×