June 26, 2026 |
Share on

കലാപത്തെ പ്രതിരോധിക്കുകയാണ് ആന്റണി ചെയ്തത്; ശിവഗിരി മഠത്തെ താറുമാറാക്കിയത് കമ്മ്യൂണിസുകാർ

ആയുധങ്ങൾ കരുതിവച്ചത്
നോക്കി പൊലീസ് കൈകെട്ടി നിൽക്കണമായിരുന്നോ ?

കോൺഗ്രസുക്കാലത്തെയും കമ്മ്യൂണിസ്റ്റുക്കാലത്തെയും പൊലീസ് അതിക്രമത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കനക്കുകയാണ്. പൊലീസ് അതിക്രമങ്ങൾ വീണ്ടും തുടർക്കഥയാകുമ്പോൾ കാലങ്ങൾക്ക് മുമ്പുള്ള സംഭവങ്ങൾ എണ്ണി പറഞ്ഞാണ് ഇരുഭാഗവും വെല്ലുവിളിക്കുന്നത്. കോൺഗ്രസ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളിലേക്കാണ് മുത്തങ്ങയും, മാറാടും, ശിവഗിരിയും വിരൽ ചൂണ്ടുന്നത്. കാലങ്ങൾ കഴിഞ്ഞിട്ടും ഉത്തരവും നീതിവും കിട്ടാത്ത സംഭവങ്ങളെയാണ് എ. കെ ആന്റണിയുടെ തുറന്നുപറച്ചിൽ വീണ്ടും മുഖ്യധാരാ ചർച്ചയിലേക്ക് കൊണ്ടുവന്നത്.

1995ൽ ശിവഗിരിയിലേക്ക് പൊലീസിനെ അയക്കേണ്ടി വന്നത് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നും അത് അന്നത്തെ സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നുമാണ് എ കെ ആന്റണി പറഞ്ഞത്. ഏറെ ദുഃഖകരമായ സംഭവമാണ് അവിടെ ഉണ്ടായത്. തിരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറാൻ തോറ്റവർ തയ്യാറാവാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതിനെ തുടർന്നാണ് പൊലീസിനെ അയക്കേണ്ടി വന്നതെന്നും ആന്റണിയുടെ വാക്കുകൾ. മുത്തങ്ങയിലെ പൊലീസ് ക്രൂരതയിൽ ആന്റണി ഖേദം പ്രകടിപ്പിച്ചെങ്കിലും ആ നിലപാടിനെ സ്വാഗതം ചെയ്യാൻ ഇന്നും ഗോത്ര മഹാസഭയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ശിവഗിരി സംഭവത്തിൽ ആന്റണിയുടെ ഭാഗത്തെ ന്യായീകരിച്ചും എതിർപ്പ് പ്രകടിപ്പിച്ചുമാണ് ആളുകൾ രംഗത്തു വരുന്നത്. എ. കെ ആന്റണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് അന്നത്തെ എസ്എൻഡിപി സെക്രട്ടറിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ പ്രിയദർശനനും സ്വീകരിച്ചിരിക്കുന്നത്.

1995 ഒക്ടോബർ അർദ്ധരാത്രിയിൽ ശിവഗിരി കുന്നുകയറി ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെത്തിയതും ശിവഗിരി സംരക്ഷണ സന്നദ്ധ ഭടൻമാരെന്ന പേരിൽ ആശ്രമത്തിൽ തമ്പടിച്ചിരുന്ന നൂറുകണക്കിന് ആളുകളെ തല്ലിചതച്ചതും ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു.

ശിവഗിരി മഠത്തിലെ സ്‌കീം അനുസരിച്ച് അഞ്ചുവര്‍ഷം കൂടുമ്പോള്‍ അവിടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം. കൂടാതെ ഭരണകൈമാറ്റം നടത്തുകയും വേണം. 1995ല്‍ അതുപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സന്യാസിമാരാണ്. അതുവരെ ഭരണം നടത്തിയിരുന്ന ആളുകള്‍ ഭരണ കൈമാറ്റം നടത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മറ്റു ഉപാധികള്‍ പറഞ്ഞ് ഭരണം കൈമാറാതിരുന്നു. ആ സാഹചര്യത്തില്‍ പ്രകാശാനന്ദ സ്വാമി കോടതിയെ സമീപിക്കുകയും കോടതി സ്വാമിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു.

ഞാൻ അന്ന് എസ്എൻഡിപി യോ​ഗത്തിന്റെ വൈസ് പ്രസിഡന്റാണ്. തൃശൂർ വച്ച് എസ്എൻഡിപി യോ​ഗം സമ്മേളനം നടക്കുന്ന സമയത്ത് ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിലെ സന്യാസിമാർ തമ്മിൽ അഭിപ്രായ ഭിന്നതയുള്ളതായും വിവാദങ്ങളും വ്യവഹാരങ്ങളും നടക്കുന്നതായി ഈ യോ​ഗം മനസിലാക്കുന്നു. ഇരു വിഭാ​ഗങ്ങളിലെയും സന്യാസിമാരെയും തമ്മിൽ കണ്ട് സംസാരിച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുകയുണ്ടായി. കോൺഗ്രസുകാരനായിട്ടും പലപ്പോഴും ഞാൻ യോഗത്തിന്റെ താത്പര്യത്തിന് വേണ്ടി മാത്രമാണ് നിന്നത്.

പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവരാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനിടയിൽ കരുണാകരനെ വിളിച്ച് ജനറൽ സെക്രട്ടറി മാത്രം പോയി സ്വാമിമാരെ കണ്ടു. എന്നാൽ, അങ്ങനെ ഒരു ഒത്തു തീർപ്പ് നടക്കില്ലെന്നും, താത്പര്യമില്ലെന്നും അന്ന് സ്വാമിമാർ തന്നെ പറയുകയുണ്ടായി. ഒരു അഭിപ്രായ വ്യത്യാസമുണ്ടായാൽ ഇരുവിഭാ​ഗക്കാരും കൂടി താത്പര്യം പ്രകടിപ്പിച്ചാലെ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ. അനുരഞ്ജനം സാധ്യമാകാത്ത ഒരു ഇടപെടലാണ് അന്നത്തെ ധർമ്മസംഘം ട്രസ്റ്റിന്റെ അധികാരികളിൽ നിന്നുണ്ടായത്. ശാശ്വതീകാനന്ദ സ്വാമിയാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് ജി പ്രിയദർശനൻ പറയുന്നു.

കൈവല്യാനന്ദ സ്വാമി ട്രസ്റ്റിലെ അധ്യാപകരിൽ ഒരാളായിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ട് കൂടുതൽ ഇദ്ദേഹത്തിനായിരുന്നു. അതായിരുന്നു എതിർപ്പുകളുടെ മർമ്മ പ്രധാനമായ കാര്യം. അതുകൊണ്ട് ആ കമ്മിറ്റിയെ തന്നെ അം​ഗീകരിക്കില്ലെന്ന നിലപാട് ശാശ്വതീകാനന്ദ പക്ഷം സ്വീകരിച്ചു. ഇതാണ് രമ്യതയിലെത്താതെ പോയതിന്റെ പ്രധാന കാരണം. നിലവിലുണ്ടായിരുന്നു അധികാരത്തിനും പിന്തുണയ്ക്കും ഇടിവ് സംഭവിച്ചു.

കൈവല്യാനന്ദ സ്വാമിയ്ക്ക് അനുകൂലമല്ലാത്ത നിലപാട് ആയിരുന്നു വെള്ളാപ്പള്ളി നടേശനും സ്വീകരിച്ചത്. പണം കൊണ്ട് കമ്യൂണിസ്റ്റ് സ്നേഹിതന്മാരുടെ പിന്തുണയിൽ അധികാരത്തിൽ വന്നയാളാണ് വെള്ളാപ്പള്ളി. അന്നത്തെ സെക്രട്ടറിയെയും ഇയാൾ വിലക്കെടുത്തിരുന്നു. ​ഖജാൻജി സ്ഥാനം തനിക്ക് നൽകണമെന്നായിരുന്നു വെള്ളാപ്പള്ളി മുന്നോട്ട് വച്ച ആവശ്യം. വെള്ളാപ്പള്ളി ആ സ്ഥാനത്തേക്ക് വരുന്നതിൽ എനിക്ക് എതിർപ്പുണ്ടെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. മഹത്തായ ഈ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കാൻ ഒരു തരത്തിലുള്ള യോഗ്യതയുമില്ലാത്ത വ്യക്തിയാണ് ഇയാൾ.

ശിവഗിരി സംഭവത്തിൽ അന്ന് തന്നെ ആന്റണി ഖേദം പ്രകടിപ്പിച്ചിരുന്നു. കോടതിയുടെ തീരുമാനം നടപ്പാക്കുന്നതിന് എനിക്ക് വലിയ പ്രയാസമുണ്ടെന്നാണ് ആന്റണി അന്ന് പറഞ്ഞത്. കോൺഗ്രസ് സെക്രട്ടറിയായിരുന്ന തങ്കച്ചനോടും ഞാൻ ചോദിച്ചു. പള്ളികൾക്ക് മുന്നിൽ ആളുകളെ വെട്ടി വീഴ്ത്തുന്ന എത്ര സംഭവങ്ങളുണ്ടായി എന്നിട്ടതിൽ എത്ര പള്ളികൾ സർക്കാർ ഏറ്റെടുത്തു. കോടതി ഉത്തരവിനെ മുഖവിലയ്ക്ക് എടുക്കാതെയാണ് കമ്മ്യൂണിസ്റ്റുകാർ മഠം ഏറ്റെടുത്തത്. അതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. അതിൽ നിന്ന് രക്ഷ നേടാൻ വയലാർ രവിയെക്കൊണ്ട് ഒരു സമ്മതപത്രം എഴുതി വാങ്ങിക്കുകയാണ് ഇവർ ചെയ്തത്. വിശദമായ പരിശോധനയിൽ ശാശ്വതീകാനന്ദഎഴുതിയ കത്തിൽ വയലാർ രവി എഴുതി ഒപ്പിട്ടിരിക്കുന്നത് ആണെന്ന് കണ്ടെത്തി.

അന്നവിടെ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് പറയാൻ കഴിയില്ല. കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാൻ കൈയിൽ മുളകുപൊടിയുമായി സംഘടിച്ചവരെയാണ് പൊലീസ് നേരിട്ടത്. ശിവഗിരി ഗസ്റ്റ് ഹൌസിലേക്ക് പോകുന്ന വഴിയിൽ ഒരു ഓടയുണ്ട് അതിനടിയിലാണ് ഇവ ശേഖരിച്ച് വച്ചത്. അവരുടെ ആസൂത്രിത നീക്കം തടയാൻ പോലീസ് പ്രതിരോധം തീർക്കുകയാണ് ചെയ്തത്.

അന്ന് ആന്റണി സർക്കാർ ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഉപസമിതിയെ തീരുമാനിച്ചിരുന്നു. ആ റിപ്പോർട്ട് ഇപ്പോഴും പുറത്ത് വിടാത്തത് കോൺഗ്രസിലെ അംഗങ്ങളുടെ തന്നെ തെറ്റുകൾ മറയ്ക്കാനാണ്. കെപിസിസി പ്രസിഡന്റാണ് സർക്കാർ ഏറ്റെടുക്കണമെന്ന് എഴുതി നൽകിയത്. ആന്റണിയെ പറയാൻ കമ്മ്യൂണിസ്റ്റ് സർക്കാരിന് എന്താണധികാരം. ശിവഗിരി തങ്ങളുടെ ഭരണത്തിന് കീഴിൽ കൊണ്ടുവന്നത് കട്ടുമുടിച്ചത് ഇവരാണ്. പശുക്കളെയും, തേക്കുകളും വരെ വിറ്റു കൊണ്ടുപോയി അങ്ങനെ നോക്കിയാൽ നാശം വിതച്ചത് മാർക്സിറ്റ്കാരല്ലെ.

ആന്റണി ഒരു തെറ്റും ചെയ്തിട്ടില്ല. ഈ രാജ്യത്തെ നിയമസംഹിതയ്ക്ക് വിലകല്പിക്കുക മാത്രമാണ് ചെയതത്. കോടതി ഉത്തരവിനെ നേരിടാൻ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി നിന്നതുകൊണ്ടാണ് ആന്റണി അങ്ങനെ ചെയ്യേണ്ടി വന്നത്. മുളകു പൊടിക്കാൻ കൊണ്ടുപോയ പ്രസ് വരെ എനിക്ക് അറിയാം. ഒരു കെട്ട് സോഡാകുപ്പിയാണ് അവരുടെ കൈവശമുണ്ടായിരുന്നത്. ഇതൊക്കെ നോക്കി പൊലീസ് കൈകെട്ടി നിൽക്കണോ. സംഘർഷം തന്നെയായിരുന്നു അവരുടെ ഉദ്ദേശം. ശിവഗിരിയെ ഒരു കലഹഭൂമിയാക്കാനുള്ള ശ്രമത്തെയാണ് ആന്റണി തടുത്തത്. മഹത്തായ ഒരു പ്രസ്ഥാനത്തിന് ഒരു പ്രശ്നം വരാതെ മാത്രമാണ് ആന്റണി നോക്കിയതെന്ന് പ്രിയദർശനൻ വ്യക്തമാക്കി.

content summary: Should the police have just stood by and watched as weapons were being stockpiled? Antony defended the riots, while it was the Communists who disrupted the Sivagiri monastery

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×