ആലങ്കാരികമായി പറഞ്ഞാൽ ‘ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ’ കമ്യൂണിസ്റ്റ് ആചാര്യനാണ് കെ. ദാമോദരൻ. ‘അദ്ദേഹത്തിന്റെ വിയോഗത്തിന് അര നൂറ്റാണ്ട് തികയുമ്പോൾ ആ മഹാനുമായുള്ള അടുപ്പം, അദ്ദേഹത്തിന്റെ പാർട്ടി ക്ലാസുകളിൽ ഇരിക്കാനുള്ള ഭാഗ്യം’, ഇതൊക്കെ ഞാനോർത്തു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ മഹത് വ്യക്തി ഇന്നത്തെ പുതുതലമുറ കമ്യൂണിസ്റ്റ് നേതാക്കൾക്ക് അപരിചിതനാണ്. ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ ഒരാൾ. കാശി വിദ്യാപീഠത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ സഹപാഠി. മഹാ പണ്ഡിതൻ ഭാരതീയ തത്വ ചിന്തയിലും മാർക്സിസത്തിലും അഗാധ പരിജ്ഞാനമുണ്ടായിരുന്ന നേതാവ്. ജീവിതത്തിന്റെ നിഖില മേഖലകളിലും ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ നട്ടു പിടിപ്പിച്ച സഖാവ്. സമ്പന്നമായ തറവാട്ടിൽ ജനിച്ചു വളർന്ന് സ്വന്തമായി ഒന്നും ഇല്ലാതെ ഒന്നും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതെ ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്തതിനു രണ്ടു വർഷം ജയിലിൽ കിടക്കേണ്ടി വന്ന സഖാവ് ദാമോദരൻ. ആരോരുമില്ലാതെ ദൽഹിയിൽ ആയിരിക്കെ അദ്ദേഹം മരിച്ചുപോയി.
തന്റെ സർഗ്ഗ ശക്തിയും അറിവും വെച്ച് ശരികൾക്കു വേണ്ടി പാർട്ടിക്കകത്തും പുറത്തും വിട്ടു വീഴ്ചയില്ലാതെ പൊരുതിയ നേതാവ്. കേരള മാർക്സ് എന്നു വിളിക്കപ്പെട്ട ഒരേ ഒരാൾ ദാമോദരനായിരുന്നു. ലോക കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ബഹുമാനത്തോടെ കണ്ടിരുന്ന ഇന്ത്യൻ വിപ്ലവകാരി. സിപിഐ – സിപിഎം ബന്ധങ്ങൾ ഇപ്പോഴും സംഘർഷരഹിതമല്ല. വീക്ഷണങ്ങളിലും പാർട്ടികൾ അംഗീകരിച്ച പരിപാടികളിലും അവ വേറിട്ടു നിൽക്കുന്നു. ഭരണ പങ്കാളിത്തം രണ്ടു പാർട്ടികൾക്കും സുഖകരമായിരിക്കാൻ മേൽത്തട്ടിൽ ചില ധാരണകളായി. അതു തുടർന്നു. എന്നാൽ താഴെ തട്ടിൽ ബന്ധങ്ങൾ 1964 -ലെ പിളർപ്പ് കാലത്ത് എന്ന പോലെ ഇന്നും നിലനിൽക്കുന്നു. 1978 -ൽ സി.പി.ഐ പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് തീരുമാന പ്രകാരം ഉണ്ടായ മാറ്റങ്ങൾ ഉപരിതലത്തിൽ മാത്രമായിരുന്നു. അതും പാർട്ടികോൺഗ്രസ്സിൽ ഭൂരിപക്ഷത്തിന്റെയായിരുന്നില്ല. ബദൽ രേഖകൾ ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷം കോൺഗ്രസ്സിനുണ്ടായ കനത്ത തിരിച്ചടി സിപിഐ -യെ ഭയപ്പെടുത്തിയതായി തോന്നി. മാധ്യമങ്ങൾ പ്രചരിപ്പിച്ച അർദ്ധ സത്യങ്ങളും അസത്യങ്ങളും കലർന്ന കഥകൾ പാർട്ടിയെ സ്വാധീനിച്ചു.
മാർക്സിസത്തിന് അന്യമായ വൈകാരിക പ്രതികരണങ്ങളിൽ അവർ കുരുങ്ങിയ പോലെ തോന്നി. അടിയന്തിരാവസ്ഥയോടും ഇന്ദിരാ ഗവൺമെന്റിനോടും സി. പി. ഐ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് പറയാൻ നേതാക്കൾക്ക് ധൈര്യമുണ്ടായില്ല. അന്നങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ആ നിലപാടിനെ കാലം ശരിവെക്കുമായിരുന്നു. ഇന്നത്തെ ഇന്ത്യ നൽകുന്ന പാഠം അതാണ്. ഉടനെ ആ നയങ്ങളെ തള്ളിപ്പറഞ്ഞു പാർട്ടി മറുകണ്ടം ചാടി. ആ ചാട്ടം നേതാക്കളുടെ മാത്രം ചാട്ടമായിരുന്നു. അണികൾ മനസ്സുകൊണ്ട് നിന്നിടത്തുതന്നെ നിന്നു. ഏറെക്കുറെ ഇപ്പോഴും അവർ ആ നിൽപ്പ് തുടരുകയാണ്. അതു മനസ്സിലാക്കിയിട്ടുള്ള സി.പി.ഐ നേതാക്കൾ അവരെക്കൂടി ഒപ്പം കൊണ്ടു പോവാനുള്ള തീവ്ര ശ്രമത്തിലാണ്. വെളിയം ഭാർഗവനും സി. കെ. ചന്ദ്രപ്പനും തുടക്കത്തിൽ കാനം രാജേന്ദ്രനും ഒടുക്കത്തിൽ ബിനോയി വിശ്വവും നടത്തുന്ന സി.പി.എം വിമർശനത്തിന്റെ കാതൽ അതാണ്. എല്ലാവരിലും ഇന്നും അകമേ ഒരു ‘ഡാംഗെയിസം’ അഥവാ ഇന്ത്യന്‍ വിപ്ലവത്തിന്റെ മറ്റൊരു ദിശാ സൂചിക അന്തർലീനമാണ്. ആ ശരിയെ തള്ളിക്കളയാൻ അവർക്കു മനസ്സുവരുന്നുമില്ല. അതിനു തികച്ചും ന്യായമായ കാരണങ്ങൾ പാർട്ടിതന്നെ നേരത്തെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ആ ബോധ്യം സൗകര്യമനുസരിച്ച് മാറ്റാൻ എളുപ്പമല്ല. അതിന്റെ വേരു തേടിപ്പോയാൽ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലൂടെ ഏറെ പിറകോട്ട് സഞ്ചരിക്കേണ്ടി വരും. നെഹറുവിന്റെ കാലം മുതൽ ഇന്ത്യയുടെ വിദേശ നയത്തിൽ സാമ്രാജ്യത്വ വിരുദ്ധതയുണ്ട്. ചേരി ചേരായ്മയിലും ഒരു സോവിയറ്റ് സൗഹാർദമുണ്ട്. സാമ്പത്തിക നയങ്ങളിലും അതു വ്യക്തമാണ്. പഞ്ചവത്സര പദ്ധതികൾ, ഭീലായ്, റൂർക്കേല, ഭക്ഡാനംഗൽ തുടങ്ങിയവയിലെല്ലാം ആ നിലപാട് കാണാം.
സാമ്രാജ്യത്വ വിരുദ്ധത സ്വാതന്ത്ര്യ സമരത്തിന്റെ തുടർച്ചയുമാണ്. ബ്രിട്ടീഷുകാർ ചവച്ചു തുപ്പിയ ഇന്ത്യയെ പുനർനിർമ്മിക്കുവാൻ ഇന്ത്യയെ സഹായിച്ചത് സോവിയറ്റു യൂണിയനാണ്. ആ നയം ഇന്ദിരയും തുടർന്നു. ഇക്കാലത്തെല്ലാം സാമ്രാജ്യത്വ ശക്തിയായ അമേരിക്കൻ ഭരണാധികാരികളുടെ മനസ്സിൽ ഇന്ത്യാഗവൺമെന്റിനെ അസ്ഥിരപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനായി സി.ഐ.എ യുടെ പദ്ധതികൾ ഉണ്ടായിരുന്നു. 1971 -ലെ ബംഗ്ലാദേശ് വിമോചന സമരത്തെ ഇന്ദിരാ സർക്കാർ സഹായിച്ചു. പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യയുടെ മുമ്പിൽ 93000 പാക് സൈനികർ കീഴടങ്ങി. പാകിസ്ഥാനെ സഹായിച്ച അമേരിക്കക്കും ഇതു ശക്തമായ തിരിച്ചടിയായി. അവർ അടങ്ങിയിരുന്നില്ല. ബംഗ്ലാദേശ് സർക്കാരിനെ അട്ടിമറിച്ച് ഷേക്മുജീബു റഹിമാനെയും കുടുംബത്തെയും കൊന്ന് പട്ടാള ഭരണം സ്ഥാപിച്ചു. ഇന്ദിരയുടെ കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമങ്ങൾ തുടർന്നു. ബംഗ്ലാദേശ് വിമോചന സമരത്തിലും ഇന്ത്യയെ സഹായിച്ചത് റഷ്യയായിരുന്നു. ഇന്ത്യക്കകത്ത് ചില വലതു പക്ഷ ശക്തികളെ കൂട്ടുപിടിച്ച് പ്രക്ഷോഭങ്ങൾ തുടങ്ങി. അത് സമ്പൂർണ്ണ വിപ്ലവമായി വളർന്നു. പണ്ടേ കോൺഗ്രസ് വിരോധം പാടിനടന്ന സിപിഎം ഈ സമരത്തെ സഹായിച്ചു. അത് കോൺഗ്രസ്സിനെ തോൽപ്പിക്കാനുള്ള അവസരമായി മാത്രം അവർ കണ്ടു. സാമ്രാജ്യത്വ ഗൂഢാലോചനകളും കോൺഗ്രസ്സ് മാറിയാൽ പിന്നെയാരെന്ന സുപ്രധാന ചോദ്യവും അവരെ അലട്ടിയില്ല. കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ഏതു ചെകുത്താനുമായും കൂടുമെന്ന് ഇഎംഎസ്സ് 1967 -ൽ തന്നെ പറഞ്ഞു വെച്ചിരുന്നു. പിന്നെ ഭരിക്കുന്നത് ചെകുത്താനായിരിക്കുമെന്ന് അദ്ദേഹം ഓർത്തില്ല.
1971 -നു ശേഷം ഇന്ത്യയിൽ ശക്തിപ്പെട്ട കോൺഗ്രസ്സ് വിരുദ്ധ പ്രസ്ഥാനം നയിച്ചത് തീവ്ര വലതു പക്ഷശക്തികളായിരുന്നു. ജനസംഘം സ്വതന്ത്ര പാർട്ടി തുടങ്ങിയവരോടൊപ്പം സിപിഎമ്മും ഫെർണ്ണാണ്ടസിന്റെ സോഷ്യലിസ്റ്റുകക്ഷിയും ചേർന്നു. ജയപ്രകാശ് നാരായണൻ അതിനെ നയിച്ചു. 1969 -ൽ കോൺഗ്രസ്സിനെ പിളർത്തിയ മൊറാർജി- നിജലിംഗപ്പ – അശോക് മേത്ത- താരകേശ്വരി സിഹ്ന- തുടങ്ങിയർ അദ്ദേഹത്തിന്റെ കൂടെനിന്നു. 69 -ലെ പിളർപ്പും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും ഗുജറാത്തിലെ ആക്രമാസക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമെല്ലാം കോൺഗ്രസ്സ് ഭരണത്തെ അസ്ഥിരീകരിക്കാനും ഇന്ദിരാഗാന്ധിയെ ഭരണത്തിൽ നിന്നു പുറത്താക്കാനും ആയിരുന്നു. അതിനിടക്കുനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലതുപക്ഷ സ്ഥാനാർത്ഥിയായി നീലം സഞ്ജീവറെഡ്ഡിയെ മത്സരിപ്പിച്ചു. ഇന്ദിരയുടെ പിന്തുണയോടെ വി.വി. ഗിരി ജയിച്ചു. വലതു പക്ഷ വർഗ്ഗീയ ശക്തികളുടെ മുന്നേറ്റ സമയത്ത് ശരിയായ മാർക്സിയൻ കാഴ്ചപ്പാടിലൂടെ ആ സംഭവ വികാസങ്ങളെ വിലയിരുത്താൻ സിപിഎമ്മിനു കഴിഞ്ഞില്ല. സി.പി.ഐ ആവട്ടെ ശരിയായ നിലപാടെടുത്തു.
കോൺഗ്രസ്സ് സർക്കാർ പോയാൽ ഇന്ത്യയിൽ കമ്യൂണിസ്റ്റുപാർട്ടി അധികാരത്തിലെത്താൻ സാധ്യതയുണ്ടായിരുന്നെങ്കിൽ സി.പി.എം നിലപാട് ശരിയായിരുന്നു. അധികാരത്തിലെത്താൻ കോൺഗ്രസ്സിനെക്കാൾ അപകടകാരികൾക്കാണ് സാധ്യതയെങ്കിൽ സിപിഐ ശരിയാണ്.
ഈ സാഹചര്യത്തിൽ അധികാരത്തിൽ തുടരാനും വലതുപക്ഷ വർഗ്ഗീയ സാമ്രാജ്യത്വ ഗൂഢാലോചനകളെ തകർക്കാനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്ന് പാർട്ടിയുടെ ദേശീയ നേതൃത്വം പറഞ്ഞിരുന്ന കാര്യങ്ങൾ ഇവയാണ്. അടിയന്തിരാവസ്ഥക്കാലത്ത് സോവിയറ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ഭരണാധികാരിയുമായ ലിയനിദ് ബ്രഷ്നേവ് ഇന്ത്യൻ പാർലമെന്റിൽ വന്നു പ്രസംഗിച്ചു ഇന്ദിരാഗാന്ധിയെ പ്രകീർത്തിച്ചു. അവരുടെ സർക്കാരിന്റെ നിലപാടുകളെ ശരിവെച്ചു പിന്തുണച്ചു. ലോകത്തിലെ ഏറ്റവും വലിപ്പമുള്ളതും അനുഭവ സമ്പത്തുള്ളതുമായ പാർട്ടിയുടെ ജനറൽ സെക്രട്ടറിയുടെ പ്രഭാഷണം കേട്ടു കോരിത്തരിച്ച സിപിഎം സഖാക്കളും പാർലിമെന്റിൽ സന്നിഹിതരായിരുന്നു. ഇതെല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ സിപിഎം വലതു പക്ഷ വർഗ്ഗീയ പിന്തിരിപ്പൻ സാമ്രാജ്യത്വ ശക്തികളുടെ കൂടെ ഒഴുകിപ്പോയി.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്ക് പിന്തുണ നൽകാനായി ഞങ്ങൾ സിപിഐ ക്കാരായ ചെറുപ്പക്കാർ സംസ്ഥാനത്തുടനീളം ജാഥകളും സമ്മേളനങ്ങളും നടത്തി. പൊതു സമ്മേളനങ്ങൾക്കുള്ള നിയന്ത്രണം ഞങ്ങൾക്കു ബാധകമായിരുന്നില്ല. അവസാനം അടിയന്തിരാവസ്ഥ പിൻവലിച്ചു. ഇലക്ഷൻ കഴിഞ്ഞപ്പോൾ ഇന്ദിര തോറ്റു. സഞ്ജയ് ഗാന്ധി തോറ്റു. കോൺഗ്രസ്സ് ഭരണം പോയി. പുതിയ വലതു മുന്നണി അധികാരത്തിലെത്തി. വാജ്പേയിയും അദ്വാനിയും മന്ത്രിമാരായി. മൊറാർജി പ്രധാനമന്ത്രിയായി. സിപിഎം ഉൾപ്പെടെ സകല കോൺഗ്രസ്സ് വിരുദ്ധരും അവരെ പിന്തുണച്ചു. ആ വൈകാരിക മുഹൂർത്തത്തിൽ 1978 -ലെ പതിനൊന്നാം പാർട്ടികോൺഗ്രസ്സ് ഭട്ടിൻഡയിൽ ചേർന്നു. ബിനോയി വിശ്വവും ഞാനും ഉൾപ്പെടുന്ന പാർട്ടികോൺഗ്രസ് പ്രതിനിധികൾ അതു വരെ പാർട്ടി പിന്തുടർന്ന ശരിയായ നയം ‘തിരുത്തുക’ യായിരുന്നു. ഇന്ത്യയിലെ ഏക സിപിഐ മുഖ്യമന്ത്രിയായിരുന്ന പി.കെ.വി യെ സ്ഥാനം രാജിവെപ്പിച്ചു. സിപിഎമ്മിനെ മുഖ്യമന്ത്രിയാക്കി. കോൺഗ്രസ്സ് ഇത്രവേഗം തിരിച്ചു വരുമെന്ന് അന്നു കരുതിയിരുന്നില്ല. വെറും രണ്ടര വർഷം കഴിഞ്ഞ് ഇന്ദിരാഗാന്ധി തിരിച്ചു വന്നു. 1984 -ൽ അവർ വെടിയേറ്റു മരിച്ചു. അതിനുശേഷം 2013 വരെ കോൺഗ്രസ്സ് പിടിച്ചു നിന്നു. കെ. ദാമോദരൻ സ്വപ്നം കണ്ട, സി. പി. ഐ നേതാക്കൾ കണക്ക് കൂട്ടിയ ആ ഇന്ത്യ അകലത്തായി. സമകാലിക ഇന്ത്യയെക്കുറിച്ച് ഒന്നും പറയാൻ മുതിരുന്നില്ല. കോൺഗ്രസ്സ് ഇപ്പോഴും അവശേഷിക്കുന്നതുകൊണ്ട് സി.പിഐ, സി.പി.എം കക്ഷികളും നിത്യ നിദാനച്ചിലവുകൾ നടത്തുന്നുവെന്ന് മാത്രം. മതേതരത്വം ജനാധിപത്യം ഭരണഘടന എല്ലാം ഇനി വിൺവാക്കുകൾ മാത്രം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ മതേതര ജനാധിപത്യ കക്ഷികൾ ഇന്ത്യയിൽ ഇനി എത്ര കാലം? കാര്യമായ കാലോചിത ചിന്തകൾ അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഇല്ല. സംസ്ഥാനത്ത് പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയാൽ ചിലപ്പോൾ സിപിഐ രക്ഷപ്പെടുമായിരിക്കുമെന്ന് ഒരു സറ്റയർ തോന്നുന്നത്, കെ. ദാമോദരൻ ആരാണ് എന്ന് ഈയിടെ ചോദിച്ച സി. പി. ഐ മുൻമന്ത്രിയെ കുറിച്ച് ആലോചിക്കുമ്പോൾ കൂടിയാണ്!
Content Summary: A reflection on K. Damodaran’s legacy and a critique of the CPI’s ideological shift after the Emergency, arguing that it departed from his Marxist vision. The article contends that this change weakened the Indian Left and contributed to its present political decline.
This post was last modified on July 15, 2026 12:58 pm
Leave a Comment