December 13, 2024 |

കല്‍പ്പന സോറന്‍: വീട്ടമ്മയില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക്

ജാര്‍ഖണ്ഡിലെ പ്രധാന വോട്ട് ബാങ്കായ ഗോത്രവര്‍ഗ മേഖലയിലെ സ്ത്രീകളാണ് കല്‍പ്പനയുടെ പ്രധാന ശക്തി

ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ പുതിയ താരമായി ഉയര്‍ന്നിരിക്കുകയാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍. കേസും ജയിലുമായി ഭര്‍ത്താവ് രാഷ്ട്രീയരംഗത്ത് അസാന്നിധ്യം അറിയിച്ച കഴിഞ്ഞ വര്‍ഷമാണ് 48 കാരിയായ കല്‍പ്പന പൊതുരംഗത്തേക്ക് പ്രവേശിച്ചത്. ഭര്‍തൃപിതാവ് ഷിബു സോറന്‍ സ്ഥാപിച്ച ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ (ജെഎംഎം) ഒരു സുപ്രധാന റോളിലേക്ക് അവര്‍ വളരെ വേഗത്തില്‍ തന്നെ ഉയര്‍ത്തപ്പെടുകയും ചെയ്തു. സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്ന കുടുംബത്തിലെ അംഗമെന്നതു മാത്രമായിരുന്നില്ല ഒരു ജനപ്രിയ രാഷ്ട്രീയ നേതാവിലേക്കുള്ള അവരുടെ വളര്‍ച്ചയ്ക്ക് കാരണം. വെല്ലുവിളിയുയര്‍ത്തിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യം, രാഷ്ട്രീയ വിവേകം, അതിലെല്ലാമുപരി ജാര്‍ഖണ്ഡിലെ പ്രധാന വോട്ടര്‍ അടിത്തറയായ ഗോത്ര സമുദായങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള ബന്ധവുമാണ് കല്‍പ്പനയുടെ കരുത്ത്.

ജെഎംഎം അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്റെ രാഷ്ട്രീയ ജീവിതത്തില്‍ കിട്ടിയ കനത്ത തിരിച്ചടിയായിരുന്നു അഴിമതിയാരോപണങ്ങളും തുടര്‍ന്നുള്ള ഇഡി അന്വേഷണങ്ങളും. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തെ ഇളക്കി മറിക്കുന്ന സാഹചര്യങ്ങളായിരുന്നു പിന്നാലെ ഉടലെടുത്തത്. 2024 ജനുവരിയില്‍ സോറന്‍ അറസ്റ്റിലായി. ഈ പ്രതിസന്ധി ഘട്ടത്തിലാണ് അതുവരെ രാഷ്ട്രീയത്തിന്റെ തിരിശ്ശീലയ്ക്ക് പിന്നില്‍ നിന്നിരുന്ന കല്‍പ്പന ജെഎംഎമ്മിലെ പുതിയൊരു ശക്തിയായി ഉയര്‍ന്നു വരുന്നത്. അവര്‍ക്ക് ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും തങ്ങളുടെ അനുയായികളുടെ ഹൃദയങ്ങള്‍ കീഴടക്കാനും സാധിച്ചതോടെ എതിരാളികള്‍ പ്രതീക്ഷിച്ചിരുന്ന പതനത്തിലേക്ക് വീഴാതെ ജെഎംഎമ്മിന് നിലയുറപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും, ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കുമ്പോഴും കല്‍പ്പന സോറന്‍ ജെഎംഎം പാര്‍ട്ടിയിലും അതുപോലെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഒരു നിര്‍ണായക നേതാവായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ജാര്‍ഖണ്ഡിലെ പ്രധാന വോട്ട് ബാങ്കായ സംസ്ഥാനത്തെ ആദിവാസി സ്ത്രീകള്‍ക്കിടയില്‍ കല്‍പ്പനയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്.

Hemanth soren with kalpana soren

ഹേമന്ത് സോറനും കല്‍പ്പനയും

വീട്ടമ്മയില്‍ നിന്ന് നേതാവിലേക്ക്
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലാണ് കല്‍പ്പനയുടെ ജനനം. സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നതു വരെ അവര്‍ ഒരു കുടുംബിനിയുടെ റോളില്‍ മാത്രമായിരുന്നു നിന്നിരുന്നത്. തങ്ങളുടെ രണ്ട് കുട്ടികളെ വളര്‍ത്തുന്നതിലും കുടുംബകാര്യങ്ങള്‍ നോക്കുന്നതിലും മാത്രമായിരുന്നു അവരുടെ താത്പര്യം. മികച്ച അക്കാദമിക് പാരമ്പര്യമുള്ള കല്‍പ്പന എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. രാഷ്ട്രീയം ഒരിക്കലും അവരിലേക്ക് നിര്‍ബന്ധപൂര്‍വം കടന്നു ചെന്നിരുന്നില്ല, എങ്കിലും ജീവിതം ഉണ്ടാക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആ രാഷ്ട്രീയ കുടുംബത്തിലെ വീട്ടമ്മ നന്നായി തയ്യാറെടുത്തിരുന്നു. 2006ലാണ് കല്‍പ്പന-ഹേമന്ദ് സോറന്‍ വിവാഹം. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയുടെ ഭാര്യയായെങ്കിലും ഭര്‍ത്താവിന്റെ ശക്തിയായി അവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു തീരുമാനിച്ചത്. ഷിബു സോറനും, പിതാവിനു പിന്നാലെ മകന്‍ ഹേമന്ദ് സോറനും പാര്‍ട്ടിയെ നയിച്ചപ്പോള്‍, കുടുംബത്തെ നയിക്കുകയായിരുന്നു കല്‍പ്പനയുടെ റോള്‍. എന്നാല്‍, 2024 ജനുവരിയില്‍ ഹേമന്ദ് സോറന്റെ അപ്രതീക്ഷിത അറസ്റ്റ് ഉണ്ടായതോടെ കാര്യങ്ങള്‍ മാറി. കല്‍പ്പനയ്ക്ക് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടി വന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹേമന്തിനെ ഭൂമി കുംഭകോണം, എംജിഎന്‍ആര്‍ഇജിഎ ഫണ്ട് തട്ടിപ്പ് എന്നിവയുള്‍പ്പെടെ ഒന്നിലധികം അഴിമതി കേസുകളില്‍ പ്രതി ചേര്‍ത്തതോടെ, കല്‍പ്പന മുന്നോട്ട് വരാന്‍ നിര്‍ബന്ധിതയായി. അതുവരെ അവര്‍ അണിഞ്ഞിരുന്ന വേഷത്തില്‍ നിന്നും ഒരു നാടകീയ മാറ്റം. രാഷ്ട്രീയ റാലികളിലും പൊതു യോഗങ്ങളിലും പങ്കെടുത്ത് ഒരു രാഷ്ട്രീയ നേതാവിന്റെ ഉത്തരവാദിത്തങ്ങള്‍ പ്രകടിപ്പിച്ച് അവര്‍ പാര്‍ട്ടിയുടെ പ്രധാനശക്തിയായി മാറി.

രാഷ്ട്രീയ രംഗത്തേക്ക് കടക്കാനുള്ള അവരുടെ തീരുമാനത്തിന് മുഖ്യ പ്രേരണ താന്‍ ചെയ്യേണ്ട കടമയെക്കുറിച്ചുള്ള ബോധ്യമായിരുന്നു. തുടക്കത്തില്‍ വിമുഖത തോന്നിയെങ്കിലും, പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും, പ്രത്യേകിച്ച് ഭര്‍തൃപിതാവ് ഷിബു സോറന്റെ- പിന്തുണയും പ്രോത്സാഹനവും ഉണ്ടായതോടെയാണ് ജെഎംഎമ്മിന്റെ പ്രചാരക റോള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറായതെന്നാണ് ഒരു അഭിമുഖത്തില്‍ കല്‍പന പറയുന്നത്. ജയിലിലായതോടെ സജീവ പ്രചാരണത്തിന് ഹേമന്ദിന് കഴിയാതെ വന്നതോടെ പാര്‍ട്ടി അണികളുടെ ആവേശം കെടുത്താതിരിക്കേണ്ട ഉത്തരവാദിത്തം കല്‍പ്പനയില്‍ വന്നു ചേര്‍ന്നു. കഴിഞ്ഞ കാലത്തിനിടയില്‍ താന്‍ നേടിയെടുത്തിരുന്ന രാഷ്ട്രീയബോധവും ജനങ്ങളെ എങ്ങനെ ആകര്‍ഷിക്കുമെന്നതിലുള്ള വൈദഗ്ധ്യവും പൊതുവേദികളെ കീഴടക്കാന്‍ അവരെ സഹായിച്ചു.

ജനങ്ങളെ ആകര്‍ഷിക്കുന്ന നേതാവ്
കല്‍പന സോറന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് ജാര്‍ഖണ്ഡിലെ ജനങ്ങളില്‍, പ്രത്യേകിച്ച് സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ്. റാലികളില്‍ അവര്‍ ആദിവാസികള്‍ നേരിടുന്ന അനീതിയെക്കുറിച്ചും അവരുടെ ക്ഷേമത്തിനായി ജെഎംഎം സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയെക്കുറിച്ചും ആവേശത്തോടെയാണ് ജനക്കൂട്ടത്തെ ഓര്‍മ്മിപ്പിക്കുന്നത്. ജാര്‍ഖണ്ഡ് ബിജെപി ഭരിച്ചിരുന്ന കാലത്ത്, സര്‍ക്കാര്‍ ഗോത്രവര്‍ഗ യുവാക്കളെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് കല്‍പ്പന ആരോപിച്ചത്. പതല്‍ഗര്‍ഹി പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി ഗോത്രയുവാക്കള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സര്‍ക്കാര്‍ നടപടിയെക്കുറിച്ച് തന്റെ പ്രസംഗങ്ങളില്‍ അവര്‍ ആവര്‍ത്തിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ജനങ്ങളുമായി, പ്രത്യേകിച്ച് ആദിവാസി സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാനുള്ള അവരുടെ കഴിവ്, പൊതുരംഗത്ത് തിളങ്ങാനുള്ള കല്‍പ്പനയുടെ ശേഷിയുടെ അടയാളമാണ്. വോട്ടര്‍മാരുമായി വൈകാരിക അടുപ്പം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. തന്റെ ഭര്‍ത്താവ് നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നുവെന്ന തോന്നല്‍ വോട്ടര്‍മാരില്‍ ഉളവാക്കാന്‍ കല്‍പ്പനയ്ക്ക് കഴിയുന്നുണ്ട്. ഗോത്രാവകാശങ്ങള്‍, സര്‍ന മത കോഡ്, 1932-ലെ ഖതിയാന്‍ രേഖ അടിസ്ഥാനമാക്കിയ ഭവന നയത്തിനായുള്ള ആവശ്യം(ഭൂമിയുമായി ബന്ധപ്പെട്ട ജാര്‍ഖണ്ഡിലെ സുപ്രധാന വിഷയം) തുടങ്ങിയ സംസ്ഥാനത്തിന്റെ പ്രധാന പ്രശ്നങ്ങളെക്കുറിച്ചാണ് കല്‍പ്പന തന്റെ റാലികളില്‍ കൂടുതലും വാചാലയാകുന്നത്. ഇതു മൂലം അവരുടെ ജനപ്രീതി വളരെയധികം കൂടിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് റാലികളില്‍ ഹേമന്ത് സോറനെക്കാള്‍ താരപ്പൊലിമ കല്‍പ്പനയ്ക്ക് കിട്ടുന്നുണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള വര്‍ത്തമാനം. കല്‍പ്പനയുടെ പ്രസംഗങ്ങള്‍ ജെഎംഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അടിമുടി മാറ്റിയിരിക്കുകയാണെന്നാണ് പ്രാദേശിക രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.

kalpana soren

കല്‍പ്പന സോറന്‍

കല്‍പ്പനയുടെ ശൈലി ഭര്‍ത്താവില്‍ നിന്നു വളരെ വ്യത്യസ്തമാണ്; ഹേമന്ത് സോറന്‍ ആവേശം കാണിക്കുമ്പോള്‍ പോലും കരുതലോടെയുള്ള സമീപനമാണ് തന്റെ പ്രചാരണങ്ങളില്‍ പ്രകടിപ്പിക്കുന്നത്. കല്‍പ്പനയാകട്ടെ തന്റെ വാക്കുകള്‍ താഴെത്തട്ടില്‍ ഉള്ളവരില്‍ പോലും എത്തണമെന്ന തരത്തില്‍ കൂടുതല്‍ തീവ്രവമായ ശൈലിയാണ് ഉപയോഗിക്കുന്നത്. തന്റെ വാക്കുകള്‍ വൈകാരികമായി ജനങ്ങളെ സ്വാധീനിക്കണമെന്നും പ്രായോഗികമായ കാര്യങ്ങളാണ് താന്‍ പറയുന്നതെന്ന പ്രതീക്ഷ വോട്ടര്‍മാരില്‍ ഉണ്ടാക്കണമെന്നും കരുതിയുള്ള വളരെ ശ്രദ്ധാപൂര്‍വമായ സമീപനമാണ് കല്‍പ്പന സ്വീകരിച്ചിരിക്കുന്നത്. അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന മയ സമ്മാന്‍ യോജന ഉള്‍പ്പെടെയുള്ള ജെഎംഎം സര്‍ക്കാര്‍ പദ്ധതികള്‍ അവര്‍ നിരന്തരം ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ പരിശ്രമിക്കുന്നുണ്ട്. സാമ്പത്തിക സഹായം 1,000 രൂപയില്‍ നിന്ന് 2,500 രൂപയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെ ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹങ്ങളില്‍ നിര്‍ണായകമായ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്റെ വക്താവായി കല്‍പ്പന സ്വയം സ്ഥാപിക്കപ്പെടുകയാണ്.

വനിതാ വോട്ടര്‍മാരുടെ പിന്തുണ
സ്ത്രീ വോട്ടര്‍മാരെ, പ്രത്യേകിച്ച് ആദിവാസി സമൂഹത്തില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനുള്ള കഴിവാണ് കല്‍പനയെ സംസ്ഥാന രാഷ്ട്രീയത്തില്‍ വേറിട്ടു നിര്‍ത്തുന്നത്. സ്ത്രീകള്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായിരിക്കുന്ന ഒരു സംസ്ഥാനത്ത്, അവരുടെ നീതി, അന്തസ്സ്, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയ്ക്കു വേണ്ടിയുള്ള കല്‍പ്പനയുടെ ആഹ്വാനങ്ങള്‍ അവരെ ഒരു ജനപ്രിയ നേതാവാക്കി തീര്‍ത്തിട്ടുണ്ട്. തന്റെ റാലികളില്‍, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ജെഎംഎമ്മിന്റെ പ്രതിബദ്ധത കല്‍പ്പന ഊന്നിപ്പറയുന്നുണ്ട്, പ്രത്യേകിച്ച് ഗ്രാമീണ ആദിവാസി മേഖലകളില്‍ പ്രചാരം നേടിയ മയ്യാ സമ്മാന്‍ യോജന പോലുള്ള പദ്ധതികളെക്കുറിച്ച്.

ജാര്‍ഖണ്ഡിലെ സ്ത്രീകളുമായി വ്യക്തിപരമായ ബന്ധം കല്‍പ്പന സ്ഥാപിച്ചിട്ടുണ്ട്. ഒരു വനിത രാഷ്ട്രയ നേതാവ് എന്ന നിലയില്‍ സ്വന്തം അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കല്‍പ്പന തന്റെ വേദികള്‍ ഉപയോഗിക്കുന്നുണ്ട്. പൊതു ഉത്തരവാദിത്തങ്ങളോടൊപ്പം കുടുംബജീവിതം ഒരുമിച്ചു കൊണ്ടു പോകേണ്ടതിന്റെ പ്രയാസം അവര്‍ തന്റെ മുന്നിലിരിക്കുന്ന സ്ത്രീകളുമായി പങ്കുവയ്ക്കുന്നു. ഒരു വീട്ടമ്മയും അതേസമയം രാഷ്ട്രീയ നേതാവും എന്ന നിലയിലുള്ള രണ്ട് ഉത്തരവാദിത്തങ്ങളും ഒരുപോലെ പുലര്‍ത്തുന്ന കല്‍പ്പന അങ്ങനെ ആദിവാസി സ്ത്രീകള്‍ക്കിടയില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമായി മാറി. തങ്ങളുടെ ജീവിത പോരാട്ടങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കുന്ന ഒരാളായാണ് കല്‍പ്പനയെ അവര്‍ കാണുന്നത്.

രാഷ്ട്രീയ തന്ത്രം
ബിജെപിയാണ് ജാര്‍ഖണ്ഡില്‍ ജെഎംഎമ്മിന്റെ പ്രധാന എതിരാളി. ബിജെപിയെ നേരിടുന്നതില്‍ തന്റെ പാര്‍ട്ടി നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ചു കല്‍പ്പന പൊതുവേദികളില്‍ വാചാലയാകുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ജെഎംഎം സര്‍ക്കാരിനെക്കുറിച്ച് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ പ്രത്യേകമായി എടുത്തു പറഞ്ഞ് അവയ്ക്കുള്ള മറുപടി കൊടുക്കാന്‍ കല്‍പ്പന തന്റെ പ്രചാരണ വേദികള്‍ ഉപയോഗിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍ പ്രകോപനപരവും വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതുമാണെന്ന് അവര്‍ അപലപിച്ചു. ഇത്തരം അഭിപ്രായങ്ങള്‍ നിലവാരമുള്ള നേതാക്കള്‍ നടത്താറില്ലെന്നും അവര്‍ പരിഹസിച്ചു. ജാര്‍ഖണ്ഡില്‍ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങളെ കല്‍പ്പന നിശിതമായാണ് വിമര്‍ശിച്ചത്. ജാര്‍ഖണ്ഡ് ഒരു അന്താരാഷ്ട്ര രാജ്യവുമായും അതിര്‍ത്തി പങ്കിടുന്നില്ലെന്നും നുഴഞ്ഞുകയറ്റ ആരോപണങ്ങള്‍ ദേശീയ അതിര്‍ത്തികള്‍ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് ഉന്നയിക്കേണ്ടതെന്നും ബിജെപിക്ക് അവര്‍ മറുപടി കൊടുത്തു. ബിജെപിയുടെ ദേശീയ നേതൃത്വത്തിനെതിരായ ഈ നിശിത വിമര്‍ശനം കല്‍പ്പനയ്ക്ക് ജാര്‍ഖണ്ഡിന്റെ അവകാശങ്ങളുടെയും ഗോത്രവര്‍ഗ വിഭാഗങ്ങളുടെയും സംരക്ഷകയെന്ന പ്രതിച്ഛായ നല്‍കിയിട്ടുണ്ട്.

ബിജെപി ദേശീയതയെ രാഷ്ട്രീയ തന്ത്രമാക്കി ഉപയോഗിക്കുമ്പോള്‍ കല്‍പന പ്രാദേശികവാദത്തിലാണ് ഉറച്ചു നില്‍ക്കുന്നത്. സ്വയംഭരണത്തിനായുള്ള സംസ്ഥാനത്ത് നടന്നിട്ടുള്ള മുന്‍കാല സമരങ്ങളെക്കുറിച്ചും ബാഹ്യ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ നിലകൊള്ളേണ്ടതിന്റെ തുടര്‍ച്ചയായ ആവശ്യകതയെക്കുറിച്ചും അവര്‍ വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കല്‍പ്പനയുടെ പ്രസംഗങ്ങള്‍ ജാര്‍ഖണ്ഡിന്റെ അതിജീവനത്തെയും, വളര്‍ച്ചയെയും ഗോത്ര സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന പാരമ്പര്യത്തെയും ഉയര്‍ത്തിക്കാട്ടിയാണ്. കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ തങ്ങളുടെ സ്വത്വത്തിന് ഭീഷണിയാണെന്നും അവര്‍ വോട്ടര്‍മാരെ ഓര്‍പ്പിക്കുന്നു.

kalpana soren

വലിയ രാഷ്ട്രീയ പ്രാധാന്യം നേടാനായെങ്കിലും ഭരണതലതത്തില്‍ താന്‍ ഏത് റോള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ കല്‍പ്പന ജാഗ്രത പുലര്‍ത്തുന്നുണ്ട്. തന്റെ പാര്‍ട്ടിക്ക് വേണ്ടി പോരാടാന്‍ തയ്യാറാണെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ സങ്കീര്‍ണ്ണതകള്‍ താന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അഭിമുഖങ്ങളില്‍ അവര്‍ പറയുന്നത്. തന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെങ്കിലും, സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് തരുന്നത്. നിലവിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നും തന്നെ കല്‍പ്പന നടത്തുന്നില്ല. എന്നിരുന്നാലും, സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ വലിയ റോളുകള്‍ സ്വീകരിക്കാന്‍ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കുന്ന നേതൃഗുണങ്ങള്‍ കല്‍പ്പന ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലുള്ള വിശ്വാസം.

ഹേമന്ത് സോറനുമേല്‍ കൂടുതല്‍ നിയമകുരുക്കുകള്‍ മുറുകിയാല്‍ പാര്‍ട്ടിയുടെ ചുക്കാന്‍ കല്‍പ്പനയെ ഏല്‍പ്പിച്ചേക്കും. ജാര്‍ഖണ്ഡിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ കല്‍പ്പന സോറന്റെ വളര്‍ച്ച, സഹിഷ്ണുത, പൊരുത്തപ്പെടുത്തല്‍, സമൂഹത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടൊണ് സാധ്യമായിരിക്കുന്നത്. ഒരു ഗൃഹനാഥയില്‍ നിന്ന് പ്രമുഖ രാഷ്ട്രീയ നേതാവിലേക്കുള്ള പരിണാമത്തില്‍ വെല്ലുവിളികളെ നേരിടാനും ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് മുന്നോട്ടു പോകാനുള്ള കഴിവ് കല്‍പ്പന തെളിയിച്ചിട്ടുണ്ട്. സംസ്ഥാനം തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍, കല്‍പ്പന മാറ്റത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു, പ്രത്യേകിച്ച് തങ്ങളുടെ ആവശ്യങ്ങളും വെല്ലുവിളികളും മനസ്സിലാക്കുന്ന ഒരു നേതാവിനെ തന്നില്‍ കാണുന്ന ആദിവാസി സ്ത്രീകള്‍ക്ക് മുന്നില്‍. ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ കല്‍പ്പനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം സംസ്ഥാനത്ത് ഒരു പുതിയ തലമുറ വനിതാ നേതാക്കളുടെ ആവിര്‍ഭാവത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കല്‍പ്പനയുടെ രാഷ്ട്രീയ യാത്ര എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് നിരീക്ഷിക്കുന്നതും ഏറെ കൗതുകമായിരിക്കും.  Kalpana Murmu Soren JMM chief and cm Hemant Soren’s wife and new leader of Jharkhand politics

Content Summary; Kalpana Murmu Soren JMM chief and cm Hemant Soren’s wife and new leader of Jharkhand politics

×